എൻ്റെ കോഴിക്കോടു യാത്ര: മൂർക്കോത്തു കുമാരൻ
AEC Humanities First Semester
ആദ്യകാല ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് മൂർക്കോത്ത് കുമാരൻ. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, സി. എസ് ഗോപാലപ്പണിക്കർ, അമ്പാടി നാരായണപ്പൊതുവാൾ, എം.ആർ.കെ.സി എന്നറിയപ്പെടുന്ന ചെങ്കുളത്ത് ചെറിയ കുഞ്ഞിരാമമേനോൻ, ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ, കെ.സുകുമാരൻ, കുറ്റിപ്പുറത്ത് കിട്ടുണ്ണി നായർ, അപ്പൻ തമ്പുരാൻ മുതലായവർ മൂർക്കോത്ത് കുമാരനൊപ്പം ആദ്യകാല ചെറുകഥാകൃത്തുക്കളായി അറിയപ്പെടുന്നു. വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ‘വാസനാവികൃതി’ എന്ന കഥയാണ് മലയാള സാഹിത്യത്തിലെ ആദ്യത്തെ ചെറുകഥ. സങ്കല്പം, അത്ഭുതം, വിനോദം, സാഹസികത, കുറ്റാന്വേഷണം മുതലായവയ്ക്കാണ് ആദ്യകാല ചെറുകഥാകൃത്തുക്കൾ പ്രാധാന്യം നൽകിയത്. സാമൂഹിക പ്രശ്നങ്ങളോട് വലിയ താല്പര്യമൊന്നും അവർ പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ മൂർക്കോത്ത് കുമാരൻ വ്യത്യസ്തനായിരുന്നു. കേവല സങ്കൽപ്പങ്ങളുടെ ആവിഷ്കാരം എന്ന നിലയിൽ നിന്നും മനുഷ്യൻ്റെ സാമൂഹിക ജീവിതത്തിലേക്കുള്ള നിരീക്ഷണമായി കഥയെ മാറ്റുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. രസികത്തം നിറഞ്ഞ കഥകൾ ആയിരുന്നു മൂർക്കോത്ത് കുമാരൻ എഴുതിയത്. കൗതുകവും വിനോദവും നിറഞ്ഞ ആദ്യകാല കഥകളിൽ നിന്നും സാമൂഹികമായ ഉൾക്കാഴ്ചകളിലേക്കുള്ള പരിണാമം ഇവിടെ ആരംഭിക്കുന്നു. സരളവും സരസവുമായ പ്രതിപാദനം അദ്ദേഹത്തിൻ്റെ കഥകളുടെ ശോഭ വർദ്ധിപ്പിക്കുന്നു. മാറുന്ന കാലഘട്ട സംബന്ധിയായ അറിവ് അവ വിനിമയം ചെയ്യുന്നു. നൂറോളം ചെറുകഥകൾ മൂർക്കോത്തു കുമാരൻ എഴുതിയിട്ടുണ്ട്. സാമുദായിക പ്രവർത്തകനും മിതവാദി, ദീപം, കേരള സഞ്ചാരി തുടങ്ങിയ ആനകാലികങ്ങളുടെ പത്രാധിപരുമാണ് അദ്ദേഹം.
കാര്യശ്രദ്ധയില്ലാതെയിരുന്നാൽ സംഭവിക്കാവുന്ന അപായങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുവാനുള്ള ശ്രമമാണ് കോഴിക്കോട് യാത്ര എന്ന കഥ. വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ‘മദിരാശിപിത്തലാട്ടം’ എന്ന കഥയിൽ മദിരാശിയിൽ എത്തുന്ന നാട്ടുകാരനെ ഒരു തമിഴൻ കബളിപ്പിക്കുന്ന അവസ്ഥ ചിത്രീകരിക്കുന്നുണ്ട്. ‘എൻ്റെ ആദ്യയാത്ര’ എന്ന കഥയിൽ ഇ.വി.കൃഷ്ണപിള്ളയും യാത്രാമധ്യേ കബളിപ്പിക്കപ്പെടുന്ന അനുഭവം ആവിഷ്കരിച്ചിട്ടുണ്ട്. ‘ഇന്ദുലേഖ’ എന്ന നോവലിലെ നായകകഥാപാത്രമായ മാധവൻ ദേശസഞ്ചാരത്തിനിടെ സമർത്ഥനായ ഒരു കള്ളനാൽ പറ്റിക്കപ്പെടുന്നുണ്ട്. ഇത്തരം കഥാനുഭവങ്ങൾ കൂടുതൽ ജാഗ്രത്തായ ജീവിത വീക്ഷണത്തിനും ലോകബോധത്തിനും സഹായകമാണ്.
എൻ്റെ കോഴിക്കോടു യാത്ര എന്ന കഥയും ഒരു കബളിപ്പിക്കലിൻ്റേതാണ്. മദിരാശിയാണ് പശ്ചാത്തലം.
അമ്മാവനെ ആശ്രയിച്ച് മദിരാശിയിൽ കഴിയുന്ന മരുമകൻ. അയാളുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു. വിവാഹ തീയതി അടുക്കുകയാണ്. വിവാഹത്തിന് കുറച്ചുനാൾ മുമ്പേ വീട്ടിൽ എത്തണം. ചില്ലറ സാമഗ്രികൾ മേടിക്കാനുണ്ട്. ബോംബെയിൽ നിന്നും അമ്മാവൻ അയക്കുന്ന പണത്തിനായി കാത്തിരിക്കുകയാണ് അയാൾ. പതിനാറാം തീയതിയാണ് വിവാഹം എങ്കിൽ എന്ന് അഞ്ചാം തീയതി ആയിരിക്കുന്നു. എന്താ ചെയ്യുക? ഇങ്ങനെ പരിഭ്രമിച്ചിരിക്കെ പോസ്റ്റുമാൻ വരികയും മണിയോഡർ നൽകുകയും ചെയ്തു. തപാൽ ശിപായിയുടെ കൂടെ പണി പഠിക്കാൻ വന്ന ഒരുവൻ യാത്രാസംബന്ധിയായ കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു. ധൃതിയിൽ അതിനുള്ള മറുപടിയും നൽകി. വൈകുന്നേരം
മദിരാശിയിൽ നിന്നും കോഴിക്കോട്ടേക്ക് ഉള്ള മെയിൽ വണ്ടിയിൽ പുറപ്പെട്ടു. ആദ്യം വേറെയാരും മുറിയിൽ ഇല്ലായിരുന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ ഒരു ചെറിയ കെട്ടുമായി മുറിയിലേക്ക് വന്നു. ആദ്യം അസ്വസ്ഥത തോന്നിയെങ്കിലും പരിചയപ്പെട്ടപ്പോൾ അയാൾ സരസനാണെന്ന് തോന്നി. ആരായാൽ എന്ത്? വണ്ടിയിൽ എല്ലാവരും സമന്മാരല്ലേ? എന്നു ചിന്തിച്ചു. അയാൾ തമിഴനാണെന്ന് തോന്നി. രൂപവും ഉയരവും ഒക്കെ ഗംഭീരം. നല്ല ഇംഗ്ലീഷിൽ താൻ കോഴിക്കോട്ടേക്കാണെന്ന് അയാൾ പറഞ്ഞു. ഈ ദുർഘടം കോഴിക്കോട് വരെ ഉണ്ടല്ലോ എന്നോർത്ത് മരുമകന് (കഥാനായകന്) വെറുപ്പുതോന്നി.
അയാളോട് സംസാരിച്ചപ്പോൾ പേര് അരുണാചലം പിള്ള എന്ന് മനസ്സിലായി. ബി.എ. പാസ്സായിട്ടുണ്ട്. പോലീസ് ഇൻസ്പെക്ടർ ആണ്. കേസന്വേഷണത്തിന് മലബാറിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. അങ്ങനെയിരിക്കെ, കഥാനായകന്റെ കാല് ഭാണ്ഡത്തിൽ എന്തോ ഒന്നിൽ തട്ടി. അതെന്താണെന്ന് അറിയാനുള്ള ഉത്കണ്ഠയുണ്ടായി. നിർബന്ധിച്ചപ്പോൾ അയാൾ ഭാണ്ഡം തുറന്ന് രണ്ട് ആമം പുറത്ത് വെച്ചു. ഇതെങ്ങനെയാണ് കൈയ്ക്ക് ഇടുന്നതെന്നായി സംശയം. പിള്ള ആമം തുറന്നു കഥാനായകന്റെ കൈക്കിട്ടു പൂട്ടി. മറ്റൊന്ന് കാലിനുമിട്ടു പൂട്ടി. കുറച്ചു കഴിഞ്ഞപ്പോൾ കഥാനായകന് വല്ലായ്മ തോന്നിത്തുടങ്ങി. വിലങ്ങ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. അപ്പോൾ അയാൾ, നിങ്ങളെ കാണാൻ ബഹുരസമുണ്ടെന്ന് പറഞ്ഞു. എത്രയൊക്കെ നിർബന്ധിച്ചിട്ടും അപേക്ഷിച്ചിട്ടും പിള്ള ആമം നീക്കാൻ തയ്യാറായില്ല. ഞാനിപ്പോൾ വണ്ടി നിർത്താൻ ബട്ടൺ അമർത്തും എന്നു പറഞ്ഞു. ഗാർഡിനെ വിളിക്കുമെന്നും പറഞ്ഞു. പക്ഷേ ഒന്നും വിലപ്പോയില്ല. എന്നിരുന്നാലും പരമയോഗ്യനായ ഇയാളെ സംശയിക്കുന്നത് കഷ്ടമല്ലേ? സൂക്ഷിച്ചു നോക്കിയപ്പോൾ രാവിലെ കണ്ട തപാൽ ശിപായിയുടെ കൂടെ വന്നവന്റെ മുഖവുമായി സാദൃശ്യമുണ്ടെന്നു തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ കഥാനായകന്റെ സമീപം വന്നിരുന്നു. സരസമായി സംസാരിച്ചുകൊണ്ട് കുപ്പായക്കീശയിൽ കയ്യിട്ടു താക്കോൽ എടുത്തു. പെട്ടി തുറന്നു. പണം എടുത്തു. മോതിരം ഊരിയെടുക്കുകയും ചെയ്തു. ഇപ്പോഴാണ് കഥാനായകന് സംഭവത്തിൻ്റെ ഗൗരവം മനസ്സിലായത്. താൻ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. ചതി. അയാൾ നിർജീവനായി പ്പോയി. വണ്ടി സ്റ്റേഷനോട് അടുത്തപ്പോൾ പിള്ള ഒരു താക്കോലെടുത്ത് വണ്ടിയുടെ വാതിൽ തുറന്നു സ്റ്റേഷനിൽ ഇറങ്ങി. ആമത്തിന്റെ താക്കോൽ വണ്ടിയിൽ തന്നെ താഴെ ഇടുകയും ചെയ്തു. അയാൾ വണ്ടിയിൽ നിന്ന് ഇറങ്ങി വയലിലൂടെ ഓടിപ്പോയി. കഥാനായകൻ എങ്ങനെയെല്ലാമോ എഴുന്നേറ്റ് ചാടിച്ചാടി സ്റ്റേഷൻ മാസ്റ്ററെയും മറ്റും വിളിച്ച് എങ്ങനെയെല്ലാമോ സ്വതന്ത്രനായി. കബളിതനായ വിവരം പോലീസിൽ അറിയിച്ചെങ്കിലും കള്ളനെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചില്ല. വേഷത്തിലും രൂപഭാവങ്ങളിലും ഒന്നുമല്ല കാര്യമെന്നും അന്യദേശങ്ങളിൽ ചെന്നാൽ പറ്റിക്കപ്പെടാൻ ഇടയുണ്ടെന്ന് കഥ വെളിവാക്കുന്നു. ട്രെയിൻ പോലുള്ള പൊതു മണ്ഡലങ്ങൾ ജനങ്ങളുടെ സാമ്പത്തിക സാമൂഹിക അകലം കുറക്കാനുള്ള ഉപാധിയായി തീർന്നിട്ടുണ്ട് എന്നതും കഥയിൽ നിന്നും വ്യക്തമാണ്. സരസമായ പ്രതിപാദനത്തിലൂടെ സമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന തിന്മകളിലേക്കുള്ള വിഹഗ വീക്ഷണമാണ് കഥാകൃത്ത് നിർവഹിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ