ആധുനിക കേരളം ആരുടെ ഭാവനയാണ്? : പ്രദീപൻ പാമ്പിരികുന്ന് (മുഖ്യാശയം)
[കാലിക്കറ്റ് സർവകലാശാല - വിനിമയ മലയാളവും സർഗ്ഗാത്മക രചനയും - ബി എ മലയാളം സെമസ്റ്റർ 2 ]
സംഗ്രഹം
‘ആധുനികകേരളം ആരുടെ ഭാവനയാണ്’ എന്ന പ്രദീപൻപാമ്പിരിക്കുന്നിൻ്റെ ലേഖനം മുഖ്യധാരാ ചരിത്രത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട ദലിത് അടിമ ആദിവാസി സമൂഹങ്ങൾക്കായി ശബ്ദമുയർത്തുന്നു. പൊതുവിൽ നിശ്ചല വിഭാഗങ്ങളായി ആധുനിക സമൂഹം പരിഗണിക്കുന്നവരാണിവർ. എന്നാൽ, അതല്ല യാഥാർത്ഥ്യം. ആധുനിക വ്യവഹാരങ്ങൾ നാരായണഗുരുവിൻ്റെ അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ (1888)യിൽആരംഭിക്കുന്നുവെന്ന കാഴ്ച്ചപ്പാടിനെയും ലേഖകൻ വിമർശിക്കുന്നു. അദ്ദേഹം ഉന്നയിക്കുന്ന പ്രധാനവാദഗതികൾ:
അധ:സ്ഥിതസമൂഹം നടത്തിയ ജാതിപ്രതിരോധ സമരങ്ങൾക്ക് ദീർഘമായ ചരിത്രമുണ്ട്. ദലിത് അടിമ വിഭാഗം നടത്തിയ വിവിധ സമരങ്ങളാണ് സാമൂഹ്യ സമത്വത്തെക്കുറിച്ചുള്ള ചിന്തകൾ അവതരിപ്പിച്ചത്. വഴി നടക്കാനും വിദ്യ നേടാനും സ്വതന്ത്രമായി ചിന്തിക്കാനുമുള്ള സാഹചര്യം അവർ സൃഷ്ടിച്ചു. ആധുനിക വ്യവഹാരങ്ങൾ രൂപപ്പെടുത്തിയതിൽ മതപരിവർത്തനം നടത്തിയ ദലിതർക്ക് മുഖ്യപങ്കുണ്ട്.
ക്ഷേത്ര പ്രവേശന വിളംബരത്തിന് ഇത്തരം ചിന്തകളും സമ്മർദ്ദങ്ങളുമാണ് യഥാർത്ഥത്തിൽ കാരണമായത്. മതപരിവർത്തനം ഒരു സാമൂഹ്യപ്രവർത്തനമായി കേരളത്തിൽ പ്രതിഫലിച്ചു. ആധുനികകേരള സൃഷ്ടിയിൽ മിഷണറിമാരുടെ ആധുനികതയ്ക്കും അടിമജാതി വ്യവഹാരങ്ങൾക്കും വലിയ പങ്കുണ്ടെന്ന് ലേഖകൻ സമർത്ഥിക്കുന്നു. മതപരിഷ്കരണം എന്ന ആശയം അവതരിപ്പിച്ചു; സാമൂഹ്യ പരിവർത്തനത്തിനുള്ള സമരോപാധികൾ ആവിഷ്കരിച്ചു; സാർവത്രിക വിദ്യാഭ്യാസം എന്ന ആധുനിക സങ്കൽപ്പത്തിലേക്ക് കേരളത്തെ നയിച്ചു; ജനാധിപത്യത്തെക്കുറിച്ചുള്ള അവബോധം രൂപപ്പെടുത്തി; ജാതിരഹിത പൊതു സമൂഹം എന്ന ആശയം മുന്നോട്ടു വെച്ചു; അദ്ധ്വാനത്തെ സംബന്ധിക്കുന്ന നൂതനാവബോധം അവതരിപ്പിച്ചു; മതേതരത്വത്തിൻ്റെ വക്താക്കളായി ദലിത് വിഭാഗം മാതൃകയായി എന്നിങ്ങനെ ദലിത് അടിമ ആദിവാസി ജനത നടത്തിയ മുന്നേറ്റങ്ങൾ ആധുനികതയുടെ വ്യവഹാരങ്ങൾക്ക് യഥാർത്ഥ അവകാശികളാക്കി അവരെ മാറ്റുന്നുവെന്ന കാഴ്ച്ചപ്പാടാണ് ഈ ലേഖനത്തിൻ്റെ ജീവനാകുന്നത്. ആധുനികകേരളം നിർമ്മിതമായത് ദലിതരുടെ ദുരിത ജീവിതത്തിൽ നിന്നുമാണ്.
വിശദാംശങ്ങൾ:ആധുനിക കേരളം ആരുടെ ഭാവനയാണ്?
കേരള രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തിൽ തനതായ ചിന്ത കൊണ്ട് ഇടംപിടിച്ച എഴുത്തുകാരനും ചിന്തകനുമാണ് പ്രദീപൻ പാമ്പിരികുന്ന്. അടിച്ചമർത്തപ്പെട്ട കീഴാളവിഭാഗങ്ങൾക്കായി ശബ്ദമുയർത്താനും അവരുടെ സ്വത്വത്തെ തുറന്നവതരിപ്പിക്കാനും അദ്ദേഹം പ്രയത്നിച്ചു. ദലിത് പഠനം: സ്വത്വം സംസ്കാരം സാഹിത്യം, ദലിത് സൗന്ദര്യശാസ്ത്രം, ഏകജീവിതാനശ്വരഗാനം മുതലായ കൃതികൾ ശ്രദ്ധിക്കപ്പെട്ടു. ആധുനികകേരളം ആരുടെ ഭാവനയാണ് എന്ന ലേഖനത്തിൽ ദലിത് പ്രതിനിധാനങ്ങളെ തമസ്കരിച്ചു കൊണ്ട് (മറച്ചുകൊണ്ട്) ആധുനികകേരളത്തിൻ്റെ വക്താക്കൾ തങ്ങളാണെന്ന സവർണ്ണാധീശവാദത്തെ ചോദ്യം ചെയ്യുകയാണ് പ്രദീപൻ പാമ്പിരിക്കുന്ന്.
കേരളത്തിലെ ആധുനിക വ്യവഹാരമണ്ഡലങ്ങളുടെ യഥാർത്ഥ സ്രഷ്ടാക്കൾ ആരാണ്? സാധാരണഗതിയിൽ ലഭ്യമാകുന്ന ഉത്തരം 1888 ലെ അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠയിലാരംഭിക്കുന്ന നവോത്ഥാന സംരംഭങ്ങൾ എന്നാണ്. എന്നാൽ, കൂടുതൽ അന്വേഷിച്ചാൽ നാരായണഗുരു തുടക്കമല്ല; തുടർച്ചമാത്രമാണ് എന്ന് മനസ്സിലാകും. കേരളചരിത്രം നാരായണ ഗുരുവിൽ സ്തംഭിച്ചു നിന്നതിന് [ അതായത്, അദ്ദേഹത്തിനപ്പുറം വായിക്കാതെ പോയതിന് ] കാരണം, അടിമ-ദലിത് - ആദിവാസി വിഭാഗങ്ങളെ നിശ്ചലവിഭാഗമായി [ മുന്നേറാനാകാത്തവർ - മാറ്റമില്ലാത്തവർ ] ആധുനിക സമൂഹം കണക്കാക്കിയതാണ്. സാമൂഹികമാറ്റങ്ങൾ ഉൾക്കൊള്ളാൻ വിധിക്കപ്പെട്ടവരായി അവരെ ചിത്രീകരിച്ചു. ഒരു സാമൂഹികമുന്നേറ്റത്തിനും നേതൃത്വം നൽകാനാകാത്തവരായി ദലിത് വിഭാഗങ്ങളെ മുദ്രകുത്തി.
1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ കീഴാള - അധ:സ്ഥിത വിഭാഗങ്ങൾക്ക് ക്ഷേത്രപ്രവേശനം സാദ്ധ്യമായി. എന്നാൽ അതിനു കാരണമായത് അധഃസ്ഥിതസമൂഹം നടത്തിയ ജാതിപ്രതിരോധ സമരങ്ങളാണെന്നത് നാം മറക്കുന്നു. അടിമ-ദലിത് - ആദിവാസി സമൂഹങ്ങളുടെ ചെറുത്തുനിൽപ്പുകൾ ചരിത്രം രേഖപ്പെടുത്താൻ മടിച്ചു.
1878 ൽ (അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് 12 വർഷം മുന്നേ) ക്ഷീണിതയും അസുഖ ബാധിതയുമായ പറയസ്ത്രീ വഴിക്കരികിലിരുന്നു വിശ്രമിക്കെ ആ വഴി വന്ന മദ്യപാനിയും ആഭാസനുമായ ശൂദ്രൻ വഴി മാറിയില്ലെന്ന കാരണത്താൽ അവളെ മർദിച്ചു. അവളുടെ മകൻ അവളെ സംരക്ഷിക്കാൻ ശ്രമിക്കെ ശൂദ്രനെയും പ്രഹരിച്ചു. ഈ കേസിൽ വാദം കേട്ട് ജഡ്ജി, ധർമ്മശാസ്ത്രമനുസരിച്ചു ശൂദ്രനെ പ്രഹരിച്ചത് ഗുരുതരകുറ്റമാണെങ്കിലും ആരോപിതൻ [മകൻ] മിഷനു കീഴിലുള്ള മതവിദ്യാർത്ഥിയും വിദ്യാഭ്യാസത്തിൻ്റെയും സംസ്കാരത്തിൻ്റെയും ലഭ്യതയുടെ ഫലമായി സ്വന്തം മൂല്യമറിയുന്നവനും സ്വതന്ത്രമായി ചിന്തിക്കാനും പറയാനും കഴിയുന്നവനുമാണെന്നും ചൂണ്ടിക്കാട്ടി. വ്യക്തിയുടെ അവകാശങ്ങൾക്ക് പ്രാധാന്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
മതപരിവർത്തനത്തിലൂടെയും മറ്റും വിദ്യാഭ്യാസം നേടി സ്വയം ആധുനിക സാമൂഹ്യാവബോധം കരസ്ഥമാക്കിയ ദലിതനെ മേൽപ്പറഞ്ഞ സംഭവത്തിൽ കാണാം. സാമൂഹ്യാടിമത്തത്തെ പ്രതിരോധിക്കാൻ അവനു സാധിക്കുന്നു. സ്വന്തം മൂല്യമറിയാനും സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും അവനാരംഭിച്ചു. സാമൂഹിക സമത്വത്തെ സംബന്ധിച്ച പ്രാഥമിക വ്യവഹാരങ്ങൾ ഉടലെടുക്കുന്നത് അധ:സ്ഥിതരുടെ ഇത്തരം പ്രതിരോധങ്ങളിൽ നിന്നാണ്. സാമൂഹ്യനീതിബോധമാണ് പ്രധാനം എന്ന ആധുനിക വ്യവഹാരം ദലിത് പ്രതിരോധങ്ങളുടെ സൃഷ്ടിയാണ്.
അടിമ-ദലിത് - വിഭാഗം ആത്മാവബോധമുള്ളവരായി [തിരിച്ചറിവുള്ളവരായി] മാറിയത് മിഷനറിമാരുടെ മത പരിവർത്തനം മൂലമാണ്. ഇവിടെ, മതപരിവർത്തനം മുഖേനയുള്ള ആധുനികതയെ അധിനിവേശ ആധുനികതയിൽ നിന്നും വ്യത്യസ്തമായി കാണുകയാണ് പ്രദീപൻ പാമ്പിരികുന്ന്.
യഥാർത്ഥത്തിൽ അടിമ - ദലിത് വിഭാഗങ്ങൾ ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തതിനെ മതപരിവർത്തനമെന്നു വിളിക്കാനാകില്ല. കാരണം, ഹിന്ദുവർണ്ണശാസ്ത്രത്തിനു പുറത്തായിരുന്നു ദലിതർ. ഗോത്രാചാരങ്ങളായിരുന്നു അവർക്കു മുഖ്യം. അതിനാൽ മതപ്രവേശനം എന്നേ പറയാനാകൂ. സാമൂഹിക സമത്വത്തിലേക്കുള്ള പാതയായി അവർ മതപ്രവേശനത്തെ ഉപയോഗിച്ചു. ഒരു നിർബന്ധവുമില്ലാതെ പല മതങ്ങളിലേക്കും ദലിത് വിഭാഗം പ്രവേശിച്ചു. മതം എന്നത് വ്യക്തിപരമായ ഇച്ഛയാണെന്ന ആശയം ആദ്യം കൊണ്ടുവന്നത് ദലിത് - അടിമ ജാതികളാണ്. മിഷനറി ആധുനികയിലൂടെ ആധുനിക വ്യവഹാര മണ്ഡലത്തിലേക്ക് ആദ്യം പ്രവേശിച്ചത് ദലിത് വിഭാഗങ്ങളാണ്. പൊതുസമുദായങ്ങൾ അതിനു ശേഷം മാത്രമാണ് കടന്നുവന്നത്. 1599 ലെ സുനഹദോസ് കാനോനകളിൽ അടിമകളെ ഉപദ്രവിക്കരുതെന്നു പറയുന്നു. അതിനർത്ഥം, ഉപദ്രവങ്ങൾക്കെതിരെ അന്നു മുതലേ പ്രതിഷേധമുണ്ടെന്നാണ്.
ശങ്കരാചാര്യരോട് ആത്മാവിനാണോ ശരീരത്തിനാണോ അയിത്തം എന്നു ചോദിക്കുന്ന ചണ്ഡാളൻ ഒരു യാഥാർത്ഥ്യമാകാനിടയുണ്ട്. ജാതിക്കെതിരേ കലഹിക്കുന്ന നാടോടിപ്പാട്ടുകളുണ്ട്. ഇത്തരം ദലിത് ജാതി വ്യവഹാരങ്ങളിൽ നിന്നാണ് കേരളീയാധുനികത പിറക്കുന്നത്.മിഷണറി ആധുനികതയും അടിമ ജാതി വ്യവഹാരങ്ങളും ചേർന്നു നിർമ്മിച്ച സംവാദമണ്ഡലങ്ങളിൽ നിന്നാണ് ആധുനിക കേരളം സൃഷ്ടിക്കപ്പെട്ടത്. വസ്ത്രത്തെ മുൻനിർത്തിയുള്ള ചാന്നാർ കലാപം ഇതിൻ്റെ തുടർച്ചയാണ്. മതത്തെ സാമൂഹ്യപരിവർത്തനത്തിനുള്ള സമരോപാധിയാക്കി മാറ്റിയത് അടിമജാതികളാണ്. മതപരിഷ്കരണമെന്ന നവോത്ഥാനാശയം പോലും ദലിതവ്യവഹാരങ്ങളുടെ സൃഷ്ടിയാണെന്ന് പ്രദീപൻ വാദിക്കുന്നു. 1850 ൽ മതം മാറുന്നവർക്ക് സ്വത്തവകാശം നൽകുന്ന നിയമമുണ്ടായി.
സാർവത്രിക വിദ്യാഭ്യാസം എന്ന ആധുനിക സങ്കൽപ്പത്തിലേക്ക് കേരളീയ സമൂഹം കടന്നുവന്നതും ദലിത് - കീഴാള വ്യവഹാരങ്ങളിലൂടെയാണ്. വിദ്യ അഭ്യസിക്കാനുള്ള അധികാരം ഹിന്ദുക്കളിൽ സവർണ്ണർക്കു മാത്രമായിരുന്നു. മതപരിവർത്തനം സാക്ഷരതയും വിദ്യാഭ്യാസവും കീഴാളർക്കു നേടിക്കൊടുത്തു. ആദ്യകാല മിഷണറി നോവലുകളിൽ മിക്കവയും അടിമജാതികളുടെ വിദ്യാഭ്യാസത്തെ പരാമർശിക്കുന്നു.
ബാസൽ മിഷൻ ലഘുലേഖകളിലും കീഴാളർക്ക് പുസ്തകങ്ങളുമായി വന്ന ബന്ധം [പരിമിതമായെങ്കിലും] സൂചിപ്പിക്കുന്നു. ബൈബിൾ വായനകളും പ്രാർത്ഥനകളും പുതിയ രീതിയിലുള്ള ആശയവിനിമയസൂചകങ്ങളായി. എഴുതപ്പെട്ട വാക്കുമായി പുതിയ ബന്ധം സ്ഥാപിക്കാനവർക്കു കഴിഞ്ഞു.
കീഴാള അടിമജാതികൾ സൃഷ്ടിച്ച ജാതിവിരുദ്ധ വ്യവഹാര മണ്ഡലമാണ് സാർവത്രിക വിദ്യാഭ്യാസത്തിൻ്റെ അടിത്തറയെന്ന് പ്രദീപൻ ചൂണിക്കാട്ടുന്നു. 1905 ൽ അയ്യങ്കാളി വിളാകത്ത് സ്ഥാപിച്ച സ്കൂൾ അതിനു മാർഗ്ഗദർശനമേകി. ഹരിജനങ്ങളുടെ സ്കൂൾ പ്രവേശനം സൃഷ്ടിച്ച അസ്വസ്ഥത കാരണം ജീവൻ വെടിയാനിറങ്ങിയ സവർണ്ണരുമുണ്ട്.
1907 ൽ വിദ്യാഭ്യാസാവകാശത്തിനായി കാർഷികപണിമുടക്കു നടത്തിയ അയ്യങ്കാളി സാമൂഹ്യജനാധിപത്യത്തെക്കുറിച്ചുള്ള ഉന്നതമൂല്യങ്ങൾ ഇവിടെ അവതരിപ്പിച്ചു. വഴി നടക്കാനും സ്വതന്ത്രസഞ്ചാരത്തിനുമായി അയ്യങ്കാളി നടത്തിയ സമരങ്ങളും പ്രതിരോധങ്ങളുമാണ് വൈക്കം സത്യാഗ്രഹത്തിലെത്തിച്ചത്. ജാതിവിരുദ്ധവും സാമൂഹിക നീതിയിലധിഷ്ഠിതവുമായിരുന്ന ആധുനികലോക ബോധത്തിൻ്റെ തുടർച്ചയാണ് അയ്യങ്കാളിയിൽ സമരസജ്ജമായതെന്ന് പ്രദീപൻ പാമ്പിരികുന്ന് വ്യക്തമാക്കുന്നു. പൊതുഗതാഗതമെന്ന ആധുനിക സങ്കൽപ്പത്തിലേക്കും ഇതു നയിച്ചു.
കേരളത്തിലെ ജാതിവിരുദ്ധ സമരങ്ങളും വിദ്യാഭ്യാസത്തിനായുള്ള സമരങ്ങളും സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളും ഒരേ ദലിത് ജനതയുടെ സാമൂഹ്യ പ്രതിരോധത്തിൻ്റെ വ്യത്യസ്ത വഴികളായിരുന്നുവെന്ന് പ്രദീപൻ അഭിപ്രായപ്പെടുന്നു. നാരായണഗുരുവിനും ഏറെ ദശകങ്ങൾ മുമ്പേ കേരളത്തിൽ സൃഷ്ടിക്കപ്പെട്ട അധ:സ്ഥിതവ്യവഹാരങ്ങൾ ജാതിരഹിതപൊതു സമൂഹം എന്ന ആശയം ഉയർത്തിക്കൊണ്ടുവന്നിരുന്നു. 1882- ലെ പുല്ലേലിക്കുഞ്ചുവെന്ന നോവൽ, കീഴാള വ്യവഹാരങ്ങൾ മുഖേന സമൂഹം നേടിയ യുക്തിബോധത്തിൻ്റെ സ്വരൂപങ്ങൾ വ്യക്തമാക്കുന്നു. 1892 - ലെഴുതിയ സരസ്വതീ വിജയത്തിൽ ഇംഗ്ലീഷുവിദ്യാഭ്യാസത്തിലൂടെ ജഡ്ജിയായ മരത്തനെന്ന പുലയയുവാവിനെ കാണാം.
സാധുജനപരിപാലന സംഘം ’സാധുജനപരിപാലിനി‘ എന്ന പേരിൽ 1913 ൽ ഒരു മാസിക പ്രസിദ്ധീകരിച്ചു. പുലയ സമുദായത്തിൻ്റെ അവശതകൾ ഇതിൽ ചർച്ച ചെയ്യപ്പെട്ടു. ദലിത് ജാതികളിൽ നിന്നാണ് കേരളീയതയുടെ മുഖ്യധാരയെ പരിഷ്കരിച്ച ആധുനിക വ്യവഹാരങ്ങൾ ഉടലെടുത്തത്. മറ്റെല്ലാരും പരിഷ്കരിക്കപ്പെട്ട ശേഷം പരിഷ്കരിക്കപ്പെട്ടവരല്ല ദലിതർ.
അദ്ധ്വാനത്തെ സംബന്ധിച്ചും ദലിതർ പുതിയ അവബോധം അവതരിപ്പിച്ചു. ഘാതകവധം [ഇംഗ്ലീഷ് -1859, മലയാളം - 1877] എന്ന മിസിസ് റിച്ചാർഡ് കോളിൻസിൻ്റെ നോവലിൽ ആറു ദിവസം ജോലി ചെയ്ത് , ഞായറാഴ്ച വിട്ടു നിൽക്കാൻ വേണ്ടി മതപരിവർത്തനം ചെയ്തു വന്ന ദലിതർ അഭ്യർത്ഥിക്കുന്നതു കാണാം. അദ്ധ്വാനത്തെ തൊഴിലാളികളെ മുൻനിർത്തി ആധുനികമായി നിർവചിക്കാൻ ദലിത് ജാതികൾക്കു കഴിഞ്ഞു. ഇതിന് ഉദാഹരണമായി ഘാതകവധത്തിലെ സംഭവങ്ങൾ പരാമർശിക്കുന്നു. രക്തസാക്ഷിത്വവും സഹനവും നിരവധിയാണ്. 1912 ൽ അയ്യങ്കാളി കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യം അവതരിപ്പിക്കുന്നുണ്ട്. വെറുതെ നിശ്ചലരായിരുന്നവരല്ല മത പരിവർത്തനം ചെയ്ത ദലിത് ജാതികൾ. അവർ നിരന്തരം അനീതിക്കെതിരെ സമരമുഖത്തുണ്ടായിരുന്നു. മരിക്കാനവർക്കു ഭയമുണ്ടായിരുന്നില്ല. സമത്വത്തിനും നീതിക്കും വേണ്ടി നൂറ്റാണ്ടുകൾ കാത്തിരുന്നവരാണവർ. ഇന്ത്യൻ അടിമത്തത്തേക്കാൾ ഭേദമായിരുന്നു കൊളോണിയൽ ജീവിതമെന്നതിനാൽ അവർ കൊളോണിയൽ ആധുനികതയ്ക്ക് എതിരു നിന്നില്ല. മനുഷ്യത്വത്തെയാണ് അവർ മുറുകെപ്പിടിച്ചത്. ഞങ്ങൾ മനുഷ്യരാണേ എന്നാണ് ഘാതകവധത്തിലെ പൗലോസും പുലയരും പറയുന്നത്.
ആധുനികതയുടെ ഒരു പ്രധാന അടിത്തറ മതേതരത്വമാണ്. ജീവിതം കൊണ്ടത് അനുഭവിച്ചവർ ദലിത് ജാതികളാണ്.
മതംമാറ്റങ്ങളുടെ ദീർഘചരിത്രം അവർക്കുണ്ട്. മതം എന്ന അധികാരരൂപത്തെ എതിർത്തവരുമാണവർ. ജനാധിപത്യത്തിലേക്ക് വളരെ വേഗത്തിലെത്തിയ ജനതയും ദലിതരാണ്. എല്ലാ ജാതികളിൽ നിന്നും മതപരിവർത്തനം ചെയ്തവർ. സഹവർത്തിത്വവും സഹിഷ്ണുതയും നന്നായറിയുന്നവർ. അതിനാൽ ജനാധിപത്യത്തിൻ്റെ ഉറപ്പുള്ള അടിത്തറയായി മാറിയത് ദലിതരാണ്. അത് പങ്കാളിത്തത്തിലധിഷ്ഠിതവും സർവാധിപത്യത്തിനെതിരുമായിരുന്നു. മതപരിവർത്തനം യഥാർത്ഥത്തിൽ ജാതിവിരുദ്ധ പ്രവർത്തനം കൂടിയായിരുന്നു.
സ്വന്തം സാമുദായിക ജീവിതത്തിൽ നിന്ന് ദലിതർ സൃഷ്ടിച്ച സാമൂഹ്യവ്യവഹാരങ്ങളാണ് കേരളത്തെ മലയാളികളുടെ മാതൃഭൂമിയാക്കിയതെന്ന് സനൽ മോഹൻ വീക്ഷിക്കുന്നു. ഈ വീക്ഷണത്തെ സമർത്ഥിച്ചു കൊണ്ട് പ്രദീപൻ പാമ്പിരികുന്ന് ഇപ്രകാരം അഭിപ്രായപ്പെടുന്നു:
‘യഥാർത്ഥത്തിൽ പാർശ്വങ്ങളിൽ നിന്നുള്ള വ്യവഹാരങ്ങളാണ് കേരളത്തെ ആധുനികമാക്കിയത്. ആധുനിക കേരളം ശിവലിംഗം മുങ്ങിയെടുത്ത നെയ്യാറിൽ നിന്നല്ല, ദലിതരുടെ ദുരിത ജീവിതത്തിൻ്റെ കൊയ്ത്തുപാടങ്ങളിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്.’
മുഖ്യധാരാ കേരള ചരിത്ര -സാംസ്കാരിക ചരിത്രങ്ങളെ തിരുത്തുകയാണ് ഈ ലേഖനം മുഖേന പ്രദീപൻ പാമ്പിരികുന്ന് ചെയ്യുന്നത്. നാരായണഗുരുവിൻ്റെ അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠയിൽ നിന്നല്ല, അതിനൊക്കെ ഏറെ ദശകങ്ങൾ മുമ്പു തന്നെ ദലിതർ തങ്ങളുടെ അവബോധം രൂപപ്പെടുത്താൻ തുടങ്ങിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അടിമ - ദലിത് ജാതികളുടെ രൂപാന്തരണ ത്വരയാണ് ആധുനികകേരളത്തിൻ്റെ സൃഷ്ടിക്കു കാരണമായതെന്ന് ഈ ലേഖനം വാദിക്കുന്നു. ഈ നൂതന പരിപ്രേക്ഷ്യം കേരള ചരിത്ര സംസ്കാര സമീപനങ്ങളെ വ്യത്യസ്ത വായനയിലൂടെ സമീപിക്കാനുള്ള ആർജവം വിദ്യാർത്ഥികൾക്കു പകരും.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ