ഒരുക്കത്തിൻ്റെ ഒടുവിൽ:കെ. സരസ്വതിയമ്മ
First Semester Major Malayalam Kannur University.
ഒരുക്കത്തിൻ്റെ ഒടുവിൽ :
കെ. സരസ്വതിയമ്മ
മലയാള സാഹിത്യത്തിൽ സ്ത്രീവാദത്തിൻ്റെ ശക്തയായ വക്താവായിരുന്ന സരസ്വതിയമ്മ തൻ്റെ നിലപാടുകൾ ഒന്നുകൂടി വ്യക്തമാക്കുന്ന രചനയാണ് 1946 ൽ എഴുതിയ ഒരുക്കത്തിൻ്റെ ഒടുവിൽ. ശാരദ, സുഹൃത്ത് വിമല എന്നീ കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. മുഖ്യമായും ഇവരുടെ സംഭാഷണത്തിൽ നിന്നുമാണ് കഥാകൃത്തിൻ്റെ സ്ത്രീവാദസമീപനങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നത്. ഒരു പുരുഷൻ്റെ വഞ്ചനയുടെ കഥയാണ് ഒരുക്കത്തിൻ്റെ ഒടുവിൽ. വിവാഹവാഗ്ദാനം നല്കി വാസന്തിയെ കബളിപ്പിക്കുകയാണ് അയാൾ. പുരുഷന്മാർക്കു കബളിപ്പിക്കാനുള്ള ഉപകരണമായി സ്ത്രീകൾ മാറുന്നു. ഇങ്ങനെ ഉപകരണമാകേണ്ട ബാദ്ധ്യത സ്ത്രീകൾക്കില്ലെന്നു ഒരുക്കത്തിൻ്റെ ഒടുവിൽ പ്രഖ്യാപിക്കുന്നു. 1946 ലാണ് ഈ കഥ പ്രകാശനം ചെയ്തത്.
ശാരദ ഉറങ്ങുകയായിരുന്നു. അപ്പോഴാണ് സുഹൃത്തായ വാസന്തി കടന്നുവരുന്നത്. രണ്ടുപേരും സൗഹൃദസംഭാഷണത്തിൽ മുഴുകുന്നു. ആത്മാർത്ഥസുഹൃത്തുക്കാളാണ് രണ്ടുപേരും. അതുമാത്രമല്ല, സ്ത്രീയുടെ അസ്തിത്വം ഉയർത്തിപ്പിടിക്കുന്നതിലും അതിനുവേണ്ടി നിലകൊള്ളുന്നതിലും ശ്രദ്ധാലുക്കളുമാണ്. എന്നാൽ വാസന്തിയ്ക്ക് ചില മനംമാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ശാരദയെ അമ്മ വഴക്കുപറയുന്നതു കേട്ടുകൊണ്ടാണ് വാസന്തി വന്നത്. പകലുറങ്ങി പിത്തം പിടിക്കാൻ പോവുകയാണത്രെ. അമ്മയ്ക്ക് ആത്മഗതങ്ങൾ (തന്നോടുതന്നെ പറയൽ) ഇപ്പോൾ കൂടുതലാണെന്ന് ശാരദ പറയുന്നു. അത് ആത്മഗതം അസ്വാഭാവികമാണെന്നു പറഞ്ഞ് ആക്ഷേപിക്കുന്നവരിൽ നിന്നും നാടകമെഴുത്തുകാരെ രക്ഷിക്കാനായിരിക്കും. നാടകത്തിൽ തന്നോടുതന്നെ സംസാരിക്കൽ വിരസമാണെന്നു പറയുന്ന കൂട്ടരുണ്ട്. എന്നാൽ ചില ഘട്ടങ്ങളിൽ അത് ഒഴിച്ചുകൂടാൻ പറ്റാത്തതുമാണ്. വാസന്തിയെക്കാളും ശാരദയ്ക്ക് എന്തിനെക്കുറിച്ചും തൻ്റേതായ നിലപാടുകളുണ്ട്. പടർന്ന കൊമ്പുകൾ മുറിച്ചു മാറ്റുമ്പോൾ അമ്മ ചെയ്യുന്നത് സൃഷ്ടിപരമല്ലാത്തതും സംഹാരപരവുമായ പദ്ധതിയാണെന്നാണ് അവളുടെ പക്ഷം. പ്ലാവിൽ പറ്റിക്കിടക്കുന്ന ഇത്തിളു കണ്ടപ്പോൾ ഇത്തിളായാലോ എന്നവൾ ചിന്തിക്കുന്നു. ഇത്തിൾ പരാദസസ്യമാണ്. മറ്റുവൃക്ഷങ്ങളിലേക്ക് വേരിറക്കിയാണതു കഴിയുന്നത്. സ്ത്രീയ്ക്കും അതാണല്ലോ വിധിപ്രകാരമുള്ള മാർഗ്ഗം എന്ന് അവൾ പരിഹാസപൂർവം പറയുന്നു. മറ്റുള്ളവരെ, വിശേഷിച്ചും പുരുഷനെ ആശ്രയിച്ചു കഴിയുന്നവളാണ് സ്ത്രീ. അതിലുള്ള പ്രതിഷേധമാണ് ശാരദയുടെ വാക്കുകളിലുള്ളത്. വാസന്തിയുടെ ചേട്ടന് അടൂരേക്കു സ്ഥലംമാറ്റം കിട്ടിയിരിക്കുന്നു. പോകാൻ നിശ്ചയിച്ചിരിക്കുകയാണ്. ഇളയകുഞ്ഞിനെ കൂടെ കൊണ്ടുപോകും. കുഞ്ഞുങ്ങളില്ലാത്ത വീട്ടിൽ എങ്ങനെ കഴിയുമെന്ന് വാസന്തിചോദിക്കുന്നു. അതു സ്ത്രീരക്തത്തിൽ നൈസർഗ്ഗികമായുള്ള മാതൃത്വാഭിലാഷത്തിൻ്റെ ഭാഗമാണെന്ന് ശാരദ പറയുന്നു. പുരുഷവിദ്വേഷം വാസന്തിക്കുണ്ടെങ്കിൽ, ടെസ്റ്റ്ട്യൂബു ശിശുക്കളുമാകാം. വാസന്തിയ്ക്കു പറയാനുള്ളതു മറ്റൊന്നാണ്. ആണുങ്ങളോടൊന്നു മിണ്ടിയാൽപ്പോലും അപവാദമുണ്ടാകും. എല്ലാവരോടും സ്വതന്ത്രമായി പെരുമാറാനുള്ള ലൈസൻസെടുക്കലാണ് വിവാഹം. നല്ലൊരു ചുറ്റുവേലിയുടെ ഗുണം ചെയ്യും. (എല്ലാം ഭദ്രമാക്കും എന്ന്) വേലി ചാടാൻ വിരുതുള്ളവരും ഈ ലോകത്തില്ലേ? കടിക്കുന്ന പട്ടിയാണത് എന്നാണ് ശാരദയുടെ പക്ഷം. ദാമ്പത്യം അങ്ങനെ ദയയില്ലാതെ, ക്രൂരമായി തള്ളാനുള്ളതല്ലെന്ന് വാസന്തി ഉറപ്പിക്കുന്നു. ശാരദയുടെ ചില അഭിപ്രായങ്ങൾ വാസന്തിയെ മൃദുവായി നോവിക്കുന്നു. പുരുഷന്മാരെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കുറഞ്ഞകാലം കൊണ്ടെങ്ങനെ മാറി മറിഞ്ഞെന്നായി ശാരദയുടെ കളിയാക്കൽ. മുമ്പ്, പുരുഷന്മാരെന്നാൽ കഴുകന്മാർ എന്നാണല്ലോ പറഞ്ഞിരുന്നത്? ഭർത്താവുദ്യോഗമറിയുന്നയാളാണെങ്കിൽ (പ്രൊഫഷണൽ ഭർത്താവ്) കുഴപ്പമില്ലെന്ന് ശാരദ പരിഹസിക്കുന്നു. ഈ സന്ദർഭത്തിൽ വാസന്തി താൻ വിവാഹിതയാകാൻ തീരുമാനിച്ചത് അറിയിക്കുന്നു. നാടകീയമായാണ് അവൾ മനസ്സുതുറന്നത്. പരസ്പരാശ്രയമാണ് ദാമ്പത്യത്തിൽ ഏറ്റവും സ്വീകാര്യം. ശാരദയുടെ വാദങ്ങളെ ഈ സാഹചര്യത്തിൽ അവൾക്കു സ്വീകരിക്കാനാകുന്നില്ല. ഉത്തമാർദ്ധം എന്നു പറയേണ്ട തിനു പകരം അധമാർദ്ധം എന്താണു ചെയ്യുന്നതെന്നു ശാരദ ചോദിച്ചു. ലാഹോറിലാണ് ജോലി. അവിഭക്തഇന്ത്യയുടെ ഭാഗമായിരുന്നല്ലോ ലാഹോർ. ശാരദ വെറുതെ ജീവിതം പാഴാക്കരുതെന്നും ഉടനെ ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കണമെന്നും വാസന്തിയ്ക്ക് അഭ്യർത്ഥനയുണ്ട്. ആഘോഷങ്ങളില്ലാതെ മറ്റന്നാൾ വിവാഹം രജിസ്റ്റർ ചെയ്യണമെന്നാണ് വാസന്തിയുടെ ചേട്ടൻ്റെ തീരുമാനം. വാസന്തിയുടെ സന്തോഷത്തിനു വേണ്ടി അവളുടെ കൂടെ സിനിമ കാണാൻ പോകുന്നു. ശാരദയുടെ വേഷം കണ്ടിട്ട് ആണുങ്ങളുടെ വേഷത്തോട് എന്താണിത്ര ഭ്രമമെന്ന് വാസന്തി ചോദിച്ചു. അത് മന:ശാസ്ത്രജ്ഞനോടു ചോദിക്കണമെന്നായി ശാരദ. പ്രണയരംഗങ്ങൾ നിറഞ്ഞ സിനിമയിൽ വാസന്തി മുഴുകി. ശാരദ ഇടയ്ക്ക് ഉറങ്ങിപ്പോയി. ശാരദ കണ്ട ഭാഗം വെച്ചു സിനിമയെ വിമർശിച്ചു. വാസന്തിയുടെ ചേട്ടൻ ശബരിമലയ്ക്കു പോകാൻ മാലയിട്ടിരുന്നതിനാൽ താടിരോമങ്ങൾ വളർന്നിരുന്നു. ഇതിനെ ശാരദ വീക്ഷിച്ചത്, ഇവിടെയുള്ള ആണുങ്ങളുടെ താടിവളർത്തലിൻ്റെ സീസണാണല്ലോ ഇതെന്നാണ്. തിയേറ്ററിലിരുന്ന ഒരു ചെറുക്കനെ കണ്ടപ്പോൾ, ഹാളിലുള്ള പെണ്ണുങ്ങളുടെയൊക്കെ സർവേയെടുക്കലാണല്ലോ ഇവൻ്റെ ജോലി എന്നു പരിഹസിച്ചു. രാത്രി വാസന്തി ശാരദയുടെ കൂടെ തങ്ങി. അരിയിടുന്ന സർക്കാർ ഗോഡൗണിൽ നിന്നുമുള്ള ചെള്ളിൻ്റെ ശല്യമുണ്ടെന്നായി ശാരദ. അത് അരി ഗോഡൗണല്ല, ചെള്ളുവളർത്തൽ കേന്ദ്രമാ. കിടക്കുമ്പോൾ വാസന്തി പറഞ്ഞു: കണ്ടാലത്ര സുന്ദരനല്ലെങ്കിലും നല്ല പുരുഷ ത്വമുണ്ട്. വാസന്തി തൻ്റെ പ്രതിശ്രുത വരനെ കണ്ടിട്ടുള്ളത് അയാൾ ചേട്ടനുമായി മുറിയിലിരുന്നു സംസാരിക്കുമ്പോൾ താക്കോൽപ്പഴുതിലൂടെയാണ്. അദ്ദേഹത്തിനു നല്ല ബുദ്ധിയുമുണ്ടെന്നാണ് വാസന്തിയുടെ പക്ഷം. വായിച്ചു പുലർച്ചെ മൂന്നുമണിയോടെ കിടക്കാനൊരുങ്ങുമ്പോഴും വാസന്തി ഉറങ്ങിയില്ലെന്നു കണ്ട് ശാരദ അദ്ഭുതപ്പെട്ടു. അതിരാവിലെ തന്നെ വാസന്തി എഴുന്നേറ്റ് മധുവിധു ചിത്രങ്ങൾ ചിന്തിച്ചു നില്ക്കുന്നതും കണ്ടു. ഇന്ന് ഉച്ചയ്ക്കത്തെ ബസ്സിൽ തിരികെപ്പോകേണ്ടതിനാൽ ചില സാധനങ്ങൾ വാങ്ങാനുണ്ടെന്നും ശാരദ കൂടെ വരണമെന്നും വാസന്തി പറഞ്ഞു. കുറേ ആഭരണങ്ങൾ, വെള്ളിപ്പാത്രങ്ങൾ, തുണി എന്നിവയെല്ലാം വേണം. പിന്നെ ഒരു കുടയും. ഓറഞ്ചു പിടിയുള്ളതു വേണമെന്നായി. അദ്ദേഹത്തിന് ഓറഞ്ചു നിറം വലിയ ഇഷ്ടമാണത്രെ. ഇതു കേട്ടു ശാരദയ്ക്കു ചിരി വന്നു. കുട ഇനി സ്വന്തം ആവശ്യത്തിനു മാത്രമല്ല. നേര്യത്, സാരി, ബ്ലൗസ് പീസ്, എന്നിങ്ങനെ 250 രൂപയ്ക്കുള്ള തുണിത്തരങ്ങളടങ്ങിയ പൊതിക്കെട്ട് അവൾ ശാരദയെ ഏൽപ്പിച്ചു. വെള്ളിപ്പാത്രങ്ങളും വാങ്ങി. ഇരുപത്തഞ്ചാം വയസ്സിൽ ഇങ്ങനെയൊരു വേഷം അവൾക്കു കെട്ടേണ്ടി വന്നല്ലോ എന്നു ശാരദ വിചാരിച്ചു. രണ്ടു പേരും ബസ്റ്റാൻ്റിലേക്കു നടന്നു.
അവിടെ വാസന്തിയുടെ ചേട്ടൻ കാത്തു നില്ക്കുന്നുണ്ടായിരുന്നു. ‘സുകൃതഭാരവുമായി പുഷ്പകവിമാനത്തിൽ കാലെടുത്തുവയ്ക്കാൻ പോകുന്ന സ്വർഗ്ഗാവകാശിനിയെപ്പോലെ’ വാസന്തി ചേട്ടനു സമീപമെത്തി. ചേട്ടൻ കോപാവേശിതനും നിരാശനുമായിരുന്നു. വീട്ടിൽ നിന്നും ആൾ വന്നിരിക്കുന്നു, ഇന്നു രാവിലെ അയാൾ (വരൻ) ലാഹോറിലേയ്ക്കെന്നും പറഞ്ഞ് പോയ്ക്കളഞ്ഞത്രെ. എന്തിൻ്റെ സുഖക്കേടാ അയാൾക്ക്?
വാസന്തി നിർജ്ജീവയായി. നെഞ്ചിൽ ചേർത്ത പൊതി നിലത്തു വീണു. അതെടുക്കാൻ കുനിയെ ശാരദ പറഞ്ഞു: കഴുകന്മാർ! ഇങ്ങനെയും പറ്റിക്കലുണ്ടോ? ഇതിനു ശിക്ഷയായി അടുത്ത ജന്മം അയാൾ പെണ്ണായി ജനിച്ചിരിക്കും!
ഇതാണു കഥ. ഒരു പെണ്ണുകൂടി പറ്റിക്കപ്പെട്ടിരിക്കുന്നു. വേട്ടക്കാരനായ പുരുഷൻ. ഇരയായ സ്ത്രീ. അവൾ എന്നെന്നും കണ്ണീരു നുകർന്നു കഴിയേണ്ടി വരുന്നു. ഈ ചെയ്തതിനു ശിക്ഷയായി അയാൾ നരകത്തിൽപ്പതിക്കും, അല്ലെങ്കിൽ പുഴുത്തുപോകും എന്നൊന്നുമല്ല കഥാപാത്രമായ ശാരദ ശപിക്കുന്നത്. പെണ്ണായി ജനിക്കുമെന്നാണ്. അത്രമാത്രം അധമത്വം അനുഭവിക്കുന്നവരാണ് സ്ത്രീകൾ. എത്രമാത്രം നിന്ദ്യരായാണ് പുരുഷവർഗ്ഗം സ്ത്രീകളെ കണക്കാക്കുന്നതെന്നത് ഈ വരികളിൽ നിന്നും വ്യക്തം. സ്ത്രീകളുടെ സാമൂഹികനിലയും വിലയും വളരേണ്ടതും ഉയരേണ്ടതും അനിവാര്യമാണെന്ന് കരുതിയ ഒരു കഥാകൃത്തിൻ്റെ ഉദാത്ത സൃഷ്ടിയായി ഒരുക്കത്തിൻ്റെ ഒടുവിൽ എന്ന കഥയെ കാണാം.
ganeshanmalayalam@gmail.com 9495900209
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ