ഒരു മനുഷ്യൻ: ബഷീർ
Fyugp First Semester Major Malayalam
Kannur University
ഒരു മനുഷ്യൻ: വൈക്കം മുഹമ്മദ് ബഷീർ
ഒരു കഥകൊണ്ടു മാത്രം എഴുത്തുകാരന് അനശ്വരനാകാനാകുമോ? ആകുമെന്ന് വൈക്കം മുഹമ്മദു ബഷീർ തെളിയിക്കുന്നു. അദ്ദേഹം എഴുതിയ ഓരോ കഥയും തൻ്റേതായ ശൈലി, ഭാഷ, മാനവികസന്ദേശം എന്നിവയാൽ എല്ലായ്പ്പോഴും പ്രസക്തമാണ്. മറ്റെഴുത്തുകാരിൽ നിന്നും തീർത്തും വേറിട്ട ജീവിതശൈലിയാണ് അദ്ദേഹത്തിൻ്റേത്. സഞ്ചാരിയായി, സ്വതന്ത്രാന്വേഷകനായി, കച്ചവടക്കാരനും മാജിക്കുകാരനും ഫയൽവാനുമായി പലവിധക്കാരനായി. രാജ്യമാകെയും ചില സന്ദർഭങ്ങളിൽ പുറം ലോകത്തും ചുറ്റിസഞ്ചരിച്ചു. ജീവിതത്തിൻ്റെ വൈവിദ്ധ്യങ്ങൾ അറിഞ്ഞു. ദാരിദ്ര്യവും ദുഃഖവും എല്ലായിടത്തും ഒരുപോലെയെന്നറിഞ്ഞു. തൊഴിലില്ലായ്മ സാമൂഹിക അസമത്വത്തെ വർദ്ധിപ്പിക്കുന്നുവെന്ന് തിരിച്ചറിഞ്ഞു. വർഗ്ഗീയചേരിതിരിവുകൾ മാനവികബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കുന്നു. വിശന്നും ഉഴന്നും തൊഴിലില്ലാതെയും തുണയില്ലാതെയും വിഷമിച്ച ബഷീറിൻ്റെ ഒരു കാലഘട്ടത്തിലെ നിശ്വാസങ്ങളാണ് മലയാളകഥാലോകത്തിനു ലഭിച്ച വരദാനങ്ങൾ.
വളരെ വളരെ അകലെ ഒരു പർവതപ്രാന്തത്തിൽ ക്രൂരന്മാരും കാപട്യക്കാരുമായ ഒരു കൂട്ടം ആൾക്കാർ പാർക്കുന്നിടത്തു കഴിയേണ്ടി വന്ന സാഹചര്യമാണ് ഒരു മനുഷ്യൻ എന്ന കഥയിൽ ബഷീർ വ്യക്തമാക്കുന്നത്. കടുത്ത ദാരിദ്ര്യം ബഷീറിനെ വലച്ചു. പലപ്പോഴും ഭക്ഷണം ഒരു നേരമായിച്ചുരുങ്ങി. വിശപ്പറിയാതിരിക്കാനായി ഉച്ചക്കു ശേഷം ഉണർന്നു. അവിടെ ജോലി ചെയ്തു കഴിയുന്നവരെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വിലാസമെഴുതാൻ പഠിപ്പിക്കുകയായിരുന്നു ജോലി. അതു രാത്രികാലത്തായിരുന്നു.
ഒരു ദിവസം പതിവുപോലെ വൈകിയെഴുന്നേറ്റു കഴിക്കാനിറങ്ങി ഹോട്ടലിൽ ചെന്ന് ആഹാരം കഴിച്ച് പണം കൊടുക്കാൻ പോക്കറ്റിൽ കയ്യിടവേ, പേഴ്സു കാണാനില്ല. ആരോ പോക്കറ്റടിച്ചിരിക്കുന്നു. ഇത് ഹോട്ടലുകാരൻ വിശ്വസിച്ചില്ല. തട്ടിപ്പാണെന്നാണ് അയാളുടെ വിശ്വാസം. ഭക്ഷണവിലയായി ധരിച്ച വസ്ത്രം അഴിച്ചുവെക്കാനാവശ്യപ്പെട്ടു. കോട്ടും പാൻ്റും ഷർട്ടും അഴിച്ചു. ഉള്ളിൽ എന്തെങ്കിലും കാണാതിരിക്കില്ല. വല്ലാത്ത അപമാനവീകരണത്തിനു കഥാനായകൻ അടിപ്പെടുകയാണ്. മനുഷ്യത്വമില്ലാത്തവർ. അടിവസ്ത്രം കൂടി അഴിക്കാനൊരുങ്ങുമ്പോൾ, പണം തരാമെന്നു പറഞ്ഞു കൊണ്ടൊരാൾ എഴുന്നേറ്റു. ഒരു ആജാനബാഹുവായ കൊമ്പൻമീശക്കാരൻ. അയാൾ പണം നല്കി. വസ്ത്രം തിരികെക്കിട്ടി. എല്ലാം ധരിച്ചു. അയാൾ കഥാനായകനെ സമീപത്തേക്കു വിളിച്ചു. പുറത്തേക്കു കടന്ന് ബഹുദൂരമെത്തിയപ്പോൾ, ആരുടെയും കണ്ണിൽപ്പെടുന്നില്ലെന്നു മനസ്സിലായപ്പോൾ, തൻ്റെ കീശയിൽ നിന്നും അഞ്ചാറു പേഴ്സുകൾ പുറത്തെടുത്തു. ഇതിലേതാണു നിങ്ങളുടേത്? അയാൾ ചോദിച്ചു. ബഷീർ തൻ്റെ പേഴ്സ് ചൂണ്ടിക്കാട്ടി. അതയാൾ നല്കി. പിന്നെ നടന്നകന്നു. അലിവ് എന്നാണോ അയാളുടെ പേര്?സഹായിച്ചയാളുടെ ഊരോ പേരോ ഒന്നുമറിയില്ല. ആ സഹായ മനസ്ഥിതി. ആപത്തിൽപെട്ടവനെ സഹായിക്കാനുള്ള മനസ്സ്. അതാണു പ്രധാനം. അതുള്ളവനാണു മനുഷ്യൻ. മനുഷ്യത്വമുള്ളവൻ. ദയയുള്ളവൻ. അലിവുള്ള ഹൃദയത്തോടുകൂടിയവൻ.
നന്മയില്ലാത്ത ലോകം എന്നതും കാൽപ്പനിക സങ്കല്പമാണെന്ന് ഈ കഥ പറയുന്നു. ഓരോ മനുഷ്യൻ്റെ ഉള്ളിലുമുള്ള നന്മ ജീവിതസാഹചര്യങ്ങളുടെയും സ്വാർത്ഥതയുടെയും മറ്റും ആവരണത്തിനുള്ളിലായിരിക്കും. അതു മറനീക്കി പുറത്തുകൊണ്ടുവരേണ്ടതുണ്ടു്.
ഓരോ വസ്ത്രവും കഥാനായകൻ അഴിക്കെ, ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നവരുടെയും മറ്റും നോട്ടവും പരിഹാസവും അസഭ്യവർഷവും ഏല്ക്കുന്നു. ഇതു പതിക്കുന്നത് ഹൃദയത്തിലാണ്. അവ, ഇല്ലാത്തവനെ, നിസ്വനെ എത്രമാത്രം മാനസികമായി നിലംപരിശാക്കും!
സ്നേഹത്തിൻ്റെ, മനുഷ്യത്വത്തിൻ്റെ, പരമമായ കാരുണ്യത്തിൻ്റെ സാഹിത്യത്തിലെ അസുലഭ സൃഷ്ടിയാണ് ബഷീറിൻ്റെ ഒരു മനുഷ്യൻ’. നമ്മുടെ മനുഷ്യാവകാശങ്ങൾ നിരാകരിക്കപ്പെടുന്ന സന്ദർഭങ്ങളേയും അവസ്ഥയേയും കുറിക്കാൻ ഉപയോഗിക്കാവുന്ന പദമാണ് അപമാനവീകരണം. ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ പരിഗണിക്കാതെ അപമാനിക്കുന്നതും കുറ്റപ്പെടുത്തുന്നതും അപമാനവീകരണമാണ്. ഈ നായകൻ അതനുഭവിക്കുന്നു. അതിൽ നിന്നുള്ള താൽക്കാലിക മോചനം മാത്രമാണ് ലഭിക്കുന്നത്. ശാശ്വതമോചനം ലഭിക്കണമെങ്കിൽ വ്യവസ്ഥിതി തന്നെ മാറണം എന്ന സൂചന കഥയിൽ നിന്നും ലഭിക്കുന്നു. മറ്റുള്ളവരുടെ മുന്നിൽ, കണ്ണുചൂഴ്ന്നെടുക്കുമെന്ന ഭീഷണി കൊണ്ട്, അടിവസ്ത്രമഴിക്കേണ്ടി വരുന്നത് സൃഷ്ടിക്കുന്ന മാനസികപതനം എത്ര ഭീമമാണ്! ഇതു മറ്റൊരു വിധത്തിൽ നമ്മുടെ പാവപ്പെട്ട ജനങ്ങൾ അനുഭവിച്ചിട്ടുണ്ട്. ജയിലുകളിൽ നടന്നിട്ടുണ്ട്. ഹിറ്റ്ലറുടെ കാൺസെൻട്രേഷൻ ക്യാമ്പുകൾ അതിൻ്റെ മകുടോദാഹരണങ്ങളാണ്. സമൂഹത്തിൻ്റെ പല മേഖലകളിലും നിത്യവും ഈ അപമാനവീകരണം ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ സംഭവിക്കുന്നുവെന്നു പത്രവാർത്തകളും ദൃശ്യമാദ്ധ്യമങ്ങളും സാക്ഷ്യപ്പെടുത്തുന്നു, ഇപ്പോഴും ഈ നികൃഷ്ട മനോഭാവം വളർന്നുകൊണ്ടിരിക്കുന്നു. മനുഷ്യരും മനുഷ്യത്വവും കുറഞ്ഞുവരുന്നു.
ganeshanmalayalam@gmail.com 9495900209
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ