വിവർത്തന നിർവചനങ്ങൾ
വിവർത്തനനിർവചനങ്ങൾ
ഒന്നാം അദ്ധ്യായത്തിൽ വിവർത്തനത്തിന് ശാസ്ത്രീയമെന്നു പറയാവുന്ന ഒരു നിർവചനം നല്കിക്കഴിഞ്ഞു. പക്ഷേ, അതുകൊണ്ടു മാത്രം വിവർത്തനത്തിൻ്റെ നാനാതരം വിവക്ഷകളിലേക്ക് നമുക്ക് കടക്കാനാകില്ല. വിവർത്തനം എന്നത് കലയുമാണ്, ശാസ്ത്രവുമാണ്. അതിൽ സർഗ്ഗാത്മകതയും വൈജ്ഞാനികതയും ശാസ്ത്രീയതയും അടങ്ങിയിരിക്കുന്നു. അതിനാൽ വിവർത്തനത്തെ സർഗ്ഗാത്മകമായി സമീപിക്കുന്ന നിർവചനങ്ങളും വ്യാഖ്യാനങ്ങളും നിരവധി പേർ നല്കിയിട്ടുണ്ട്. അതിനെ ശാസ്ത്രമായി സമീപിക്കുന്ന വ്യാഖ്യാനങ്ങളും നിരീക്ഷണങ്ങളും നിർവചനങ്ങളും അതുപോലെ സുലഭമാണ്. ചില പ്രമുഖ നിരീക്ഷണങ്ങൾ/നിർവചനങ്ങൾ മാത്രമാണ് ഇവിടെ അപഗ്രഥിക്കുന്നത്.
വാക്കുകളെയോ പാഠത്തേയോ ഒരു ഭാഷയിൽ നിന്നും മറ്റൊരു ഭാഷയിലേക്കു മാറ്റുന്ന പ്രവർത്തനമാണ് വിവർത്തനം എന്ന് നിഘണ്ടുകാരന്മാർ നിർവചിച്ചിരിക്കുന്നു. ഓക്സ്ഫോഡ് നിഘണ്ടു വിവർത്തനമെന്നത് ഇപ്രകാരം നിർവചിച്ചിരിക്കുന്നു: “വാമൊഴിയായോ വരമൊഴിയായോ ലഭ്യമായ പാoത്തെ ഒരു ഭാഷയിൽ നിന്നും മറ്റൊരു ഭാഷയിലേക്കു മാറ്റുന്ന പ്രവർത്തനമാണ് വിവർത്തനം. അതിൽ ഒരു പ്രക്രിയയും അതുവഴി ഒരു ഉൽപ്പന്നവും നമുക്ക് ലഭ്യമാകുന്നുവെന്നതാണ് നേട്ടം.
Translatum എന്ന ലാറ്റിൻ വാക്കാണ് Translation എന്ന വാക്കിൻ്റെ പ്രഭവ കേന്ദ്രം. Trans(across , മറുകര), Latum (to bear വഹിക്കുക ) എന്നീ വാക്കുകൾ ചേർന്നാണ് Translatum രൂപം കൊണ്ടത്. മറുകരയിലേക്കു വഹിക്കാൻ പ്രാപ്തിയുള്ള പ്രവൃത്തിയാണ്, ഒരു ഭാഷയിലെ ആശയത്തിൽ നിന്നും മറ്റൊരു ഭാഷയിലെ ആശയത്തിലേക്കു കൊണ്ടുപോകുന്ന പ്രവർത്തനമാണ് വിവർത്തനമെന്ന് ഇതിൽ നിന്നും സിദ്ധിക്കുന്നു.
നിരവധി പണ്ഡിതന്മാർ വിവർത്തനമെന്തെന്ന് നിർവചിച്ചിട്ടുണ്ട്. അതിൽ, സാമുവൽ ജോൺസൻ നിർവചിക്കുന്നത് ഇപ്രകാരമാണ്: “അർത്ഥം മുൻനിർത്തിക്കൊണ്ട് മറ്റൊരു ഭാഷയിലേക്കു മാറ്റുന്നതാണ് വിവർത്തനം.”
സ്കോട്ട്ലൻ്റുകാരനായ ഭാഷാശാസ്ത്രജ്ഞൻ ജെ.സി.കാറ്റ്ഫോഡ് സാഹിത്യത്തിനും ശാസ്ത്ര താനും ഒരുപോലെ യോജിച്ച നിർവചനമാണ് അവതരിപ്പിച്ചത്. “ഒരു ഭാഷയിലെ പാഠ്യവസ്തുവിനെ (S.L) മറ്റൊരു ഭാഷയിലുള്ള (TL) തത്തുല്യമായ പാഠ്യവസ്തു കൊണ്ട് ആദേശം ചെയ്യുകയെന്നതാണ്- പകരം വെക്കുകയെന്നതാണ് വിവർത്തനം”(വിവർത്തനവിചാരം, ഡോ.എൻ.ഇ.വിശ്വനാഥയ്യർ)
ജെ.സി.കാറ്റ്ഫോഡ് നിർദ്ദേശിച്ചതുപോലെ സമതുല്യതയാർന്ന ആശയങ്ങളുടെ പകരം വെക്കൽ സാഹിത്യത്തിൽ പലപ്പോഴും അസാദ്ധ്യമാണ്.
അമേരിക്കൻ ഭാഷാശാസ്ത്രജ്ഞനായ Eugene A Nida യുജിൻ എ. നിഡ വിവർത്തനത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നു. “
പല പ്രമുഖരും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. ആർസ് പോയറ്റിക്ക എന്ന വിഖ്യാതകൃതിയുടെ രചയിതാവായ ഹോരസ്, പദാനുപദ തർജമയേക്കാൾ സ്വതന്ത്ര തർജമയാണ് വേണ്ടത് എന്ന പക്ഷക്കാരനാണ്. മൂലഗ്രന്ഥകാരനെ അതിശയിക്കുകയല്ല വിവർത്തകൻ്റെ ജോലി എന്ന് സാമുവൽ ജോൺസൺ വ്യക്തമാക്കുന്നു. പുനർവിവർത്തനം ചെയ്യുമ്പോൾ മൂലപാഠം തിരികെ ലഭ്യമാകുന്ന തരത്തിലുള്ളതാണ് ഉത്തമ വിവർത്തനമെന്ന് ഒരു പണ്ഡിതൻ പറയുന്നു. മൂലകൃതിയോട് ലക്ഷ്യകൃതിക്ക് സാമ്യം വേണമെന്നു പറയുന്നവരും, അതാവശ്യമില്ല എന്നു പറയുന്നവരുമുണ്ട്.
ആസ്വാദനാർത്ഥം, സന്തോഷമുണ്ടാകാൻ വായിക്കാനുതകുന്നതാകണം വിവർത്തനമെന്ന് ഒരു വിചക്ഷണൻ പറയുന്നു. വിവർത്തനത്തിന് വഴങ്ങാത്തതിനെ വിവർത്തനം ചെയ്യാൻ മുതിരരുതെന്ന് എഴുത്തുകാരനായ ഹിലായർ ബെല്ലോക്ക് ഉപദേശിക്കുന്നു. കവിത വിവർത്തനക്ഷമമല്ലെന്ന് സാമുവൽ ജോൺസൻ നിലപാടെടുത്തു. സാഹിത്യകൃതിയുടെ വിവർത്തനം അരോചകമാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതനുണ്ട്. വിക്ടർ ഹ്യൂഗോ പദ്യവിവർത്തനം അസംബന്ധവും അസംഭാവ്യവുമാണെന്ന് പ്രസ്താവിച്ചു. ലോകത്തിൻ്റെ സമഗ്ര നേട്ടങ്ങളിൽ പ്രധാനമാണ് വിവർത്തനമെന്ന് ജർമൻ സാഹിത്യകാരനായ ഗോയ്ഥെ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാലം കഴിയുംതോറും വിവർത്തനത്തിന് കൂടുതൽ നിർവചനങ്ങൾ രൂപപ്പെടുന്നതു കാണാം. വിവർത്തസംബന്ധിയായ നിരീക്ഷണങ്ങളും വൈവിദ്ധ്യമാർന്ന പ്രസ്താവങ്ങളും അതിൽ ഉയർന്നു വരുന്നു. സുഗ്രാഹ്യത, വിശ്വാസ്യത, തത്തുല്യത, സൗന്ദര്യാത്മകത, സംക്ഷിപ്തത, സൂക്ഷ്മത മുതലായ ഘടകങ്ങൾ വിവർത്തനത്തിലുണ്ടാകുന്നത് നല്ലതാണ്. ദുരൂഹത, അവിശ്വാസം, സൗന്ദര്യശൂന്യത മുതലായ ദോഷങ്ങൾ വർജ്ജിക്കുകയും വേണം. അടുത്ത അദ്ധ്യായത്തിൽ വിവർത്തനത്തിൻ്റെ ചരിത്രം അവലോകനം ചെയ്യാം.
"
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ