പ്രായോഗികമലയാളം P-2, Module 1
Fyugp Minor Malayalam, First semester Kannur University
പ്രായോഗികമലയാളം ഭാഗം 2
ഭാഷകൊണ്ടുള്ള പ്രയോജനം
ആശയവിനിമയത്തിനുള്ള സ്വാഭാവിക ഉപാധിയാണല്ലോ ഭാഷ. സാമൂഹികജീവിതത്തെ ഫലപ്രദമാക്കാനും സുഗമമാക്കാനും ഭാഷാവിനിമയം കൊണ്ടു സാധിക്കുന്നു. ഭാഷ രൂപം കൊണ്ടതെങ്ങനെ, അതിൻ്റെ സാഹചര്യങ്ങളെന്തെല്ലാമാണ് എന്നിങ്ങനെയുള്ള വിഷയങ്ങളിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. മനുഷ്യനെ ജന്തുക്കളിൽ നിന്നു വേർതിരിച്ചു സംസ്കാര ബോധമുള്ള സാമൂഹികജീവിയായ് വളർന്നു വരാൻ സഹായിച്ചത് ഭാഷയത്രെ.
ഭാഷ ആശയവിനിമയം സാദ്ധ്യമാക്കുന്നു. പരസ്പര സഹകരണവും കൂട്ടായ്മയും പ്രദാനം ചെയ്യുന്നു.
ഭാഷ അറിവ് വിനിമയം ചെയ്യുന്നു. അറിവ് തലമുറകളിലൂടെ കൈമാറാനും സൂക്ഷിച്ചു വെക്കാനും ഉപയോഗിക്കുന്നു.
സാമൂഹിക ജീവിതം സുഗമവും സുതാര്യവുമാക്കുന്നതിൽ ഭാഷ നിസ്തുല പങ്കു വഹിക്കുന്നു.
ഭാഷ ക്രയവിക്രയങ്ങളെയും ആശയവിനിമയത്തെയും വേഗത്തിലാക്കുന്നു.
സ്വയം ചിന്തിക്കുവാനുള്ള ഉത്സാഹം വർദ്ധിക്കുകയും സൃഷ്ട്യുന്മുഖത അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു.
രേഖപ്പെടുത്തലുകൾക്കും സർഗ്ഗാത്മകതയ്ക്കും ഉറവിടമായി വർത്തിക്കുന്നു.
ആംഗ്യഭാഷാ പരിമിതികളെ മറികടക്കാനും, സാമൂഹികൈക്യത്തിന് വഴിതുറക്കാനും ഭാഷ മൂലം സാധിക്കുന്നു.
ഇങ്ങനെ നിരവധി പ്രയോജനങ്ങൾ ഭാഷകൊണ്ടുണ്ടെന്നു പറയാം. പ്രഫസർ ജോർജ് തോംസൺ ഒരിടത്ത് പ്രസ്താവിച്ചതുപോലെ, “ഉൽപ്പാദനത്തിൻ്റെ സാങ്കേതികവിദ്യയിൽ, അതിൻ്റെ ഭാഗമായി ഭാഷ ലയിച്ചുചേർന്നു. അദ്ധ്വാനപ്രക്രിയയ്ക്ക് മുൻകൂട്ടി രൂപം കൊടുക്കുന്നതു വഴി ഭാഷ അദ്ധ്വാനിക്കുന്നതിനാവശ്യമായ ശരീരമാംസപേശികളുടെ ചലനത്തെ സഹായിച്ചു. അദ്ധ്വാനത്തിന് ഭാഷ അനിവാര്യമായിത്തീർന്നതുകൊണ്ട്, ഭാഷയും സംഭാഷണവുമാണ് അദ്ധ്വാനത്തിനു തന്നെ നിദാനമെന്ന തോന്നലുണ്ടാവുകയും ചെയ്തു. പ്രാകൃത ചിന്തയിൽ എല്ലായിടത്തും ഉച്ചരിക്കപ്പെടുന്ന വാക്കിന് മാന്ത്രിക ശക്തി കല്പിക്കപ്പെട്ടിരുന്നു.”
ഭാഷയുടെ മാനുഷികബന്ധം ഇതിൽ സ്പഷ്ടമാണല്ലോ. ചിന്തയുടെ പ്രത്യക്ഷ പ്രകടനമെന്നാണ് ഭാഷയെ മാർക്സ് നിർവചിച്ചത്.
ഭാഷയ്ക്ക് മനുഷ്യജീവിതവുമായുള്ള ദൃഢബന്ധം ചൂണ്ടിക്കാട്ടിക്കൊണ്ട് ഭാഷയുടെ ധർമ്മങ്ങളെന്തെന്ന് എരുമേലി പരമേശ്വരൻ പിള്ള വ്യക്തമാക്കുന്നുണ്ട്. മനുഷ്യൻ്റെ വ്യക്തിപരവും സാമൂഹികവുമായ പുരോഗതിയുടെ കാരണം ഭാഷയാണ്. ഭാഷയ്ക്ക് നാലു ധർമ്മങ്ങളുണ്ട്. ആശയസ്വീകരണം, ആശയ പ്രകടനം, സർഗാത്മകവികസനം, സൃഷ്ട്യുന്മുഖത്വവും അർത്ഥ വൈശിഷ്ട്യവും.
ആശയസ്വീകരണം:
പഞ്ചേന്ദ്രിയങ്ങളിലൂടെ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന ആശയങ്ങളും അനുഭവങ്ങളും പ്രവർത്തനങ്ങളിലേക്കും പുരോഗതിയിലേക്കും മനുഷ്യനെ നയിക്കുന്നു. ഇന്ദ്രിയസംവേദനത്തിലൂടെ വസ്തുബോധം ഉളവാകുന്നു. ആശയം, അനുഭൂതി, വികാരം, ചിന്ത ഇവയെ വഹിക്കാനും വളർത്താനും ഭാഷയ്ക്കു സാധിക്കുന്നു. ആശയസ്വീകരണത്തിലൂടെയാണ് നൂതനാനുഭവങ്ങളും അറിവുകളും മനുഷ്യനുണ്ടാകുന്നത്. പുതിയ ആലോചനകളിലേക്കും സമീപനങ്ങളിലേക്കും അതു നയിക്കുന്നു.
2. ആശയപ്രകടനം:
ആശയപ്രകാശനോപാധിയാണ് ഭാഷ. ഒരുവൻ്റെ അന്തർഗതങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നതിനുള്ള ഉപാധിയാണല്ലോ ഭാഷ. സമൂഹത്തിൻ്റെ കെട്ടുറപ്പിനും വ്യക്തിയുടെ നിലനില്പിനും ക്രയവിക്രയങ്ങൾക്കും തലമുറകളുടെ അതിജീവനത്തിനും ആശയങ്ങൾ കൈമാറുന്നത് ഉപകരിക്കും. വംശവർദ്ധനവിനും നൈതികതയുടെ തിരഞ്ഞെടുപ്പിനും വികാരാവിഷ്കരണങ്ങൾക്കും ആശയപ്രകടനം അത്യന്താപേക്ഷിതമത്രെ. വ്യക്തികൾ തമ്മിലുള്ള സഹകരണം രൂഢമൂലമാകാൻ ഇതു സഹായിക്കുന്നു. സാമൂഹികബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും ശത്രുക്കളിൽ നിന്നും രക്ഷനേടാനും അനിവാര്യമാണിത്. സംഘടിക്കാനും പ്രതിരോധിക്കാനുമുള്ള ബലം ഇതു സംജാതമാക്കുന്നു. രണ്ടു വിധത്തിൽ ആശയപ്രകടനം സാദ്ധ്യമാണ്. ഭാഷണത്തിലൂടെയും എഴുത്തിലൂടെയും. രണ്ടിനും ഭാഷ ഒഴിച്ചുകൂടാനാവാത്തതാണ്.
3. സർഗ്ഗാത്മക വികസനം:
സർഗ്ഗാത്മകഴിവുകൾ ഉള്ള വ്യക്തികളുടെ വളർച്ച സാദ്ധ്യമാകുന്നത് ഭാഷയിലൂടെയാണ്. വ്യക്തികളുടെ നൈസർഗ്ഗിക വാസനകളെ വളർത്തിയെടുക്കാനും ഉള്ളിലുള്ള വികാരാനുഭൂതികൾ ഭാവസുന്ദരമായി ആവിഷ്കരിക്കാനുള്ള സാഹചര്യമൊരുക്കുന്നതും ഭാഷവഴിയാണ്. ഭാഷണത്തിലൂടെയോ എഴുത്തിലൂടെയൊ അതു സാദ്ധ്യമാകുന്നു. സാഹിത്യമില്ലാത്ത ഭാഷയുണ്ടെങ്കിലും ഭാഷയില്ലാതെ സാഹിത്യമില്ലെന്നത് ഓർമിക്കുക. സാഹിത്യത്തിൻ്റെ പ്രിയ മാധ്യമമാകുന്നു ഭാഷ.
4. സൃഷ്ട്യുന്മുഖത്വവും അർത്ഥ വൈശിഷ്ട്യവും
ഭാഷ വികസിച്ചു കൊണ്ടിരിക്കുന്നു. പുതിയ പദങ്ങളും ശൈലികളും പ്രയോഗങ്ങളും അർത്ഥകല്പനകളും ഭാഷ വികസിക്കുന്നുവെന്നതിൻ്റെ തെളിവാണ്. മനുഷ്യൻ ഓരോ ദിനവും പുതിയ പുതിയ, ഓരോ സന്ദർഭത്തിലും വ്യത്യസ്തങ്ങളായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. അദ്ധ്വാനനിർഭരവും ചലനാധിഷ്ഠിതവുമായ മനുഷ്യ ജീവിതത്തിലെ അനുഭവങ്ങളും അനുഭൂതികളും ആവിഷ്കരിക്കാൻ ഉതകുന്ന പദങ്ങൾ സൃഷ്ടിക്കുകയോ തേടി കണ്ടുപിടിക്കുകയോ ചെയ്യുന്നു. മനുഷ്യമനസ്സിൻ്റെ നിഗൂഢവ്യാപാരങ്ങൾ ആവിഷ്കരിക്കുന്നതിനുള്ള ശേഷി ഭാഷയ്ക്കുണ്ട്. പുതിയ പുതിയ ആശയങ്ങളെ പൂർവാനുഭവങ്ങളുമായി ബന്ധപ്പെടുത്താനും അർത്ഥം ക്രമീകരിക്കാനും സാധിക്കുന്നത് അർത്ഥവൈശിഷ്ട്യത്തിൻ്റെ ഗുണഫലമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ