പല പോസിലുള്ള ഫോട്ടോകൾ (ആശയം) : കെ.ജി.എസ്
AEC Humanities First Semester
ഖണ്ഡം 1
സാറിനെപ്പോലുള്ളവരുടെ പല പോസിലുള്ള ഫോട്ടോകൾ വേണമെന്ന് നേതാവിനോട് ഉപദേശകൻ പറയുന്നിടത്താണ് കവിത ആരംഭിക്കുന്നത്. എന്തിനാണ് ഫോട്ടോകൾ? ഏതുതരം ഫോട്ടോകളാണ് വേണ്ടത്? ഉപദേശകൻ വ്യക്തമാക്കുന്നു: പലതരത്തിലുള്ള ആക്ഷനുകളിൽ ഉൾപ്പെടുന്ന ചിത്രങ്ങളാണ് വേണ്ടത്. ചാഞ്ഞും ചരിഞ്ഞും നിന്നും നടന്നും ഉള്ള ഫോട്ടോകൾ. താൻ എപ്പോഴും ചലനാത്മകതയുള്ളവനാണെന്നും ക്രിയേറ്റീവാണെന്നും ഉള്ള മിഥ്യാബോധം സമൂഹത്തിൽ പ്രചരിപ്പിക്കാൻ ഉതകുന്നതാകണം ഫോട്ടോകൾ. അതുമാത്രമല്ല ചിരിയും ചിന്തയും വായനയും എഴുത്തും ഗഹനമായ ആലോചന പ്രകാശിപ്പിക്കും വിധമുള്ള (പുക)വലിയും മിഴിച്ചും അത്ഭുതപ്പെട്ടും നിൽക്കുന്ന ഫോട്ടോകൾ. മാത്രമല്ല, മക്കളെയും ഭാര്യയെയും പുണരുന്ന, കുടുംബസ്നേഹത്തിന്റെ ഉത്കൃഷ്ട മാതൃകയാണ് താനെന്ന് ആൾക്കാരെ ബോധ്യപ്പെടുത്താൻ ഉതകുന്ന ഫോട്ടോകളും നിരവധി വേണം. ശത്രുക്കളെ പോലും മിത്രമായാണ് താൻ കാണുന്നതെന്നു ചിന്തിപ്പിക്കുന്ന, അവരെപ്പോലും സ്നേഹിക്കാനുള്ള വിശാല ഹൃദയം തനിക്കുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പര്യാപ്തമായ ഫോട്ടോകളാണ് വേണ്ട മറ്റൊരിനം. ക്ലോസപ്പിൽ ഉള്ളതും ലോങ്ങ് ഷോട്ടിൽ ഉള്ളതുമായ ഫോട്ടോകൾ ആവശ്യമാണ്. വ്യക്തിപശ്ചാത്തലത്തെയും സൂക്ഷ്മഭാവങ്ങളെയും ഒപ്പിയെടുക്കാൻ ഈ വൈവിധ്യം അനിവാര്യമാണ്.
പിറന്നുവീണ കുഞ്ഞിനെ കാണാൻ എത്തുന്ന അവസരങ്ങളോ കൊണാർക്ക്, ബേലൂർ വിശിഷ്ട പരിസരങ്ങളോ ചുടലത്തീയുടെ സമീപമോ (ചിത കത്തിയെരിയുന്നിടം) പശ്ചാത്തലം എന്തായാലും രോമാഞ്ചം കൊള്ളുന്ന മട്ടിലുള്ള ഭാവപ്രകടനം സാധ്യമാക്കുന്ന ഫോട്ടോകൾ വേണം. മനസ്സിന് മരണമില്ലെന്ന് ദാർശനികാവേശം കൊള്ളണം. വികാരം പ്രകടിപ്പിക്കുന്ന, ഹൃദയദുഃഖം ആവിഷ്കരിക്കുന്ന, തത്വചിന്താഭരിതമായ മനസ്സിനെ പ്രകാശിപ്പിക്കുന്ന, വ്യക്തമായ ലക്ഷ്യത്തോടുകൂടിയ, നാട്ടിനു വേണ്ടിയാണ് തൻ്റെ പ്രവർത്തനങ്ങൾ എന്നു വ്യക്തമാക്കുന്ന, ആൾക്കൂട്ടത്തെ നയിക്കുന്ന, മംഗള ചടങ്ങുകളിൽ പങ്കെടുക്കുന്ന, ഇഷ്ട കർമ്മങ്ങളിൽ സന്തോഷ നിർവൃതികൾ കൊള്ളുന്ന, വ്യക്തിപരമായ ഒരു നേട്ടവും തനിക്കുണ്ടാകില്ലെന്ന് മറ്റുള്ളവർക്ക് തോന്നലുണ്ടാക്കുന്ന, തനിക്ക് ഒരു പ്രയോജനവും ഉണ്ടാകാത്തതെന്ന ചിന്ത പ്രസരിപ്പിക്കുന്ന, എന്നാൽ ഇത്തരം വ്യർത്ഥഭാരങ്ങളിൽ വീർപ്പുമുട്ടുന്ന പല പോസിലുള്ള ഫോട്ടോകൾ ആവശ്യമാണ്. എങ്കിലേ എല്ലാ മേഖലകളിലും ഇടങ്ങളിലും ഉള്ള ആൾക്കാരുടെ പിന്തുണ ലഭ്യമാകൂ. അങ്ങ് എത്രമാത്രം സമൂഹത്തിനായി കഷ്ടപ്പെടുന്നുവെന്ന ചിന്ത സമൂഹത്തിൽ ഉണ്ടാവുകയുള്ളൂ. എന്തിനാണ് ഇത്രയും പലവിധ ഫോട്ടോകൾ? ഉപദേശകൻ വ്യക്തമാക്കുന്നു: നമ്മെ കണ്ടിട്ടില്ലാത്തവരും നിരന്തരം കാണുന്നവരും നാം തന്നെയും വീണ്ടും വീണ്ടും കാണാനും നമ്മുടെ വളർച്ചയെക്കുറിച്ച് അത്ഭുതപ്പെടാനും അഭിമാനം കൊള്ളാനും ആഹ്ലാദിക്കാനും അത് അവസരമുണ്ടാക്കും. കാഴ്ചകൾ മനോഭാവങ്ങളെ പരിവർത്തനപ്പെടുത്തുന്നു. ഓരോ ഋതുവിലും താങ്കൾ നാടിനു വേണ്ടി എന്തൊക്കെയാണ് ചെയ്യുന്നതെന്ന് എല്ലാവരും അറിയട്ടെ. പുതിയ പുതിയ രൂപഭാവങ്ങളിൽ എന്ത് സൃഷ്ടിക്കുന്നു, എന്ത് സംഹരിക്കുന്നുവെന്ന് എല്ലാവരും അറിയട്ടെ. ഉപദേശകൻ സ്പഷ്ടമാക്കുന്നു:
ആളുകൾ കണ്ടുകണ്ടാണ് കടലുകൾ ഇത്ര വലുതായത്. പുഴകൾ ഇതിഹാസങ്ങളായത്. ആരും കണ്ടില്ലെങ്കിൽ കടലിന് ഇത്രയും വലുപ്പമുണ്ടെന്ന് അറിയില്ലായിരുന്നു.
കാഴ്ചകൾ പറച്ചിലുകൾ ആകുന്നു. പറഞ്ഞുപറഞ്ഞ് പറച്ചിൽ ദൃഢമാകുന്നു. അതുപോലെ ഒരു കടലാകാൻ നേതാവിനുള്ള അവസരമാണിത്. തിരകൾ പോലെ കൂടുതൽ കൂടുതൽ സ്വന്തം ഫോട്ടോകൾ സമൂഹത്തിൽ അവതരിപ്പിക്കുകയാകുന്നു അതിനുള്ള വഴി.
ഖണ്ഡം 2
രണ്ടാം ഖണ്ഡം പ്രിയ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കമന്റിലാണ് ആരംഭിക്കുന്നത്. ഫോട്ടോ എടുത്തെടുത്ത് തൻ്റെ മുഖം തേഞ്ഞുപോയെന്ന് ബഷീർ ദുഃഖിക്കുന്നു. അത് ഒരു ദാർശനിക ഖേദമാണ്. ഇത്രമാത്രം ഫോട്ടോകൾ എടുത്തിട്ടും തനിക്ക് മെച്ചമൊന്നുമുണ്ടായില്ല. ശരീരം ശോഷിച്ചതേയുള്ളൂ. ഈ പ്രതികരണത്തിനുള്ള മറുപടിയാണ് ഖണ്ഡത്തിൻ്റെ ബാക്കി ഭാഗം. സാർ, ഫോട്ടോയെടുക്കൽ വിദ്യകൊണ്ടാണ് നമ്മുടെ നേതൃതാരങ്ങൾ തുടുത്തുദിച്ചത്. ആരും അറിയാത്ത, ആരാലും അറിയപ്പെടാത്ത, ഘോരമായ അന്ധകാരത്തിൽ നിന്ന് ആരും തൊഴുതു പോകുന്ന പ്രകാശത്തിലേക്ക് ഇതുവഴിയാണ് അവർ വളർന്നത്. ഗംഭീരമായ ഒരു സമർത്ഥനം കൂടി ഉപദേശകൻ നൽകുന്നു:
“അധിക ഫോട്ടോ
അധിക ജ്യോതിസ്
എന്നാണ് സർ.”
ഫോട്ടോകൾ എടുക്കുന്തോറും വ്യക്തിമഹിമ കൂടിക്കൂടി വരും. കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള പാത അവ തീർക്കും. ഒരു ക്ലിക്ക് കൊണ്ട് ഒന്നുമാകില്ല. ഒരു ജന്മത്തിന്റെ സമഗ്രത യഥാർത്ഥത്തിൽ വ്യക്തമാകണമെങ്കിൽ നിരവധി ക്ലിക്കുകള്‍ വേണ്ടിവരും. ഇതുവരെ ഒരു ഫോട്ടോ ഫ്ലാഷിൽ കുളിച്ചിട്ടില്ലാത്തവർ, ഒരു ആൾക്കൂട്ട ഫോട്ടോയിൽ പോലും പെട്ടിട്ടില്ലാത്തവർ- കോടാനുകോടിയാണ്. എന്തൊരു കഷ്ടമാണ്! ഇക്കൂട്ടർ ജനിച്ചിട്ടേ ഇല്ലാത്തതിന് സമാനം.
“അരൂപ തിമിരവിസ്താരം” എന്ന് ഈ അവസ്ഥയെ കവി വിശേഷിപ്പിക്കുന്നു. തിമിരം- അന്ധകാരം ഇവ എല്ലാ രൂപങ്ങളെയും നിറങ്ങളെയും അവസ്ഥകളെയും വിഴുങ്ങി തന്നിൽ ലയിപ്പിക്കാൻ പോന്ന ഒരു പ്രതിഭാസമാണ്. അന്ധകാരം ഒന്നിൻ്റെയും സ്വത്വത്തെ അനാവരണം ചെയ്യുന്നില്ല. എല്ലാം തന്നിൽ ഒളിപ്പിക്കുകയാണ്. മറയ്ക്കുകയാണ്. അതുപോലെ ആരാലും അറിയപ്പെടാതെ, ഒന്നിനാലും തിരിച്ചറിയാതെ, രൂപമില്ലാതെ, ലക്ഷ്യമില്ലാതെ, സാക്ഷ്യമില്ലാതെ നശ്വരരാകും ഫോട്ടോയിൽ പതിയാത്ത അനേകകോടി ജന്മങ്ങൾ. ഇതാണ് ഉപദേശകൻ്റെ വിശകലനം. ഒരു ഫോട്ടോയിലെ ങ്കിലും പതിഞ്ഞില്ലെങ്കിൽ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല.
ഖണ്ഡം 3
ഈ ഖണ്ഡം നേതാവിന്റെ പ്രതികരണമാണ്. ക്യാമറ തനിക്ക് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് സ്ഥിരീകരിക്കുകയാണ് അദ്ദേഹം. ക്യാമറയെ തീവ്രമായ ഭീതിയോടെയാണ് അദ്ദേഹം ആഭിമുഖീകരിക്കുന്നത്. ഇതിനുള്ള കാരണം ക്യാമറ സത്യം പകർത്തുന്നു എന്നതാകാം. മുമ്പിൽ കാണുന്ന യാഥാർത്ഥ്യത്തെ അതേപോലെ പകർത്തുക എന്ന ധർമ്മമാണ് ക്യാമറയ്ക്ക് ഉള്ളത്. തൻ്റെ ഉള്ളിലുള്ള കാപട്യം കൂടി ക്യാമറ പകർത്തി കളയുമോ എന്ന ഭീതി നേതാവിനുണ്ട്. നേതാവിന്റെ ഈ ഭീതി അകറ്റാനുള്ള തന്ത്രങ്ങളാകാം ഉപദേശകൻ മെനയുന്നത്. അതുകൊണ്ടാകാം, ക്യാമറയുടെ അനേക സാധ്യതകൾ നേതാവിനു മുമ്പിൽ അവതരിപ്പിക്കുന്നത്.
ക്യാമറയെ നോക്കുമ്പോൾ തനിക്ക് എന്തെന്നില്ലാത്ത വേവലാതി എന്നാണ് നേതാവ് പ്രതികരിക്കുന്നത്. ഒരുപക്ഷേ ഇതിനോടുള്ള മറുപടിയാകാം ഉപദേശക വാക്കുകൾ. എന്തൊക്കെയാണ് നായകനെ വേവലാതിപ്പെടുത്തുന്നത്? ഒന്നാമതായി ക്യാമറയുടെ ഇന്ദ്രിയമായ ലെൻസ് എന്ന ഒറ്റക്കണ്ണാണ്. ലോക പ്രവാഹത്തിന്റെ സൂര്യരൂപമായ ചുഴിയാണതെന്ന് നേതാവ് വ്യാഖ്യാനിക്കുന്നു.
അതിൻ്റെ കേന്ദ്രത്തിൽ
ഒരു ഇരുൾ തുരങ്കം.
അതിൽ
ഉറഞ്ഞുതുള്ളുന്ന
ക്രൂരയായ ലോകദ്രോഹ വിചാരക.
ലോക ദ്രോഹവിചാരകയാണ് ക്യാമറയുടെ ഇരുൾ തുരങ്കത്തിൽ വിഹരിക്കുന്നത് എന്ന് നേതാവ് കരുതുന്നു. ലോകത്ത് നടക്കുന്ന എല്ലാ കാപട്യങ്ങളെയും കൗടില്യങ്ങളെയും അക്രമങ്ങളെയും അനീതികളെയും വിചാരണ ചെയ്യാൻ പര്യാപ്തമായിട്ടുള്ള ഒരു സംവിധാനം ആയിട്ടാണ് ക്യാമറയെ നേതാവ് കാണുന്നത്. ലോക ദ്രോഹങ്ങളെ നിശിതമായി വിചാരണ ചെയ്യുന്ന ക്രൂര ആണ് ക്യാമറ. ക്യാമറയുടെ ക്രൂരമുഖം നേതാവിനെ ഭയപ്പെടുത്തുന്നു. ക്യാമറ സത്യത്തിനൊപ്പം നിൽക്കുമെന്ന് ഭീതിയാണ് ക്രൂര എന്ന വിശേഷണം ക്യാമറയ്ക്ക് നൽകാൻ ഇടയാക്കിയത്. തൻ്റെ കപടനാട്യങ്ങളെയും പൊങ്ങച്ചങ്ങളെയും അനീതികളെയും അത് വിചാരണ ചെയ്യും എന്ന ഭയം നേതാവിനുണ്ട്. ക്യാമറയുമായി നേതാവിന്റെ ശരീരം പൊരുത്തപ്പെടുന്നില്ല. ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ മൂക്കും ചെവിയും മറ്റു ശരീര ഭാഗങ്ങളും വികൃതഭാവത്തിൽ പെരുമാറുന്നു. ശരീരം ശിഥിലമാകുന്നതായും മനസ്സ് പതറുന്നതായും അനുഭവപ്പെടുന്നു. മനസ്സിന്റെയും ശരീരത്തിന്റെയും ഐക്യം വേണ്ടപ്പോൾ അവ മഴയുടെ ചിതറലായി പൊടിഞ്ഞു പോവുകയാണ്.
ഖണ്ഡം 4
ഈ ഖണ്ഡം നന്ദി പറഞ്ഞു കൊണ്ടാണ് വക്താവ് ആരംഭിക്കുന്നത്.
“കുറേക്കൂടി ഫോട്ടോകൾ വേണം സാർ. നിരവധി ഫോട്ടോകൾ എടുത്തു കഴിഞ്ഞുവെന്നും അതിനുള്ള അനുവാദം നേതാവ് നൽകിയെന്നും മനസ്സിലാക്കാം. ഉപദേശകൻ പക്ഷേ തൃപ്തനല്ല. “കുറേക്കൂടി വേണം സാർ.” വെയിൽ പരപ്പിൽ ഒരേയൊരു തണൽ മരമായി, ഇരുൾ തീരത്ത് ദീപസ്തംഭമായി എന്നിങ്ങനെ പ്രശംസ വാക്യങ്ങൾ നിരത്തുന്നു. താൻ മാത്രമാണ് സകലർക്കും ഏക ആശ്രയം എന്ന തോന്നൽ ഉണ്ടാക്കണം. അതുപോലെ താനാണ് എല്ലാവർക്കും മാർഗദർശി എന്ന ബോധ്യവും ആൾക്കൂട്ടത്തിന് മുമ്പിൽ ജനിപ്പിക്കണം.
പുറമേക്ക് ലെനിനായി പൂജാമുറിയിൽ പൂന്താനമായി മാറണം. പുറമേക്ക് ഒന്നും ഉള്ളിൽ മറ്റൊന്നുമായി പെരുമാറാനും ഭാവിക്കാനും കഴിയണം. വിപ്ലവ ആവേശം തുള്ളിക്കുമ്പോൾ തന്നെ ഭക്തനായി കഴിയാനാകണം. എങ്കിലേ ഇന്ന് വിജയിക്കാനാകൂ. യഥാർത്ഥ സ്വത്വം മറച്ചുവെച്ചുള്ള നാട്യങ്ങളാണ് ഈ കാലഘട്ടത്തിൽ പത്ഥ്യമായിട്ടുള്ളത്. വിവാദങ്ങളിലും അനാവശ്യ തർക്കങ്ങളിലും ലോകത്തെ ഞെരുക്കി തളച്ചിടാൻ പറ്റുന്ന വിധത്തിലുള്ള ഫോട്ടോകൾ പല പോസിലുള്ളവ വേണം എന്നു പറഞ്ഞുകൊണ്ട് കവിത അവസാനിക്കുന്നു.
കാപട്യങ്ങളുടെയും നാട്യങ്ങളുടെയും ലോകമാണ് ചുറ്റിലും ഉള്ളതെന്നും കൃത്രിമത്വത്തിന്റെ ആവിഷ്കാരങ്ങളാണ് രാഷ്ട്രീയ സാംസ്കാരിക സ്വരൂപങ്ങൾ എന്നും യഥാർത്ഥ സ്വത്വം മറച്ചുവെച്ച് ആഗോള മൂലധനത്തിന്റെ യുക്തികൾക്ക് അനുസൃതമായി പെരുമാറുന്നവരാണ് ഇന്നത്തെ നേതാക്കന്മാരും താരങ്ങളും എന്ന സാമാന്യ സത്യം ‘പല പോസിലുള്ള ഫോട്ടോകൾ’ എന്ന കവിതയിലൂടെ കെ.ജി.എസ് വിളിച്ചു പറയുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ