പ്രായോഗികമലയാളം P5,മൊ. 1

Fyugp Minor Malayalam, First semester Kannur University 

പ്രായോഗികമലയാളം ഭാഗം 5

മലയാളത്തിലെ അക്ഷരമാല

ഭാഷയുടെ സ്വാഭാവികതയാർന്നതും അടിസ്ഥാനപരവുമായ ഘടകം ശബ്ദമാണെന്ന് അറിയാം. 

അക്ഷരവും ലിപിയും വർണ്ണവും ഭാഷയെ സംബന്ധിച്ച് പ്രധാന ഘടകങ്ങളാണ്. പദരചനയ്ക്കുതകുന്ന ഏറ്റവും ചെറിയ ഭാഷണഘടകമാണ് വർണ്ണം. വർണ്ണങ്ങൾ ചേർന്ന് അക്ഷരം ഉണ്ടാകുന്നു. അക്ഷരങ്ങളെ/ വർണ്ണങ്ങളെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളാണ് ലിപികൾ. മലയാള ലിപികൾ അക്ഷരമാലയുടെ ചിഹ്നങ്ങളാണ്, വർണ്ണമാലയുടേതല്ലെന്ന് ഏ. ആർ. രാജരാജവർമ്മ പ്രസ്താവിക്കുന്നു. ഇംഗ്ലീഷിൽ വർണ്ണങ്ങൾക്കാണ് ലിപി. ‘മീ’ എന്ന  അക്ഷരമെഴുതുമ്പോൾ അതിൽ മ്, ഈ എന്നീ രണ്ടു വർണ്ണങ്ങൾ അതിലടങ്ങിയിരിക്കുന്നു. ഇതാണ് അക്ഷരവും വർണവും തമ്മിലുള്ള വ്യത്യാസം. 

നാം ഉച്ചരിക്കുന്ന ശബ്ദരൂപേണയുള്ള ഘടകങ്ങളെ രേഖപ്പെടുത്തുന്നതിനുള്ള സങ്കേതമാണ് ലിപി. ഭാഷയ്ക്ക് വാമൊഴി, വരമൊഴി എന്ന രണ്ടു രൂപങ്ങൾ ഉണ്ടല്ലോ. ഇതിൽ വാമൊഴി എവിടെയും രേഖപ്പെടുത്താത്ത ശബ്ദപ്രയോഗമാണെങ്കിൽ, വരമൊഴി ഭാഷയുടെ എഴുത്തു സങ്കേതത്തെ ആശ്രയിക്കുന്നു. എഴുത്തിനെ സംബന്ധിച്ച് പ്രമുഖ നിരൂപകനായ സുകുമാർ അഴീക്കോട് ഇപ്രകാരം പറയുന്നു: 

"ഓരോ മനുഷ്യൻ്റെയും സമുദായത്തിൻ്റെയും തലമുറയുടെയും പരിചയപരിശീലനാദികളുടെ സഞ്ചിതഫലമായ സംസ്കാരത്തെ ഉറപ്പിച്ചുനിർത്തുവാൻ മനുഷ്യരാശിക്കു കഴിഞ്ഞത്, എഴുത്തു കണ്ടുപിടിക്കപ്പെട്ടതോടുകൂടിയാണ്. ഉച്ചരിച്ച ഉടനെ നശിച്ചുപോകുന്ന ശബ്ദത്തെ ആശ്ചര്യകരമായൊരു തരത്തിൽ ഉപ്പിലിട്ടുവെച്ചതാണ് എഴുത്ത്". 

എഴുത്തിൻ്റെ സാംസ്കാരികപ്രാധാന്യത്തിലേക്കു വെളിച്ചംവീശാൻ അഴീക്കോടിൻ്റെ പ്രസ്താവത്തിനു സാധിക്കുന്നുണ്ട്. സംഭാഷണഭാഷയ്ക്ക് മനുഷ്യ സംസ്കാരത്തോളം പഴക്കം അവകാശപ്പെടാമെങ്കിലും ലിപിവ്യവസ്ഥയ്ക്ക് നാല്പതോ അമ്പതോ നൂറ്റാണ്ടുകളുടെ പഴക്കം മാത്രമേയുള്ളൂ.

അതിപ്രാചീന മനുഷ്യന് ലിപിവിദ്യ അറിയില്ലായിരുന്നു. പ്രാകൃത മനുഷ്യൻ്റെ ചിത്രരചനയാകാം എഴുത്തിൻ്റെ ആവിർഭാവത്തിന് കാരണം. പ്രകൃതിവസ്തുക്കളെ കുറിക്കാൻ അവൻ കോറിയിട്ടത് ലിപികളുടെ പ്രാഥമികരൂപങ്ങളായി. “ലിപി മാനവചരിത്രത്തിൻ്റെ താക്കോൽ” ആണെന്നു ഡോ. ഡേവിഡ് ഡിറിഞ്ചർ അഭിപ്രായപ്പെടുന്നു.

ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ലിപി ബ്രാഹ്മിയാണ്. തെക്കേ ഇന്ത്യയിൽ ഗ്രന്ഥലിപി എന്ന പേരിൽ ഒരു ലിപിസമ്പ്രദായം പ്രചരിച്ചിരുന്നു. പണ്ട് മലയാളത്തിൽ വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നീ ലിപിസമ്പ്രദായങ്ങളാണ് നിലവിലുണ്ടായിരുന്നത്. വട്ടെഴുത്തിന് തെക്കൻതിരുവിതാം കൂറിൽ നാനം മോനം എന്ന പേരുണ്ട്. ബ്രാഹ്മി ലിപിയിൽ നിന്നാണ് വട്ടെഴുത്തുണ്ടായത്. വട്ടെഴുത്തിൻ്റെ വകഭേദം തന്നെ കോലെഴുത്ത്. വെട്ടെഴുത്താണ് - വെട്ടി എഴുതുന്നതിനാൽ - വട്ടെഴുത്തെന്ന് അഭിപ്രായമുണ്ട്. വട്ടത്തിൽ എഴുതുന്നതിനാലാണ് വട്ടെഴുത്ത് എന്ന പേരുവന്നതെന്നും വീക്ഷിക്കുന്നവർ ഏറെ. കോലുകൊണ്ട് -നാരായം - എഴുതുന്നതിനാൽ കോലെഴുത്ത് എന്ന് പേര്. കോലത്തുനാട്ടിലെ എഴുത്ത് എന്നും വാദിക്കുന്നവരുണ്ട്. മലയാണ്മ (മലയാം തമിഴ്) സർക്കാർ രേഖകളിൽ ഉപയോഗിച്ചിരുന്നു. പക്ഷേ, തിരുവനന്തപുരത്തിനു തെക്കോട്ടുള്ള സ്ഥലത്തേ അതിനു പ്രചാരമുള്ളൂ. ഗുഹാലിപികൾ പരിണമിച്ചാണ് ദക്ഷിണഭാരതത്തിലെ ലിപിസമ്പ്രദായങ്ങൾ ഉണ്ടായതെന്ന് ബർണൽ പറയുന്നു. ബ്രാഹ്മിയിൽ നിന്ന് ക്രമാനുഗതമായി പരിണമിച്ചുണ്ടായവയാണ് വട്ടെഴുത്തുൾപ്പെടെ എല്ലാ ലിപിരൂപങ്ങളുമെന്ന് ഡോ. എൽ.എ. രവിവർമ്മ വ്യക്തമാക്കുന്നു. ആര്യ എഴുത്തുകളാണ് മലയാളലിപിസമ്പ്രദായം രൂപപ്പെടുത്തിയത്. ഒമ്പതാം നൂറ്റാണ്ടാകുമ്പോഴേക്കും ഗ്രന്ഥാക്ഷരങ്ങൾ മലയാളലിപിയായി പരിണമിച്ചു. 

ദ്രാവിഡഭാഷയ്ക്ക് 30 അക്ഷരങ്ങളാണ് സ്വന്തമായുണ്ടായിരുന്നത്. പന്ത്രണ്ടു സ്വരങ്ങൾ. പതിനെട്ടു വ്യഞ്ജനങ്ങൾ. സ്വരങ്ങൾക്ക് തമിഴിൽ ഉയിരെഴുത്തുകൾ എന്നും വ്യഞ്ജനങ്ങൾക്ക് മെയ്യെഴുത്തുകൾ എന്നും പറയുന്നു. 

സ്വരങ്ങൾ - അ ആ ഇ ഈ ഉ ഊ എ ഏ ഐ ഒ ഓ ഔ

വ്യഞ്ജനങ്ങൾ: ക ച ട ത പ, ങ ഞ ണ ന മ, യ ര ല വ ള ഴ റ കൂടാതെ മറ്റൊരു 'ന' യും.

ഇതിൻ്റെ കൂടെ സംസ്കൃതത്തിൽ നിന്നുള്ള ചില സ്വരാക്ഷരങ്ങളും, അതിൽ നിന്നും, 

ഖ, ഛ, o , ഥ, ഫ

ഗ , ജ, ഡ, ദ, ബ

ഘ, ഝ, ഢ, ധ, ഭ,

ശ, ഷ, സ ഹ

എന്നീ വ്യഞ്ജനാക്ഷരങ്ങളും സ്വീകരിച്ച് ഇന്നത്തെ മലയാള അക്ഷരമാല രൂപം കൊണ്ടു. 16 സ്വരങ്ങളും 37 വ്യഞ്ജനങ്ങളുമടക്കം 53 ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും 51 ൽ നിജപ്പെടുത്താൻ പിന്നീട് സാധിച്ചു. എന്നാൽ ഇന്നും അക്ഷരങ്ങളുടെ എണ്ണത്തെ സംബന്ധിച്ചും അതിൻ്റെ സാധുതയെ സംബന്ധിച്ചു വ്യത്യസ്ത അഭിപ്രായങ്ങൾ നിലനില്ക്കുന്നു.

സ്വരാക്ഷരങ്ങൾ:

അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ ഒ ഓ ഔ 

വ്യഞ്ജനാക്ഷരങ്ങൾ :

ക ഖ ഗ ഘ ങ

ച ഛ ജ ഝ ഞ

ട ഠ ഡ ഢ ണ

ത ഥ ദ ധ ന

പ ഫ ബ ഭ മ

യ ര ല വ

ശ ഷ സ

ള ഴ റ

ഇങ്ങനെ 13 സ്വരങ്ങളും 36 വ്യഞ്ജനങ്ങളുമാണ് മലയാളത്തിൽ ഇപ്പോൾ പ്രയോഗത്തിലുള്ളത്.

മലയാളത്തിലെ അക്ഷരങ്ങളുടെ എണ്ണത്തെക്കുറിച്ച് പണ്ടേ പല അഭിപ്രായങ്ങളുണ്ടായിരുന്നു. രാമചരിതം 50 എന്നും ഭാഷാകൗടലീയം 63 എന്നും ഭാഷാഭഗവദ്ഗീത 51 എന്നും പറയുന്നു. ഭാഷാനൈഷധം ചമ്പുവിലെ അമ്പത്തൊന്നക്ഷരാളീ കലിത തനുലതേ എന്ന ശ്ലോകം പ്രസിദ്ധമാണ്. 51 അക്ഷരങ്ങളുണ്ടെന്ന് പറയുന്നു. ജോർജ് മാത്തൻ എന്ന വൈയാകരണൻ 48 അക്ഷരങ്ങളെയും കേരളകൗമുദിയെന്ന വ്യാകരണകൃതി രചിച്ച കോവുണ്ണി നെടുങ്ങാടി 55 അക്ഷരങ്ങളെയും ശേഷഗിരിപ്രഭു 54 അക്ഷരങ്ങളെയും കേരള പാണിനിയെന്നറിയപ്പെടുന്ന ഏ.ആർ. രാജരാജവർമ്മ 53 അക്ഷരങ്ങളെയുമാണ് പരിഗണിച്ചത്. അദ്ദേഹം 16 സ്വരങ്ങളെ പരിഗണിക്കുന്നു. 37 വ്യഞ്ജനങ്ങളെയും കണക്കിലെടുക്കുന്നു. 

ഉച്ചാരണാവയവങ്ങളിൽ നിന്നു തടസ്സമുണ്ടാകാതെ തുറന്നുച്ചരിക്കപ്പെടുന്ന അക്ഷരത്തെ സ്വരം എന്നു പറയുന്നു. ഉച്ചാരണാവയവങ്ങളിൽ തട്ടിത്തടഞ്ഞ് പുറപ്പെടുന്ന, തുറന്നുച്ചരിക്കപ്പെടാത്ത ശബ്ദത്തെ വ്യഞ്ജനം എന്ന് വിളിക്കുന്നു. 

അക്ഷരങ്ങൾ ഉണ്ടാകുമ്പോഴത്തെ ശ്വാസപ്രവാഹത്തിൻ്റെ ദൈർഘ്യം, ശബ്ദവായുവിനെ നിയന്ത്രിക്കുന്ന ഉച്ചാരണാവയവത്തിൻ്റെ സ്ഥാനം, അക്ഷരത്തിൻ്റെ ഉച്ചാരണത്തിൽ വേണ്ട മാത്ര, മുതലായവ അടിസ്ഥാനമാക്കി അക്ഷരങ്ങൾക്കു പല ഉപവിഭാഗങ്ങളും നിർദേശിച്ചിട്ടുണ്ട്.

ശ്വാസധാരയുടെ ദൈർഘ്യത്തെ അടിസ്ഥാനമാക്കി ഹ്രസ്വം, ദീർഘം എന്നു വിഭജനം.

ഉച്ചാരണാവയവങ്ങളുടെ സ്പർശം അഥവാ നിയന്ത്രണ സ്ഥാനം അടിസ്ഥാനമാക്കി കണ്ഠ്യം, താലവ്യം, മൂർദ്ധന്യം, വർത്സ്യം ,ദന്ത്യം, ഓഷ്ഠ്യം എന്നിങ്ങനെ വിഭജിക്കാം.

ഉച്ചാരണത്തിൻ്റെ മുഴക്കം, ധ്വനി എന്നിവയെ അടിസ്ഥാനമാക്കി അക്ഷരങ്ങളെ ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം, ഊഷ്മാവ് എന്ന് വിഭജിക്കാം.

വ്യഞ്ജനങ്ങളിൽ ചിലതിന് സ്വരങ്ങളെപ്പോലെ ഭാഗികമായ സ്വതന്ത്രോച്ചാരണമുള്ളതിനാൽ മദ്ധ്യമാക്ഷരങ്ങൾ എന്ന വിഭാഗവുമുണ്ട്.

അ, ഇ എന്നിവ ചേർന്നതാണ് അ, ഉ എന്നിവയുടെ ചേരുവയാണ് . ഇവയാണ് സന്ധ്യക്ഷരങ്ങൾ. ഇവ ഒന്നിൽ കൂടുതൽ സ്വരങ്ങളുടെ ചേർച്ചയാകയാൽ സന്ധ്യക്ഷരങ്ങളും ദീർഘങ്ങളാണ്.

ഹ്രസ്വസ്വരങ്ങൾഅ എ ഇ ഋ ഒ ഉ

ദീർഘസ്വരങ്ങൾആ ഏ ഈ ഓ ഊ

സന്ധ്യക്ഷരങ്ങൾഐ ഔ

ഖരാക്ഷരങ്ങൾക ച ട ത പ

അതിഖരങ്ങൾഖ ഛ o ഥ ഫ

മൃദുഗ ജ ഡ ദ ബ

ഘോഷംഘ ഝ ഢ ധ ഭ

അനുനാസികംങ ഞ ണ ന മ

മദ്ധ്യമംയ ര ല വ

ദ്രാവിഡമദ്ധ്യമംള ഴ റ

ഊഷ്മാവ്ശ ഷ സ

ഘോഷി

ഖരം: കടുപ്പത്തിൽ ഉച്ചരിക്കുന്നത്

അതിഖരം:ഖരത്തേക്കാളും കടുപ്പത്തിൽ ഉച്ചരിക്കുന്നത്

മൃദു : മൃദുവായി ഉച്ചരിക്കുന്നത്

ഘോഷം: മുഴക്കത്തോടെ ഉച്ചരിക്കുന്നത്

അനുനാസികം: മൂക്കുമായി സംബന്ധമുള്ളത്

സമാനാക്ഷരം: മറ്റ് സ്വരങ്ങളുമായി ഇടകലരാത്തത്

അസമാനാക്ഷരംമറ്റ് സ്വരങ്ങളുമായി ഇടകലരുന്നത്.

സ്പർശം: ഉച്ചരിക്കെ നാക്ക് വാഗിന്ദ്രിയങ്ങളെ പൂർണ്ണമായി സ്പർശിക്കുന്നു. അങ്ങനെ ധ്വനിക്ക് തടസ്സമുണ്ടാക്കുന്ന വർണ്ണം സ്പർശം. ക മുതൽ മ വരെയുള്ള വ്യഞ്ജനങ്ങൾ സ്പർശങ്ങൾക്ക് ഉദാഹരണം.

ഊഷ്മാക്കൾഉച്ചരിക്കുമ്പോൾ നാവ് പാതി മാത്രം സ്പർശിക്കുന്നവ.

മദ്ധ്യമങ്ങൾ: ഉച്ചരിക്കെ അല്പം മാത്രം തടസ്സമുണ്ടാക്കുന്നവ.

ഖരാക്ഷരങ്ങളോടു ‘ഹ’ കാരം ചേരുമ്പോൾ അതിഖരങ്ങളും മൃദുക്കളോട് ‘ഹ’ കാരം ചേരുമ്പോൾ ഘോഷങ്ങളും ഉണ്ടാകുന്നു.

വ്യഞ്ജനങ്ങളെ ദൃഢം, ശിഥിലം എന്നു രണ്ടായി തിരിക്കാം. ഉച്ചരിക്കുമ്പോഴുള്ള ധ്വനിയാണ് ഇതിൻ്റെ മാനദണ്ഡം. തീക്ഷ്ണധ്വനിയുള്ള വർണ്ണങ്ങൾക്ക് (ഇരട്ടിച്ച ധ്വനി) ഇരട്ടിപ്പ് കൂടുതലാണ്. കോമളധ്വനിയുള്ളവയ്ക്ക് ഇരട്ടിപ്പു കുറവാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഈ തിരിവ്. ഖരാക്ഷരങ്ങളും ഊഷ്മാക്കളും ദൃഢങ്ങളാണ്.  അനുനാസികങ്ങളും മദ്ധ്യമങ്ങളും ഘോഷിയും (ഹ) ശിഥിലങ്ങളാണ്.

ഉച്ചാരണാവയവങ്ങളുടെ സ്പർശത്തിൽ ഉണ്ടാകുന്ന ബലത്തിൻ്റെ ഏറ്റക്കുറവനുസരിച്ചാണ് ഈ വിഭജനം അഥവാ തരംതിരിവ്.

ക മുതൽ മ വരെയുള്ള അക്ഷരങ്ങളെ വർഗ്ഗാക്ഷരങ്ങൾ എന്നു വിളിക്കുന്നു. ക മുതൽ ങ വരെയുള്ള അഞ്ചക്ഷരങ്ങൾ ‘ക വർഗ്ഗം’. ച മുതൽ ഞ വരെയുള്ളവ ‘ച വർഗ്ഗം’.

ട മുതൽ ണ വരെയുള്ളവ ‘ടവർഗ്ഗ’മെന്നും ത മുതൽ ന വരെയുള്ളവ ‘ത വർഗ്ഗ’മെന്നും പ മുതൽ മ വരെയുള്ളവ ‘പവർഗ്ഗം’ എന്നും അറിയുന്നു. 

വാഗിന്ദ്രിയങ്ങളുടെ ചലനവും ശ്വാസഗതിയിലുള്ള വ്യതിയാനങ്ങളും ഉച്ചാരണ വ്യതിയാനങ്ങൾക്ക് കാരണമാവുന്നു. വായുവാണ് ശബ്ദങ്ങൾക്ക് അടിസ്ഥാനം. കണ്ഠം, ഓഷ്ഠം ( ചുണ്ട് ), ദന്തം (പല്ല്), നാക്ക് (ജിഹ്വ), മൂർദ്ധാവ് (വായുടെ മേൽത്തട്ട്), താലു (അണ്ണാക്ക്), വർത്സ്യം (മേൽവരിപ്പല്ലുകൾക്ക് മീതെയുള്ള കട്ടി) മുതലായ വായുടെ വ്യത്യസ്ത സ്ഥാനങ്ങളും അവയവങ്ങളുമാണ് ഉച്ചാരണത്തിന് കാരണമാകുന്നത്. നാസികയും ചെവിയും ശബ്ദം പുറപ്പെടുവിക്കുന്നതിൽ സജീവമായി ഇടപഴകുന്നുണ്ട്. ശ്വാസകോശവും നല്ല പങ്കു വഹിക്കുന്നു. വ്യഞ്ജനങ്ങൾ ഉച്ചാരണരൂപം കൊള്ളുന്നത് വാഗിന്ദ്രിയ സ്ഥാനങ്ങളിൽ നാക്ക് തൊടുമ്പോഴാണ്.

അ, കവർഗ്ഗം, എന്നിവ കണ്ഠ്യാക്ഷരങ്ങളാണ്. ഇ, ചവർഗ്ഗം,യ,ശ എന്നിവ താലവ്യാക്ഷരങ്ങളും ഋ, ടവർഗ്ഗം, ര, ഷ എന്നിവ മൂർദ്ധന്യവും തവർഗ്ഗം, ല, സ എന്നിവ ദന്ത്യവും ഉ, പവർഗ്ഗം, വ എന്നിവ ഓഷ്ഠ്യവും ഏ, ഐ എന്നിവ കണ്ഠ്യതാലവ്യവും, ഓ, ഔ എന്നിവ കണ്ഠ്യോഷ്ഠ്യങ്ങളുമാണ്. 

വർഗ്ഗാക്ഷരങ്ങളിൽ കവർഗ്ഗം കണ്ഠ്യവും ചവർഗ്ഗം താലവ്യവും ട വർഗ്ഗം മൂർദ്ധന്യവും ത വർഗ്ഗം ദന്ത്യവും പ വർഗ്ഗം ഓഷ്ഠ്യവുമാണ്. സ്വരാക്ഷരങ്ങളെയും മുകളിൽ വായിലെ സ്ഥാനഭേദമനുസരിച്ച് ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഭാഷാശാസ്ത്രം കൂടുതൽ വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ പഠനം ഈ മേഖലയിൽ നടത്തിയിട്ടുണ്ട്.

ഗണേശൻ വി.9495900209











അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ