കാവ്യവിവർത്തനം: ദേശമംഗലം രാമകൃഷ്ണൻ്റെ ലേഖന സംഗ്രഹം
ഡോ. ദേശമംഗലം രാമകൃഷ്ണൻ മലയാള സാഹിത്യത്തിലും വിവർത്തനസാഹിത്യത്തിലും വ്യക്തിമുദ്ര ഏൽപ്പിച്ച സാഹിത്യകാരനാണ്; ഒപ്പം അദ്ധ്യാപകനുമാണ്. കവിയും നിരൂപകനുമാണ് അദ്ദേഹം. ഡെറക് വാൽകോട്ടിൻ്റെ കവിതകൾ, സ്ത്രീ ലോക കവിത, ഭാരതീയകവിതകൾ, തെലുഗുകവിത 1900-80 [ഭക്തവത്സല റെഡ്ഢിയുമൊന്നിച്ച്] മുതലായവ അദ്ദേഹത്തിൻ്റെ വിവർത്തന സംരംഭങ്ങളാണ്. കവിയുടെ കലാതന്ത്രം എന്ന കൃതി അദ്ദേഹത്തിൻ്റെ മികവുറ്റ പഠനമാണ്. കാവ്യഭാഷയിലെ പ്രശ്നങ്ങൾ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സമാഹരിക്കപ്പെട്ട ലേഖനങ്ങൾ അടങ്ങുന്ന കൃതിയാണ്. കൃഷ്ണപക്ഷം, വിട്ടുപോയ വാക്കുകൾ, താത രാമായണം, ചിതൽവരും കാലം, കാണാതായ കുട്ടികൾ, ധനുഷ്കോടിയിലെ നിഴലുകൾ മുതലായവ അദ്ദേഹത്തിൻ്റെ കവിതാസമാഹാരങ്ങളാണ്. ഈ വിധം കവിയും കാവ്യനിരൂപകനും ഒപ്പം കാവ്യതർജമാകാരനുമായ ദേശമംഗലം രാമകൃഷ്ണൻ കവിതാവിവർത്തനത്തെ സംബന്ധിച്ചു പറയുന്ന വാക്കുകൾക്ക് വളരെ പ്രാധാന്യമുണ്ട്. അവയെന്തൊക്കെ എന്ന് അപഗ്രഥിക്കുകയാണ് ഇവിടെ.
[കാവ്യവിവർത്തനമെന്ന ലേഖനത്തിൻ്റെ സംക്ഷേപം കൂടിയാണിത് ]
ഭാവനയുടെ സത്യങ്ങൾ ആവിഷ്കരിക്കുന്നവയാണ് സാഹിത്യകൃതികൾ. അവയിൽ വിവർത്തനക്ഷമമല്ലാത്ത അംശങ്ങൾ ധാരാളമുണ്ടാകും. പകരം വെക്കാനാകാത്ത വാക്കുകളുമുണ്ടാകും. വാക്കുകളുടെ സ്ഥാനങ്ങളും വ്യവസ്ഥാപിത വഴികളിൽ നിന്നുള്ള വ്യതിചലനവും ശ്രദ്ധിക്കേണ്ടതുണ്ട്. വിവർത്തകൻ കൃതിയുടെ കേന്ദ്ര ബിന്ദുവും അതിലേക്കുള്ള ഇഴകളും നഷ്ടമാകാതെ നോക്കേണ്ടതുണ്ട്.
ദേശമംഗലം എഴുതുന്നു: “ഏതൊരു കൃതിയുടെയും വിവർത്തനത്തിൽ ചില വളയ്ക്കലോ തിരിക്കലോ വേണ്ടിവരും. അന്യഭാഷകളിലുള്ള വിചാരരീതികൾ, തോന്നലുകൾ, ഭാഷണങ്ങൾ എല്ലാം മൂടൽമഞ്ഞായി മുമ്പിൽ നിൽക്കുന്നുണ്ടാവും. ആ ഭാഷാസംസ്കാരങ്ങളെ വേണ്ടവിധത്തിലറിയാൻ പറ്റാത്തതുകൊണ്ടത്ര ഇങ്ങനെ തോന്നുന്നത്. മൂലകൃതിക്കും തനിക്കും ഇടയിലുള്ള മൂടലിന് നിദാനമായതെന്തെന്ന് കണ്ടെത്തണം. അങ്ങനെ അത് വേണ്ടുവോളം തെളിഞ്ഞാൽത്തന്നെയും വിവർത്തകൻ സ്വന്തം ഭാഷവിട്ടു പൊയ്ക്കൂടാ. സ്വന്തം ഭാഷ എത്രത്തോളം ഉൾക്കൊണ്ടിട്ടുണ്ട് എന്നതാണ് പ്രശ്നം” (1997: 11-12).
ഒരു കവിതയിലെ പദവും ശൈലിയും പൂർണ്ണമായും പിടിച്ചെടുക്കാൻ അതേ ഭാഷക്കാരനു തന്നെ കഴിയാതിരിക്കുമ്പോൾ, വിവർത്തനം ചെയ്യുന്നയാൾക്ക് ഈ അകലം വലുതായി അനുഭവപ്പെടുന്നു. ‘അകലേയ്ക്കു പായുന്ന വെളിച്ചങ്ങളെ’ സർഗ്ഗശക്തിയാൽ വിവർത്തകൻ പിടിച്ചെടുക്കണമെന്ന് ദേശമംഗലം പരാമർശിക്കുന്നു.
ഓരോ കാലഘട്ടവും അതിൻ്റേതായ കണ്ണാടിയിലൂടെയാണ് കവിതയെ നോക്കുന്നത്. മനുഷ്യ ചരിത്രത്തിലെ മാറ്റങ്ങൾ അതിനെ സ്വാധീനിക്കുന്നു. കാവ്യകൃതികളിലെ ചലനാത്മകതയെ വിവർത്തകൻ തിരിച്ചറിയണം. കവിതയിലെ വാക്കുകൾ വേറിട്ടു കാണരുത്. പ്രത്യേകരീതികളിലും ചലനവിശേഷത്തിലുമാണ് കവിതയുടെ ഇഫക്റ്റ് കിട്ടുക.
മറ്റൊരുഭാഷയിലേക്കുള്ള വിവർത്തനത്തിൽ കവിതയുടെ അടിസ്ഥാന താളം നഷ്ടമായേക്കാം. ഭാവമാണ് ജീവൻ. വിവർത്തകൻ്റെ ആദ്യചുമതല കവിതയിലെ തുടിപ്പും മിടിപ്പും അറിയുകയെന്നതാണ്. വിവർത്തകന് മൂലകൃതിയുമായി ഉണ്ടാകുന്ന മനപ്പൊരുത്തം നല്ലതാണ്. വിവർത്തനത്തെ ആഹ്ലാദകരമാക്കാൻ ഇതുപകരിക്കും. കൃതികളുമായുള്ള ആത്മബന്ധം വിവർത്തനത്തിൻ്റെ ഉൽകൃഷ്ടത കൂട്ടും.
വിവർത്തകൻ കവി കൂടിയാകുമ്പോൾ
മൂലഭാഷാകവിയും ലക്ഷ്യഭാഷാകവിയും തമ്മിലുള്ള ചങ്ങാത്തവും താദാത്മ്യവും വിവർത്തനത്തെ ഭദ്രമാക്കുന്നു.
വിവർത്തനം സ്വന്തം ഭാഷകൊണ്ടുള്ള കടന്നാക്രമണമാകരുത്. മറ്റൊരു കവിയുടെ സമ്പ്രദായത്തിന് വിധേയനാവുകയാണ് താനെന്ന തോന്നൽ വിവർത്തകനുണ്ടാകുന്നതു നല്ലതാണ്. മൂലകൃതി തൻ്റെ കണ്ടെത്തൽ കൂടിയാവുമ്പോൾ സന്തോഷവും ഹൃദ്യമായ അനുഭവവും സമ്മേളിക്കുന്ന പ്രവർത്തനമായി വിവർത്തനം മാറും. ചില സന്ദർഭങ്ങളിൽ തനിക്കു സ്വായത്തമായ ശൈലി മാറാൻ വിവർത്തകൻ വിശേഷിച്ച് കവി കൂടിയായ വിവർത്തകൻ, തയ്യാറാകേണ്ടി വരും. തൻ്റെ ഭാഷയെ മറ്റു ഭാവ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതു വഴി ലോകവീക്ഷണത്തിൻ്റെ അതിരുകളെ അനുവാചകർക്കായി അല്പമെങ്കിലും തള്ളിമാറ്റുവാൻ കവിയായ വിവർത്തകനു കഴിയുന്നു. ഉദാഹരണം ചങ്ങമ്പുഴ തന്നെ.
അന്യഭാഷാ കൃതി വിവർത്തനം ചെയ്യുന്നതിനു മുമ്പേ, സ്വന്തം ഭാഷയെ വിമർശനബുദ്ധിയോടെ അപഗ്രഥിച്ചു മനസ്സിലാക്കിയിരിക്കണം. വാക്കിൻ്റെയും ശൈലിയുടെയും അധീശനാകണം വിവർത്തകൻ. മൂലഗ്രന്ഥഭാഷ നന്നായി അറിയണം. സ്വന്തം ഭാഷ വശത്താവുകയും വേണം. ഇതിനാലാണ്, ഡ്രൈഡൻ ‘ സമ്പൂർണ്ണ വിവർത്തകൻ സമ്പൂർണ്ണ കവി കൂടിയാകണമെന്ന്’ പറഞ്ഞത്(P:14). വിവർത്തനത്തിലൂടെയാണ് ലോക കവിതകളിലെ പ്രസ്ഥാനങ്ങളും പ്രവണതകളും പരീക്ഷണങ്ങളുമൊക്കെ മലയാളകവിതയിലേക്കു സംക്രമിച്ചത്. വിചാരവികാരങ്ങളിൽ ലോകത്തെല്ലായിടത്തും സമാനനായ മനുഷ്യൻ്റെ ആശയപ്രകാശനരീതികളിലും സമാനതയുണ്ട്. വിവർത്തനം ഈ പാരസ്പര്യത്തെ വർദ്ധിപ്പിക്കുന്നു. ഏതു രെ വിവർത്തനവും സാഹിത്യഭൂമിയെ പോഷിപ്പിക്കുന്നു. കവിതാ വിവർത്തനത്തിൽ അഞ്ചു കാര്യങ്ങൾ ശ്രദ്ധേയമാണെന്ന് ദേശമംഗലം പ്രസ്താവിക്കുന്നു:
1. കൃതിയെ -പാoത്തെ - ഒന്നിച്ചു കാണണം. ഏതെങ്കിലുമൊരംശത്തിൽ മാത്രം ഊന്നുകയാണെങ്കിൽ അത് ഭാഗികവിവർത്തനമാകും. മൂലപാഠത്തിലെ സ്ഥല-കാല-പാരമ്പര്യ ഭാഷാഘടകങ്ങളെ മാറ്റമില്ലാതെ ലക്ഷ്യഭാഷയാൽ കൊണ്ടുവരാൻ ശമിക്കണം.
2. മൂലപാഠത്തിൻ്റെ സംവേദനമൂല്യത്തെയും മൂലപാഠത്തിൻ്റെ അർത്ഥത്തെയും ലക്ഷ്യഭാഷയിൽകൊണ്ടുവരാൻ സാധിക്കണം.
3.മൂലപാഠത്തിലെ സ്ഥല-കാല - പാരമ്പര്യഘടകങ്ങൾ സംസ്കാര ബദ്ധമാകുന്നതോടൊപ്പം ഘടനാപരവുമായിരിക്കും. അവയെ വേർതിരിച്ചറിയാനാകണം.
4. സ്രോതഭാഷയുടെ സാഹിത്യപാരമ്പര്യത്തിനാണങ്ങുന്ന ഒരു രൂപത്തിൽ വേണം ലക്ഷ്യഭാഷയിൽ വിവർത്തനം ചെയ്യാൻ.
5. മൂലഗ്രന്ഥകാരന് തൻ്റെ കൃതിയുടെ പ്രമേയത്തെ നിർവഹിക്കുവാൻ കഴിഞ്ഞപ്രകാരം തന്നെ ലക്ഷ്യഭാഷയിലും ഭീക്ഷിക്കണം. അത് രൂപാന്തരമോ (version) അനുകരണമോ (imitation) ആയിപ്പോകാതെ നോക്കണം.
മലയാള കവിത വിവർത്തനം ചെയ്യുമ്പോൾ:
ലേഖനത്തിൻ്റെ രണ്ടാം ഭാഗത്തിൽ ഉദാഹരണ സഹിതം കവിതാവിവർത്തനങ്ങളുടെ സാധുത പരിശോധിക്കുകയും ചെയ്യുന്നു. വിവർത്തനത്തിൽ വ്യക്തി, സമൂഹം, ദേശം, കാലം, ഭാഷ, അധികാരം എന്നീ ഘടകങ്ങൾക്ക് പ്രധാനസ്ഥാനമുണ്ട്. മലയാളസംസ്കാരത്തിൻ്റെ ഊർജം തുടിക്കുന്ന കവിതകൾ ഇംഗ്ലീഷിലേക്കു തർജമ ചെയ്യുമ്പോൾ സവിശേഷ ധ്വനികൾ കഴിയുന്നത്ര സംക്രമിപ്പിക്കണം. അനുഭവസന്ദർഭത്തിൽ നിന്നും പ്രസരിക്കുന്ന അർത്ഥങ്ങൾ കണ്ടറിയണം. കവിയുടെ അടയാളവാക്യങ്ങൾ വിഘടിപ്പിക്കാൻ മൂല- ലക്ഷ്യഭാഷകളിൽ നല്ല സാഹിത്യാവബോധവുമുണ്ടാകണം.
മലയാളത്തെപ്പോലുള്ള പ്രാദേശിക ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യുമ്പോൾ മൂലകൃതിയുടെ സങ്കീർണ്ണതകൾ - ഭാഷാപരമോ ശൈലീപരമോ സാംസ്കാരിക മോ ആയവ-പരിഹരിക്കാൻ ശ്രമിക്കണം. കവിതാ വിവർത്തനത്തിൽ പലപ്പോഴും വിശദാംശം ലഭിക്കാനായുള്ള വരികൾ ചേർക്കാറുണ്ട്. മൂലകൃതി മലയാളം വായനക്കാരനിലുളവാക്കുന്ന സുഖം അഥവാ രസം പുന:സൃഷ്ടിക്കാൻ വിവർത്തനത്തിനു കഴിയുന്നില്ല. നാട്ടുഭാഷാ പദങ്ങൾ വിവർത്തനം ചെയ്യാൻ ഏറെ പ്രയാസം നേരിടുന്നു. തുല്യമായ പദം കിട്ടാതെ ഏകദേശ വിവർത്തനം വേണ്ടി വരുന്നു. പി. കുഞ്ഞിരാമൻ നായരുടെ കവിതയിലെ കേരളീയത നിറഞ്ഞ കൽപ്പനകൾ ഒരു ഭാഷയിലേക്കും വിവർത്തനം ചെയ്യാൻ പറ്റാത്തവയാകുന്നു. അർത്ഥതലത്തിൽ ഉചിതമായ പദം കിട്ടായ്ക, മൂലകവിതയുടെ ധ്വനി അവതരിപ്പിക്കാൻ സാധിക്കായ്ക, വിവർത്തനം ചെയ്യുമ്പോൾ ശൈലിയിൽ വരുന്ന പാളിച്ചകൾ മുതലായവ പ്രധാനദോഷങ്ങളാണ്. ഓരോ കവിതയുടെയും കേന്ദ്രസത്ത തിരിച്ചറിയുക, രണ്ടു ഭാഷകളുടെയും ശീലസംസ്കാരങ്ങൾ അറിയുക - ഈ മാർഗ്ഗത്തിലൂടെ മാത്രമേ വിവർത്തനം വിജയിക്കുകയുള്ളൂ.
കവി തന്നെയാണം വിവർത്തകൻ
പരസ്പരധാരണയ്ക്കുള്ള വഴിയാണ് വിവർത്തനമെന്ന് ദേശമംഗലം അഭിപ്രായപ്പെടുന്നു. അദ്ദേഹം വ്യക്തമാക്കുന്നു: “വിവർത്തനവും സൃഷ്ടിയാണ്. മൂലഭാഷയിലെ കവിതയെ ലക്ഷ്യഭാഷയിലെ പുതിയൊരു സൃഷ്ടിയാക്കി മാറ്റാനാണ് വിവർത്തകൻ ശ്രമിക്കുന്നത്. ഇവിടെ കവി തന്നെയാകണം വിവർത്തകൻ. വിവർത്തന പ്രക്രിയയിൽ മാറ്റങ്ങൾ ആവശ്യമായി വരും. അതെല്ലാം ലക്ഷ്യഭാഷയുടെ ജീനിയസ്സുകൊണ്ട് നിറവേറ്റപ്പെടും. ഒരു പക്ഷെ, തങ്ങളുടെ ഭാഷമാത്രം അറിയാവുന്ന ലക്ഷ്യഭാഷാവായനക്കാരെ ഉദ്ദേശിച്ചുള്ളതാണ് വിവർത്തനം. വിവർത്തിത കവിത അവർ കൊരു ഒറിജിനൽ കവിതയായി അനുഭവപ്പെടണം. ലക്ഷ്യ ഭാഷയിൽ നേരത്തെ ഇല്ലാതിരുന്ന ഒരു കാവ്യപാഠം സൃഷ്ടിക്കാനായിരിക്കണം വിവർത്തകൻ്റെ ശ്രമം.” (പുറം.19)
ഇവിടെ ദേശമംഗലം ഒരു നിർദ്ദേശം അവതരിപ്പിക്കുന്നു. മൂലകവി, മൂലഭാഷാവിദഗ്ദ്ധൻ എന്നിവരുമായി നേരിട്ടു ചർച്ച ചെയ്തും കവിത ചൊല്ലിക്കേട്ടും സംശയങ്ങൾ നിവർത്തിച്ചും വേണം വിവർത്തനം ചെയ്യാൻ. ഇത് മൂലകവിതയുടെ ആസ്വാദ്യതയും അനുഭവപരതയും വിനിമയം ചെയ്യാനുപകരിക്കും. ഇടനിലഭാഷയെ ഗതിയില്ലാതെ വരുമ്പോൾ മാത്രമേ ആശ്രയിക്കാവൂ. ‘ഒരു ഭാഷയിലെ കവിയുടെ കവിതയെ പരിഭാഷപ്പെടുത്തുന്നത് ഇതരഭാഷയിലെ കവി തന്നെയാവണം’ എന്ന നിലപാട് അദ്ദേഹം വ്യക്തമാക്കുന്നു. മൂലഭാഷയിലെ കവിത അതേ താളത്തിലും ലയത്തിലും ലക്ഷ്യഭാഷയിലേക്ക് ആവാഹിക്കുകയാണ് വേണ്ടത്. ഇടനില ഭാഷകളുടെ സഹായമില്ലാതെ നിർവഹിക്കാനായാൽ നല്ലത്. ഒറ്റയ്ക്കുള്ള കവിതാ വിവർത്തനം അത്ര ഫലപ്രദമല്ല. ഏതെങ്കിലും തരത്തിൽ തന്നെ അഗാധമായി പ്രചോദിപ്പിച്ച ഒരു കവിത വിവർത്തനത്തിനു തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കവിത വിവർത്തനം ചെയ്യാൻ നല്ലത് കൂട്ടുവിവർത്തനമാണ്. വിവർത്തകനായ കവി മൂലകവിത കേൾക്കുന്നു. വാക്കുകളുടെ അർത്ഥം അന്വേഷിക്കുന്നു. മൂലകവിയുമായി ചർച്ച നടത്തുന്നു. പിന്നെ ആ കവിത ലക്ഷ്യഭാഷയിൽ പുന:സൃഷ്ടിക്കുന്നു. ഇതാണ് സ്വീകരിക്കേണ്ട രീതി. മൂലകവിതയെ ലക്ഷ്യഭാഷാശബ്ദങ്ങളിൽ ലിപ്യന്തരം ചെയ്ത് അതിലെ ലക്ഷ്യഭാഷാസ്ഥാനമായ പദങ്ങളും ഘടനകളും കൽപ്പനകളും കണ്ടെത്തി വേണം വിവർത്തനത്തിനൊരുങ്ങാൻ. മൂലകവിതയുടെ ഓജസ്സ് ഉൾക്കൊള്ളണം. അതിൻ്റെ ആന്തരികവും ബാഹ്യവുമായ താളം,ഡിസൈൻ എന്നിവ കണ്ടെത്തണം. ആദ്യവിവർത്തനം പ്രയാസകരമാണെങ്കിലും തുടർന്ന് എളുപ്പമാകും. ദേശമംഗലം പറയുന്നത്, ആദ്യ വിവർത്തനം കുരിശ്ശേറ്റം പോലെയത്രെ, തുടർന്നുള്ള ഘട്ടങ്ങൾ ഉയിർത്തെഴുനേൽപ്പിൻ്റേതും’ എന്നാണ്.
പല സന്ദർഭങ്ങളിലും മൂലകവിതയിലെ ഗദ്യതാളത്തെപ്പോലും ലക്ഷ്യഭാഷാഗദ്യത്തിൽ ആവിഷ്കരിക്കാനാകുന്നില്ല. പല വാക്കുകളും വാക്യങ്ങളും കവിതയിൽ ഉപയോഗിക്കുന്നത് സന്ദർഭത്തെയും സാഹചര്യത്തെയും അനുസരിച്ചാണ്. കവിത ചത്തു പോയി എന്ന പ്രയോഗം ഉദാഹരണം. ഇത് ഗൗരവമായിട്ടാണോ ഹാസ്യമായിട്ടാണോ പറഞ്ഞതെന്നത് മേൽപ്പറഞ്ഞ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഛന്ദസ്സിനെ സംബന്ധിച്ച് മൂലഭാഷയും ലക്ഷ്യഭാഷയും വ്യത്യസ്ത സമീപനമായിരിക്കും. മൂലകവി ചൊല്ലിക്കേൾപ്പിക്കുന്ന വർണ്ണച്ചൊൽവടിവ് അതേപടി ഉൾക്കൊണ്ട് ആ താളത്തെ ലക്ഷ്യഭാഷയിലേക്കു പകർത്തണമെന്നാണ് ദേശമംഗലത്തിൻ്റെ നിർദ്ദേശം. വ്ലാഡിമിർ നബോക്കോഫിൻ്റെ ഒരു കവിത വിവർത്തനം ചെയ്ത് തൻ്റെ ലേഖനം അവസാനിപ്പിക്കുകയാണ് ദേശമംഗലം.
‘വിവർത്തനമെന്നാൽ
ഒരു കവിയുടെ വിവർണ്ണദീപ്തമാം
ശിരസ്സു ഛേദിച്ചു
തളികയിങ്കലെടുത്തു വച്ചത്…’
മരിച്ചവരോടു കടുത്ത പാതകമായി വിവർത്തനം മാറുന്നുവെന്നും തൻ്റെ ഈ കുടിലതന്ത്രത്തിൽ മാപ്പു തരണമെന്നും വിവർത്തകൻ മഹാകവി പുഷ്കിനോട് അപേക്ഷിക്കുന്നു. ഞാൻ നിൻ്റെ കവിതയെ ആ മനോഹര ഗീതപദാവലിയെ, തെരുവുവർത്തമാനമാക്കി മാറ്റി. നോക്കൂ,തെരുവിലെ പീച്ചു മരത്തിൽ നിറയെ മുള്ളുകൾ കാണുന്നു. അതിനെന്താ, ഇതും പിറന്നത് നിൻ്റെ പനുനീർ കുലത്തിലല്ലേ? കവി ചോദിക്കുന്നു.
കവിതാവിവർത്തനത്തിൽ ശ്രദ്ധിക്കേണ്ട ഘടകങ്ങളെക്കുറിച്ച് വളരെ മൗലികവും വ്യക്തവുമായ അഭിപ്രായങ്ങളാണ് ദേശമംഗലം രാമകൃഷ്ണൻ പ്രകടിപ്പിക്കുന്നത്. മൂലകവിയോട് അഭ്യർത്ഥിക്കുന്നതുപോലെയുള്ള വഴികളെ സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. എല്ലാ മൂലകവികളും ഒരു വിവർത്തകൻ സമീപിക്കുമ്പോൾ സഹായ സന്നദ്ധനാകണമെന്നില്ല. ചിലർ അന്തരിച്ചിട്ടുമുണ്ടാകാം. എങ്കിലും വിവർത്തകർക്ക് പ്രോത്സാഹമാകുന്ന ആശയങ്ങളാണ് കാവ്യവിവർത്തനം ചില നിരീക്ഷണങ്ങൾ എന്ന പ്രബന്ധത്തിൽ അടങ്ങിയിട്ടുള്ളത്.
ഗ്രന്ഥസൂചി
ജയാസുകുമാരൻ, സ്കറിയാ സക്കറിയ (എഡി.). തർജമ സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ. താരതമ്യപഠന സംഘം, 1997.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ