ആരോഗ്യനികേതനം തർജമയെക്കുറിച്ച്



മലയാള കഥാ- നോവൽ സാഹിത്യ വളർച്ചയിൽ വലിയ സംഭാവന നൽകുന്നതിൽ പരിഭാഷകൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. വിക്ടർ ഹ്യൂഗോ എന്ന ഫ്രഞ്ച് എഴുത്തുകാരൻ്റെ Les Miserables എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയെ അടിസ്ഥാനമാക്കി 1925 ൽ നാലപ്പാട്ടു നാരായണമേനോൻ നടത്തിയ തർജമ വിഖ്യാതമാണ്. മലയാള സാഹിത്യത്തിൻ്റെ വളർച്ചയെ ഏറെ സ്വാധീനിച്ച കൃതിയാണിത്. ഇതിനു മുമ്പും ശേഷവും വിവർത്തനങ്ങൾ നിരവധിയുണ്ടായിട്ടുണ്ടെങ്കിലും ഒരു വലിയ പ്രചോദനവും സാഹിത്യ പരിവർത്തനത്തിന് നാന്ദികുറിച്ചതുമായ മറ്റൊരു വിവർത്തനമില്ല. 

നിരവധി ഭാഷകളിൽ നിന്നും ധാരാളം നോവലുകൾ മലയാളത്തിലേക്ക് തർജമ ചെയ്യപ്പെട്ടു. എങ്കിലും എണ്ണത്തിലും ഗുണത്തിലും മുന്നിട്ടു നിൽക്കുന്നത് ബംഗാളിനോവൽ വിവർത്തനങ്ങളാണ്. 

എൺപതിലേറെ വിവർത്തകർ 250 ലേറെ ബംഗാളി നോവലുകൾ മലയാളത്തിലേക്കാക്കിയിട്ടുണ്ട്. ചിലതിനെക്കുറിച്ച് മറ്റൊരദ്ധ്യായത്തിൽ ചർച്ച ചെയ്തിട്ടുണ്ട്.

1953 ലാണ് താരാശങ്കർ ബാനർജിയുടെ ‘ആരോഗ്യനികേതനം’ പുറത്തുവന്നത്. 1961 ൽ അതിന് നിലീനാ എബ്രഹാം പരിഭാഷ തയ്യാറാക്കി. ബംഗാളിലെ തെക്കുപടിഞ്ഞാറൻ ജില്ലയിലെ ബീർഭൂം എന്ന ഇടത്തെ ജനജീവിതമാണ് താരാശങ്കറിൻ്റെ നോവലുകളിലെ പ്രമേയം.

‘തർജമ സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ’ എന്ന കൃതിയിൽ ഉൾച്ചേർത്ത ജയാസുകുമാരൻ എഴുതിയ ‘ഭാരതീയ നോവൽ തർജമകൾ’ എന്ന ലേഖനത്തിലെ പ്രധാന ആശയങ്ങൾ ചുവടെ നൽകുന്നു:

  • വായനക്കാരൻ്റെ സംവേദനശക്തിക്കനുസൃതമായി പുതിയ ഭാവാർത്ഥ തലങ്ങളിലേക്കു വളരാൻ സമർത്ഥമായ നോവലാണ് ആരോഗ്യനികേതനം. ഏതു വായനക്കാരനെയും തൃപ്തിപ്പെടുത്താൻ അതിനാകും.
  • ആരോഗ്യനികേതനം എന്ന കൃതി ഉളവാക്കിയ സ്വാധീനം വലുതാണ്. മശായ് എന്ന കഥാപാത്രവും അനുവാചക ലോകത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇതിലെ ആശയങ്ങളും അന്തരീക്ഷവും ഇന്നും അനുകരിക്കപ്പെടുന്നു.

  • ആരോഗ്യനികേതനം എന്ന നോവലിൽ പ്രതിപാദിക്കുന്ന വർത്തമാനകാലം ആറുമാസ ദൈർഘ്യം മാത്രമുള്ളതാണ്. പൂർവകഥകൾ മശായിയുടെ സ്മരണകളാകുന്നു. ഭൂതകാലത്തിൽ നിന്നും വർത്തമാനകാലത്തിലേക്കുള്ള പരിവർത്തനം (തിരിച്ചും) കൃത്രിമത്വമില്ലാതെ നിർവഹിച്ചിരിക്കുന്നു.
  • “പരമ്പരാഗതമായ ആചാരങ്ങളിലും ജീവിതക്രമങ്ങളിലും സ്ഥിരമായി നിന്ന ഗ്രാമീണജനതയുടെ വേരുകൾ ആധുനികയുഗത്തിൻ്റെ കാറ്റേറ്റ് ഉലഞ്ഞു തുടങ്ങുന്ന ചിത്രമാണ് ആരോഗ്യനികേതനം അവതരിപ്പിക്കുന്നത്. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ഏറ്റുമുട്ടൽ നാട്ടുവൈദ്യത്തിൻ്റെയും അലോപ്പതിയുടെയും ഏറ്റുമുട്ടലായി നോവലിൽ നിറയുന്നു. ഗ്രാമീണതയും പാശ്ചാത്യവൽക്കരണവും അലോപ്പതിയും ആയുർവേദവും, ലബോറട്ടറി പരിശോധനയും നാഡീ പരിശോധനയും രണ്ടു യുഗത്തിൻ്റെ ചിഹ്നങ്ങളായി സംഘർഷത്തിലേർപ്പെടുന്നു.” (പുറം 129).
  • നോവലവതരിപ്പിക്കുന്ന മൃതിദർശനത്തിൻ്റെ വേരുകൾ മഹാഭാരതത്തിലാണ്.
  • വൈദ്യരുടെയും ഗ്രാമീണരുടെയും ഭാഷകൾ തമ്മിൽ വ്യത്യാസം കാണാം. ജഗത് മശായ്, ജീവൻ മശായ് എന്നിവരുടെ ഭാഷ ഗാംഭീര്യമിയന്നതാണ്. ഗ്രാമീണരുടേത് ഗ്രാമ്യഭാഷയും.
  • മലയാളികൾക്ക് പരിചിതമായ സാമൂഹികസാഹചര്യങ്ങളാണ്, ആരോഗ്യനികേതനത്തിലേത്. അതിനാൽ വിവർത്തനക്ഷമത കൂടുതലാണ്. 
  • ശബ്ദാനുകരണത്താൽ അർത്ഥവും ഭാഷയുടെ സവിശേഷമായ ഈണവും സൃഷ്ടിക്കുന്ന പദങ്ങൾ സമൃദ്ധമായ ബംഗാളി ഭാഷ വിവർത്തനം ചെയ്യുമ്പോൾ അവയും പരിവർത്തനത്തിനു വിധേയമാകുന്നു.
  • മൂലകൃതിയിലെ സംസ്കൃതപദങ്ങളുടെ ആധിക്യം വിവർത്തനത്തിന് സഹായകമാണ്. വൈദ്യന്മാരുടെ ഭാഷ സംസ്കൃതം കലർന്ന് ഗംഭീരമാണ്. വിവർത്തനത്തിലും ഈ സംസ്കൃതപദങ്ങൾ നിലനിർത്തിയിട്ടുണ്ട്.

വിവർത്തനത്തിൻ്റെ ഏകകം ഇവിടെ  വാക്യമാണ്. നേർ തർജമ മിക്കയിടത്തും ചെയ്തിരിക്കുന്നു. ചില സ്ഥലങ്ങളിൽ പദാനുപദതർജമയും കാണാം. എല്ലാ സന്ദർഭങ്ങളിലും വാക്യഘടന മലയാളത്തിനു യോജിക്കുന്നതാകാൻ ശ്രമിച്ചിട്ടുണ്ട്.

ഗ്രന്ഥസൂചി:

ജയാ സുകുമാരൻ, ‘ഭാരതീയ നോവൽ തർജമകൾ’. തർജമ സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ. ജയാ സുകുമാരൻ, സ്കറിയാ സക്കറിയ (എഡി.) താരതമ്യപഠന സംഘം,തൃശ്ശൂർ, 1997.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി