കാളിദാസൻ കാലദാസൻ

 കാളിദാസൻ്റെ രഹസ്യം

തൻ്റെ ജീവിതമന്യന്നധീനമാ -                       യെൻ്റെ മാതിരിയില്ല മറ്റാരുമേ "

കാളിദാസമഹാകവിയുടെ മേഘസന്ദേശമെന്ന കാവ്യത്തിലേതാണ് ഈ വരികൾ. ഈ വരികൾ തർജ്ജമ ചെയ്തത് മലയാളത്തിലെ പ്രശസ്ത കവിയായ തിരുനെല്ലൂർ കരുണാകരനാണ്. സാമ്പ്രദായിക സംസ്കൃത രീതിയായ ശ്ലോകരൂപത്തിലുള്ള കാവ്യത്തിന് തനതു മലയാളരീതിയെന്നു വിളികൊണ്ട പാട്ടുരീതിയിൽ തർജ്ജമ നിർവഹിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. മേഘസന്ദേശം വളരെയേറെ കീർത്തികേട്ട സന്ദേശകാവ്യമാണല്ലോ. 

 ‘കശ്ചിൽ കാന്താവിരഹഗുരുണാ സ്വാധികാരാൽ പ്രമത്ത:’ എന്നാണ് കാവ്യാരംഭം. ഒരു യക്ഷൻ. തൻ്റെ കാര്യഭാരത്തിൽ, തൻ്റെ പ്രവൃത്തിയിൽ പിഴവു വരുത്തി. രാജാവായ വൈശ്രവണൻ വളരെ കഠിനമായ ശിക്ഷയാണ് വിധിച്ചത്. ഒരു വർഷത്തേക്ക് കാന്തയുമായി പിരിഞ്ഞിരിക്കാൻ അയാൾ നിർബന്ധിതനാകുന്ന കടുത്ത ശിക്ഷയാണ് ലഭിച്ചത്. അളകാനഗരിയിൽ എല്ലാവിധ സൗകര്യങ്ങളും അനുഭവിച്ചു പ്രിയതമയോടൊത്തു രസിച്ചുകഴിഞ്ഞ യക്ഷൻ്റെ മഹിമാവുകളൊക്കെ ഇല്ലാതാക്കിയാണ് രാമഗിരിയിലേക്ക് അയാളെ നാടുകടത്തിയത്. ഇതിൻ്റെ വിശദാംശങ്ങൾ പറയാതെ, യക്ഷൻ്റെ വൈകാരികാവസ്ഥകൾക്ക് മഹാകവി ഊന്നൽ നൽകുന്നു, എങ്ങനെയും തൻ്റെ വിവരങ്ങൾ പ്രിയതമയ്ക്കെത്തിക്കണമെന്ന തപിച്ച മനസ്സോടെ ആസന്നമായ ആഷാഢമാസത്തെ പ്രതിനിധാനം ചെയ്തെത്തിയ മേഘത്തിനു മുന്നിൽ കേണപേക്ഷിക്കുകയാണ് യക്ഷൻ. യഥാർത്ഥത്തിൽ അതൊരു ദയനീയാവസ്ഥയല്ലേ? തൻ്റെ ആഗ്രഹങ്ങൾ അടക്കിവെച്ച് ഏതോ പർവതപ്രാന്തത്തിൽ കഴിയേണ്ടി വന്നിരിക്കുന്നു. രാമഗിരിയാണെങ്കിലും, സീത പാർത്ത ഇടം തന്നെയെങ്കിലും ആ ഭൂഭാഗത്തിൻ്റെ മനോഹാരിത സ്വാഭാവികമായും യക്ഷൻ്റെ ഹൃദയത്തെ കൂടുതൽ തപ്തമാക്കിയിരിക്കാം. കൂടാതെ, ആഗ്രഹം പോലെ സഞ്ചരിക്കാനുള്ള കഴിവൊക്കെ രാജാവ്  പിൻവലിച്ചിരിക്കുകയാണ്. അതിൻ്റെ പ്രതീകമായി, പൊന്നിൻ വളയുർന്നു ശൂന്യമായ കൈത്തണ്ടയെ അവതരിപ്പിച്ചിരിക്കുന്നു. മേഘസന്ദേശത്തിലെ എട്ടാം ശ്ലോകത്തിലെ അവസാന വരിയായ,

“ന സ്യാദന്യോപ്യയമിവ ജനോ, യ: പരാധീനവൃത്തി:” എന്നതിൻ്റെ തർജ്ജമയാണ്,                                          “തൻ്റെ ജീവിതമന്യന്നധീനമാ-                 യെൻ്റെ മാതിരിയില്ല മറ്റാരുമേ” എന്നത്. 

യ: പരാധീനവൃത്തി: (സ:) അന്യ: അപി അയം ജന: ഇവ ന സ്യാൽ’ എന്ന് അന്വയം. അന്യനെ ആശ്രയിച്ചു കഴിയുന്ന മറ്റൊരാളും ഇയ്യുള്ളവനെപ്പോലായിട്ടുണ്ടാവില്ല എന്നർത്ഥം.

തിരുനെല്ലൂർ

കൃത്യവിലോപം കാട്ടിയതിന് യക്ഷൻ്റെ സിദ്ധികൾ പിൻവലിച്ചിരിക്കുകയാണല്ലോ. വൈശ്രവണനെ അനുസരിക്കാത്തതിനാലാണ് ഈ കടുത്തശിക്ഷ കിട്ടിയത്. വൈശ്രവണൻ്റെ ആശ്രിതനായതാണ് തൻ്റെ ഗതികേട്. ഈ ഗതികേട് ലോകത്തിൽ മറ്റാർക്കും ഉണ്ടാകില്ലെന്ന ആത്മനിന്ദ ഇവിടെ പ്രകടമാണ്. മറ്റൊരാളുടെ ചൊല്ലനുസരിച്ച്, മറ്റൊരാളെ ഉപചരിച്ച്, വന്ദിച്ചു ജീവിക്കുകയെന്നത് മാനഹാനിയുളവാക്കുന്നതും അപമാനകരവുമാണ്. തൻ്റെ സ്വത്വത്തെ അംഗീകരിക്കുകയെന്നത് ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. മറ്റൊരാൾക്കടിപ്പെട്ടു കഴിയുന്ന ഏതൊരാളിലും സ്വാഭാവികമായും ഉണ്ടാകുന്ന ചിന്തയാണ് കാളിദാസൻ അവതരിപ്പിച്ചത്. കാളിദാസൻ്റെ വ്യക്തി ജീവിതത്തിലും ഇത്തരം അനുഭവമുണ്ടായിട്ടുണ്ട്. പല കഥകളും കാളിദാസനെക്കുറിച്ചു പ്രചരിച്ചിട്ടുണ്ട്. അതിലൊന്ന് കൊട്ടാരത്തിൽ ശങ്കുണ്ണി തൻ്റെ വിഖ്യാതമായ ഐതിഹ്യമാലയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

(കാളിദാസൻ വിക്രമാദിത്യ രാജസദസ്സിലെ ഒമ്പതു കവിരത്നങ്ങളിൽ ഒരാളായിരുന്നു എന്ന അഭിപ്രായമുണ്ട്. അതുപോലെ ഭോജരാജാവിൻ്റെ സദസ്സിൽ ഉണ്ടായിരുന്നതായി ഭോജചരിത്രത്തിലും പരാമർശിക്കുന്നുണ്ട് (കൊട്ടാരത്തിൽ ശങ്കുണ്ണി). അതിനാൽ വിക്രമാദിത്യ വംശജനായാണ് ഭോജനെ അദ്ദേഹം പരിഗണിക്കുന്നത്. 

‘ചില സന്ദർഭങ്ങളിൽ കാളിദാസൻ ഭോജൻ്റെ അപ്രീതിക്കു പാത്രമാവുകയും അദ്ദേഹത്താൽ തിരസ്കരിക്കപ്പെടുന്നുമുണ്ട്.'

യക്ഷൻ്റെ പകർന്നാട്ടം വ്യത്യസ്ത ജീവിത തുറകളിൽ കാണാം. അടിമത്തത്തിൻ്റെയും നാടുവാഴിത്തത്തിൻ്റെയും ജന്മിത്തത്തിൻ്റെയും നാളുകളിൽ ഈ മാനസികാവസ്ഥയിലൂടെ കടന്നുപോകാത്ത സാധുക്കൾ ഉണ്ടാകുമോ? മുതലാളിത്ത വ്യവസ്ഥിതിയിലും ഏകാധിപതികളുടെ നാളുകളിലും ഇത്തരം ആത്മനിന്ദ അനുഭവിച്ച ആയിരക്കണക്കിനാൾക്കാർ ഉണ്ടാകും. അപമാനവീകരണത്തിൻ്റെ ഏറ്റവും ആഴത്തിലുള്ള അവസ്ഥയാണ് ഒരാളുടെ അടിമയാവുകയെന്നത്. ഒരാളെ ഭയന്നു കഴിയുകയെന്നത്. കുടിയാന്മാരും തൊഴിലാളികളും പിന്നോക്ക ജാതിക്കാരും മൂന്നാം ലിംഗക്കാരുമൊക്കെ ഇന്നും ഇത്തരം മാനസികാവസ്ഥകളിലൂടെ കടന്നു പോകുന്നു. അതിനാൽ, നിലവിലുള്ള കാലത്തിൻ്റെയും വരാൻ പോകുന്ന ലോകത്തിൻ്റെയും ജീവിതസ്പന്ദനമാണ് കാളിദാസവരികളിൽ അടങ്ങിയിട്ടുള്ളത്. 

ഇതു തന്നെയല്ലേ ഗാർഹിക ജീവിതത്തിൻ്റെ പരിമിത വൃത്തത്തിൽ ചുരുക്കപ്പെട്ട സ്ത്രീകൾക്കും പറയാനുണ്ടാവുക? പുരുഷന് അധീനമായ തങ്ങളുടെ ജീവിതം. എങ്ങനെ അതിനൊരു വിരാമമിടും എന്ന് ഏതെങ്കിലും സന്ദർഭത്തിൽ അവരും ചിന്തിച്ചു പോകാം. പുരുഷാധിപത്യസമൂഹം ഏൽപ്പിച്ച നീറ്റൽ അവൾ നന്നായി അനുഭവിക്കുന്നു. പാരതന്ത്ര്യമനുഭവിക്കുന്ന ഏതൊരാൾക്കും വേണ്ടിയാണ് കാളിദാസൻ ഈ വരികൾ നൂറ്റാണ്ടുകൾക്കുമുമ്പെഴുതിയത്. അടിമകളുടെ ഹൃദയാവിഷ്കാരമാണ് ഈ വരികൾ. തീർത്തും കാലത്തിൻ്റെ മുമ്പേ ഗമിച്ച കാലദാസനായി കാളിദാസൻ പരിണമിക്കുന്നത് ഏതൊരു ആസ്വാദകനും കാണാനാകും. 










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി