പാശ്ചാത്യ/സംസ്കൃത വിമർശരീതികൾ
സുകുമാർ അഴിക്കോടിൻ്റെ മലയാളസാഹിത്യ വിമർശനത്തെ ഉപജീവിച്ചു കൊണ്ട് പാശ്ചാത്യസാഹിത്യത്തിലെയും സംസ്കൃത സാഹിത്യത്തിലെയും വിമർശനരീതികൾ എന്തായിരുന്നുവെന്ന് നിരീക്ഷിക്കുകയാണ് ഇവിടെ.
സാഹിത്യകാരന്മാരെയും സാഹിത്യകൃതികളെയും പറ്റിയുള്ള പല മട്ടിലുള്ള ചിന്തകളെ ഉൾച്ചേർത്തു കൊണ്ട് ജോൺ ഡ്രൈഡൻ എന്ന പാശ്ചാത്യ സാഹിത്യവിമർശകൻ ക്രിട്ടിസിസം എന്ന വാക്ക് (വിമർശനം) ഇംഗ്ലീഷിൽ ഉപയോഗിച്ചു. വിമർശനപരമായ സ്വഭാവമുള്ള എഴുത്തിനെയെല്ലാം വിമർശനസാഹിത്യമെന്നു വിളിച്ചു. ഈ സാഹിത്യപ്രസ്ഥാനത്തിൽ മൂന്നു പ്രധാന വിഭാഗങ്ങൾ.
1.നിയാമകവിമർശനം (legislative Criticism)
2. സൈദ്ധാന്തിക വിമർശനം (Theoretical Criticism)
3. വിവരണാത്മക വിമർശനം (Descriptive Criticism)
കവികൾ എങ്ങനെ എഴുതണമെന്നതിനെ സംബന്ധിച്ച നിർദ്ദേശങ്ങളും ഉപദേശങ്ങളും ഗൗരവത്തോടെ നല്കുന്ന കൃതികൾ നിയാമക വിമർശനത്തിൽ ഉള്ളടങ്ങുന്നു.
കാവ്യതത്ത്വവും സാഹിത്യമൂല്യവും എന്താണെന്ന അന്വേഷണത്തിൽ ഊന്നുന്നതാണ് സൈദ്ധാന്തികവിമർശനം. കാവ്യതത്ത്വങ്ങൾ ചർച്ച ചെയ്യുന്ന കൃതികൾ ഈ വിഭാഗത്തിൽ വരുന്നു.
സാഹിത്യകൃതികളെ പരിശോധിച്ചു ഗുണദോഷനിരൂപണം നടത്തി വിലയിരുത്താൻ പര്യാപ്തമാണ് വിവരണാത്മക വിമർശനം. വിമർശന സാഹിത്യത്തിൽ ഇന്ന് സാധാരണമായ സാഹിത്യവിമർശനം എന്ന വിഭാഗം ഇതാണ്.
വിമർശനരീതികൾ സംസ്കൃതത്തിൽ
ഇംഗ്ലീഷിലുള്ള പോലെ, സംസ്കൃതത്തിലും വിമർശനം മൂന്നു തരം കാണാം.
1. കവിശിക്ഷ
2. സാഹിത്യമീമാംസ
3. വ്യാഖ്യാനം
ഇവ ഇംഗ്ലീഷിലെ വിമർശനരീതികളായ നിയാമകവിമർശനം, സൈദ്ധാന്തിക വിമർശനം, വിവരണാത്മക വിമർശനം എന്നിവയോടു ചേർന്നു നില്ക്കുന്നു.
1. കവിശിക്ഷ
കാവ്യരചന സമർത്ഥമായി നടത്തുന്നതിനുള്ള ഉപദേശങ്ങളത്രെ കവിശിക്ഷയിൽ പ്രതിപാദിക്കപ്പെടുന്നത്. കാവ്യനിർമ്മാണമാർഗ്ഗത്തിനു മാത്രം പ്രാധാന്യം നല്കുന്ന കൃതികളും നിരവധിയുണ്ട്. രാജശേഖരൻ - കാവ്യമീമാംസ, ക്ഷേമേന്ദ്രൻ - കവികണ്ഠാഭരണം, അമരസിംഹൻ - കാര്യകല്പലത മുതലായവ ഉദാഹരണം.
2. സാഹിത്യമീമാംസ
സാഹിത്യപരമായ സൈദ്ധാന്തിക ചർച്ചയിലാണ് സംസ്കൃതം വിജയം കൈവരിച്ചിട്ടുള്ളത്. സംസ്കൃതത്തിലെ സാഹിത്യമീമാംസ ഇന്ത്യയിൽ ഏറ്റവും വികാസം പ്രാപിച്ചതും അന്നത്തെപ്പോലെ ഇന്നും ലോകത്തിനു ദീപസ്തംഭമായി പ്രശോഭിച്ചു പോരാൻ കഴിവുള്ളതുമാണെന്ന് സുകുമാർ അഴീക്കോട് പ്രശംസിക്കുന്നു. അവ ആധുനിക ലോകസാഹിത്യചിന്തകൾക്കു പോലും പ്രചോദനം നല്കാൻ ശേഷിയുള്ളവയാണ്. സാഹിത്യത്തെ ഏതെല്ലാം വ്യത്യസ്ത വീക്ഷണകോണുകളിലൂടെ വീക്ഷിക്കാനാകുമോ, അവയിലൂടെ വീക്ഷിച്ച് ആ ദർശനങ്ങളെ സമന്വയിച്ച് ഒരു കാവ്യമഹാദർശനം ഭാരതീയരായ ആലങ്കാരികന്മാർ സൃഷ്ടിച്ചു. പല നിലപാടുകളിൽ നിന്നു നോക്കിക്കാണാവുന്ന ഒന്നാണ് കാവ്യം. അലങ്കാരഗുണരീതി പദ്ധതികളും രസ പദ്ധതിയും ഔചിത്യപദ്ധതിയും ധ്വനിപദ്ധതിയും അതിൻ്റെ ഭാഗമായാണ് രൂപപ്പെട്ടത്.
3. വ്യാഖ്യാനം
മറ്റേതൊരു ഭാഷയിലും സാഹിത്യത്തിലും കാണാത്ത മട്ടിലുള്ള ഒരു വിമർശനരീതിവിശേഷമത്രെ സംസ്കൃതത്തിലെ വ്യാഖ്യാനപ്രസ്ഥാനം. ഇതിന് സമാനമായുള്ള വിമർശനരീതി മറ്റൊന്നിലുമില്ല. എന്താണ് വ്യാഖ്യാനം?
പദം മുറിച്ച് അന്വയം പറഞ്ഞ്, സന്ധി സമാസാദികളായ ശബ്ദക്കുരുക്കുകൾ അഴിച്ച് പദാർത്ഥവും (പദത്തിൻ്റെ അർത്ഥം) താല്പര്യാർത്ഥവും (എന്താണ് ഉദ്ദേശിക്കുന്നതെന്ന് - ) തെളിയിക്കലാണ് വ്യാഖ്യാനം.
ഈ വിമർശനരീതികൾ മലയാള സാഹിത്യത്തെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ