പ്രകൃതിപാഠങ്ങൾ: ടി.പി. രാജീവൻ

 AEC Humanities First Semester 

നിരവധി കാവ്യസമാഹാരങ്ങളുടെ രചയിതാവാണ് ടി.പി.രാജീവൻ. നോവൽ, യാത്രാവിവരണം, ലേഖനസമാഹാരം മുതലായവയും അദ്ദേഹത്തിൻ്റേതായി മലയാള സാഹിത്യത്തിന് ലഭിച്ചിട്ടുണ്ട്. പ്രകൃതിയോടും സമൂഹത്തോടുമുള്ള കടപ്പാട് തൻ്റെ കൃതികളിൽ അദ്ദേഹം ആവിഷ്കരിക്കുന്നു. വാതിൽ, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാൾ, വയൽക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം എന്നിവ കവിതാ സമാഹാരങ്ങളാണ്. ‘പുറപ്പെട്ടു പോകുന്ന വാക്ക്’ യാത്രാവിവരണവും ‘അതേ ആകാശം അതേ ഭൂമി’ എന്ന കൃതി ലേഖന സമാഹാരവുമാണ്. ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’, ‘കെടിഎൻ കോട്ടൂർ എഴുതും ജീവിതവും’ എന്നിവ നോവലുകളാണ്. ഇംഗ്ലീഷിലും നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. പലപല ഭാഷകളിലേക്ക് അദ്ദേഹത്തിൻ്റെ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളകവിതയ്ക്ക് ആഗോളതലത്തിൽ ശ്രദ്ധ കിട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം മലയാളകവിത സൂക്ഷ്മ പാരായണത്തിന് വിധേയമാക്കേണ്ടതാണെന്ന കാഴ്ചപ്പാട് സമൂഹത്തിൽ ഉളവാക്കാനും ടി.പി.രാജീവിന്റെ രചനകൾക്ക് സാധിച്ചു. സാമൂഹ്യവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ തന്നെയാണ് ടി.പി. രാജീവനിലെ കവിയെ പ്രചോദിപ്പിച്ചിട്ടുള്ളത് എന്നു കാണാം. ‘പ്രകൃതിപാഠങ്ങൾ’ എന്ന കവിത പ്രകൃതി സമൂഹത്തിനു പകർന്നു നൽകുന്ന പാഠങ്ങൾ മനസ്സിലാക്കാത്ത, അവയെ ദുർവ്യാഖ്യാനം ചെയ്തു പ്രയോഗിക്കുന്ന മനുഷ്യനെ എങ്ങനെ ബാധിക്കുന്നുവെന്ന് അനാവരണം ചെയ്യുന്നു. 

ഇന്ന് ഭരണഘടനയുടെ സാധുതയും പ്രയോഗവും ഒരു ചർച്ചാവിഷയമാണ്. ഒരു രാജ്യത്തിലെ പൗരന്മാരുടെ അവകാശങ്ങളെയും നിയമങ്ങളെയും പറ്റി സംസാരിക്കുന്ന ഗ്രന്ഥമാണ് ഭരണഘടന. പൗരന്മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും അതുറപ്പുവരുത്തുന്നു. അവരെ മൗലിക കടമകളെക്കുറിച്ച് ബോധവാന്മാരാക്കുന്നു. ഭരണകൂട സംവിധാനത്തെക്കുറിച്ചും കേന്ദ്രസംസ്ഥാനബന്ധങ്ങളെക്കുറിച്ചും വകുപ്പുകളെ ഏകീകരിക്കേണ്ടതിനെക്കുറിച്ചും അതിൽ പ്രതിപാദിക്കുന്നു. രാജ്യത്തിൻ്റെ മൗലിക നിയമപ്പുസ്തകമാണത്. രാജ്യത്തെ ഭരണസംവിധാനത്തെക്കുറിച്ചുള്ള അടിസ്ഥാന ചട്ടങ്ങളും നിയമങ്ങളും അവകാശങ്ങളും കടമകളും അതിലടങ്ങിയിരിക്കുന്നു. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് അതിൻ്റെ പ്രാഥമികോത്തരവാദിത്വം.

പുഴകൾ രാജ്യത്തെ പൗരന്മാരല്ലാത്തതിനാൽ അവയോട് എങ്ങനെ പെരുമാറണം, ഇടപഴകണം അവയ്ക്ക് എങ്ങനെ നീതി ലഭ്യമാക്കണം എന്നിങ്ങനെയുള്ള കാര്യമൊന്നും ഭരണഘടനയിൽ പറയുന്നില്ല. അതിനാൽ പുഴകളെ എങ്ങനെയും കൊല്ലാം. ആരും ചോദിക്കാനും പറയാനും വരില്ല. ആ പുഴകൾക്ക് ഓജസ്സും ഊർജ്ജവും ഉണ്ടെന്ന് ഏവർക്കും അറിയാം. “വഴങ്ങാത്ത ഒഴുക്കുള്ള വരെയും അറിയാത്ത ആഴങ്ങൾ ഉള്ളവരെയും എങ്ങനെയും കൊല്ലാം” എന്നാണ് കവി പറയുന്നത്. പുഴകളുടെ വിശാലതയും ആഴവും എന്ന വാച്യാർത്ഥതലത്തിനപ്പുറം നാടിന്റെ രാഷ്ട്രീയ ബോധ്യങ്ങളെ സംബന്ധിക്കുന്ന പ്രയോഗവുമാണത്. ആർക്കും വഴങ്ങാത്തവരെ വകവരുത്തുകയും, അറിവിന്റെ നിഗൂഢത മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തികളെ അപകടകാരികളായി ചിത്രീകരിക്കുകയും ചെയ്യുന്നത് സ്വാഭാവികകാഴ്ചയാണ്. ചോദ്യം ചെയ്യുന്നവരും വഴങ്ങാത്തവരും അറിവുള്ളവരും കക്ഷി രാഷ്ട്രീയക്കാരുടെ പേടിസ്വപ്നമാണെന്ന് ധ്വനി ഈ വരികളിൽ അടങ്ങിയിരിക്കുന്നു.

മരങ്ങൾക്ക് ഒരു രാജ്യത്തും പൗരത്വമില്ല. ഭൂമിയുടെ മറുപുറം തിരയുന്ന സൂര്യനിലേക്ക് കുതിക്കാൻ വെമ്പുന്ന അവയെ ഏതു മണ്ണിൽ നിന്നും പിഴുതെറിയാമെന്നും കവി പറയുന്നു. അതൊരു മുന്നറിയിപ്പുകൂടിയായി കാണണം. മരങ്ങളുടെ തലകുത്തിയുള്ള നിൽപ്പ് ഭൂമിയുടെ മറുഭാഗത്തെ സംബന്ധിച്ചുള്ള അറിവ് തേടലാണെന്ന് കവി സങ്കൽപ്പിക്കുന്നു. സൂര്യനിലേക്ക് കുതിക്കുന്ന എന്ന പ്രയോഗത്തിൽ നിന്നും വളരെ വേഗം വളരുന്ന എന്ന ആശയവും ലഭിക്കും. ഈ രണ്ടു പ്രയോഗങ്ങളും മരങ്ങളെ മാത്രമല്ല രഹസ്യങ്ങളുടെ ഉള്ളറകൾ ചികയുന്ന മനുഷ്യരെയും അപാരതകളിലേക്ക് സഞ്ചരിക്കാൻ വെമ്പുന്ന വ്യക്തികളെയും സൂചിപ്പിക്കുന്നു. ഇവരെ മണ്ണിൽ നിന്ന് വളരെ വേഗം പിഴുതെറിയണം. ഒരു ഭരണഘടനയും ചോദിക്കില്ല.

ജനറൽനോളജ് തടാകങ്ങൾക്ക് ഇല്ലല്ലോ. അതുകൊണ്ട് അവയെ, ആ ശാന്തസ്വഭാവികളെ, എല്ലാ പരീക്ഷകളിലും തോൽപ്പിക്കാം. തിരമാലകൾ ഉള്ളിൽ ഒതുക്കുന്നവർ, നിശ്ശബ്ദരായവർ എന്നീ വിശേഷണങ്ങൾ സമൂഹത്തിൻ്റെ നിശ്ചേഷ്ടതയെ പ്രകാശിപ്പിക്കുന്നു. വികാരവിചാരങ്ങളെ ഉള്ളിലൊതുക്കുന്നവരാണ് തിരമാലകൾ ഉള്ളിലൊതുക്കുന്നവർ. 

പർവതങ്ങൾ തടിയന്മാരാണ്. ചക്രവർത്തിമാരെ കാണുന്നേരം ചാടി എഴുന്നേറ്റു നമസ്തേ പറയാൻ അവയ്ക്കാവില്ല. അതിനാൽ അവയെ ചങ്ങലക്കിട്ടാൽ ആരും ചോദിക്കില്ല. ഒറ്റയ്ക്ക് നിൽക്കുന്നവരാണവർ. ആകാശത്തിന്റെ അർത്ഥമറിയുന്ന, അംബരചുംബികളായ അവരുടെ വിധി ചങ്ങലയിൽ കുരങ്ങിക്കിടക്കുക എന്നതാണ്. മൗലികമായ ചിന്തയും സ്വപ്നങ്ങളും ഉള്ളവർ എന്നും തടവറക്കുള്ളിലോ നിരീക്ഷണ വലയ്ക്കുള്ളിലോ ആണെന്ന് നമുക്കറിയാവുന്ന കാര്യമാണ്. 

വെള്ളച്ചാട്ടങ്ങൾ ഒരിക്കലും നിയമങ്ങൾ അനുസരിക്കാറില്ല ഒഴുക്ക്, കാറ്റിൻ്റെ ഗതി എന്നിവയൊക്കെ അവയെ സ്വാധീനിക്കും. അതിനാൽ സാഹസികതയിലേക്ക് സ്വയം എടുത്തുചാടുന്നവരെ, വീഴ്ച ശക്തിയാക്കുന്നവരെ തള്ളിപ്പറയാൻ ഏതു സമയത്തും മടിക്കേണ്ടതില്ല.

ഇടി, മിന്നൽ, കാറ്റ്, മഴ മുതലായവയ്ക്ക് സംഘടനകളോ നേതാക്കന്മാരോ ഇല്ല. അതിനാൽ ഓർക്കാപ്പുറത്ത് വന്ന് ഞെട്ടിക്കുന്ന ഇക്കൂട്ടരെ എന്നെന്നേക്കുമായി പുറത്താക്കി വാതിൽ അടക്കാം.

തങ്ങൾക്ക് ഹിതകരമല്ലാത്ത എല്ലാറ്റിനെയും പുറത്താക്കാനും എതിർശബ്ദം ഉയരാതിരിക്കാനും സർഗാത്മകതയെ വെട്ടിവീഴ്ത്താനുമുള്ള ശ്രമങ്ങൾ ഇന്ന് രാജ്യമെമ്പാടും നടക്കുന്നു. മിക്ക രാഷ്ട്രീയ സംഘടനകളും ഫാസിസ്റ്റ് മുഖംമൂടികൾ ധരിച്ച് വ്യക്തിയുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനുമെതിരായി പ്രവർത്തിക്കുകയാണ്. പുഴകളും മരങ്ങളും തടാകങ്ങളും പർവതങ്ങളും വെള്ളച്ചാട്ടങ്ങളും ഇടിമിന്നൽ കാറ്റ് മഴ മുതലായവയും പ്രകൃതി പ്രതിഭാസങ്ങൾ ആണെങ്കിലും സാമൂഹിക ഇടപെടൽ നടത്തുന്ന കൂട്ടരാണ്. എന്നാൽ ഭരണഘടനയ്ക്കുവഴങ്ങാത്ത വരെന്ന് ആക്ഷേപിച്ച് അവരെ പുറത്താക്കാനോ ഒതുക്കാനോ നശിപ്പിക്കാനോ എളുപ്പത്തിലാകും. യാന്ത്രികശക്തികളുടെ വളർച്ചയും പ്രയോഗങ്ങളും കാലഘട്ടത്തെ കൂടുതൽ സങ്കീർണമാക്കുകയാണ്. തങ്ങളുടെ ഹിതത്തിന് അനുസൃതമായി നടക്കാത്തവരെ വെട്ടിനിർത്താൻ ഭരണഘടന ഉപയോഗിക്കപ്പെടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കാലികപ്രസക്തിയാർന്ന കവിതയാണ് പ്രകൃതിപാഠങ്ങൾ. പുഴകളും മരങ്ങളും തടാകങ്ങളും വെള്ളച്ചാട്ടവും ഒക്കെ പ്രകൃതി പ്രതിഭാസം എന്ന അവസ്ഥ വിട്ടു മനുഷ്യവർഗ്ഗത്തിലെ ചിലരെത്തന്നെ പ്രതിനിധീകരിക്കുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ