ടോട്ടോച്ചാൻ: വിവർത്തന താരതമ്യം
കാലിക്കറ്റ് സർവകലാശാല
വിനിമയ മലയാളവും സർഗ്ഗാത്മക രചനയും
ബി എ മലയാളം സെമസ്റ്റർ 2
പ്രശസ്ത ജാപ്പനീസ് എഴുത്തുകാരിയാണ് തെത്സുകോ കുറോയാനഗി. ജാപ്പാനീസ് ഭാഷയിൽ അവർ രചിച്ച കൃതിയാണ് ‘Totto-chan: The Little Girl at the Window’’. 1981 ലാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. രണ്ടാം ലോകയുദ്ധം നടക്കുന്ന കാലം. ടോട്ടോച്ചാൻ എന്ന പെൺകുട്ടിയുടെ സ്കൂൾ ജീവിതാനുഭവങ്ങളാണ് ഇതിൽ വിവരിക്കുന്നത്. സാധാരണ സ്കൂളിൽ നിന്ന് വികൃതി കാണിച്ചതിന് പുറത്താക്കപ്പെടുന്ന ടോട്ടോച്ചാൻ കൊബായാഷി മാസ്റ്റരുടെ, ടോമോ എന്നു വിളിക്കുന്ന പ്രത്യേകസ്കൂളിൽ എത്തുകയും അവിടുത്തെ അധ്യയനം അവളെ മികച്ച രീതിയിൽ സ്വാധീനിക്കുകയും ചെയ്യുന്നു. കൊബായാഷി മാസ്റ്റർ കുട്ടികളെ മനസ്സിലാക്കുകയും അവരുടെ വ്യക്തിത്വത്തെ ആദരിക്കുകയും ചെയ്തു. പ്രകൃതിയോടിണങ്ങിയ വിദ്യാഭ്യാസം കുട്ടികൾക്കു നൽകി. പഴയ റെയിൽവേ ബോഗികളായിരുന്നു ക്ലാസ്സു മുറികൾ. കടുത്ത ബോംബിങ്ങിൽ ടോമോ കത്തിയെരിയുമ്പോഴും പ്രത്യാശ കൈവിടാത്ത കൊബായാഷി മാസ്റ്ററെയാണ് നോവലിൻ്റെ അവസാനം കണ്ടെത്താനാവുക. ഹൃദയസ്പർശിയായ അനുഭവങ്ങൾ നിറഞ്ഞ ടോട്ടോച്ചാൻ്റെ വായന കേരളത്തിൻ്റെ വിദ്യാഭ്യാസമേഖലയിൽ വലിയ പരിവർത്തനമാണ് സൃഷ്ടിച്ചത്. അതിനു കാരണമായത് ഒരു വിവർത്തനമാണെന്നു പറയുമ്പോൾ, ഇന്ന് മലയാളത്തിലെ വിവർത്തനശാഖ കരുത്തുറ്റതും വായനക്കാരുടെ ആകർഷണം മുറ്റി നിൽക്കുന്നതുമായ ഒന്നാണ്. ഈ കാലഘട്ടത്തിൽ വിവർത്തനങ്ങളെ രണ്ടാംകിട സാഹിത്യമായി ആരും എഴുതിത്തള്ളുന്നില്ല. പ്രസാധകരും കഴിവുറ്റ വിവർത്തകന്മാർക്ക് ഉചിതമായ പ്രതിഫലം നൽകി പ്രോത്സാഹിപ്പിച്ചു വരുന്നത് ശുഭകരമായ കാര്യമാണ്.‘വിവർത്തകർ വഞ്ചകരാണെന്ന’ ഒരു ഇറ്റാലിയൻ പഴഞ്ചൊല്ലുണ്ട്. മൂലകൃതിയോട് വിശ്വാസ്യത പുലർത്താത്ത വിവർത്തകരെ അപലപിക്കുകയാണ് ചെയ്യുന്നത്. ഈ പഴഞ്ചൊല്ലിൽ വിശ്വാസ്യത വെച്ചു പുലർത്തുന്ന ആൾക്കാർ എന്നുമുണ്ട്. വിവർത്തകരെ സംബന്ധിക്കുന്ന ഇത്തരം യാഥാസ്ഥിതിക സമീപനങ്ങളെ പൊളിച്ചെഴുതേണ്ട ഉത്തരവാദിത്വം കൂടി വിവർത്തകർക്കുണ്ട്. മൂലഗ്രന്ഥത്തിലെ പ്രതിപാദ്യത്തിന് ഒരിക്കലും ശോഷണം സംഭവിക്കാൻ പാടില്ല. ലക്ഷ്യഭാഷയുടെ തനിമയ്ക്കു ചേരുംവിധമാകണം തർജമ. ഒരു നോവൽ വിവർത്തകൻ സംസ്കാരവിനിമയമെന്ന കർത്തവ്യം കൂടിയാണ് നിർവഹിക്കുന്നത്. വിവർത്തകരെക്കുറിച്ച് വൈലോപ്പിളളി ശ്രീധരമേനോൻ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ പ്രധാനമാണ്. വിവർത്തകന് മൂലഗ്രന്ഥകാരൻ്റെ ഭാവപ്രതിഭയോടു സംവദിക്കത്തക്ക ഭാവനയും രചനാപ്രതിഭയോടു തോളൊത്തു പോകത്തക്കവണ്ണം സ്വഭാഷയിൽ സരസ്വതീ വിലാസവും വേണമെന്ന് വൈലോപ്പിള്ളി നിരീക്ഷിച്ചിട്ടുണ്ട്. വിവർത്തകന് കേവല ഭാഷാജ്ഞാനം മാത്രം പോരാ. മികച്ച നോവലുകൾ രൂപപ്പെടുന്നത് അഗാധമായ ജീവിതദർശനത്തിൽ നിന്നും സാമൂഹികാവബോധത്തിൽ നിന്നുമാണ്. സൂക്ഷ്മമായ മാനസികാപഗ്രഥന പാടവവും തീവ്രമായ ഭാവസംവേദനക്ഷമതയും അമിതമായ ഭാഷാസ്വാധീനവുമുള്ള സാഹിത്യകാരന്മാരുടെ സാധനയിൽ നിന്നാണ് ഉൽകൃഷ്ടങ്ങളായ നോവലുകൾ ഉണ്ടായിട്ടുള്ളതെന്ന് വിവർത്തകനും എഴുത്തുകാരനുമായ പി.മാധവൻപിള്ള അഭിപ്രായപ്പെടുന്നു. മൂലകൃതിയുടെ ഹൃദയം തൊട്ടറിയാൻ വിവർത്തകന് സാധിക്കണം. ‘മൂലകൃതിയിലെ ഭാവങ്ങളും ഭാവനകളും ആശയങ്ങളും ചിന്തകളും മറ്റും സൂക്ഷ്മമായ്യം സുന്ദരമായും ലക്ഷ്യഭാഷയിൽ ആവിഷ്കരിക്കാനുള്ള സർഗ്ഗാത്മകതയും സരസ്വതീപ്രസാദവും അയാൾക്കുണ്ടായിരിക്കണമെന്നും’ അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
സത്യസന്ധവും നീതിപൂർവകവുമായ വിവർത്തനം സാദ്ധ്യമാകണമെങ്കിൽ സ്രോതകൃതി പ്രതിപാദിക്കുന്ന ദേശത്തെയും സംസ്കാരത്തെയും അടുത്തറിയണം. ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ഉത്സവങ്ങൾ, വിശ്വാസങ്ങൾ മുതലായവയെക്കുറിച്ച് സാമാന്യം നല്ല ബോദ്ധ്യം ആവശ്യമാണ്. മൂലകൃതിയിലെ ശൈലികൾ, കടങ്കഥകൾ, പഴഞ്ചൊല്ലുകൾ മുതലായവയെ തർജമ ചെയ്യാനുള്ള ബുദ്ധിമുട്ട് വിവർത്തകർക്കുണ്ടാകാറുണ്ട്.
![]() |
| Tetsuko Kuroyanagi |
ഇവിടെ ജാപ്പാനീസ് ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് പകരുകയും ചെയ്തു ലഭ്യമായ ‘ടോട്ടോച്ചാൻ’ എന്ന കൃതിയിലെ ചെറിയൊരു ഭാഗമാണ് താരതമ്യത്തിനായി നല്കിയിട്ടുള്ളത്. ലക്ഷ്യഭാഷയോടു നീതിപുലർത്തുന്ന വിവർത്തനമാണിത്. ‘The Railroad Station’ എന്നത് ഒരു ചെറുഅദ്ധ്യായമാണ്. വിവർത്തനം ചെയ്തത് അൻവർ അലിയാണ്. ‘റെയിൽവേ സ്റ്റേഷൻ’ എന്നതാണ് വിവർത്തകൻ നൽകിയ ശീർഷകം. സംക്ഷിപ്തതയും അർത്ഥഭംഗിയും ശീർഷകത്തിന് കൈവന്നിട്ടുണ്ട്. ടോട്ടോച്ചാൻ വിവർത്തനത്തിൻ്റെ ഔചിത്യഭംഗി എടുത്തു പറയേണ്ടതാണ്.
“They got off the Oimachi train at Jiyugaoka station, and Mother took Totto -chan by the hand to lead her through the ticket gate. She had hardly everbeen on a train before and was reluctant to give up the precious ticket she was clutching.
“May I keep it” Totto-chan asked the ticket collector.”
വിവർത്തനം:
'ഓയ്മാചി ട്രെയിൻ ജിയുഗോകാ സ്റ്റേഷനിൽ വന്നു നിന്നു. ടോട്ടോചാൻ അമ്മയുടെ വിരലിൽ തൂങ്ങി ഗേറ്റിലൂടെ പുറത്തു കടന്നു. ആദ്യമായാണ് അവൾ തീവണ്ടിയിൽ യാത്രചെയ്യുന്നത്. ഒരമൂല്യവസ്തുപോലെ കൈയിൽ മുറുക്കിപ്പിടിച്ചിരുന്ന ടിക്കറ്റ് ഉപേക്ഷിക്കാനുള്ള വൈമനസ്യത്തോടെ അവൾ ഗേറ്റിൽ നിന്ന ടിക്കറ്റ് കളക്ടറോടു ചോദിച്ചു:
"ഏയ്, ഇദ് ഞാനെടുത്തോട്ടെ?”
അൻവർ അലിയുടെ വിവർത്തന സമീപനം ഇവിടെ വ്യക്തമാണ്. ഒരു കുട്ടിയുടെ അനുഭവങ്ങളും കാഴ്ച്ചകളുമാണ് കൃതിയുടെ ഉള്ളടക്കം എന്നത് പരിഭാഷകൻ പരിഗണിച്ചിട്ടുണ്ട്. ലളിതമായ വിവർത്തനം. സരസമായ പ്രതിപാദ്യം. സംഭാഷണത്തിൽ പോലും കുട്ടിത്തം കൊണ്ടുവരാൻ അൻവർ അലി ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സ്ഥലനാമങ്ങളുടെ ഇംഗ്ലീഷുച്ചാരണം അതേ പോലെ മലയാളീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ‘ഇദ്’ എന്ന പ്രയോഗം കുട്ടിത്തമുള്ള ഭാഷാപ്രയോഗം എന്ന രീതിയിൽ മാത്രമല്ല, സംഭാഷണത്തിൽ മാനകീകരണം വേണ്ടെന്ന പരിഭാഷകൻ്റെ നിർബന്ധവുമാകാം. ഈ വിധത്തിൽ നിരവധി ഉദാഹരണങ്ങൾ വിവർത്തനത്തിൽ നിന്നും കണ്ടെത്താവുന്നതാണ്. അത് നോവൽ പരിഭാഷയ്ക്ക് മാറ്റു കൂട്ടുകയാണ് ചെയ്തിട്ടുള്ളത്.
“ഞാനേയ്, ഒരു ടിക്കറ്റ് വിൽപ്പനക്കാരിയാവാൻ പോവ്വാ !’’
“അത്രേള്ളോ. ഞാൻ കരുതി നീ ചാരപ്പണിക്ക് പോവ്വാന്ന്.” മുതലായ സംഭാഷണഭാഗങ്ങളിൽ, സ്വാഭാവികത കൊണ്ടുവരുന്നതിനും കഥാപാത്രങ്ങൾ തമ്മിലുള്ള ഹൃദയബന്ധം ആവിഷ്കരിക്കുന്നതിനും ഒക്കെ സമർത്ഥമാണ് ഇതിൽ വരുത്തിയ സംഭാഷണവ്യതിയാനങ്ങൾ. ഇത് വായനക്കാരൻ്റെ പാരായണ താൽപ്പര്യം വർദ്ധിപ്പിക്കുന്നു. മൂലകഥയെ ലളിത സുന്ദരമായി അവതരിപ്പിക്കുന്ന ഈ വിവർത്തനം മാതൃകാപരമാണ്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ