വിവർത്തനം: മറ്റു പദങ്ങൾ

Translation എന്ന വാക്ക്, ഒരു ഭാഷയിലെ ആശയങ്ങളെ മറ്റൊരു ഭാഷയിലേക്കു പകരുന്ന പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ഇംഗ്ലീഷുവാക്കാണ്. ലാറ്റിൻ നാമപദമായ translatio എന്നതിൽ നിന്നാണ് പ്രസ്തുതപദംഉരുത്തിരിഞ്ഞത്. ക്രിയാവിശേഷണമായ trans കുറുകെ / എതിരെ / മറുവശത്തേക്ക് എന്നർത്ഥത്തിലും latioഎന്ന പദം carry, bring എന്ന അർത്ഥത്തിലുമാണ് പ്രയോഗിക്കുന്നത്. Bringing across എന്ന അർത്ഥത്തിലാണ്, മറുവശത്തേക്ക് കൊണ്ടുവരിക -മാറ്റിവെയ്ക്കുക - എന്ന അർത്ഥത്തിലാണ് ഇംഗ്ലീഷിൽ ഉപയോഗിച്ചത്. മലയാള ഭാഷയിൽ നിരവധി പദങ്ങൾ Translation എന്ന വാക്കിന് പകരം നിൽക്കുന്നുണ്ട്. വിവർത്തനം, പരിഭാഷ, തർജ്ജമ, തർജ്ജിമ, തർജുമ, ഭാഷാന്തരം, മൊഴിമാറ്റം, പരാവർത്തനം, ഭാഷാനുവാദം തുടങ്ങിയ പദങ്ങൾ ഉദാഹരണം.

വിവർത്തനം എന്ന പദം Translation എന്ന പദത്തിനു പകരമായാണ് ഉപയോഗിക്കുന്നത്. ഇതിന് ശബ്ദതാരാവലി രൂപഭേദം, തർജ്ജമ, ‘വിവിധാവസ്ഥകളിൽ കൂടിയുള്ള ഗതി’ എന്നൊക്കെ അർത്ഥം നല്കുന്നു. യഥാർത്ഥത്തിൽ ഇത് ഒരു സംസ്കൃതപദമാണ്. വിവർത്തനം-വ്യത്യസ്ത സ്ഥിതി , വർത്തിക്കൽ, ചുറ്റിനടക്കൽ, തിരിച്ചിൽ, പ്രത്യാഗമനം എന്നിങ്ങനെയാണ് സംസ്കൃത നിഘണ്ടു പ്രസ്തുത വാക്കിന് അർത്ഥം നല്കിയിട്ടുള്ളത്. തർജമ എന്ന  അർത്ഥം നൽകിയിട്ടില്ലെന്നത് ശ്രദ്ധിക്കുക. സംസ്കൃതശബ്ദത്തിന് പരിണാമം, രൂപതലത്തിലും അർത്ഥതലത്തിലും സംഭവിക്കുന്നത് സ്വാഭാവികം. അങ്ങനെ അർത്ഥപരിണാമത്തോടെ സ്വീകൃതമായ, ഒരു ഭാഷാസാഹിത്യ പ്രക്രിയയെ പ്രതിനിധാനം ചെയ്യുന്ന പദമായി വിവർത്തനം നില്ക്കുന്നു. എന്നിരുന്നാലും മലയാളഭാഷയെ സംബന്ധിച്ച് വിവർത്തനം പുതിയൊരു പദമത്രെ.

പരിഭാഷയെന്ന സംസ്കൃതശബ്ദത്തിന് സംസ്കൃത നിഘണ്ടു തന്നെ തർജ്ജമയെന്ന അർത്ഥം നൽകിയിട്ടുണ്ട്. പരിഭാഷയ്ക്ക് മലയാളം നിഘണ്ടുവായ ശബ്ദതാരാവലി നല്കുന്ന അർത്ഥം, പൊരുൾതിരിപ്പ്, തർജ്ജമ എന്നിങ്ങനെയാണ്. ‘പൊരുൾതിരിപ്പ്’ രസകരവും കൂടുതൽ ഉപയോഗിക്കപ്പെടേണ്ടതുമായ ശബ്ദമാണ്. മൂലകൃതിയിലെ ആശയങ്ങൾ മറ്റൊരു ഭാഷയിൽ വിശദീകരിക്കുന്ന പ്രക്രിയയായി ഇന്ന് പരിഭാഷ അറിയപ്പെടുന്നു.

തർജ്ജമയെന്ന പദം അറബിയിൽ നിന്നും ആഗതമായതാണ്. അന്യഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെട്ടത്, പൊരുൾ തിരിച്ചത്, ഭാഷാന്തരം, പരിഭാഷ എന്നിവ കൂടാതെ Translation എന്ന ഇംഗ്ലീഷു പദവും ശബ്ദതാരാവലി നൽകിയിട്ടുണ്ട്. തർജുമ യെന്ന വാക്ക് പരിഭാഷയെന്ന അർത്ഥത്തിൽ ഉപയോഗിച്ചു വന്നിരുന്നു. തർജ്ജിമ എന്ന് ഉപയോഗിച്ചവരുമുണ്ട്. ഇന്ന് തർജമ എന്ന വാക്കാണ് ആധികാരികമായി സ്വീകരിച്ചിട്ടുള്ളത്.

ഭാഷാന്തരമെന്ന പദം സംസ്കൃതം തന്നെ. തർജ്ജമ, പൊരുൾതിരിപ്പ് എന്നിങ്ങനെ അർത്ഥം നൽകിയതിനു പുറമേ, ഭാഷാന്തരത്തിൽ എന്താണു നിർവഹിക്കേണ്ടതെന്നും വ്യക്തമാക്കുന്നു. “ഭാവം തെറ്റാതെ അർത്ഥം കൊണ്ടുവരുക, ഓരോ ദിക്കിലും ചേർച്ചയുള്ള പദം ചേർക്കുക, പാദപൂരണത്തിനോ പ്രാസത്തിനോ വേണ്ടി നിരർത്ഥപദം കുത്തിച്ചെലുത്താതിരിക്കുക ഇത്രയുമാണ് ഭാഷാന്തരത്തിൽ പ്രധാനമായി വേണ്ടത്.” സംസ്കൃതപണ്ഡിതന്മാർ മുമ്പേ ഉപയോഗിച്ചു വന്ന പദമാണിത്. 

പൊരുൾതിരിപ്പ് എന്ന പദത്തിന് ഭാഷാന്തരം, തർജ്ജമ എന്നീ അർത്ഥങ്ങൾക്കൊപ്പം, ഒരു ഭാഷയിലുള്ള തമിഴ് പൊരുൾ എന്നും നല്കിയിരിക്കുന്നു.

അനുവാദം എന്ന വാക്കിന് സമ്മതം, അനുജ്ഞ എന്നീ അർത്ഥങ്ങൾ നല്കിയ ശേഷം, തർജ്ജുമ,ഭാഷാനുവാദം എന്ന് അർത്ഥം പറഞ്ഞിരിക്കുന്നു. അനുവാദകൻ എന്നാൽ പരിഭാഷകൻ എന്നർത്ഥം.

Translationഎന്ന പദത്തിനു പകരമായി പരാവർത്തനം എന്ന വാക്ക് ഉപയോഗിക്കുന്നത് കുറവാണ്. ഒരേ സംഗതി തന്നെ മറ്റൊരു വിധത്തിൽ പ്രസ്താവിക്കൽ, പദ്യത്തിൻ്റെ അർത്ഥം ഏറ്റക്കുറച്ചിലില്ലാതെ ഗദ്യത്തിലാക്കൽ എന്നിങ്ങനെയാണ് വിവക്ഷകൾ. രണ്ടാമത്തെ അർത്ഥതലത്തിലാണ് ഈ പദം കൂടുതലായി ഉപയോഗിക്കാറുള്ളത്.

മൊഴിമാറ്റം എന്ന വാക്കും വിവർത്തനമെന്ന അർത്ഥത്തിൽ ഉപയോഗിച്ചു കണ്ടിട്ടുണ്ട്. മൊഴി എന്ന വാക്കിന് വാക്ക്, ഭാഷ എന്നെല്ലാം അർത്ഥമുണ്ടല്ലോ. മൂല കൃതി മറ്റൊരു ഭാഷയിലേക്കു പകരുക എന്ന അർത്ഥത്തിലാണ് ഈ പദം ഉപയോഗിക്കുന്നത്.

വ്യാഖ്യാനം എന്ന വാക്കും ഉപയോഗിച്ചവരുണ്ട്. വിസ്തൃതമായ അർത്ഥവിവരണമാണ് വ്യാഖ്യാനം.

ഇത്രയും പദങ്ങളിൽ Translation എന്ന വാക്കിനു പകരം നിൽക്കാവുന്ന മികച്ച പദങ്ങൾ തർജമ, വിവർത്തനം, പരിഭാഷ എന്നിവയാകുന്നു.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി