പ്രായോഗികമലയാളം P4 Module 1
ഭാഷ - കക്ഷ്യകളും ഗോത്രങ്ങളും.
ഭാഷാഗോത്രങ്ങൾ
ഒരു പൊതുപൂർവിക ഭാഷയിൽ നിന്നും ഉരുത്തിരിഞ്ഞു വരികയും വ്യക്തമായ പൈതൃകബന്ധം പുലർത്തുകയും ചെയ്യുന്ന ഒരുകൂട്ടം ഭാഷകളെയാണ് ഒരു ഭാഷാകുടുംബം അഥവാ ഭാഷാഗോത്രം എന്നു പറയുന്നത്.
ലോകത്തിൻ്റെ നാനാഭാഗങ്ങളിലായി ഏഴായിരത്തോളം ഭാഷകൾ നിലവിലുണ്ടെന്നു കരുതുന്നു. ഏകദേശം നാലായിരത്തോളം ഭാഷകൾക്കേ ലിപിയുള്ളൂ. ലിപി, ഉച്ചാരണം എന്നിവയുടെ അടിസ്ഥാനത്തിൽ ഭാഷകൾ തമ്മിൽ വലിയ വ്യത്യാസം പ്രകടമാണ്. പ്രകൃതി പ്രത്യയങ്ങൾ, വാക്യഘടന, ശബ്ദങ്ങൾ മുതലായവയുടെ അടിസ്ഥാനത്തിൽ ഭാഷകളെ വിവിധ ഗോത്രങ്ങളാക്കി തിരിച്ചിരിക്കുന്നു. ഇരുപതിലേറെ ഭാഷാഗോത്രങ്ങളുണ്ട്. ഓരോ ഭാഷയും ഇതിലേതെങ്കിലും ഒന്നിൽ ഉൾപ്പെട്ടിരിക്കും.
മുഖ്യഗോത്രങ്ങൾ:
ഇന്തോ-യൂറോപ്യൻ ഗോത്രമാണ് ഒരു പ്രധാന ഗോത്രം. ഇംഗ്ലീഷ്, ജർമൻ, സ്പാനിഷ്, ഫ്രഞ്ച്, റഷ്യൻ തുടങ്ങിയ വിദേശഭാഷകളും സംസ്കൃതം, ഹിന്ദി, മറാഠി, ബംഗാളി എന്നിങ്ങനെ പതിനാറിലധികം ഇന്ത്യൻ ഭാഷകളും ഈ ഗോത്രത്തിൽ പെടുന്നു. ഈ ഗോത്രത്തിൽ 12 ശാഖകളും അവയിൽ ഓരോന്നിലും അനേകം ഉപശാഖകളുമുണ്ട്. അതിവിപുലവും അത്യന്തം വികസിതവുമത്രെ ഈ ഭാഷാഗോത്രം.
ഹേമിറ്റോ - സെമറ്റിക് ഗോത്രം ഈ ഗോത്രത്തിൽ ഹെമിറ്റിക് എന്നും സെമിറ്റിക് എന്നും രണ്ട് ഉപഗോത്രങ്ങളുണ്ട്. ഈജിപ്ഷ്യൻ ഹെമിറ്റിക് വിഭാഗത്തിലെയും ഹീബ്രു, അറബിക്, സിറിയക് മുതലായവ സെമിറ്റിക് വിഭാഗത്തിലെയും പ്രധാന ഭാഷകൾ.
യൂറാൽ ആൾടിക് ഗോത്രം - ഈ ഗോത്രത്തെ സിഥിയൻ എന്നും വ്യവഹരിക്കാറുണ്ട്. യൂറാലിക് വിഭാഗത്തിൽ ഫിന്നിഷ് മുതലായ ഭാഷകൾ ഉൾപ്പെടുന്നു. അൾടേയിക്ക് ഉപഗോത്രത്തിൽ തുർക്കിക്ക്, മംഗോളിക്ക്, മുതലായ ഭാഷകളുണ്ട്.
ദ്രാവിഡ ഗോത്രം(മലയാളം, തമിഴ്, തെലുങ്ക്, കന്നട, തുളു മുതലായവ).
ആസ്ട്രിക്ക് ഭാഷാഗോത്രം: ഈ ഗോത്രത്തിൽ പെട്ട ഭാഷകൾ ദക്ഷിണപൗരസ്ത്യ ഏഷ്യയിലും പസഫിക്ക് പ്രദേശങ്ങളിലുമായി കാണുന്നു. ഇന്തോനേഷ്യൻ, മലയൻ, പോളിനേഷ്യൻ തുടങ്ങി 315 ഭാഷകൾ ഈ ഗോത്രത്തിലുണ്ടെന്നാണ് കണക്ക്.
ആസ്ട്രേലിയൻ ഭാഷാഗോത്രം: നൂറിലധികം ഭാഷകൾ അടങ്ങിയ ഒരു ഗോത്രമാണിത്. പക്ഷേ, അനുദിനം അധ:പതിച്ചു കൊണ്ടിരിക്കുന്നു.
ബന്തു (Bantu) ഭാഷാഗോത്രം: ദക്ഷിണാഫ്രിക്കയിലെ ഭാഷകളാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ ഗോത്രത്തിലെ ഭാഷകളേതെന്ന് നിശ്ചിതമായി നിർണ്ണയിച്ചു കഴിഞ്ഞിട്ടില്ലെങ്കിലും 366 ഭാഷകളെങ്കിലും അതിലുണ്ടത്രെ.
മറ്റുചില പ്രമുഖഗോത്രങ്ങൾ:
തെക്കുകിഴക്കൻ ഏഷ്യാറ്റിക് ഗോത്രം (ചൈനീസ്, ആസാമീസ്,ബർമീസ്, ടിബറ്റൻ മുതലായവ)
ട്രാൻസ് ന്യൂഗിനിയ ഗോത്രം
നൈലോ സഹാറൻ ഗോത്രം
നൈജർ കോംഗോ
ആഫ്രോ ഏഷ്യാറ്റിക്
ആസ്ട്രോനേഷ്യൻ ഗോത്രം
അമേരിനിൻഡ്യൻ
ബുഷ്മാൻ ഗോത്രം, സുഡാൻ ഗോത്രം, കാക്കേഷ്യസ് ഗോത്രം എന്നിങ്ങനെ ഗോത്രങ്ങളുടെ പട്ടിക നീളുന്നു.
കക്ഷ്യകൾ:
ലോകത്തുള്ള ഭാഷകൾ പ്രധാനമായും രണ്ടുരീതിയിൽ തരംതിരിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്, ആനുവംശിക വിഭജനം. രണ്ട്, കക്ഷ്യാപരമായ വിഭജനം. ഭാഷകൾക്കുള്ള പരസ്പരബന്ധത്തെ അടിസ്ഥാനമാക്കി, പ്രത്യേക ഗോത്രമാക്കി തിരിക്കുന്ന രീതിയാണ് ആനുവംശിക വിഭജനം. ഇത് ഭാഷാഗോത്രങ്ങൾ എന്ന മേഖലയിൽ ചർച്ചചെയ്തു കഴിഞ്ഞു. ഇനി ഉള്ളത് കക്ഷ്യാപരമായ വിഭജനമാണ്. ജനങ്ങൾക്കുള്ളതുപോലെ തന്നെ ജനന മരണാദികൾ ഭാഷയ്ക്കുമുണ്ട്. മലയാളം, തമിഴ്, കന്നട, മുതലായവ ജീവത്ഭാഷകളാണ്. അവ ജീവിച്ചിരിക്കുന്നു എന്നർത്ഥം. എന്നാൽ, സംസ്കൃതം, ലാറ്റിൻ, പേർഷ്യൻ മുതലായ ഭാഷകൾ സംസാരിച്ചു വരാറില്ല. ഇവ മൃതഭാഷകൾക്കുദാഹരണമാണ്. ശൈശവം, കൗമാരം, യൗവനം, വാർദ്ധക്യം എന്നീ നാലവസ്ഥകൾ മനുഷ്യനെന്ന പോലെ ഭാഷയ്ക്കുമുണ്ട്. എന്നാൽ, അവിടെയുള്ള ഒരു വ്യത്യാസം, ഒരു മനുഷ്യൻ ഈ നാലവസ്ഥകളിലൂടെയും കടന്നുപോകാം. എന്നാൽ, ഒരു ഭാഷ ഈ അവസ്ഥകളിലൂടെയെല്ലാം കടന്നു പോകണമെന്ന നിർബന്ധമില്ല. ഭാഷയെ സംബന്ധിച്ച് അവസ്ഥകൾക്ക് കാലവ്യവസ്ഥ ബാധകമല്ല. എന്നുവെച്ചാൽ, ഒരു ഭാഷ എന്നെന്നും ഒരേ ദശയിൽത്തന്നെ, ഇരുന്നുവെന്നു വരാം. ഒരു ഭാഷ എന്നും ബാല്യാവസ്ഥയിലിരുന്നുവെന്നു വരാം. മറ്റൊരു ഭാഷ യൗവനദശയിൽ ജനിച്ചുവെന്നും വരാം. ഭാഷ അതിൻ്റെ സൗകര്യാർത്ഥം ഈ അവസ്ഥകളെ മുറയ്ക്കു പ്രാപിക്കാം എന്നേ പറയാനാകൂ. പ്രകൃതി പ്രത്യയങ്ങളെ അടിസ്ഥാനമാക്കി ഭാഷയെ തരംതിരിക്കുന്നതിനെയാണ് കക്ഷ്യാപരമായ വിഭജനം എന്നു പറയുന്നത്.
ലോകഭാഷകളെ അഞ്ചു കക്ഷ്യകളാക്കി തരംതിരിച്ചിരിക്കുന്നു.
1.പ്രാകൃത കക്ഷ്യ
2.സംശ്ലിഷ്ട കക്ഷ്യ
3.വൈകൃത കക്ഷ്യ
4.അപഗ്രഥിതകക്ഷ്യ
5.സംഘടിത കക്ഷ്യ
പ്രാകൃതകക്ഷ്യയിൽ (ശൈശവം) പ്രത്യയങ്ങളില്ലാത്ത പ്രകൃതി മാത്രമുള്ള ഭാഷകളെ ഉൾപ്പെടുത്തിയിരിക്കുന്നു. ശബ്ദങ്ങൾ സമപ്രധാനങ്ങളായിരിക്കുന്നുവെന്നർത്ഥം. ചൈനീസ് ഭാഷ ഉദാഹരണം.
ലിംഗം, വചനം, വിഭക്തി പ്രത്യയങ്ങൾക്ക് തനിച്ചു നിലനില്പുള്ള ഭാഷകളെ സംശ്ലിഷ്ട കക്ഷ്യയിൽ പെടുത്തുന്നു. ഇതിനെ കൗമാര ദശയായി പരിഗണിക്കാം. ഉദാ: തമിഴ്ഭാഷ.
വൈകൃതകക്ഷ്യയിൽ പ്രകൃതിയും പ്രത്യയവും വേർതിരിക്കാൻ കഴിയാത്തവിധം കൂടിച്ചേർന്നിരിക്കുന്നു. അങ്ങനെയുള്ള ഭാഷകൾ ഇതിൽ ഉൾപ്പെടുന്നു. ഉദാ: സംസ്കൃതം. ഇതിനെ യൗവനദശയായി കണക്കാക്കുന്നു.
പ്രത്യയങ്ങൾക്ക് സ്വതന്ത്രമായി നിലനില്പില്ലെങ്കിലും പ്രകൃതികളിൽ നിന്നും സംബന്ധ വാചകങ്ങൾ (പ്രത്യയങ്ങളും മറ്റും) വേർപെട്ട് നില്ക്കുന്ന ഭാഷകൾ അപഗ്രഥിത കക്ഷ്യയിൽ ഉൾപ്പെടുന്നു. ഉദാ: ഇംഗ്ലീഷ്
ഇതിനെ വാർദ്ധക്യമായി വിശേഷിപ്പിക്കുന്നു. വാർദ്ധക്യം രണ്ടാം ബാല്യമായും പരിഗണിക്കപ്പെടാം.
ക്രിയാപദത്തോടൊപ്പം നിരവധി പദങ്ങളുടെ ഘടകങ്ങൾ കൂട്ടിച്ചേർത്തുള്ള ഒരു വാക്യത്തെ ഒറ്റപ്പദമായി ഉപയോഗിക്കുന്ന ഭാഷകളെ സംഘടിത കക്ഷ്യയിൽ ഉൾപ്പെടുത്തുന്നു. ഗ്രീൻലാൻ്റിലെ ഭാഷ ഉദാഹരണം.
അഞ്ചുതരം കക്ഷ്യകൾ ഉള്ളതിൽ എന്താണ് മലയാളത്തിൻ്റെ നില? ഏ.ആർ. രാജരാജവർമ്മ പറയുന്നത്, മലയാളത്തിൻ്റെ ഇപ്പോഴത്തെ നില സംശ്ലിഷ്ട കക്ഷ്യ(കൗമാരം) യിൽ നിന്നും വൈകൃതകക്ഷ്യ (യൗവനം) യിൽ പ്രവേശിക്കുന്നതിനുള്ള പടിവാതിലിലാണ് എന്നതാണ്. ഇങ്ങനെ ഭാഷയെ കൈപിടിച്ചു കയറ്റുന്നത്, വൈകൃതകക്ഷ്യയിലേക്കു നയിക്കുന്നത് സംസ്കൃതമാണെന്നും അദ്ദേഹത്തിനു പക്ഷമുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ