നാടിൻ്റെ തുന്നലും വിട്ടു: കല്പറ്റ നാരായണൻ
Fyugp AEC First Semester
നാടിൻ്റെ തുന്നലും വിട്ടു
തുന്നലിലും കുത്തകകൾ:
കല്പറ്റ നാരായണൻ
കവിയും സാമൂഹിക സാംസ്കാരിക വിമർശകനും നോവലിസ്റ്റും ഉപന്യാസകാരനുമായ കല്പറ്റ നാരായണൻ മാഷുടെ രസകരമായ ഉപന്യാസമാണ് നാടിൻ്റെ തുന്നലും വിട്ടു. നമ്മുടെ ചുറ്റിലുമുള്ള വിഷയങ്ങളെ സമകാലിക സാമൂഹിക സാമ്പത്തിക സാംസ്കാരിക സാഹചര്യങ്ങളുമായി കോർത്തിണക്കി അവതരിപ്പിക്കുന്നതിൽ വിദഗ്ദ്ധനാണ് കല്പറ്റ മാഷ്.
രസകരം എന്ന പ്രയോഗം അതിൻ്റെ സാരഗർഭതയെ പരിഗണിക്കാതിരിക്കുന്നില്ല. നമ്മുടെ ജീവിതകഥയിൽ നിന്ന് ഒരു കഥാപാത്രം കൂടി വിരമിക്കുകയാണെന്ന് മാഷ് ചൂണ്ടിക്കാട്ടുന്നു. ഒരാളുടെ വ്യക്തിത്വത്തെയും അയാളുടെ മാത്രമായ സവിശേഷതകളെയും അടയാളപ്പെടുത്തുകയും ചെയ്തിരുന്ന ഒരു തൊഴിൽ ( തുന്നൽ) വിഭാഗം നഷ്ടമാവുകയാണ്. നാരായണൻ മാഷിൻ്റെ ശൈലിയിൽ പറഞ്ഞാൽ, ‘നിങ്ങളുടെ അനന്യതയെ ആദരിച്ചിരുന്ന, വ്യക്തിത്വത്തിൻ്റെ വാസ്തുശിൽപ്പിയായിരുന്ന ഒരാൾ’ പിൻവാങ്ങുകയാണ്. അത് തുന്നൽക്കാരനാണ്. മാഷിൻ്റെ സരള സുന്ദരവും ഹൃദ്യവുമായ അവതരണം നോക്കൂ: “ചെറുപ്പത്തിൽ നിങ്ങളെയിട്ട് കുരങ്ങ് കളിപ്പിച്ചിരുന്ന, എല്ലാവരും ശർക്കരയും കദളിപ്പഴവും നല്കി സ്വീകരിച്ചിരുന്നവൻ്റെ തുമ്പിയിൽ സൂചികൊണ്ടു കുത്തിയ, ആ തയ്യൽക്കാരന് ഇന്ന് പഴയ ശൗര്യമില്ല. ‘ ഞാനെത്ര പോക്കറ്റടിച്ചു, എത്ര കുപ്പായത്തിൻ്റെ ഉള്ളിൽ കയ്യിട്ടു എന്ന് വഴിപോക്കരെ നോക്കി മന്ദഹസിച്ചു കൊണ്ടിരുന്ന, നീട്ടിവെക്കലിൻ്റെ ആ കലാകാരന് ഇന്ന് വലിയ സദസ്സില്ല.”
റെഡിമേഡ് വസ്ത്രങ്ങളും കടകളും വലിയപ്രചാരം നേടിയതോടെ നാട്ടിമ്പുറത്തെ തുന്നൽ പ്രതാപം അസ്തമിക്കുകയാണ്. നിസ്സാരമായ ചില തുന്നലിനു മാത്രമേ അയാളെ ആൾക്കാർ സമീപിക്കുന്നുള്ളൂ. പണ്ട് രഹസ്യങ്ങളുടെ കലവറയായിരുന്നു തുന്നൽക്കാരൻ. സ്വന്തം നഗ്നത മനസ്സിലാക്കുകയും പച്ചിലകളാൽ നാണം മറക്കുകയും ചെയ്ത ആദമിനെ ഇവിടെ ഓർക്കുന്നു.
വസ്ത്രങ്ങൾ മനുഷ്യനെ വല്ലാതെ പരിഷ്കരിച്ചു. അവൻ്റെ അതിജീവനശേഷി കൂടി. നിസ്സഹായത അസ്തമിച്ചു. വസ്ത്രം അവനെ വൈവിദ്ധ്യമുള്ളവനാക്കി. മാഷ് വിവരിക്കുന്നു: “വസ്ത്രങ്ങൾക്കു ശേഷം അവൻ ത്വക്ക് നിത്യവും മാറ്റുന്നു. വസ്ത്രങ്ങൾക്കു ശേഷം അവൻ ഒരേ തൂവൽപക്ഷിയേയല്ല. അവൻ്റെ വ്യക്തിത്വത്തിന് ഏറ്റവും സംഭാവന നല്കിയത് വസ്ത്രം.”
മനുഷ്യൻ മനുഷ്യനായത് വസ്ത്രത്തിലാണ്. കുപ്പായങ്ങൾ ജീവിതപ്പലമകളുടെ പ്രതിനിധാനമാകുന്നു.
തുന്നിയിട്ട കുപ്പായത്തിൽ വ്യക്തിയും ദേശവും കാലവും കാലാവസ്ഥയും സംസ്കാരവും തുന്നൽക്കാരനുമുണ്ട്. തയ്യൽക്കാരനിൽ ഉണ്ടായിരുന്ന വിശ്വാസവും പഴങ്കഥയാവുന്നു. പ്രത്യേകതയുടെ ശൈലി വിട്ട് സാമാന്യതയുടെ ശൈലിയിലേക്ക് മനുഷ്യൻ മാറി. അതോടെ തയ്യൽക്കടകളിൽ തിരക്കു കുറഞ്ഞു. ദേശവും പാരമ്പര്യവും വ്യക്തിത്വവുമൊക്കെ പകർന്ന പാരമ്പര്യം വിട്ട്, അതായത് വൈവിദ്ധ്യം വിട്ട്, ലോകപൗരൻ്റെ ശൈലിയിലേക്കു മാറിയപ്പോഴാണ് ഇപ്രകാരം സംഭവിച്ചത്. വസ്ത്രത്തിൻ്റെ ഉപയോഗത്തിന് ഏകീകരണം വന്നപ്പോൾ റെഡിമേഡ് കടകൾ സ്വാഭാവികമായി. പീറ്റർ ഇംഗ്ലണ്ടും, വാൻഹ്യൂസനുമൊക്കെ അതിൻ്റെ അടയാളമായി.
തുന്നൽ പൂർണ്ണമായും അപ്രത്യക്ഷമായെന്നല്ല ഇവിടെ സൂചിപ്പിക്കുന്നത്. തുന്നൽ അപരിചിതനെ ലാക്കാക്കി എന്നാണ്. അപരിചിതൻ്റെ കുപ്പായം തുന്നുന്ന തയ്യൽക്കാരനിൽ നിന്ന് ഒരു ദേശം തന്നെ വിട്ടുപോവുകയാണെന്ന് കല്പറ്റ നാരായണൻ മാഷ് വീക്ഷിക്കുന്നു.
ആഗോളീകരണം സൃഷ്ടിച്ച ഏകലോകഭ്രമത്തിൻ്റെ ഭാഗമായി സ്വയം നഷ്ടപ്പെടുന്ന മലയാളിയെ തിരിച്ചറിവിൻ്റെ പാഠത്തിലേക്ക് ആനയിക്കാനുള്ള പ്രയത്നമാണ് ഈ ലേഖനം. ഹാസത്തിൻ്റെ മേമ്പൊടിയോടെ ആഴങ്ങളുടെ അപാരതകളിലേക്ക് വായനക്കാരനെ നയിക്കാൻ പര്യാപ്തമാണ് കല്പറ്റ നാരായണൻ മാഷിൻ്റെ ഓരോ ലേഖനവും.
ganeshanmalayalam@gmail.com 9495900209
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ