ഗീതാഞ്ജലി തർജമകൾ

Tagore

ഭാരതത്തിൻ്റെ പ്രഥമനോബൽ സമ്മാന ജേതാവാണ് രബീന്ദ്രനാഥ ടാഗോർ. 1913 ൽ നോബൽ പുരസ്കാരത്തിനർഹമായ കൃതിയാണ് ഗീതാഞ്ജലി. നോവൽ, കഥ, നാടകം, കവിത, ചിത്രകല, ലേഖനം എന്നിങ്ങനെ സർഗ്ഗാത്മകതയുടെ ഉന്നതങ്ങളിൽ വിഹരിച്ച സാഹിത്യകാരനും അനന്യനായ സാംസ്കാരിക നായകനുമാണ് രബീന്ദ്രനാഥ ടാഗോർ. ജീവിതത്തിലും ദേശീയ രാഷ്ട്രീയ മേഖലയിലും ഉണ്ടായ പ്രതിസന്ധികൾ ടാഗോറിൻ്റെ മനസ്സുമടുപ്പിച്ച കാലമായിരുന്നു 1902 മുതലുള്ള ഒരു വ്യാഴവട്ടക്കാലം (12വർഷം). അദ്ദേഹം അനുഭവിച്ച ഹൃദയവേദനയും അസംതൃപ്തിയും അന്തർമുഖത്വവും അദ്ദേഹത്തിൻ്റെ സർഗ്ഗാത്മകതയ്ക്ക് പോഷണമായിത്തീർന്നു. ഗീതാഞ്ജലിയിലെ ഓരോ ഗീതത്തിലും അദ്ദേഹത്തിൻ്റെ ആത്മാവിൻ്റെ തേങ്ങൽ അടങ്ങിയിട്ടുണ്ട്. പരമചൈതന്യത്തെ പുൽകുവാനുള്ള ആ വെമ്പൽ യഥാർത്ഥത്തിൽ തീക്കനലായിരുന്ന തൻ്റെ ഹൃദയത്തെ തണുപ്പിക്കാനുള്ള പരിഹാരക്രിയയായിരുന്നു. അതിൻ്റെ സാക്ഷാൽക്കാരമാണ് ഗീതാഞ്ജലി. 

പ്രപഞ്ചത്തിൻ്റെ അപാരതയിലും അതുണർത്തുന്ന വിസ്മയങ്ങളിലും തൻ്റെ മനസ്സിനെ അർപ്പിച്ച് ആ നിഗൂഢസൗന്ദര്യത്തെ സർഗ്ഗാത്മകതയുടെ അനശ്വരപ്രവാഹമാക്കി മാറ്റാൻ വല്ലാത്തൊരു സിദ്ധിവിശേഷം കയ്യിലുള്ള ധന്യനായിരുന്നു ടാഗോർ. സൗന്ദര്യത്തിൻ്റെയും ആനന്ദത്തിൻ്റെയും അലകൾക്കിടയിൽ സായൂജ്യം കൊള്ളുമ്പോഴും അദ്ദേഹത്തിൻ്റെ മനസ്സ് ചൂഷിത ജനതയ്ക്കൊപ്പമായിരുന്നു. ഈശ്വരൻ കുടിയിരിക്കുന്നത് ദേവാലയങ്ങളിലല്ല, പകരം തൊഴിലാളികളും കർഷകരുമായ പാവങ്ങൾ അദ്ധ്വാനിക്കുന്ന ഇടങ്ങളിലാണെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അദ്ധ്വാനിക്കാതെ സമ്പാദിക്കാനുള്ള പൂജാരിമാരുടെ മന്ത്രശാല മാത്രമാകുന്നു ക്ഷേത്രങ്ങൾ. അതിനാൽ പുരോഹിതരോടും ഭക്തരോടും വയലുകളിലേക്കും പാറപൊട്ടിക്കുന്നയിടങ്ങളിലേക്കും കടന്നു ചെന്ന് അദ്ധ്വാനിച്ചു തൃപ്തിയടയാനും അതിലൂടെ ഈശ്വരകടാക്ഷം അനുഭവിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഗീതാഞ്ജലി ഇക്കാരണത്താൽ തന്നെ, അന്ധമായ ഈശ്വര പ്രാർത്ഥനയല്ല. ഈശ്വരൻ്റെ മൂലമന്വേഷിച്ചു കൊണ്ടുള്ള യാത്രയാണത്. 

1910 ജൂലൈ മാസത്തിലാണ് ബംഗാളി ഭാഷയിൽ തയ്യാറാക്കപ്പെട്ട ഗീതാഞ്ജലി പ്രസിദ്ധീകരിക്കുന്നത്. അതിൽ 157ഗീതങ്ങൾ അടങ്ങിയിരുന്നു. ഇംഗ്ലണ്ടിലേക്കുള്ള യാത്രാമധ്യേ കപ്പലിൽ വെച്ചും മറ്റും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത ഗീതാഞ്ജലിയുടെ കയ്യെഴുത്തു പ്രതി അദ്ദേഹത്തിൻ്റെ പക്കലുണ്ടായിരുന്നു. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്: ബംഗാളി ഗീതാഞ്ജലിയുടെ കൃത്യമായ പരിഭാഷയല്ല ഇംഗ്ലീഷിൽ തയ്യാറാക്കിയ ഗീതാഞ്ജലി.ബംഗാളി ഗീതാഞ്ജലിയിലെ 51 ഗീതങ്ങൾ മാത്രമാണ് ഇംഗ്ലീഷ് വിവർത്തനത്തിലുള്ളത്. ഗീതിമാല്യം, ഖേയ, നൈവേദ്യ തുടങ്ങിയ ഗാനകൃതികളിൽ നിന്ന് ടാഗോർ തന്നെ തിരഞ്ഞെടുത്ത ഗീതങ്ങളാണ് ഇംഗ്ലീഷ് ഗീതാഞ്ജലിയിൽ പരിഭാഷയായി ടാഗോർ ചേർത്തത്. ആകെ 103 ഗീതങ്ങൾ. പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ വലിയ സ്വീകരണമാണ് ഗീതാഞ്ജലിക്കു ലഭിച്ചത്. അതിനാൽത്തന്നെ 1913 നവംബർ 13 ന് ടാഗോറിനെ തേടി നോബൽ പുരസ്കാരവുമെത്തി. അങ്ങനെ ഗീതാഞ്ജലിയെന്ന, പ്രപഞ്ചവും മാനവനും തമ്മിലുള്ള ഉദാത്ത ബന്ധത്തെ വാഴ്ത്തുന്ന, ഈശ്വരനെ പുണരാനുള്ള തീവ്രാഭിലാഷം പങ്കു വെയ്ക്കുകയും അത് സാധിക്കാത്തതിലുള്ള സങ്കടം കണ്ണീരിൽ ചാലിച്ച് അവതരിപ്പിക്കുകയും ചെയ്ത ഈ കൃതി,ലോക പ്രസിദ്ധിയാർജ്ജിച്ചു. മിസ്റ്റിസിസത്തിൻ്റെ, യോഗാത്മകാനുഭൂതിയുടെ പ്രത്യക്ഷ സാക്ഷ്യപത്രമായി ഗീതാഞ്ജലി പരിഗണിക്കപ്പെട്ടു. ടാഗോർ മിസ്റ്റിക് കവികളുടെ ആചാര്യനുമായി.

ടാഗോറിൻ്റെ സുഹൃത്തുക്കളായ പണ്ഡിതരും കവികളും ഒന്നു പോലെ ഈ കൃതിയെ അഭിനന്ദിച്ചു. കയ്യെഴുത്തു പ്രതി കണ്ട വിഖ്യാത കവി WB Yeats വിമർശകരായ ബ്രാഡ്ലിയ്ക്കും സ്റ്റാഫോർഡ് ബ്രൂക്സിനും കോപ്പി അയച്ചുനൽകി. വളരെ ശ്രേഷ്ഠമെന്ന് അവർ പ്രതികരിച്ചു. 1912 നവംബർ 1 നാണ് ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചത്. 1913 നവംബറിൽ നോബൽ പ്രൈസും കിട്ടി. ഈ കൃതി വിവിധഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു. 

 ഗീതാഞ്ജലി മലയാളത്തിലേക്ക് ഏറെ വിവർത്തനം ചെയ്യപ്പെട്ട കൃതിയാണ്. കുണ്ടൂർ നാരായണമേനോൻ ഗീതാഞ്ജലിയ്ക്ക് ദ്രാവിഡവൃത്തത്തിൽ ഒരു പരിഭാഷ തയ്യാറാക്കിയിട്ടുണ്ട്. 1921 ൽ കിഴക്കേടത്തു മാധവൻ നായരുടെ വിവർത്തനവുമുണ്ടായി (1997:39). എൽ.എം. തോമസ് ഗീതാഞ്ജലിയ്ക്ക് ഗദ്യപരിഭാഷയാണ് തയ്യാറാക്കിയത്. 1937 ലാണ് അതു പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷ് ഗീതാഞ്ജലിയുടെ സ്വതന്ത്രഗദ്യപരിഭാഷയാണിതെന്നു പറയാം. മഹാകവിയുടെ ആശയങ്ങൾ മലയാളികൾക്കു ബോദ്ധ്യമാകാനായി മൂലഗ്രന്ഥത്തിലെ ചില ആശയങ്ങൾ അൽപ്പം വികസിപ്പിക്കുകയും ചെയ്തു. തർജമയുടെ സൗന്ദര്യത്തിനും പ്രാധാന്യം നൽകി. ഭാഷാന്തരീകരണത്തെ ഒരു കലയായി കണ്ടു നിർവഹിച്ച വ്യക്തിയാണ് എൽ.എം. തോമസെന്ന് വി.ദേവിപ്രസാദ് വിശേഷിപ്പിക്കുന്നു(1997:44). 

G.Sankara Kuruppu

1947 ൽ ഡോ. പി.ജി. പിള്ള ‘ഗീതാഞ്ജലി’ എന്ന പേരിൽ തന്നെ 51 ഗീതങ്ങൾ മലയാളത്തിലേക്കു വിവർത്തനം ചെയ്തു. 1950 ൽ എഴുകോൺ ശിവശങ്കരൻ തയ്യാറാക്കിയ വിവർത്തനം രംഗത്തു വന്നു. 1959 ൽ മഹാകവി ജി.ശങ്കരക്കുറുപ്പു തയ്യാറാക്കിയ ഗീതാഞ്ജലി പരിഭാഷ പ്രസാദ്ധീകരിക്കപ്പെട്ടു. ബംഗാളി ഗീതാഞ്ജലിയെയാണ് ജി. വിവർത്തനത്തിന് ആധാരമാക്കിയത്. 157 ഗീതങ്ങളുള്ള ബംഗാളി ഗീതാഞ്ജലിയെ സമഗ്രരൂപത്തിൽ വിവർത്തനം ചെയ്യുകയാണ് ജി. ആർഷ സംസ്കാരമൂല്യവും ആധുനികതയുടെ വെളിച്ചവും ആ കൃതിയിലദ്ദേഹം ദർശിച്ചു. ടാഗോറിൻ്റെ യോഗാനുഭൂതി പൂർണ്ണമായും സ്വാംശീകരിച്ച കവിയാണ് ജി.ശങ്കരക്കുറുപ്പ്.

1964 ൽ വിദ്വാൻ എം.കൃഷ്ണപിള്ളയുടെ തർജമ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് ഗീതാഞ്ജലിയെയാണ് അദ്ദേഹം തൻ്റെ പദ്യവിവർത്തനത്തിനുപയുക്തമാക്കിയത്. ഗീതങ്ങളുടെ ഭാവാർത്ഥം ഗ്രഹിക്കാൻ ബംഗാളി ഗീതങ്ങൾ പഠിച്ചു. ഇംഗ്ലീഷ് ഗീതാഞ്ജലിയിലെ 103 ഗീതങ്ങളിൽ 95 എണ്ണത്തിൻ്റെ മൂലഗീതങ്ങൾ കൃഷ്ണപിള്ള കണ്ടുപിടിച്ചു. അവ താരതമ്യം ചെയ്തുപയോഗിച്ചു. മറ്റുള്ള ഗീതങ്ങളെ കുറിച്ച് അദ്ദേഹം അന്വേഷിച്ചില്ല(1997:45). യഥാർത്ഥത്തിൽ ബംഗാളി ഗീതാഞ്ജലിയിലെയും ഇംഗ്ലീഷ് ഗീതാഞ്ജലിയിലെയും ആശയങ്ങളുടെ സമന്വിത രൂപമാണ് കൃഷ്ണപിള്ളയുടെ വിവർത്തനം(1997:45). കേക വൃത്തത്തിലാണ് തർജമ ചെയ്തിട്ടുള്ളത്. അവസാനഗീതങ്ങളിൽ വൃത്ത വ്യതിയാനം കാണാം. 

1978 ൽ എൻ.ജി.ഫ്രാൻസിസ് ഗീതാഞ്ജലിയിലെ ഏതാനും ഗീതങ്ങൾ തർജമ ചെയ്തു. ഇംഗ്ലീഷ് ഗീതാഞ്ജലിയിലെ 12 ഗാനങ്ങളുടെ ഛന്ദസ് അധിഷ്ഠിത കാവ്യ വിവർത്തന രൂപവും അർത്ഥവും അടങ്ങിയ വിവർത്തനമാണിത്. മൂലകൃതിയിലെ ഗീതങ്ങളുടെ അർത്ഥം യഥാതഥം പകരാനാണ് അദ്ദേഹം ശ്രമിച്ചിരിക്കുന്നത്. 

1978 ൽ തന്നെയാണ് കെ.സി.പിള്ളയും ഡോ. വി. എസ്. ശർമയും ചേർന്നാണ് ബംഗാളി ഗീതാഞ്ജലിയുടെ ഗദ്യവിവർത്തനം തയ്യാറാക്കിയത്. മൂലകൃതിയും ഗദ്യപരിഭാഷയും ചേർത്തുള്ള വിവർത്തനമായിരുന്നു അത്. ബംഗാളിമൂലത്തെ മുൻനിർത്തിയാണ് ഈ വിവർത്തനം സാധിച്ചത്. ബംഗാളി ഭാഷയുമായുള്ള പരിഭാഷകരുടെ പരിചയം വിവർത്തനം സുഗമമാക്കാൻ സഹായിച്ചു. മൂലകൃതിയിലെ ആശയങ്ങൾ ഭംഗിയായി പകരുവാനുള്ള ശ്രമമാണ് ഇരുവരും നടത്തിയത്.

നിത്യചൈതന്യ യതിയും കെ.ജയകുമാറും ഗീതാഞ്ജലീ വിവർത്തനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. നിരവധി ഉപനിഷത്തുകൾക്ക് വ്യാഖ്യാന വിവർത്തനം തയ്യാറാക്കിയ യതി സ്വാഭാവികമായും ഗീതാഞ്ജലിയുടെ ആത്മീയഭാവത്തിന് ഊന്നൽ നല്കുന്ന വിവർത്തനമാണ് തയ്യാറാക്കിയത്. സാധാരണക്കാരായ മലയാളികളെ ആകർഷിക്കാൻ പര്യാപ്തമെങ്കിലും അത്രമേൽ കാവ്യാത്മകമല്ല പരിഭാഷ. ഇംഗ്ലീഷ് ഗീതാഞ്ജലിയുടെ ഗദ്യപരിഭാഷയാണ് ജയകുമാർ നിർവഹിച്ചിരിക്കുന്നത്. ഒരു സ്വതന്ത്രകൃതിയുടെ ഛായയുള്ള വിവർത്തനമാണിതെന്ന് (1997:48) പറയാം. ഗീതാഞ്ജലിയുടെ ഭാവസൗന്ദര്യവുമായി താദാത്മ്യം പ്രാപിക്കാൻ സാധിച്ചിട്ടുണ്ട്. താളാത്മക ശൈലിയുമുണ്ട്. ഗീതാഞ്ജലിയ്ക്ക് കേരളത്തിൽ നിന്നും പ്രൊഫ. എൻ.ഗോപാലപിള്ളയുടേതായി ഒരു സംസ്കൃത വിവർത്തനവും ലഭ്യമായിട്ടുണ്ട്. സലീം പകൽക്കുറി ഇംഗ്ലീഷ് ഗീതാഞ്ജലിയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പദ്യവിവർത്തനവും പ്രത്യേക പരാമർശമർഹിക്കുന്നു. കടയ്ക്കോട് വിശ്വംഭരൻ, എൻ.കെ. ദേശം മുതലായവരും മറ്റുചില പ്രമുഖരും ഗീതാഞ്ജലി വിവർത്തനം ചെയ്തതായി കാണുന്നു.

മലയാളത്തിലേക്ക് ഗീതാഞ്ജലിയെ പകരാൻ ശ്രമം നടത്തിയ എല്ലാ വിവർത്തകരും അതിൻ്റെ അന്തർഭാവത്തെ ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ട്. അനുവാചകരിലേക്ക് അത് പകരാനും പ്രയത്നിച്ചിട്ടുണ്ട്. ജി.ശങ്കരക്കുറുപ്പിൻ്റെ വിവർത്തനം പദ്യവിവർത്തനങ്ങളിൽ കൂടുതൽ ശ്രേഷ്ഠത കൈവരിച്ചപ്പോൾ, എൽ.എം. തോമസ്, കെ. ജയകുമാർ എന്നിവരുടെ വിവർത്തനങ്ങൾ ഗദ്യതലത്തിൽ കൂടുതൽ ശ്രേഷ്ഠങ്ങളായിരിക്കുന്നു. രബീന്ദ്രനാഥ ടാഗോറിൻ്റെ ചിന്തകളോടും രചനകളോടും കൂടുതൽ മമതയുളവാകാനും ബംഗാളി സാഹിത്യത്തിൻ്റെ വൈശിഷ്ട്യത്തിലേക്ക് ശ്രദ്ധ പതിപ്പിക്കാനും ഗീതാഞ്ജലീ വിവർത്തനങ്ങൾ സഹായകമാകുന്നു.

സഹായഗ്രന്ഥങ്ങൾ:

1. ജയാസുകുമാരൻ, സ്കറിയാ സക്കറിയ.(എഡി.), തർജമ സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ. താരതമ്യപഠന സംഘം,1997. [ ലേഖനം - ഗീതാഞ്ജലി തർജമ, വി.ദേവിപ്രസാദ്]

2. പ്രബോധചന്ദ്രൻ വി.ആർ. (ഡോ.), (എഡി)., വിവർത്തന ചിന്തകൾ, ഡി.സി.ബുക്സ്, കോട്ടയം, 1994.[ലേഖനം - ഗീതാഞ്ജലി - മൂലവും പരിഭാഷകളും, ഡോ. വി. എസ്. ശർമ്മ]




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി