ബംഗാളി നോവൽ വിവർത്തനങ്ങളും ഇതര വിവർത്തനങ്ങളും
നോവൽ വിവർത്തനം - സാംസ്കാരിക വിനിമയം
കഥയുടെ പകരൽ മാത്രമല്ല വിവർത്തനത്തിൽ സാധിക്കുന്നത്. നമുക്ക് പരിചയമില്ലാത്ത ഒരു ഭാഷ സംസാരിക്കുന്ന സമൂഹത്തിൻ്റെ ജീവിതവും സംസ്കാരവും ലക്ഷ്യഭാഷാ സമൂഹത്തിലേക്കു സംക്രമിക്കുകയാണ്. അതിനാൽ വിവർത്തകന് സ്രോതഭാഷാ പ്രദേശത്തെ ജനങ്ങളുടെ സാമൂഹികഘടന, സാംസ്കാരികനിലവാരം, കുടുംബബന്ധങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ഉത്സവങ്ങൾ, വിശ്വാസങ്ങൾ, ഐതിഹ്യങ്ങൾ മുതലായവയെക്കുറിച്ച് നല്ല അറിവുണ്ടാകണം. (1994:141).നീതിയും സത്യസന്ധതയുമുള്ള വിവർത്തനം എങ്കിലേ രൂപപ്പെടുകയുള്ളൂ. ഒരു ജനതയുടെ ജീവിതവുമായി ഇഴുകിച്ചേർന്നു കിടക്കുന്ന പഴഞ്ചൊല്ലുകൾക്കും സവിശേഷപ്രയോഗങ്ങൾക്കുമുള്ള സ്ഥാനം വലുതാണ്. നന്നായി വിശകലനം ചെയ്താൽ മാത്രമേ അവയുടെ പൊരുൾ മനസ്സിലാവുകയുള്ളൂ.
![]() |
| Bankim chandra chatterji |
ബംഗാളി നോവൽ വിവർത്തനങ്ങൾ:
ബംഗാളിയിൽ നിന്നാണ് ഏറ്റവും കൂടുതൽ നോവലുകൾ മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുള്ളത്. ബങ്കിം ചന്ദ്രചാറ്റർജി,ശരത് ചന്ദ്രചാറ്റർജി, രവീന്ദ്രനാഥ ടാഗോർ എന്നീ വിശിഷ്ട സാഹിത്യകാരന്മാരുടെ മിക്ക നോവലുകളും മലയാളത്തിലേക്കു വന്നിട്ടുണ്ട്. ബങ്കിം ചന്ദ്രചാറ്റർജിയുടെ ‘ദുർഗ്ഗേശനന്ദിനി’ മലയാള സാഹിത്യത്തെ ഏറെ സ്വാധീനിച്ച കൃതിയാണ്. സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയുടെ ദുർഗ്ഗേശനന്ദിനി വിവർത്തനമാണ് ശ്രദ്ധേയമായത്.
![]() |
| ശരത് ചന്ദ്രചാറ്റർജി |
‘ആനന്ദമഠം’, ‘കപാല കുണ്ഡല’, ‘കൃഷ്ണകാന്തൻ്റെ മരണപത്രിക’ മുതലായ ബങ്കിമിൻ്റെ നോവലുകൾ വലിയ പ്രചാരം നേടി. ശരത്ചന്ദ്ര ചാറ്റർജിയുടെ ‘ഗ്രാമസമാജം’, ‘പ്രേമസാഗരം’, ‘വൈകുണ്ഠൻ്റെ മരണപത്രം’, ‘എൻ്റെ ഭർത്താവ്’, ‘കാശിനാഥൻ’,’തറവാട്ടമ്മ’, ‘മാധുരി’, ‘ഭൈരവി’, ‘ശ്രീകാന്തൻ’ മുതലായ നോവലുകൾ പ്രിയപ്പെട്ടവയായി. രവീന്ദ്രനാഥ് ടാഗോറിൻ്റെ ‘ഗോര’, ‘യോഗായോഗം’, ‘കണ്ണിലെകരട്’ എന്നീ നോവലുകളും കീർത്തി നേടി. ടാഗോർ കൃതികൾ വിവർത്തനം ചെയ്തവരിൽ പ്രമുഖർ പുത്തേഴത്തു രാമൻ മേനോൻ, വി. ഉണ്ണികൃഷ്ണൻ നായർ, വി.ആർ. പരമേശ്വരൻ പിള്ള എന്നിവരാണ്.
താരാശങ്കർ ബാനർജി പ്രഥമഗണനീയനായ, ഭാരതത്തിലെ ആധുനിക നോവലിസ്റ്റാണ്. അദ്ദേഹത്തിൻ്റെ ‘ആരോഗ്യനികേതനം’ എന്ന പ്രശസ്ത നോവൽ വിവർത്തനം ചെയ്തത് നിലീന എബ്രഹാമാണ്. താരാശങ്കറിൻ്റെ ജഞാനപീഠ പുരസ്കാരാർഹമായ ‘ഗണദേവത’ കെ. രവിവർമ്മ വിവർത്തനം ചെയ്തു. ‘പരാതി’ എന്ന നോവൽ വിവർത്തനം ചെയ്തത് പി. മാധവൻ പിള്ളയാണ്.
ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ ‘ആരണ്യകം’, ‘പഥേർപാഞ്ചാലി’ മുതലായ നോവലുകൾ വിവർത്തനം ചെയ്യപ്പെട്ടു.ബിമൽ കർ, മാണിക്ക് ബന്ദോപാദ്ധ്യായ എന്നീ നോവലിസ്റ്റുകളുടെ കൃതികളും മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.
![]() |
| ബിമൽ മിത്ര |
ബിമൽ മിത്രയുടെ ‘വിലയ്ക്കു വാങ്ങാം’, ‘ചരിത്രത്തിൽ ഇല്ലാത്തവർ’, ‘ജനഗണമന’ എന്നിങ്ങനെ നിരവധി നോവലുകൾ വിവർത്തനം ചെയ്യപ്പെട്ടു. അവയൊക്കെയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു.
ബംഗാളി നോവലിസ്റ്റെന്ന നിലയിൽ ഇന്ത്യയെമ്പാടും പ്രശസ്തയായ ആശാപൂർണ്ണാദേവിയുടെ ‘പ്രഥമ പ്രതിശ്രുതി’, ‘സുവർണ്ണലത’, ‘ബകുളിൻ്റെ കഥ’ എന്നിവ മലയാളത്തിലാക്കിയത് പി.മാധവൻ പിള്ളയാണ്.
ശീർഷേന്ദു മുഖോപാദ്ധ്യായ, അശുതോഷ് മുഖർജി, മഹാശ്വേതാദേവി, സുനിൽ ഗംഗോപാദ്ധ്യായ, ബുദ്ധദേവ ഗുഹ എന്നിങ്ങനെ നിരവധി ബംഗാളി നോവലിസ്റ്റുകൾ മലയാളികൾക്കു പ്രിയങ്കരരായത് വിവർത്തനങ്ങളിലൂടെയാണ്. ചില നോവലുകൾ ഖണ്ഡശ്ശ: വിവർത്തനമായി ആനുകാലികങ്ങളിൽ വരുമ്പോൾത്തന്നെ ജനപ്രീതി നേടി.
നിലീന എബ്രഹാം, കെ. രവിവർമ്മ, എം.എൻ. സത്യാർത്ഥി, ലീലാസർക്കാർ മുതലായവർ ബംഗാളിൽ നിന്നും നേരിട്ടുവിവർത്തനം ചെയ്ത പ്രഗത്ഭരാണ്.
ഹിന്ദിയിൽ നിന്നും മറ്റും
പ്രേം ചന്ദ് എന്ന മഹാനായ ഹിന്ദി നോവലിസ്റ്റിൻ്റെ കൃതികൾ മലയാളികൾ ഇ.കെ. ദിവാകരൻ പോറ്റിയുടെ വിവർത്തനങ്ങളിലൂടെ ജനപ്രീതി നേടി. യശ്പാലിൻ്റെ നോവലുകളാണ് തുടർന്ന് മലയാളികളെ ആകർഷിച്ചത്. പി.ഏ.വാര്യർ വിവർത്തനം ചെയ്ത ‘നിറം പിടിപ്പിച്ച നുണകൾ’ ഏറെ ശ്രദ്ധയാകർഷിച്ച യശ്പാൽ കൃതിയാണ്. ജയശങ്കർ പ്രസാദ്, ദുർഗാപ്രസാദ് ഖത്രി, കൃഷ്ണപ്ര സാദ് മിശ്ര, ഭഗവതീചരൺ വർമ്മ, കമലേശ്വർ, ഭീഷ്മസാഹ്നി മുതലായ പ്രഗത്ഭരുടെ കൃതികൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. ദിവാകരൻ പോറ്റി, കെ.രവിവർമ്മ, സുധാംശു ചതുർവേദി, പി. മാധവൻപിള്ള, കെ.വി. കുമാരൻ, വി.കെ.രവീന്ദ്രനാഥ്, എം.കെ. ശശികുമാർ എന്നിങ്ങനെയുള്ള വിവർത്തകർ ഹിന്ദിയും മലയാളവും ഒരു പോലെ കൈകാര്യം ചെയ്യാനാകുന്നവരാണ്.
തമിഴിൽ നിന്നും കുറച്ചു കൃതികൾ മാത്രമാണ് വിവർത്തനം ചെയ്തിട്ടുള്ളത്. അഖിലൻ്റെ ‘ചിത്തിരപ്പാവ’ സി.എ.ബാലൻ മലയാളത്തിലേക്കു മാറ്റി. കന്നഡയിൽ നിന്ന് ശിവരാമ കാരാന്ത്, ശ്രീകൃഷ്ണ ആലനഹള്ളി, യു.ആർ. അനന്തമൂർത്തി, നിരഞ്ജന മുതലായ പ്രഗത്ഭരുടെ നോവലുകൾ വിവർത്തനം ചെയ്യപ്പെട്ടു. കെ.വി. കുമാരൻ, സി.രാഘവൻ, കെ.രാമ, കെ.പി.ശങ്കരൻ മുതലായവർ ശ്രദ്ധേയരാണ്.
മറാത്തി നോവലിസ്റ്റായ വി.എസ്. ഖാണ്ഡേക്കർ രചിച്ച ‘യയാതി’ വിവർത്തനം ചെയ്തത് പി.മാധവൻ പിള്ളയാണ്. ഇതേറെ ജനപ്രീതിനേടി. പഞ്ചാബി നോവലിസ്റ്റായ അമൃതാ പ്രീതത്തിൻ്റെ കൃതികളും തർജ്ജമ ചെയ്യപ്പെട്ടു. കെ. എ. അബ്ബാസ്, കിഷൻ ചന്ദർ എന്നീ ഉറുദു നോവലിസ്റ്റുകൾ മലയാളികൾക്ക് പരിചിതരായതും ആവേശം തീർത്തതും നോവൽ പരിഭാഷകളിലൂടെയാണ്. ഇങ്ങനെ നോക്കിയാൽ, ദേശീയോദ്ഗ്രഥനത്തിൻ്റെ ഉത്തമ പ്രക്രിയയായി വിവർത്തനം മാറുന്നു.







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ