 |
| ഏ. ആർ. |
കാളിദാസവിരചിതമായ മേഘസന്ദേശമെന്ന സന്ദേശകാവ്യത്തിന് നിരവധി വിവർത്തനങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ ശ്രദ്ധേയമായവ ഏതൊക്കെയെന്ന് അപഗ്രഥിക്കുകയാണ് ഈ ലേഖനത്തിൽ. ഓരോ കാലഘട്ടത്തിലും വായനയെ നവീകരിച്ചു കൊണ്ടിരിക്കുന്ന കൃതിയെന്ന നിലയ്ക്ക് മേഘസന്ദേശത്തിന് സാഹിത്യത്തിൽ തനതുസ്ഥാനമുണ്ട്. മലയാളത്തിലും ഗണ്യമായ സംഭാവനകൾ അനുകരണമെന്ന തലത്തിലായാലും സ്വതന്ത്ര രചനകളെന്ന തലത്തിലായാലും ഉണ്ടായിട്ടുണ്ട്. സഹ്യൻ്റെ മകൻ (വൈലോപ്പിള്ളി), നിത്യമേഘം (അക്കിത്തം), ജാംബവാൻ (മാധവൻ അയ്യപ്പത്ത്), മേഘരൂപൻ (ആറ്റൂർ രവിവർമ്മ), നഗരത്തിൽ ഒരു യക്ഷൻ (ആറ്റൂർ) മുതലായ കവിതകളിൽ മേഘസന്ദേശത്തിൻ്റെ സ്വാധീനം കാണാം. മേഘസന്ദേശത്തിന് 12 ലധികം പരിഭാഷകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.
ഏ. ആർ. രാജരാജവർമ്മ
ജി. ശങ്കരക്കുറുപ്പ്
കുട്ടികൃഷ്ണമാരാർ
തിരുനെല്ലൂർ കരുണാകരൻ
കെ.എസ് നീലകണ്ഠനുണ്ണി
മഠം പരമേശ്വരൻ നമ്പുതിരി
ടി.പി. ഇല്ലിമൂട്ടിൽ
മുതലായവരുടെ വിവർത്തനങ്ങളാണ് ഇവയിൽ മുഖ്യം. ഇവയിൽ കുട്ടികൃഷ്ണമാരാരുടേത് ഗദ്യപരിഭാഷയാണ്. തിരുനെല്ലൂർ കരുണാകരൻ്റേത് ദ്രാവിഡവൃത്തത്തിലുള്ള പരിഭാഷയും. മഠം പരമേശ്വരൻ നമ്പൂതിരിയുടേത് വൃത്താനുവൃത്ത വിവർത്തനം. വി.ചന്ദ്രബാബു, ടി.ആർ. നായർ എന്നിവരും വൃത്താനുവൃത്ത തർജമക്കാരത്രെ.
 |
| ജി |
ജി.ശങ്കരക്കുറുപ്പ് സ്രഗ്ദ്ധരയിലും (21 അക്ഷരം ഒരു വരിയിൽ) ഏ.ആർ.രാജരാജവർമ്മ, കെ.എസ്. നീലകണ്ഠനുണ്ണി, ടി.പി. ഇല്ലിമൂട്ടിൽ, എന്നിവർ ശാർദ്ദൂലവിക്രീഡിതമെന്ന വൃത്തത്തിലുമാണ് (19 അക്ഷരം ഒരു വരിയിൽ) പരിഭാഷ തയ്യാറാക്കിയിട്ടുള്ളത്. സംസ്കൃതത്തിലുള്ള ഒരു വാക്യം മലയാളത്തിലാക്കുമ്പോൾ കൂടുതൽ വാക്കുകൾ വേണ്ടിവരും. ഇതിന് ദീർഘമായ വൃത്തം വേണ്ടിവരും. അങ്ങനെയെങ്കിൽ ജിയുടെ വിവർത്തനത്തിന് മൂലകൃതിയിലെ ആശയങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. വൃത്താനുവൃത്ത പരിഭാഷകൻ ശ്രമിക്കുന്നത് കൂടുതലായും മൂലകൃതിയുമായുള്ള രൂപപ്പൊരുത്തത്തിനാണ്. സന്ദേശകാവ്യങ്ങൾക്ക് ഏറ്റവും ഉചിതമായ വൃത്തം മന്ദാക്രാന്തയാണ്. ഇതാണ് കാളിദാസൻ ഉപയോഗിച്ചത്. ദീർഘവൃത്തങ്ങൾ പരിഭാഷകർ ഉപയോഗപ്പെടുത്തിയതെന്തിനാകാം? ഡോ. ഇവി.എൻ. നമ്പൂതിരി ‘മേഘസന്ദേശപരിഭാഷകൾ’ എന്ന ലേഖനത്തിൽ വ്യക്തമാക്കുന്നു: “ സംസ്കൃതശ്ലോകങ്ങളുടെ തർജമ വൃത്താനുവൃത്തമാകുമ്പോൾ മൂലത്തിലെ ചില ആശയങ്ങൾ വിട്ടുകളയേണ്ടി വരുന്നത് സ്വാഭാവികമാണ്. ഇത്തരം ആശയച്ചോർച്ച പാടില്ലെന്ന് നിർബന്ധമുള്ളവരാണ് മൂലത്തേക്കാൾ അൽപ്പം വലിയ വൃത്തത്തിൽ തർജമ ചെയ്യുന്നത്.” (1994:69). മേഘസന്ദേശത്തിന് ആദ്യമായുണ്ടായ തർജമ ഏ.ആർ. രാജരാജവർമ്മയുടേതാണ് - മേഘദൂത് (1895). ഗ്രിഫിത്ത് സായ്‌വിൻ്റെ ഇംഗ്ലീഷിലുള്ള മേഘസന്ദേശ തർജമയാണ് തൻ്റെ വിവർത്തനത്തിനു കാരണമായതെന്ന് മുഖവുരയിൽ ഏ.ആർ.പരാമർശിക്കുന്നുണ്ട് (1997:28) [ലേഖനം: ഡോ. എൻ. അജയകുമാർ, മേഘസന്ദേശത്തിൻ്റെ വിവർത്തനങ്ങൾ]. സംസ്കൃതത്തിലെയും മലയാളത്തിലെയും വാചകരീതികളുടെ താരതമ്യത്തിനുള്ള മാർഗ്ഗമായാണ് ഏ.ആർ. ഈ തർജമ ചെയ്തിട്ടുള്ളത്. വാചകരീതികളിലുള്ള വ്യത്യാസ പഠനത്തിന് ഏ.ആർ.കൂടുതൽ പ്രാധാന്യം നൽകി. മേഘദൂത് ഒരു മണിപ്രവാള കാവ്യമേയല്ല, ഒരു ശുദ്ധമായ മലയാളകാവ്യമാകുന്നുവെന്നാണ് ഏ.ആറിൻ്റെ നിലപാട്. വിവർത്തനത്തിൻ്റെ ഭാഷാശാസ്ത്ര വശങ്ങളെക്കുറിച്ച് പഠിക്കുന്നവർക്ക് വിലപ്പെട്ട കൃതിയാണ് ഏ.ആറിൻ്റെ പരിഭാഷ. കുട്ടികൃഷ്ണമാരാരുടെയും തിരുനെല്ലൂരിൻ്റെയും വിവർത്തനങ്ങളിൽ കവിതയെയും കർത്തൃത്വത്തെയും സംബന്ധിച്ച പുതിയ ചില ധാരണകളുണ്ടെന്ന് ‘മേഘസന്ദേശ വിവർത്തനങ്ങൾ’ എന്ന ലേഖനത്തിൽ എൻ.അജയകുമാർ ചൂണ്ടിക്കാട്ടുന്നു. യക്ഷനും മേഘവും ഒന്നാണെന്ന് മാരാര് അഭിപ്രായപ്പെടുന്നു. കവിയും യക്ഷനും മേഘവും ഒന്നാണെന്ന സങ്കൽപ്പനമാണ് അദ്ദേഹത്തിൻ്റേത്. മേഘസന്ദേശത്തിനു താൻ വിഭാവനം ചെയ്യുന്ന അർത്ഥം വിനിമയം ചെയ്യാത്ത ശ്ലോകങ്ങളെ അദ്ദേഹം അവഗണിക്കുന്നു. മാരാരുടെ വിവർത്തനത്തിലാണ് ഏറ്റവും കുറവു ശ്ലോകങ്ങളുള്ളത് -98 എണ്ണം. മാരാര് ഗദ്യത്തിൽ പദാനുപദ തർജമയാണ് നിർവഹിച്ചിട്ടുള്ളത്. പദാനുപദ തർജമ പദ്യത്തിൽ സ്വീകരിക്കാൻ ബുദ്ധിമുട്ടാണ്. വൃത്തഭംഗം വരാം.
മാരാര് മൂലശ്ലോകത്തിനു ചുവട്ടിൽ ഒരു വശത്ത് അന്വയവും മറുവശത്ത് ഓരോ പദത്തിനും നേരെ തർജമയും നല്കുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. മൂലകൃതി മനസ്സിലാക്കാൻ ഇതു പ്രയോജനകരം തന്നെയെങ്കിലും കവിത വായിക്കുന്ന സുഖം ലഭിക്കില്ലെന്നതു പ്രധാന പോരായ്മയാണ്.
 |
| മാരാര് |
കവിയുടെ ജീവിതാനുഭൂതിയിൽ നിന്നേ ഇത്രയും ഭാവോജ്ജ്വലമായ ഒരനശ്വരകാവ്യ ശിൽപ്പമുണ്ടാവുകയുള്ളൂ എന്ന ചിന്തയാണ് തിരുനെല്ലൂരിനുള്ളത്. മേഘസന്ദേശത്തോളം ഭാവപുഷ്കലമായ മറ്റൊരു സംസ്കൃതകൃതി അദ്ദേഹം കാണുന്നില്ല. എന്തുകൊണ്ടാകാം ദ്രാവിഡവൃത്തത്തിൽ മേഘസന്ദേശം പരിഭാഷപ്പെടുത്താൻ തിരുനെല്ലൂർ ശ്രമിച്ചത്?  |
| തിരുനെല്ലൂർ |
ഭാവോജ്ജ്വലമായ അനശ്വരകാവ്യം എന്ന് മേഘസന്ദേശത്തെ അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്. ഭാവകാവ്യങ്ങൾ വികാരങ്ങളുടെ സ്വച്ഛന്ദമായ പ്രവാഹത്തിൻ്റെ സാക്ഷ്യപത്രങ്ങളാണ്. ഈ കാൽപ്പനിക വീക്ഷണം പടിഞ്ഞാറൻ റൊമാൻ്റിക് സാഹിത്യ സങ്കൽപ്പനങ്ങളുടെ ഭാഗമായാണ് കടന്നുവന്നത്. അതിൻ്റെ ആവിഷ്കാരഭംഗി സാധിക്കാനാകാം ദ്രാവിഡവൃത്തം സ്വീകരിച്ചത്. എൻ. അജയകുമാർ എഴുതുന്നു: “മലയാളത്തിലെ കാൽപ്പനിക കവിതയുടെ പ്രധാനസ്വഭാവമാണ് സംഗീതാത്മകത. ദ്രാവിഡവൃത്തങ്ങളും പാട്ടുരീതികളും പരമാവധി ഉപയോഗപ്പെടുത്തി സംഗീതത്തിൻ്റെ വസന്തം സൃഷ്ടിച്ച ചങ്ങമ്പുഴ മലയാളത്തിലെ പ്രധാന കാൽപ്പനിക കവിയുമാണ്. മലയാളിയുടെ കാവ്യബോധം പുതുക്കുന്നതിൽ ഈ പാരമ്പര്യത്തിന് കാര്യമായ പങ്കുണ്ട്. ഈ പാരമ്പര്യവുമായി ഒരു ചാർച്ച തിരുനെല്ലൂരിൻ്റെ വിവർത്തനത്തിനുണ്ട്.” (പു. 29). ദ്രാവിഡവൃത്തങ്ങളെ ഉപയോഗപ്പെടുത്തിയ തിരുനെല്ലൂർ മലയാളത്തനിമയെ ആവാഹിക്കാൻ അദ്ധ്വാനിച്ച വിവർത്തകനാണ്. ഏ.ആർ, ജി, തിരുനെല്ലൂർ എന്നിവരുടെ മേഘ സന്ദേശ തർജമകൾ ആശയാനുവാദമാണ്. പദാനുപദ തർജമയേക്കാൾ ആസ്വാദ്യത മിക്കപ്പോഴും കൂടുതൽ ലഭ്യമാവുക ആശയാനുവാദത്തിലാണ്. ഡോ. ഇ.വി.എൻ. നമ്പൂതിരി ഇപ്രകാരം അഭിപ്രായപ്പെടുന്നു: “പദാനുപദ തർജമയിൽ സാംസ്കാരിക പശ്ചാത്തലം മൂലത്തിലേപ്പോലെ തന്നെ നിലനിൽക്കും. സ്വതന്ത്ര തർജമ ആണെങ്കിൽ ലക്ഷ്യഭാഷയുടെ സംസ്കാരം ഉൾക്കൊളളാൻ സാധിക്കും. ഇക്കാര്യത്തിൽ ഏ.ആർ. രാജരാജവർമ്മ അതീവ ശ്രദ്ധ പതിപ്പിച്ചതായി കാണുന്നു.” (1994:77) [മേഘസന്ദേശ പരിഭാഷകൾ - ഡോ. ഇ.വി.എൻ. നമ്പൂതിരി]. തൻ്റെ പഠനത്തിൽ വൃത്താനുവൃത്തമോ പദാനുപദമോ ആയ തർജമകളേക്കാളും സ്വതന്ത്ര തർജമകളാണ് കൂടുതൽ ആസ്വാദ്യം എന്ന് മേഘസന്ദേശതർജമകളെ അടിസ്ഥാനമാക്കി ഇ.വി. എൻ നമ്പൂതിരി സമർത്ഥിക്കുന്നു(78). പരിഭാഷകൾ ഭാഷയ്ക്ക്യം സാഹിത്യത്തിനും അമൂല്യനേട്ടങ്ങളാണ് സമ്മാനിക്കുന്നതെന്നും, പരിഭാഷകരെ രണ്ടാം കിട സാഹിത്യകാരന്മാരായി കാണരുതെന്നും ഇതു പഠിപ്പിക്കുന്നു.
സഹായ ഗ്രന്ഥങ്ങൾ:
ജയാസുകുമാരൻ, സ്കറിയാ സക്കറിയ ( എഡി.). തർജമ സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ. താരതമ്യപഠനസംഘം,1997.
പ്രബോധചന്ദ്രൻ വി.ആർ. (ഡോ.), (എഡി.), വിവർത്തന ചിന്തകൾ, ഡി.സി.ബുക്സ്, കോട്ടയം, 1994.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ