വിവർത്തനം: പ്രയോജനങ്ങൾ



വിവർത്തനം: പ്രയോജനങ്ങൾ

വിവർത്തനത്തിൻ്റെ പ്രയോജനങ്ങളെക്കുറിച്ച് ആനുഷംഗികമായി പലയിടങ്ങളിലും (മുന്നേയുള്ള അദ്ധ്യായങ്ങളിൽ) പരാമർശിച്ചു കഴിഞ്ഞു. എന്നിരുന്നാലും അവ ക്രോഡീകരിക്കപ്പെടേണ്ടതുണ്ട്.

1. സംസ്കാര സമന്വയത്തിന്

2 വിവര വിനിമയത്തിന്

3. വിജ്ഞാനവിതരണത്തിന്

4.ഭാഷാപോഷണത്തിന്

5. മാനവസൗഹാർദ്ദത്തിന്

6. സാഹിത്യപോഷണത്തിന്

1.സംസ്കാര സമന്വയത്തിന്:

വിവർത്തനത്തിൻ്റെ പരമ പ്രധാനമായ ലക്ഷ്യം എന്താണെന്നു ചോദിച്ചാൽ, ഏവരും ആദ്യം പറയുക, സംസ്കാര സമന്വയം എന്നാണ്. ഓരോ ഭാഷയും സാംസ്കാരിക വൈവിധ്യം നിറഞ്ഞു തുളുമ്പുന്നതാണ്. ഓരോ ഭാഷയിലും ഒരു സമൂഹത്തിൻ്റെ നെടുവീർപ്പുകളും പ്രതീക്ഷകളും അലിഞ്ഞു ചേർന്നിട്ടുണ്ട്. ഭാഷകൾ വളരുമ്പോൾ സമൂഹം ചൈതന്യവത്താകുന്നു. അഥവാ, ചൈതന്യമുള്ള സമൂഹത്തിലേ ചേതനയുറ്റ ഭാഷ നിലനില്ക്കൂ. ജനതയുടെ ജീവിതവുമായി ഇത്രമാത്രം ഇഴയടുപ്പത്തോടെ ചേർന്നു നില്ക്കുന്ന മറ്റൊരുപാധിയില്ല. അതിനാൽ, ഭാഷയുടെയും സമൂഹത്തിൻ്റെയും ചേർച്ച, വളർച്ച എന്നിവ സംസ്കാരത്തിൻ്റെ മികവിനെ പ്രകാശിപ്പിക്കുന്നു. വിവിധ ഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെടുമ്പോൾ മലയാളികൾക്ക് ആ ഭാഷകൾ ഉപയോഗിക്കുന്ന സമൂഹങ്ങളുടെ/ ജനവിഭാഗങ്ങളുടെ പെരുമാറ്റ, ജീവിതശൈലികൾ അറിയാനും ഉൾക്കൊള്ളാനും സാധിക്കുന്നു. അന്യ സമൂഹങ്ങളെയും ജീവിതരീതികളെയും സ്വാംശീകരിക്കാനുള്ള ഉപാധിയായി അങ്ങനെ ഭാഷ പരിണമിക്കുന്നു. “എല്ലാ ലോകഭാഷകളുടെയും പ്രവാഹങ്ങൾ വന്നുചേരുന്ന ഒരു കടലായിത്തീരട്ടെ എൻ്റെ ഭാഷ” എന്ന് മഹാസാഹിത്യകാരനായ വിക്ടർ ഹ്യൂഗോ തൻ്റെ ആഗ്രഹം പ്രകടിപ്പിച്ചു. മാർട്ടിൻലൂഥർ ബൈബിൾ വിവർത്തനത്തിലൂടെയാണ് യൂറോപ്പിൽ നവോത്ഥാനത്തിനു നാന്ദി കുറിച്ചതെന്നു പറയാറുണ്ട്. ‘പ്രശസ്ത കന്നട സാഹിത്യകാരനായ ഡോ. അനന്തമൂർത്തി ഇന്ത്യ വൈചിത്ര്യങ്ങളുടെ വിളനിലമാണെന്നതിൽ സന്തോഷിക്കുന്നു. അതു നാശമില്ലാതെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു. അദ്ദേഹം എഴുതുന്നു: “തുളു, കൊങ്കിണി തുടങ്ങിയ ഭാഷകൾ പോലും സമ്പന്നങ്ങളാകണം. ഭാഷ മൃതപ്രായമാകുമ്പോൾ ആ ഭാഷ നിലനില്ക്കുന്ന പ്രദേശത്തെ ജീവിതാപഗ്രഥനവും ചൈതന്യശൂന്യമാകും. അതിനാൽ വ്യത്യസ്ത ഭാഷകളും വളരണമെന്നാണെൻ്റെ ആഗ്രഹം”. (ഡോ. ആർസു, വിവർത്തനവിചിന്തനം എന്ന കൃതിയിൽ പരാമർശിച്ചത്, 1990:16)

 വ്യത്യസ്ത ഭാഷകളെ സംയോജിപ്പിക്കാനും, അതുവഴി സാംസ്കാരികമായ ഐക്യം വളർത്താനുമുള്ള ഉപാധിയാകുന്നു വിവർത്തനം. പാശ്ചാത്യലോകത്തിന് ഇന്ത്യയുടെ സംസ്കാരികമഹത്വം പകർന്നു നൽകിയ കൃതിയാണ് രബീന്ദ്രനാഥ ടാഗോറിൻ്റെ ഗീതാഞ്ജലി. ബംഗാളിയിൽ എഴുതിയ ഗീതാഞ്ജലിയുടെയും മറ്റു ചില ടാഗോർ ഗീതങ്ങളുടെയും ഇംഗ്ലീഷു പരിഭാഷയായിരുന്നു അത്. പരിഭാഷ നിർവഹിച്ചതും ടാഗോർ തന്നെ. വിശ്വവിഖ്യാതരായ എഴുത്തുകാരുടെ കൃതികൾ വായിച്ചാസ്വദിക്കുമ്പോൾ, ഭിന്നദേശങ്ങളുടെ ആചാരവിശേഷങ്ങളും സാംസ്കാരികപശ്ചാത്തലവും അറിയാൻ അനുവാചകർക്കു സാധിച്ചു. നമ്മുടെ സംസ്കാരത്തെ സംബന്ധിക്കുന്ന വൈവിധ്യമാർന്നതും ഗഹനവുമായ ചിന്തകൾ പാശ്ചാത്യ ചിന്തകർക്കു ലഭിച്ചത്, ചില സംസ്കൃതഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് വിവർത്തനം വായിച്ചാകുന്നു. ഇപ്രകാരം വിവർത്തനത്തിൻ്റെ പ്രയോജനങ്ങളെ സൂക്ഷ്മമായി നിർദ്ധാരണം ചെയ്താൽ, 

സാർവദേശീയഐക്യം (ലോകമേ തറവാട്), ദേശീയോദ്ഗ്രഥനം (നാനാത്വത്തിൽ ഏകത്വം) മുതലായവയിലേക്ക് എത്തിച്ചേരുമെന്നുറപ്പ്. 

തുളസീദാസരുടെ രാമചരിതമാനസം റഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത് ഡോ. വാരാനിക്കോവ് ആണ്. ഈ കൃതിയെ വിലയിരുത്തി അദ്ദേഹം പറഞ്ഞത്, “ഇത് ഭാരതീയ സംസ്കാരത്തിൻ്റെ വിശ്വവിജ്ഞാനകോശമാണെന്നാണ്.’ (ഡോ. ആർസു, 23). ഏതു സാമ്രാജ്യത്വത്തിൻ്റെ അധിനിവേശത്തിനും ഒരു നാൾ അന്ത്യമുണ്ടാകും. എന്നാൽ, വിഖ്യാതകൃതികളും അവയുടെ വിവിധ ഭാഷകളിലുള്ള വിവർത്തനങ്ങളും പകരുന്ന സന്ദേശത്തിന് അന്ത്യമുണ്ടാകില്ല. 

വിവരവിനിമയത്തിന്

സ്വാഭാവികമായും വിവർത്തനത്തിൻ്റെ പരമപ്രധാനമായ ഒരു ധർമ്മമാണ് അറിവു വിനിമയം. വിവർത്തനം ഇന്നത്തെ ലോകത്തിൻ്റെ ജീവവായുവാണ്. അതിലൂടെയാണ് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങൾ ദേശീയവും സാർവദേശീയവുമായ വിവരങ്ങൾ വിനിമയം ചെയ്യാനായി ഉപയോഗിക്കുന്നത്. ദൃശ്യമാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളും വിവർത്തനത്തിൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നു. അതുവഴി നൂതനവിവരങ്ങൾ കാലതാമസമില്ലാതെ സമൂഹത്തിലേക്കു പകരാൻ സാധിക്കുന്നു. information എന്ന വാക്കിൻ്റെ വിവർത്തനമായാണ് വിവരം എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ആശയവിനിമയത്തിൻ്റെ അടിസ്ഥാനം വിവരങ്ങളാണ്. ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് ഒരാശയം കൈമാറാൻ വിവരം അനിവാര്യമാണ്. അറിവിൻ്റെ നിർമാണത്തിന് അനിവാര്യഘടകങ്ങളായ വിവരങ്ങളെ പുരോഗതിയുടെ ആധാരശിലയായും പരിഗണിക്കാം. അങ്ങനെയാകുമ്പോൾ, അതിൻ്റെ വിവിധഭാഷകളിലൂടെയുള്ള ആവിഷ്കാരം വ്യക്തിയുടെ വളർച്ചയ്ക്കും സമൂഹത്തിൻ്റെ ഉത്കർഷത്തിനും കാരണമാണ്. ഇതുവഴി, വിവർത്തനം വിവരവിനിമയത്തെ സുഗമമാക്കുകയും സമൂഹത്തെയും വികാസത്തെയും ഉയർത്തിക്കാട്ടുകയും ചെയ്യുന്ന സൃഷ്ട്യുന്മുഖ പ്രവർത്തനമായി പരിണമിക്കുന്നു.

വിജ്ഞാന വിതരണത്തിന്:

വിജ്ഞാനമെന്നാൽ അറിവ്. വിവരങ്ങളെ വിശകലനം ചെയ്തു രൂപപ്പെടുന്ന അർത്ഥ/ ആശയസാധ്യതകളെ ഉപയോഗപ്പെടുത്തി ജീവിതത്തിൽ ഫലപ്രദമായി പ്രയോഗിക്കാനുള്ള കഴിവിനെ അറിവ് എന്നു വിളിക്കാം. വിവരങ്ങൾ അറിവു കുടികൊള്ളുന്ന ശകലിത രൂപമാണെങ്കിൽ, വിവരങ്ങളുടെ സമഗ്രവും പ്രയുക്തവുമായ രൂപമാണ് അറിവ്. അനുഭവങ്ങളും വിദ്യാഭ്യാസവും നിരീക്ഷണവും ചിന്തയുമൊക്കെ വിജ്ഞാന നിർമ്മിതിക്ക് അത്യന്താപേക്ഷിതമാണ്. വിജ്ഞാനമുള്ള ഒരു ജനത തുല്യതാബോധമാർന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ സഹായിക്കുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ യുക്തിഭദ്രമായി പോരാടാനുള്ള ശേഷി സമ്മാനിക്കുന്നു. പഴയകാല മാമൂലുകളിൽ നിന്നും പുതിയകാലത്തെ മോചിപ്പിക്കാൻ സഹായകമാകുന്നു. വിവര വിനിമയത്തെ ത്വരിതമാക്കാനും സാങ്കേതികവിദ്യയെയും യുക്തി ബോധത്തെയും ചടുലമാക്കാനും അറിവുപകരിക്കുന്നു. ജനാധിപത്യത്തെയും സാമൂഹികമൂല്യങ്ങളെയും അതു ശാക്തീകരിക്കുന്നു. അതിനാൽ, അറിവെന്ന, ലോകത്തെ മാറ്റാൻ ഉപയോഗിക്കാവുന്ന ശക്തമായ ആയുധത്തെ ജനകീയവൽകരിക്കുകയെന്ന ദൗത്യമാണ് വിവർത്തനം നിർവഹിക്കുന്നത്. വൈജ്ഞാനികഗ്രന്ഥങ്ങളുടെയും വിവിധ വിജ്ഞാന ശാഖകളുടെ സംഭാവനകളായ ഗവേഷണ ലേഖനങ്ങളും പഠനങ്ങളും കുറിപ്പുകളും മറ്റും വിവർത്തനം ചെയ്യപ്പെടുന്നത് ശരിയായ യുക്തി സമൂഹത്തിനു നല്കാനുപകരിക്കും. ശാസ്ത്ര സാങ്കേതിക മേഖല, ഗണിത ശാസ്ത്രം, കൃഷിശാസ്ത്രം, ജന്തുശാസ്ത്രം, മാനവിക വിഷയങ്ങൾ, എഞ്ചിനിയറിംഗ് മേഖല, മെഡിക്കൽ രംഗം, ഭൂമിശാസ്ത്രം എന്നിങ്ങനെ നിലവിലുള്ളതും അന്തർവൈജ്ഞാനിക തലത്തിൽ രൂപപ്പെടുന്നതുമായ വിഷയങ്ങളിലെ കൃതികളൊക്കെയും തർജമ മുഖേന അറിവിൻ്റെ വ്യാപനത്തിന് വഴിയൊരുക്കി സമൂഹത്തിനു പുരോഗമിക്കാൻ കളമൊരുക്കുന്നു.

ഭാഷാപോഷണവും സാഹിത്യപോഷണവും

 ഒരു ഭാഷയിൽ സാഹിത്യത്തിൻ്റെ പോഷണത്തിന് വിവർത്തനം വഴിയൊരുക്കുന്നു. മറ്റുഭാഷകളിലുള്ള മികവുറ്റ സർഗ്ഗാത്മകസാഹിത്യകൃതികളും വൈജ്ഞാനിക സാഹിത്യകൃതികളും വേണ്ടത്ര, അഥവാ ധാരാളമായി വിവർത്തനം ചെയ്യുന്നതിലൂടെ ആസ്വാദനവും അഭിരുചിയും അറിവും വർദ്ധിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ശ്രേഷഠകൃതികളുടെ വിവർത്തനം സർഗ്ഗാത്മക വരൾച്ചയകറ്റാനുപകരിക്കും. എഴുത്തുകാർക്ക് മാതൃകകൾ ലഭ്യമാകുന്നത് കൂടുതൽ അന്വേഷണങ്ങൾക്കും മികച്ച സാഹിത്യപരീക്ഷണങ്ങൾക്കും വഴിവെക്കും. മലയാളഭാഷയുടെ വളർച്ചയ്ക്ക് നാം കടപ്പെട്ടിരിക്കുന്നത് മഹിത സംസ്കൃതകൃതികളോടും തമിഴ് കൃതികളോടുമാണ്. അവയുടെ വിവർത്തനമാണ് നമ്മുടെ ചിന്തയെ ഉത്തേജിപ്പിച്ചത്. സാഹിത്യസമ്പത്ത് നമ്മുടെ ഭാഷയിൽ വർദ്ധിപ്പിച്ചത്. പിന്നീടാണ് ഇംഗ്ലീഷും ഇതര ഇന്ത്യൻ ഭാഷകളും സ്വാധീനം ചെലുത്തുന്നത്. പാവങ്ങൾ എന്ന കൃതിയുടെ വിവർത്തനം വലിയൊരു ഭാവുകത്വ വ്യതിയാനമാണുളവാക്കിയതെന്നത് എടുത്തു പറയേണ്ടതാണ്. വിവർത്തനത്തിൻ്റെ സാംസ്കാരികമായ സവിശേഷത അംഗീകരിക്കുകയും വിവർത്തകരെ ആദരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രമാണ് ഹംഗറിയെന്നു പരാമർശിച്ചു കൊണ്ട് നിരൂപകനും വിവർത്തകനുമായ ഡോ. ആർസു പ്രശസ്ത പഞ്ചാബി കവയിത്രിയായ അമൃതാ പ്രീതം പറഞ്ഞ ഒരഭിപ്രായം സംഗ്രഹിക്കുന്നു. “ ലോകത്തിലെ മിക്ക ഭാഷകളോടും സാമ്യമില്ലാത്ത ഭാഷയാണ് ഹംഗറിയിലുള്ളത്. അതിനാൽ അവർ നേരത്തേ തന്നെ സാഹിത്യം, തത്വചിന്ത, ശാസ്ത്രം എന്നിവയെക്കുറിച്ചെല്ലാം അറിവുനേടാൻ കുറേ ആളുകളെ തിരഞ്ഞെടുത്ത് വിദദ്ധരാക്കി. അവർ വിശ്വസാഹിത്യത്തിലെ ഉത്തമകൃതികൾ ഹംഗേറിയൻ ഭാഷയിൽ വിവർത്തനം ചെയ്തു തയ്യാറാക്കി വെച്ചു. അങ്ങനെ ആ ഭാഷയെ അതിൻ്റെ പരിമിത വൃത്തത്തിൽ നിന്നും വിശാലമാക്കി”(വിവർത്തന വിചിന്തനം, പു.25). വിവർത്തനത്തിനായി ഒരു ലൈബ്രറി അവർ നിർമ്മിച്ചിരിക്കുന്നു. ഈ ലൈബ്രറിയെ ഒരു സൗഹൃദഭവനമെന്നാണ് അമൃത പ്രീതം വിശേഷിപ്പിക്കുന്നത്. വിവർത്തകരുടെ ഫോട്ടോകളും വിവരങ്ങളും അവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ നാം മനസ്സിലാക്കേണ്ട കാര്യം, ഒരു തരത്തിലുമുള്ള അപകർഷത തോന്നേണ്ട പ്രവർത്തനമല്ല ഇതെന്നതാണ്. അഭിമാനവും സന്തോഷവും ഉളവാകേണ്ട, സ്വന്തം ഭാഷയുടെ ഉന്നമനത്തിനു വേണ്ടിയുള്ള ഇടപെടലാണിത്. ‘വിവർത്തകരുടെ പറുദീസയാണ് ഭാരതം’ എന്ന് എഴുത്തുകാരനും ചിന്തകനുമായ ആർ. കെ. നാരായണൻ ഒരിക്കൽ അഭിപ്രായപ്പെടുകയുണ്ടായി. ഭാഷയെ സംബന്ധിച്ച് നൂതനമായ ശൈലികളും പദാവലികളും ലഭിക്കുന്നു. കൃതികളുടെ വർദ്ധനവുണ്ടാകുന്നു. സാഹിത്യസംബന്ധമായി നൂതനമായ രചനാമാതൃകകളും പ്രമേയങ്ങളും ലഭിക്കുന്നു. ഭാഷയുടെ ചൈതന്യം നിലനിർത്താനും സാഹിത്യത്തിൻ്റെ ഉത്കർഷം വർദ്ധിപ്പിക്കാനും വിവർത്തനം സഹായിക്കുന്നു.

മികവുറ്റ സാഹിത്യകൃതികൾ ഭാഷയിൽ വരുന്നതോടെ അപര സംസ്കാരങ്ങളോട് ആദരവും അടുപ്പവുമുണ്ടാകാനും ജാതിമതഭേദമെന്യേയുള്ള സൗഹാർദ്ദം രൂപപ്പെടാനും കാരണമാകുന്നു. പരസ്പരമറിയാനുള്ള ഇടമൊരുക്കുകയാണ് സാഹിത്യം. സാർവദേശീയതലത്തിലും ദേശീയതലത്തിലും പാരസ്പര്യം സാദ്ധ്യമാക്കാൻ വിവർത്തനം കൊണ്ടു കഴിയുന്നു. 

ഒരു രാഷ്ട്രത്തിലുള്ള പല അസ്വാസ്ഥ്യങ്ങൾക്കുമുള്ള കാരണം, ഭിന്ന സംസ്കാരങ്ങൾ തമ്മിലുള്ള അകൽച്ചയാണ്. വിവിധദേശക്കാർ തമ്മിൽ ഭാഷാപരമായും സാംസ്കാരികമായും അറിയാനും അടുക്കുവാനുമുള്ള സാഹചര്യമുണ്ടാകണം. എങ്കിൽ ഈ അകൽച്ച കുറക്കാം. അതിനുള്ള മികച്ച ഉപാധിയാണ് വിവർത്തനം. ഇപ്രകാരം മാനവസൗഹാർദ്ദവും ദേശത്തെ ഐക്യപ്പെടുത്തലും (ദേശീയോദ്ഗ്രഥനം) സാധിക്കുവാൻ വിവർത്തനത്തിനാകുന്നു. ഇവയൊക്കെയും വിവർത്തനത്തിൻ്റെ പ്രയോജനങ്ങളത്രെ.









അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി