ലോകവിവർത്തനം: പ്രാരംഭചരിത്രം


ലോകവിവർത്തനം: പ്രാരംഭചരിത്രം

വിവർത്തനമെന്നത് ഒരു ഭാഷയിലെ ആശയങ്ങളെ ഏറ്റക്കുറച്ചിൽ കൂടാതെ മറ്റൊരു ഭാഷയിലേക്കു പകരുന്ന പ്രവർത്തനമാണല്ലോ. രണ്ടു ഭാഷകൾ തമ്മിലുള്ള പാരസ്പര്യം ഈ പ്രക്രിയയിൽ കടന്നുവരുന്നതു കാണാം. വ്യത്യസ്ത പ്രദേശങ്ങളിലുള്ള മനുഷ്യർ എന്നു മുതല്ക്കാണോ പരസ്പര ബന്ധവും സഹകരണവും ആരംഭിച്ചത്, അന്നു മുതല്ക്കേ വിവർത്തനത്തിൻ്റെ സാദ്ധ്യതകളും ആരംഭിച്ചുവെന്നതാണ് വസ്തുത. ഭാഷ മനുഷ്യവർഗ്ഗത്തിൻ്റെ അടിസ്ഥാന സവിശേഷതകളിലൊന്നാണ്. ആശയവിനിമയത്തിലൂടെ മനുഷ്യരെ ഒന്നിപ്പിക്കുന്നതിന് ഭാഷ സഹായിക്കുന്നു. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന കൂട്ടരെ ഏകോപിപ്പിക്കുന്നതിന് വിവർത്തനം സഹായിക്കുകയും ചെയ്യുന്നു. 

വ്യത്യസ്തഭാഷകൾ മനുഷ്യവർഗ്ഗത്തിൽ രൂപപ്പെട്ടതിനെക്കുറിച്ച് ബൈബിളിൽ ഒരു ബാബേൽ ഗോപുരത്തിൻ്റെ കഥപറയുന്നുണ്ടല്ലോ. അതിശയകരമായ ഈ നിർമ്മാണം കണ്ട് ദൈവത്തിനു പോലും വിസ്മയമുണ്ടായെന്നും ഒരേ ഭാഷയാണ് ഈ ഐക്യത്തിനു പ്രധാന ഘടകമായതെന്നും മനസ്സിലാക്കി. ഇങ്ങനെയാണെങ്കിൽ ഇവർക്ക് അസാദ്ധ്യമായി ഒന്നുമുണ്ടാകില്ല. ആകയാൽ, അവരുടെ ഭാഷയെ ദൈവം കുഴപ്പിച്ചു കളഞ്ഞു. ഭിന്ന ഭാഷക്കാരായതോടെ അവരുടെ ഏകോപനം ഇല്ലാതാവുകയും ശിഥിലമാവുകയും ചെയ്തു. ചിന്തിച്ചാൽ, ഭാഷാപരമായ പരിമിതികളെപ്പോലും മറികടക്കാനുള്ള ഉപാധിയാകുന്നു വിവർത്തനം. ഭിന്നിച്ചു നിൽക്കുന്നവരെ ഐക്യപ്പെടുത്താനും പരസ്പര സഹകരണം സാദ്ധ്യമാക്കാനും ഇതുവഴി കഴിയുന്നു.

ഭിന്നഭാഷകൾ സംസാരിക്കുന്ന രണ്ടു ജനവിഭാഗങ്ങൾ തമ്മിലുള്ള സമ്പർക്കത്തിന് വിവർത്തനം അനിവാര്യമായ ഘടകമാകുന്നു. ഒന്നിലേറെ ഭാഷാമേഖലകൾ ഒന്നിക്കുന്ന അതിർത്തിദേശങ്ങളിൽ കഴിയുന്നവർക്ക് എളുപ്പത്തിൽ പല ഭാഷകൾ സ്വായത്തമാകുന്നുവെങ്കിലും മറ്റുള്ളവർക്ക് അതു വേഗം സാധ്യമല്ല. ഒരു പക്ഷേ, ദ്വിഭാഷാ പ്രദേശങ്ങളിലോ ബഹുഭാഷാ പ്രദേശങ്ങളിലോ വസിച്ചിരുന്നവരാകണം ആദ്യത്തെ വിവർത്തകന്മാർ. കച്ചവടം, അധിനിവേശം, മതപരമായ ആവശ്യങ്ങൾ എന്നിവ വർദ്ധിച്ചതോടെ വ്യത്യസ്ത ഭാഷകൾ അറിയേണ്ടതും മനസ്സിലാക്കേണ്ടതുമായ സാഹചര്യം വർദ്ധിച്ചു. യുദ്ധവും സാമ്രാജ്യവിപുലനവും രാജാക്കന്മാരുടെ നയമായതോടെ, തങ്ങളുടെ രാജ്യത്തിനുള്ളിൽ ഭരണനേട്ടങ്ങളും വിജ്ഞാപനങ്ങളും സന്ദേശങ്ങളും അറിയിക്കാൻ ഭിന്നഭാഷകൾ ഉപയോഗപ്പെടുത്തിത്തുടങ്ങി. മൂവായിരം കൊല്ലം മുന്നേ

അസീറിയ ഭരിച്ചിരുന്ന സാർഗോൺ ചക്രവർത്തി തൻ്റെ സാഹസങ്ങൾ അസീറിയൻ ഭാഷയിലുള്ള ശാസനങ്ങളിലൂടെ വിളംബരം ചെയ്തു. തൻ്റെ സാമ്രാജ്യത്തിലെ പ്രസ്തുത ഭാഷ അറിയാത്തവർക്കായി അവ വിവർത്തനവും ചെയ്തത്രെ. BC 2100 ൽ ബാബിലോൺ ഭരിച്ചിരുന്ന ഹമ്മുറാബിയുടെ ശാസനങ്ങളും വിവിധ ഭാഷകളിൽ വിവർത്തനം ചെയ്തത്രെ. എങ്കിലും ക്രിസ്തുവിനു രണ്ടു നൂറ്റാണ്ടു മുമ്പേ തയ്യാറാക്കപ്പെട്ട റോസെറ്റാ ശിലാശാസനമാണ് നിലവിൽ ഏറ്റവും പഴക്കമുള്ള വിവർത്തനമാതൃകയായി പരിഗണിക്കുന്നത്. ഈജിപ്ഷ്യൻ ലിപികളിലും ഗ്രീക്കു ലിപിയിലും ഒരേ വിഷയം തന്നെ ഇവയിൽ എഴുതിയിരിക്കുന്നു.

ബൈബിൾ എന്ന മതഗ്രന്ഥമാണ് വിവർത്തനമേഖലയിൽ വലിയ മാറ്റവും ചലനവും സൃഷ്ടിച്ചത്. ഹീബ്രുഭാഷയിൽ എഴുതപ്പെട്ട പഴയനിയമത്തെ ഗ്രീക്കു ഭാഷയിലേക്ക് വിവർത്തനം ചെയ്യാനുള്ള ശ്രമമുണ്ടായി. ഹീബ്രുമൂലത്തെ വള്ളിപുള്ളി തെറ്റാതെ വിവർത്തനം ചെയ്കയാൽ ഗ്രീക്കുകാർക്ക് അവ ഉൾക്കൊള്ളാൻ സാധിച്ചില്ല. എങ്കിലും വിവർത്തന സംരംഭങ്ങൾ ഉണ്ടായി. പിൽക്കാലത്ത് വൈക്ലിഫ് തയ്യാറാക്കിയ ബൈബിളിൻ്റെ ഇംഗ്ലീഷു വിവർത്തനം (1382) ശ്രദ്ധേയമായി. 

റോമക്കാരും വിവർത്തന മേഖലയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകി. ഗ്രീക്കുഭാഷയിലുള്ള ഗ്രന്ഥങ്ങളെ ലാറ്റിനിലേക്ക് തർജമ ചെയ്യാൻ ശ്രമമുണ്ടായി. ഹോമറിൻ്റെ ഒഡീസ്സി ലാറ്റിനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഗ്രീക്കുകാരുടെ നാടകങ്ങളും പ്ലേറ്റോവിൻ്റെയും മറ്റും കൃതികളും ലാറ്റിനിലേക്ക് പകർന്നു. എഡി 4-ാം നൂറ്റാണ്ടിൽ സെയിൻ്റ് ജെറോം തയ്യാറാക്കിയ ബൈബിളിലെ പുതിയ നിയമത്തിൻ്റെ വിവർത്തനം ആശയത്തിൽ ഊന്നിയതായിരുന്നു. ശാസ്ത്രീയവിവർത്തനത്തിൻ്റെ സ്ഥാപകനെന്ന വിശേഷണത്തിന് ഈ പരിഭാഷ അദ്ദേഹത്തെ അർഹനാക്കി. 

അറബികൾ വിജ്ഞാനത്തെ പരിപോഷിപ്പിക്കാൻ ഉതകും വിധം തർജമയിൽ ആകൃഷ്ടരായി. സംസ്കൃതത്തിൽ നിന്ന് വിശേഷപ്പെട്ട പല കൃതികളും അറബിഭാഷയിലേക്കു തർജമ ചെയ്തു. സുശ്രുത സംഹിത, ചരകസംഹിത എന്നിവയൊക്കെ അതിൽ പെടുന്നു. പഞ്ചതന്ത്രവും അറബിയിലെത്തി; ‘കലീല ദമന’ എന്ന പേരിൽ.പ്ലേറ്റോ, അരിസ്റ്റോട്ടിൽ മുതലായ ഗ്രീക്ക് ആചാര്യന്മാരുടെ കൃതികളും അറബിയിലെത്തി. AD 830 ൽ ഖലീഫ അൽ മാമൂൻ ബാഗ്ദാദിൽ വിവർത്തനത്തിനായി ഒരു പണ്ഡിതസംഘത്തെ നിയമിച്ചത്രെ. ഒമ്പതും പത്തും നൂറ്റാണ്ടുകളിൽ നിരവധി ഗ്രീക്കു ക്ലാസ്സിക്ക് കൃതികൾ അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. 

മാർട്ടിൻ ലൂതർ വിവർത്തന സംരംഭങ്ങൾക്ക് പുതിയ ദിശാബോധം പകർന്നു. ലാറ്റിനിൽ നിന്നും ജർമനിലേക്ക് അദ്ദേഹം ബൈബിൾ വിവർത്തനം ചെയ്തു. ഇന്ത്യയിലെ ക്ലാസ്സിക് ഭാഷയായ സംസ്കൃതത്തിൽ വിവർത്തനങ്ങൾ കുറവാണെങ്കിലും മറ്റു ഭാഷകളിലേക്ക് സംസ്കൃതകൃതികൾ സുലഭമായി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷുഭാഷയും സാഹിത്യവും പെരുമയാർജ്ജിക്കാനുള്ള പ്രധാനകാരണം വിവർത്തനത്തോടു കാണിച്ച ഉദാരമായ മനോഭാവം തന്നെ. വിവർത്തനങ്ങളിലൂടെ ആ ഭാഷ വളരുകയും സാഹിത്യം വിശ്രുതമാവുകയും ചെയ്തു. കോളനിവാഴ്ച വിവിധ സംസ്കാരങ്ങളുമായും ദേശങ്ങളുമായുമുള്ള ബന്ധം സ്ഥാപിതമാക്കി. അതതു ഭാഷകളുമായി ബന്ധപ്പെട്ട വിഭവങ്ങളെ സ്വായത്തമാക്കാൻ ഇംഗ്ലീഷുകാർക്ക് പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു. ഇംഗ്ലീഷുകാരുടെ ശ്രമഫലമായാണ് ലോകത്തുള്ള എല്ലാ ഭാഷകളിലെയും മികച്ച ഗ്രന്ഥങ്ങൾ ഇംഗ്ലീഷിൽ ലഭ്യമായത്.

വിവർത്തനം ഇന്ന് മാനവപുരോഗതിയിൽ നിർണായക ഘടകമായിത്തീർന്നിരിക്കുന്ന സാംസ്കാരികവൃത്തിയാണ്. ഇൻഫർമേഷൻ ടെക്നോളജിയുടെ വികാസത്തോടെ വിവർത്തനത്തിൻ്റെ പ്രാധാന്യം വല്ലാതെ വർദ്ധിച്ചു. സാങ്കേതികവിദ്യകളുടെ പ്രചാരത്തോടെയും മൊബൈൽഫോണിൻ്റെ ആഗമനത്തോടെയും അനായാസം ഭാഷ കൈകാര്യം ചെയ്യാൻ ഏതൊരു വ്യക്തിക്കും സാധിക്കുന്നു. മനുഷ്യൻ്റെ അധിനിവേശവും അതിജീവന തന്ത്രങ്ങളും യുദ്ധവും ഒക്കെ പരിഭാഷയെന്ന സാംസ്കാരിക ഇടപെടലിൽ മറ്റൊരു മുഖം തേടുന്നു. മലയാള ഭാഷയിലെ പരിഭാഷായത്നങ്ങളെക്കുറിച്ചു ചില കാര്യങ്ങൾ അടുത്ത അദ്ധ്യായത്തിൽ പറയാം.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി