ഒരിടത്ത്: സക്കറിയ (ആസ്വാദനം)

കാലിക്കറ്റ് സർവകലാശാല
വിനിമയ മലയാളവും സർഗ്ഗാത്മകരചനയും
ബിഎമലയാളം സെമസ്റ്റർ 2

കഥകൾ സാമൂഹിക വിപത്തുകൾക്കെതിരെ ഉയർത്തിയ ചൂട്ടാണ്. അലസവും വ്യാമോഹഭരിതവുമായ സമകാലിക ജീവിതരീതികളോടുള്ള എതിർപ്പ് കഥകളിലൂടെ തുറന്നു പ്രകടിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. വ്യവസ്ഥാപിതമായ കാഴ്ചപ്പാടുകൾക്ക് അടിയറവു പറഞ്ഞ് മൂകമായി, പ്രതികരണശേഷിയറ്റ് നിൽക്കുന്ന സമൂഹം വേദനാഭരിതമായ കാഴ്ച്ചയാണ് ഉളവാക്കുന്നത്. പ്രത്യയശാസ്ത്രാന്ധതയാലും ജടിലമായ ചിന്തകളാലും കുഴഞ്ഞു മറിഞ്ഞ് യഥാർത്ഥ സാമൂഹികോത്തരവാദിത്വത്തിൽ നിന്നും തെന്നിയകലുന്ന വ്യക്തികളെയും സംഘടനകളെയും ലക്ഷ്യമാക്കിത്തൊടുക്കുന്ന അസ്ത്രങ്ങളാണ് സക്കറിയയ്ക്ക് കഥകൾ. നിസ്സംഗതയും നിർമ്മമതയും നർമ്മവും ചാലിച്ചു ചേർത്ത ഈ കഥാകൃത്തിൻ്റെ ആവിഷ്കാരങ്ങൾ ആഖ്യാനത്തിൻ്റെ വ്യത്യസ്തമാതൃകകളാണ് സമ്മാനിക്കുന്നത്. ദർശനങ്ങളുടെ പൊള്ളത്തരങ്ങളിലേക്കും വൈക്ലബ്യങ്ങളിലേക്കും മിഴിതുറക്കുന്ന ദർശനവിരുദ്ധതകളാണ് മിക്കകഥകളിലും പ്രത്യക്ഷമാകുന്നത്. ഒരിടത്ത്, കണ്ണാടി കാണ്മോളവും, സലാം അമേരിക്ക,ആർക്കറിയാം, ഒരു നസ്രാണി യുവാവും ഗൗളിശാസ്ത്രവും മുതലായവ കഥാസമാഹാരങ്ങളാണ്. അവ കൂടാതെ ലേഖനങ്ങളും നോവലുകളും നോവെല്ലകളും യാത്രാവിവരണങ്ങളും (ഒരു ആഫ്രിക്കൻ യാത്ര, അഗ്നിപർവതങ്ങളുടെ താഴ്‌വരയിൽ മുതലായവ) രചിച്ചിട്ടുണ്ട്. ശ്രദ്ധേയനായ പ്രഭാഷകനുമാണ് സക്കറിയ. തവളകളുടെ ജീവിതം എഴുത്തുകാരനു പ്രിയപ്പെട്ട ആഖ്യാന സാമഗ്രിയാണ്. ‘പ്രപഞ്ചത്തിൻ്റെ അവശിഷ്ടങ്ങൾ’ എന്ന കഥയിൽ തവളയുടെ യാത്രയാണ്. പല വിശേഷ കാഴ്ചകളും കണ്ട് സവിശേഷ ഇടങ്ങളും പിന്നിട്ട് അവസാനം തവള പൊട്ടക്കിണറ്റിൽ വീഴുകയാണ്. ഇവിടത്തെ തവള ഒരു പ്രതീകമായി മാറുകയും, തൻ്റെ വിധിയിലേക്കു പതിക്കുകയും ചെയ്യുന്നു. ഇതു മാനവർക്കും ബാധകമാണ്. ഏത് ഉയർച്ചകൾക്കും പിന്നിൽ പതിയിരിക്കുന്ന ചില കുഴികളുണ്ട്. മനുഷ്യൻ്റെ സാമാന്യ പ്രശ്നങ്ങളെ ഗൂഢാർത്ഥകഥയുടെ വെളിച്ചത്തിൽ വിശദമാക്കുകയാണ് കഥാകൃത്ത്. തവളയുടെ രൂപവും ഭാവവും എളുപ്പത്തിൽ അതിനെയൊരു ദാർശനിക ജീവിയാക്കുന്നുവെന്ന തോന്നലിൽ നിന്നാകാം തവളകൾ ജീവിതഗന്ധികളായ ആഖ്യാനങ്ങൾക്കു കാരണമായത്. അന്യാപദേശ (Allegory) സ്വഭാവമുള്ള ഇത്തരം കഥകൾക്ക് വായനക്കാരെ ആകർഷിക്കാനും ജനപ്രിയമാകാനും എളുപ്പത്തിൽ സാധിക്കുന്നു.

കഥാസംഗ്രഹം:

ഒരു വീടിൻ്റെ സമീപത്തുള്ള മീൻകുളത്തിൽ കുറേ തവളകൾ വസിച്ചിരുന്നു. അവയുടെ വംശവർദ്ധനവിനുള്ള സാദ്ധ്യതകൾ കുറഞ്ഞ കാലമായിരുന്നു അത്. മത്സ്യങ്ങൾ, കുട്ടികൾ, പൂച്ച- ശത്രുക്കൾ നിരവധിയായിരുന്നു. കുളത്തിലെ മീനുകളുടെ എണ്ണം വർദ്ധിച്ചെങ്കിലും തവളകളുടെ എണ്ണം കുറഞ്ഞുവന്നു. ആ വീട്ടിലൊരു പൂച്ച വന്നത് പ്രതിസന്ധി ഇരട്ടിപ്പിച്ചു. അവൾ പ്രസവിക്കുകയും തവളകൾക്ക് ഭീതി വർദ്ധിക്കുകയും ചെയ്തു. പൂച്ചക്കുഞ്ഞുങ്ങളുടെ നഖങ്ങളിൽ പെട്ട് തവളകൾ ചാകാൻ തുടങ്ങി. തവളകൾ സംഘം ചേർന്നു. ഒരംഗം കുറവാണ്. വീണ്ടും വീണ്ടും മരണം സംഭവിച്ചു കൊണ്ടിരുന്നു. അപ്പോൾ ചില തീരുമാനങ്ങൾ കൈക്കൊള്ളാൻ തവളകൾ നിർബന്ധിതരായി. ഗർഭിണികൾ ജലപ്പരപ്പു വിട്ട് പുറത്തു പോകരുത്. ഒരു തവള ഒരു ദിവസമെന്ന മട്ടിൽ പൂച്ചയ്ക്ക് ബലി നൽകാനും തീരുമാനിച്ചു. വംശത്തിൻ്റെ നിലനിൽപ്പാണ് പ്രധാനം. ഇപ്പോൾ, കൊന്നാലും തിന്നുന്നില്ലെങ്കിലും സാവധാനത്തിൽ തവളയിറച്ചിയിൽ പൂച്ചകൾ സ്വാദു കണ്ടെത്തിയാലോ? അതിനാൽ, തവളയിറച്ചി തീറ്റിച്ച് വേഗം അവയെ (പൂച്ചകളെ) മടുപ്പിക്കുകയെന്നതേ നിവൃത്തിയുള്ളൂ. ഈ നിഗമനത്തിലാണവരെത്തിയത്. വംശമാണ് പ്രധാനം. അതിൻ്റെ നിലനിൽപ്പാണ് മുഖ്യം. ഒരംഗമൊഴിച്ച് മറ്റാരും ഈ തീരുമാനത്തിൽ ദുഃഖിച്ചില്ല, സംശയിച്ചുമില്ല. ഈ തവള ഒരു കാര്യംതിരിച്ചറിഞ്ഞു. മരിച്ച ഒരു തവളയും ഇരയായിട്ടല്ല, പൂച്ചക്കുട്ടികളുടെ കളിപ്പാട്ടമായാണ് മരിച്ചത്. തൻ്റെ വംശത്തിൻ്റെ തെറ്റായ തീരുമാനത്തിൽ അവൻ ദുഃഖിച്ചു. ഇരകളെന്നു സ്വയം തെറ്റിദ്ധരിച്ചു തവളകൾ എല്ലാം നഷ്ടപ്പെടുത്തുകയാണെന്ന് അവൻ മനസ്സിലാക്കി. തൻ്റെ വംശത്തെക്കുറിച്ചുള്ള നോവിൽ അത് അകപ്പെട്ടു. അതേ സന്ദർഭത്തിൽത്തന്നെ ആദ്യത്തെ ബലിത്തവളയായി സംഘം തിരഞ്ഞെടുത്തതും ഇതേ തവളയെത്തന്നെയായിരുന്നു. ഈ പൊള്ളയായ ബലിപരമ്പരയ്ക്ക് താനാണല്ലോ തുടക്കമിടേണ്ടത് എന്ന് അതു വേദനിച്ചു. തൻ്റെ ഹ്രസ്വമായ ജീവിതം ഇത്തരമൊരു അർത്ഥശൂന്യതയിലാണല്ലോ അവസാനിക്കുന്നത്. ബലിയാകാനായി തവള കാത്തിരിപ്പ് ആരംഭിച്ചു. എന്നാൽ പൂച്ചകൾ മൃഷ്ടാന്ന ഭോജനം കഴിഞ്ഞ് സുഖസുഷുപ്തിയിലായിരുന്നു. ബലിയാകാൻ നേരിട്ട താമസം ബലിത്തവളയ്ക്ക് കഠിനവേദന നല്കി. വേഗം ‘തീരുമെന്ന’ ആശ തകർന്നു. കുളത്തിൽ നിന്ന് കൂട്ടുകാർ നോക്കുന്നുണ്ടാകണം. തൻ്റെ മരണം, ശരീരം ശകലിതമാകുന്നത് മറ്റാരും കാണേണ്ട. തൻ്റെ അപഹാസ്യമായ വേദന, പരമദയനീയത, മറ്റാരും കാണേണ്ട. എൻ്റെ മരണം എൻ്റേതു മാത്രമാണ്. കാത്തുകാത്ത് പ്രഭാതമാകാറായി. ബലിത്തവള കരഞ്ഞു പോയി. തൻ്റെ കുളത്തിലേക്കിനി തിരിച്ചു പോകാനാകില്ല. ഇവിടെയാണെങ്കിൽ, തന്നെ സ്വീകരിക്കാതെ ഉറങ്ങുകയാണ് ദൈവങ്ങൾ. അവനൊരു പുഴുവിനെപ്പോലെ നിലാവിൽ ചുറ്റിത്തിരിഞ്ഞു. എന്നിട്ട്, കരഞ്ഞു കൊണ്ട് ദൈവങ്ങളുറങ്ങുന്ന വീടിനുനേരെ സാവധാനം പുറപ്പെട്ടു. കുളത്തിൽ വംശത്തിൻ്റെ അക്ഷമപൂണ്ട അസ്വസ്ഥത ചെറുതിരകളിലേറി ഓരങ്ങളിൽ ചെന്നടിച്ച് മണ്ണോടു ചേർന്നു.

വിശകലനം:

ഈ കഥയിൽ ഒരു സമൂഹത്തിലെ തിരിച്ചറിവുള്ള ഒരു തവളയ്ക്ക് നേരിടുന്ന ദുരന്തമാണ് ആഖ്യാനം ചെയ്തിരിക്കുന്നത്. തവളകൾ വംശത്തിൻ്റെ പ്രതിസന്ധി ഘട്ടത്തിൽ എടുത്ത തീരുമാനവും അതു പ്രാവർത്തികമാക്കാനാകാതെ വലയുന്ന ബലിത്തവളയുമാണ് ഇതിലെ കേന്ദ്രബിന്ദുക്കൾ. ഒരു വ്യക്തിയുടെ അസ്തിത്വം ഏതു വിധമായിരിക്കണമെന്ന കൽപ്പന സമൂഹം പുറപ്പെടുവിക്കുകയാണ്. നിസ്സഹായനായ വ്യക്തിയുടെ പരിതാപകരമായ അവസ്ഥയാണ് ബലിത്തവള പ്രകാശിപ്പിക്കുന്നത്. അത് തൻ്റെ വംശം നേരിടുന്ന പ്രതിസന്ധി സമഗ്രമായി അപഗ്രഥിച്ചിട്ടുണ്ട്. തവളകൾ കൊല്ലപ്പെടുന്നത് ഇരകൾ എന്ന നിലയ്ക്കല്ല. വെറും കളിപ്പാട്ടമെന്ന നിലയ്ക്കാണ്. ഇരയ്ക്ക് അതിൻ്റേതായ ധർമ്മം നിറവേറ്റാനാകുന്നുണ്ട്. പക്ഷിമൃഗാദികൾ തങ്ങളുടെ തീറ്റിക്കായി പിടികൂടുന്ന ജീവിയാണ് ഇര. ഭക്ഷണമാകുന്നതിലൂടെ ഇരയ്ക്ക് വേട്ടക്കാരനെ തൃപ്തിപ്പെടുത്താനാകുന്നു. കളിപ്പാട്ടമാകുന്നത് അസഹ്യമായ പീഡകൾ മനസ്സിനും ശരീരത്തിനും നൽകുന്നതും, മരണാനന്തരം പ്രയോജനരഹിതമായ ശരീരത്തോടുകൂടിയതുമായിരിക്കും. ജീവനുള്ള കളിപ്പാട്ടം, മരണത്തിലേക്കുള്ള പ്രവേശകം കൂടിയാണ്. ഓരോ നിമിഷവും മരണവേദനയോടെ, പ്രാണഭയത്താൽ ഒരു യുഗമെന്ന പോലെ തള്ളിനീക്കേണ്ടി വരും.

ഇരയും കളിപ്പാട്ടവും തമ്മിലുള്ള അർത്ഥഭേദങ്ങളും അതിർവരമ്പുകളും നിർണ്ണയിക്കാൻ സാധിക്കാത്തത് ജീവിതവും മരണവും തമ്മിലുള്ള ദാർശനിക വ്യവഹാരങ്ങളെ ശരിയായി വ്യാഖ്യാനിക്കാത്തതിനാലാണ്. ശബ്ദമില്ലാത്തവന്, ശബ്ദം പ്രകടിപ്പിക്കാൻ അവസരം ലഭിക്കാത്തവന്, സംഘശക്തിക്കു മുന്നിൽ കീഴടങ്ങുകയല്ലാതെ മറ്റെന്തു പോംവഴി? അവൻ്റെ ശരീരം പോലും മരണസന്ദർഭത്തിൽ അവൻ്റേതല്ലാതാകുന്നു. മൃഷ്ടാന്നഭോജനം കഴിഞ്ഞ പൂച്ചകളുടെ മൃഗയാവിനോദമാകുന്നു. സാധുവർഗ്ഗങ്ങളുടെ ജീവനം മാർജാരർക്ക് ഒരു വിഷയമല്ല. ചിന്തിക്കുന്ന സാധുവർഗ്ഗത്തിൽപ്പെട്ട ഒരുവന് മാർജാരഹിംസയെ ചെറുക്കാൻ സാധിക്കുന്നുമില്ല. അതിനാൽ അഹിംസയുടെ പ്രവാചകനായി സ്വയം ബലിയാടാവുക മാത്രമാണ് ബലിത്തവളയ്ക്കു ബാക്കിയുള്ളത്. ‘തൻ്റെ ഹ്രസ്വമായ ജീവിതം ഇത്തരമൊരു അർത്ഥശൂന്യതയിലാണല്ലോ അവസാനിക്കുന്നത് എന്നോർത്ത് അത് ഒരു തീക്ഷ്ണമായ ദുഃഖത്തിൽ കുടുങ്ങി’ എന്ന് കഥാകൃത്ത് എഴുതുന്നു. ജീവിതം മൂല്യമുള്ളതാണെന്നും അതിനു വിലയുണ്ടെന്നുമുള്ള തിരിച്ചറിവ് ബലിത്തവളയ്ക്കുണ്ട്. പക്ഷേ, നിസ്സഹായതാബോധത്തിൻ്റെ തടവറയിൽ നിഷ്ഫലമായ നറുക്കെടുപ്പിനടിപ്പെട്ട്, വൃഥാ നഷ്ടമാകുന്ന തൻ്റെ വർഗ്ഗക്കാരുടെ ജീവനുകളോർത്ത് അവൻ വിമ്മിട്ടപ്പെട്ടു. വംശത്തിൻ്റെ നിലനിൽപ്പിനു വേണ്ടിയും സുരക്ഷിതത്വബോധത്തോടെ ജീവിക്കാനും തവളയിറച്ചി ദിനേന സമർപ്പിക്കുകയാണ്! ഈ അസാധാരണ നടപടിയിലെ വൈരുദ്ധ്യം തിരിച്ചറിഞ്ഞ തവള തന്നെയാണ് ആദ്യബലിയ്ക്കു തിരഞ്ഞെടുക്കപ്പെട്ടതും. തൻ്റെ വംശം എല്ലാം തെറ്റായ തീരുമാനത്തിനു മീതേ നഷ്ടപ്പെടുത്തുകയാണ്. തവളക്കൂട്ടത്തിലെ ഏകബോധമുള്ളവനും നഷ്ടമാവുകയാണ്. പിന്നെന്താവും ആ വർഗ്ഗഗതി? 

കുടിലരും ഹിംസാത്മക മനോഭാവമുള്ളവരുമായ അധിനിവേശകരുടെ ഇരകളായി മാറുന്ന സാധുജനങ്ങളെ സംബന്ധിക്കുന്ന ആഖ്യാനമാണ് ഒരിടത്ത്. ജാതിയും മതവും വരേണ്യശക്തികളാൽ നിയന്ത്രിക്കപ്പെടുന്നു. സംഘടനകൾ സമ്പന്നാരാൽ സ്വാധീനിക്കപ്പെടുന്നു. രാജ്യഭരണം സമ്പത്തും ശക്തിയുമുള്ളവർ കയ്യാളുന്നു. എവിടെയും ഹിംസയുടെ ഭിന്നമുഖങ്ങൾ അധികാരം പ്രയോഗിക്കുന്നു. തിരിച്ചറിവുണ്ടെങ്കിലും കശാപ്പു ചെയ്യപ്പെടുന്ന സ്വന്തം വർഗ്ഗത്തെ ക്കുറിച്ചാധിയുണ്ടെങ്കിലും വഴങ്ങുക മാത്രമേ രക്ഷയുള്ളൂ എന്ന അവസ്ഥ സാധാരണക്കാർക്കു വന്നു ചേർന്നിരിക്കുന്നു. അധികാരത്തിൻ്റെ കോടാലിക്കൈകൾക്കെതിരെ ഒന്നു ചേർന്നു പ്രതികരിക്കാനുള്ള കഴിവുപോലും നഷ്ടമായ, വംശഹത്യയിലേക്ക് നിപതിക്കുന്ന വർഗ്ഗമായത് മാറിയിരിക്കുന്നു. തങ്ങൾ ഇരകളല്ല, കളിപ്പാട്ടങ്ങളാണ് എന്ന തിരിച്ചറിവ് ഉണ്ടെങ്കിൽ കൂടുതലൊന്നും പ്രവർത്തിക്കാനോ പ്രതീക്ഷിക്കാനോ ഇല്ലെന്ന് വരുമായിരുന്നു. ഇരയ്ക്ക് പ്രതികരിക്കാനും പ്രതിരോധിക്കാനും പ്രതിഷേധിക്കാനും രക്ഷപ്പെടാൻ ശ്രമിക്കാനും അവകാശമുണ്ട്. എന്നാൽ കളിപ്പാട്ടങ്ങൾക്ക് ഇത്തരം അവകാശങ്ങളൊന്നുമില്ല. വിനോദരസം കളിപ്പാട്ടങ്ങൾക്ക് വിധിക്കപ്പെട്ടിട്ടില്ല. അത് വിനോദിക്കുന്നവനേ അറിയൂ.

സാമ്രാജ്യത്വത്തിൻ്റെയും മതത്തിൻ്റെയും സ്വാർത്ഥത നിറഞ്ഞ രാഷ്ട്രീയ ശക്തികളുടെയും വൻസാമ്പത്തികശക്തികളുടെയും വർഗ്ഗ ചൂഷകരുടെയും കയ്യിലെ കളിപ്പാട്ടമാകുന്ന സാധാരണക്കാരെയും അവശവിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ശക്തമായ കഥയായി സക്കറിയയുടെ ‘ഒരിടത്ത്’ എന്ന കഥയെ വിലയിരുത്താം.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി