പ്രായോഗികമലയാളം P-3, Module 1
Fyugp Minor Malayalam, First semester Kannur University
പ്രായോഗികമലയാളം ഭാഗം 3
ഭാഷോത്പത്തി വാദങ്ങൾ
മലയാളഭാഷ
ഭാഷ എന്താണെന്ന് മുൻ അദ്ധ്യായത്തിൽ വിശദീകരിച്ചു കഴിഞ്ഞു. ഭാഷയില്ലാതെ സാഹിത്യമില്ലെന്നും, പക്ഷേ സാഹിത്യമില്ലാതെയും ഭാഷയ്ക്ക് നിലനില്പുണ്ടെന്നും മനസ്സിലാക്കി. നമ്മുടെ ഭരണഘടനയിൽ 15 ഭാഷകളാണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്. അവയിൽ 11 എണ്ണം ഇൻഡോ യൂറോപ്യൻ ഗോത്രത്തിലും 4 എണ്ണം ദ്രാവിഡഗോത്രത്തിലും ഉൾപ്പെടുന്നു. ഭരണഘടനയിൽ പരിഗണിക്കപ്പെട്ട തെലുങ്ക്, തമിഴ്, കന്നടം, മലയാളം എന്നീ 4 ദക്ഷിണേന്ത്യൻ ഭാഷകൾ ദ്രാവിഡഗോത്രജരാണ്. മലയാളം ദ്രാവിഡഗോത്രത്തിൽ ഉൾപ്പെട്ട ഭാഷയാണെന്ന് കൂടുതൽ വ്യക്തമാക്കേണ്ടതില്ലല്ലോ.
ഭാഷ സംസാരിക്കുന്നവരുടെ എണ്ണം നോക്കിയാൽ എട്ടാം സ്ഥാനത്താണ് മലയാളത്തിൻ്റെ നില. ദ്രാവിഡഗോത്രത്തിൽ ജനസംഖ്യകൊണ്ടു നോക്കുമ്പോൾ തെലുങ്കിനും പ്രാചീനസാഹിത്യത്തിൻ്റെ ധന്യതയും സമൃദ്ധിയും പരിഗണിക്കുമ്പോൾ തമിഴിനുമാണ് ഒന്നാം സ്ഥാനം. കന്നടത്തിന് ജനസംഖ്യ അനുസരിച്ച് മൂന്നാം സ്ഥാനം നല്കാം. സാഹിത്യപ്പഴമയ്ക്ക് രണ്ടാം സ്ഥാനവും. ഏതു കൊണ്ടു നോക്കിയാലും ദ്രാവിഡഗോത്രത്തിൽ നാലാം സ്ഥാനം മലയാളത്തിനു തന്നെ.
തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നിവ സമ്പുഷ്ടഭാഷകളാണ്. ഈ നാലു സമ്പുഷ്ടഭാഷകൾ കൂടാതെ തുളു, കൊഡഗു, കോത, തൊദ, കുറുക്ക്, മൽത്തോ, ഗോണ്ഡി, കുയി, കോലാമി, നൈകി, പാർജി,ഒല്ലാരി, ബ്രാഹുയി എന്നിങ്ങനെയുള്ള അസമ്പുഷ്ട ഭാഷകളും ദ്രാവിഡഗോത്രത്തിലുണ്ട്.
ഡോക്ടർ റോബർട്ട് കാൽഡ്വലിൻ്റെ പഠനമാണ് ഈ ഭാഷകളൊക്കെ ഒരു ഗോത്രമാണെന്ന നിഗമനത്തിലെത്തിച്ചത്.
മലയാളം എന്നവാക്ക് പ്രാരംഭത്തിൽ ദേശനാമം മാത്രമായിരുന്നുവെന്ന് ഏ.ആർ.സൂചിപ്പിക്കുന്നു. മലയാളനാട്ടിലെ ഭാഷ എന്ന അർത്ഥത്തിലാണ് മലയാള ഭാഷയെന്നു പറയുന്നു. ദേശത്തെ മലയാളം എന്നും ഭാഷയെ മലയാണ്മ അല്ലെങ്കിൽ മലയായ്മ എന്നും വിളിച്ചുവന്നു. എന്നാൽ, പിന്നീട് ആ ഭേദം ഇല്ലാതായി. ദേശനാമം തന്നെ ഭാഷയ്ക്കും ഉപയോഗിക്കാൻ തുടങ്ങി. പശ്ചിമഘട്ടത്തിൻ്റെ പടിഞ്ഞാറുള്ള ഭൂമി മുഴുവൻ മലയോട് ചേർന്നു കിടക്കുന്നതാകയാൽ മലനാട് എന്നും വിളിച്ചുവന്നു. ആര്യന്മാർ ഈ ഭൂമിയെ കേരളം എന്നു വിളിച്ചു. യഥാർത്ഥത്തിൽ കേരവൃക്ഷങ്ങൾ വന്നുചേരുന്നതിന്നു മുമ്പേ ഈ പേരുകിട്ടിയിരുന്നു. കച്ചവടത്തിനു വന്ന വിദേശികൾ അറബിക്കടലിനോടു ചേർന്ന പ്രദേശങ്ങളെ മലബാർ, മലിബാർ എന്നു വിളിച്ചു. ഇങ്ങനെയൊക്കെ വ്യത്യസ്ത നാമങ്ങൾ നമ്മുടെ നാടിനു വന്നുചേർന്നിട്ടുണ്ട്.
തൊൽകാപ്പിയം എന്ന തമിഴുഗ്രന്ഥ പ്രകാരം സംസ്കൃതത്തിൽ കേരളം എന്നു പറഞ്ഞു വന്ന ഈ ചേര രാജ്യത്തിന് ഏഴുവിഭാഗങ്ങൾ ഉണ്ടായിരുന്നു. വേണാട്, പൂഴിനാട്, കർക്കാനാട്, ചീതനാട്, കുട്ടനാട്,കുടനാട്, മലയമാനാട്.
കേരളം ഉണ്ടായതിനെ സംബന്ധിച്ച് പുരാണകഥാപാത്രമായ പരശുരാമനുമായി ബന്ധപ്പെടുത്തി ഐതിഹ്യം നിലവിലുണ്ട്.
മലൈനാടായ മലയാളത്തിലെ ആദിമനിവാസികൾ തമിഴരും അവരുടെ ഭാഷ തമിഴുമായിരുന്നുവെന്ന് ഏ.ആർ.വ്യക്തമാക്കുന്നു. നാടോടിബ്ഭാഷയായ പല തരം കൊടുന്തമിഴുകളിലൊന്ന് നമ്മുടെ മലയാളമായിത്തീർന്നുവെന്ന് ഏ. ആർ. അഭിപ്രായപ്പെടുന്നു.
വ്യവഹാര ഭാഷയായ മലയാളത്തിന് ഭാഷയെന്ന നിലയിൽ കുറിക്കുന്ന ശബ്ദപദവി കിട്ടിയിട്ട് ഏറെ കാലമായിട്ടില്ല. എന്താണ് മലയാളമെന്ന പദത്തിൻ്റെ ഉത്ഭവം എങ്ങനെയുണ്ടായി? മലയുടെയും ആഴത്തിൻ്റെയും (സമുദ്രം) ഇടയിലുള്ള ദേശം എന്ന അർത്ഥത്തിൽ വന്നതാകാമെന്ന് ഒരു അഭിപ്രായമുണ്ട്. ആഴം എന്നല്ല, അളം എന്നതാണ് കൂടുതൽ ഉചിതമായ പദം എന്നും വ്യാഖ്യാനമുണ്ട്. അളം എന്നാൽ ദേശം. മലയോടു ചേർന്നു കിടക്കുന്ന ദേശം എന്ന് വായിക്കാം. ഇതാണ് കൂടുതൽ സ്വീകാര്യം.
മലയാളഭാഷയുടെ ഉത്ഭവത്തെ സംബന്ധിച്ചു പല വാദങ്ങൾ നിലവിലുണ്ട്. സംസ്കൃതത്തിൽ നിന്നു രൂപമെടുത്തു, തമിഴിൽ നിന്നാണ് ജന്മം കൊണ്ടത്, സ്വതന്ത്രമായാണ് വളർന്നത് എന്നൊക്കെ അഭിപ്രായപ്പെട്ട പണ്ഡിതന്മാർ നിരവധിയാണ്.
സംസ്കൃതജന്യവാദം:
മലയാളം സംസ്കൃതജന്യമാണെന്ന അഭിപ്രായം അവതരിപ്പിച്ചത് കോവുണ്ണി നെടുങ്ങാടിയാണ്. അദ്ദേഹം എഴുതിയ കേരളകൗമുദി എന്ന വ്യാകരണത്തിൻ്റെ തുടക്കത്തിൽ ഇങ്ങനെയൊരു പദ്യശകലമുണ്ട്:
സംസ്കൃതഹിമഗിരിഗളിതാ
“ദ്രാവിഡവാണീകളിന്ദജാമിളിതാ
കേരള ഭാഷാ ഗംഗാ
വിഹരതു മേ ഹൃൽസരസ്വദാസംഗാ”
സംസ്കൃതമാകുന്ന ഹിമാലയത്തിൽ നിന്നു പുറപ്പെട്ട്, ദ്രാവിഡഭാഷയാകുന്ന കാളിന്ദിയോടു ചേർന്നു കേരള ഭാഷയാകുന്ന ഗംഗ എൻ്റെ ഹൃദയമാകുന്ന സരസ്സിൽ ചേർന്നു വിഹരിക്കട്ടെ എന്നാണ് ഈ വരികളുടെ അർത്ഥം. എന്നാൽ, തുടർന്ന് മലയാളത്തിൻ്റെ ഉൽപ്പത്തിയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നു:
“ആര്യദ്രാവിഡ വാഗ്ജാതാ
കേരളീയോക്തി കന്യക”
ആര്യദ്രാവിഡ ഭാഷകളുടെ (സംസ്കൃതം, തമിഴ്) സംയോഗത്തിൽ നിന്നാണ് കേരളഭാഷയുടെ ജനനം എന്ന് ഇതു വ്യക്തമാക്കുന്നു. അതിനാൽ കോവുണ്ണി നെടുങ്ങാടിയെ ഈ വാദത്തിൽ നിന്നും ഒഴിവാക്കുന്നതാകും ബുദ്ധി. വടക്കുംകൂർ രാജരാജവർമ്മ സംസ്കൃതജന്യവാദത്തെ പിന്തുണയ്ക്കുന്നു.
തമിഴ് ബന്ധം:
മലയാളഭാഷയ്ക്കു തമിഴിൻ്റെ പുത്രീപദം നല്കണമെന്നു പറഞ്ഞത് കാൽഡ്വെൽ ആണ്. കുട്ടം, കുടം, കർക്ക, വെൺ, പൂഴി എന്നീ അഞ്ചു നാടുകളിലെ കൊടുന്തമിഴാണ് മലയാളമായി പരിണമിച്ചതെന്ന് ഏ. ആർ. പറയുന്നു.
സ്വതന്ത്രവാദം:
തമിഴും മലയാളവും വളരെ അടുത്ത ബന്ധമുള്ള ഭാഷകളാണ്. മലയാളത്തെ തമിഴിൻ്റെ ഒരു ഉപശാഖയായി ഗണിക്കുന്നത് ശരിയല്ലെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. രണ്ടും ഒരേ പൂർവദ്രാവിഡഭാഷയിൽ നിന്നും സ്വതന്ത്രമായി ഉരുത്തിരിഞ്ഞവയാണ്. സഹോദരീഭാഷകളാണെന്നർത്ഥം. മലയാളത്തിൻ്റെ ആദിരൂപം തമിഴല്ല, മൂലദ്രാവിഡ ഭാഷയാണെന്ന അഭിപ്രായം മുന്നോട്ടുവെക്കുന്നവരാണ് ആറ്റൂർ കൃഷ്ണപ്പിഷാരടി, ഉള്ളൂർ എസ്.പരമേശ്വരയ്യർ, ഡോക്ടർ ഗോദവർമ്മ മുതലായവർ.
മിശ്രജന്മം:
സംസ്കൃതം, തമിഴ് എന്നീ രണ്ടുഭാഷകൾ ചേർന്നുണ്ടായതാണ് മലയാളം എന്ന അഭിപ്രായവുമുണ്ട്. കോവുണ്ണി നെടുങ്ങാടി തന്നെ ഈ നിരീക്ഷണത്തിലെത്തുന്നുണ്ടല്ലോ. ഇളംകുളം കുഞ്ഞൻപിള്ള അദ്ദേഹത്തിൻ്റെ കേരളഭാഷയുടെ വികാസപരിണാമങ്ങൾ എന്ന കൃതിയിൽ സംസ്കൃതവും തമിഴും ഇടകലർന്നതിൻ്റെ ഫലമായാണ് മലയാളം ഉണ്ടായതെന്നു സിദ്ധാന്തിക്കുന്നു.
ഇത്തരം വാദങ്ങൾക്കെല്ലാം അതിൻ്റേതായ പരിമിതികൾ ഉണ്ട്. ദൗർബല്യങ്ങൾ ഏറെയുണ്ടെന്നർത്ഥം. കേരളത്തിലെ ആദിമ നിവാസികൾ സംസാരിച്ചിരുന്ന ഒരു തരം പ്രാകൃതഭാഷയും മറ്റു ദ്രാവിഡ ഭാഷകളും ചേർന്നാണ് മലയാളമുണ്ടായതെന്ന അഭിപ്രായവും ഉണ്ടായിട്ടുണ്ട്. പൂർവദ്രാവിഡഭാഷയിൽ നിന്നും ഉടലെടുത്ത സമാനഭാഷകൾ എന്നേ തമിഴിനെയും മലയാളത്തെയും കുറിച്ച് പറയാൻ സാധിക്കൂ. ഡോക്ടർ കെ.എം. ജോർജ് ഈ വിഷയം സമഗ്രമായി വിലയിരുത്തി നിഗമനത്തിലെത്തുന്നു:
“ ദ്രാവിഡ ഗോത്രത്തിൽ നിന്നും പിരിഞ്ഞ് കേരളത്തിലെ പ്രത്യേക പരിത:സ്ഥിതികളിൽ രൂപം കൊണ്ടു വളർന്നതും, തമിഴ്, തെലുങ്ക്, കന്നടം എന്നീ ഭാഷകളെപ്പോലെ വ്യക്തിത്വവും അതിൽ കുറയാത്ത പ്രാചീനതയും അവകാശപ്പെടാവുന്നതുമായ ഒരു ഭാഷയാണ് മലയാളം എന്നു സിദ്ധിക്കുന്നു.”
അതിനാൽ, ഭാഷയെ സംബന്ധിച്ച് പിതാവ്, സഹോദരീ, പുത്രി മുതലായ ബന്ധുത്വങ്ങൾ ആരോപിക്കുന്ന പതിവ് അവസാനിക്കേണ്ടതാണ്. ഭാഷ കൊള്ളക്കൊടുക്കലുകളിലൂടെ വളരുന്ന പ്രതിഭാസമാണ്. മലയാളം സംസ്കൃതത്തിൻ്റെയും തമിഴിൻ്റെയും സ്വാധീനം അനുഭവിച്ചിട്ടുണ്ട്. ഇന്ന് ഇംഗ്ലീഷിൻ്റെ സ്വാധീനവും മലയാളത്തിൽ പ്രത്യക്ഷമാണ്.
ഭാഷ ജൈവമാണെന്നതിൻ്റെ തെളിവാണ് ഈ കൂടിക്കലരൽ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ