പല പോസിലുള്ള ഫോട്ടോകൾ ആമുഖം

AEC Humanities First Semester 

കെ ജി ശങ്കരപ്പിള്ള

പല പോസിലുള്ള ഫോട്ടോകൾ

ഉപരിവർഗ്ഗ തിന്മകൾക്കെതിരെ കവിതകൾ കൊണ്ട് പ്രഹരിച്ച കവിയാണ് കെ ജി ശങ്കരപ്പിള്ള(കെ.ജി.എസ്).

ഒരു കാലഘട്ടത്തിൽ ഉടൻവിപ്ലവത്തിനുള്ള ആഹ്വാനവും തീവ്രവും തീക്ഷ്ണങ്ങളുമായ ആശയങ്ങളുടെ പ്രചാരവും അദ്ദേഹം കവിതയിൽ അവതരിപ്പിച്ചു. ‘ബംഗാൾ’ എന്ന കവിത മികച്ച ഉദാഹരണമാണ്. “ജ്വലിക്കുന്ന ചൂട്ടുപാട്ട് വിരചിക്കുക” എന്ന കൃത്യമാണ് ശങ്കരപ്പിള്ള കവിത കൊണ്ടു നിർവഹിച്ചതെന്ന് മലയാള കവിത സാഹിത്യ ചരിത്രത്തിൽ എം.ലീലാവതിടീച്ചർ അഭിപ്രായപ്പെടുന്നു. വളരെ ശക്തവും ഊർജ്ജം പ്രസരിക്കുന്നതുമായ വാക്കുകളിലൂടെ സാമൂഹിക വ്യവസ്ഥിതിക്കും ജീർണ്ണതകൾക്കുമെതിരെ അദ്ദേഹം പ്രതികരിക്കുന്നു. അയോധ്യ, ആനന്ദൻ, ബംഗാൾ, മുണ്ട് മുതലായ കവിതകൾ കവിയുടെ സാമൂഹിക പ്രതിബദ്ധതയ്ക്കും വിപ്ലവാവബോധത്തിനും സാക്ഷ്യമാണ്. അടിസ്ഥാനവർഗ്ഗത്തിനു നിഷേധിക്കപ്പെട്ട സാമൂഹിക സുരക്ഷിതത്വമെന്ന പ്രശ്നവും അസ്തിത്വവ്യഥകളും വ്യാമോഹങ്ങളും അദ്ദേഹത്തിൻ്റെ കവിതയ്ക്ക് വൈവിധ്യം പകരുന്നു. അനീതിയെ എതിർക്കുക എന്ന ലക്ഷ്യവും അതു നിറവേറ്റുന്നു. 

“നിലവിലിരിക്കുന്ന ചൂഷണ വ്യവസ്ഥിതി കത്തിച്ചു കളയണമെന്ന കലാപ ചിന്തയുടെ തീക്കാറ്റാണ് ശങ്കരപ്പിള്ളയുടെ കവിത…ഉപരിവർഗ്ഗ മേൽക്കൊയ്മകൾക്കെതിരെ കീഴാളവർഗ്ഗത്തിന്റെ പടയണിയൊരുക്കാൻ ശങ്കരപ്പിള്ള (കെ.ജി.എസ്) സ്വന്തം കവിതകളിലൂടെ യത്നിക്കുകയായിരുന്നുവെന്ന് എരുമേലി പരമേശ്വരൻ പിള്ള കെ.ജി.എസ് കവിതകളെ നിരൂപണം ചെയ്തുകൊണ്ട് പറയുന്നു. ഗദ്യത്തെ കാവ്യഭാഷയാക്കി അവതരിപ്പിക്കാനുള്ള ശൈലീവല്ലഭത്വം കെജിഎസ് കവിതകളുടെ മാറ്റുകൂട്ടുന്നു. യാഥാർത്ഥ്യബോധത്തിൽ അധിഷ്ഠിതമായ കവിതകളാണ് അദ്ദേഹത്തിന്റത്. 

കെജിഎസ് 1988 ൽഎഴുതിയ കവിതയാണ് ‘പല പോസിലുള്ള ഫോട്ടോകൾ.’ കപടനാട്യങ്ങളേയും കൃത്രിമഭാവങ്ങളെയും വിമർശിക്കുകയാണ് കവി. ഇവ ആധുനിക മനുഷ്യൻ അണിഞ്ഞിരിക്കുന്നു മുഖംമൂടികളാണ്. “വിശ്വാസത്തിൻ്റെ തീവ്ര സംഘർഷങ്ങളിൽ നിന്നും സംസ്കാരത്തിൻ്റെ സൂക്ഷ്മ യാഥാർത്ഥ്യങ്ങളിലേക്കുള്ള ദേശാടനമാണ് കെജി ശങ്കരപ്പിള്ളയുടെ കവിതകൾ” എന്ന് പി.കെ. രാജശേഖരൻ ‘വെളിവിന്റെ സൂക്ഷ്മ ശ്രുതി’ എന്ന പഠനത്തിൽ അഭിപ്രായപ്പെടുന്നു. സ്വയം നവീകരണ ഘട്ടത്തിലാണ് 80 കളോടെ കെ.ജി.എസ് കവിതകൾ എത്തിച്ചേർന്നിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ദേശീയമായ ഒരു സ്വത്വബോധത്തിലേക്ക് കെ.ജി.എസ്. കവിത ഉണരുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. 

തീവ്രവാദപരമായ വിപ്ലവ വിശ്വാസങ്ങളുടെ തകർച്ചയിൽ നിന്നും സംസ്കാരത്തിൻ്റെ സൂക്ഷ്മയാഥാർഥ്യങ്ങളിലേക്കുള്ള പ്രതിരോധപരമായ മാറ്റമായിരുന്നു ഇത് എന്ന് വിലയിരുത്തപ്പെടുന്നു. കൊച്ചിയിലെ വൃക്ഷങ്ങൾ, കടമ്പനാട്ട് കടമ്പില്ല, മണൽക്കാലം, പല പോസിലുള്ള ഫോട്ടോകൾ തുടങ്ങിയ രചനകൾ ഈ പുതിയ അന്വേഷണത്തിന്റെ വിജയകരമായ തുടർച്ചകളണെന്നും അദ്ദേഹം വിലയിരുത്തുന്നു. 

ഒരു കാലയളവിൽ സംസ്കാരത്തിൽ വന്ന പരിവർത്തനങ്ങൾ കാവ്യ പാഠത്തിലേക്ക് പകർത്തുകയാണ് ‘പല പോസിലുള്ള ഫോട്ടോകൾ’. 

നാം ജീവിക്കുന്ന നവകൊളോണിയൽ അവസ്ഥയെക്കുറിച്ചുണ്ടായ വെളിവുകളാണ് 80കളിലെ തൻ്റെ കവിതയെ രൂപപ്പെടുത്തിയതാണ് കെജിഎസ് ഒരിടത്ത് അഭിപ്രായപ്പെടുന്നുണ്ട്. സ്വപ്നത്തിലും ഭാഷയിലും സംസ്കാരത്തിലും എല്ലാം നിരന്തരമുള്ള നവകൊളോണിയൽ ഇടപെടലുകൾ കൂടുതൽ കൂടുതൽ ശക്തിപ്പെട്ടു വരുന്നു. നമ്മുടെ വികാരങ്ങളും ഇച്ഛകളും ഇസവും നമുക്കു വെളിയിൽ വിദൂരമായ ഒരിടത്ത് തീരുമാനിക്കപ്പെടുന്ന അവസ്ഥയാണുള്ളത് യഥാർത്ഥത്തിൽ ജീവിക്കുന്നത് നാമല്ല. വേറെ ആരോ ആണ് നമ്മിലൂടെ ജീവിക്കുന്നത്. റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ആയിപ്പോവുകയാണ് നാമെന്നും കെജിഎസ് പറയുന്നു. നാല് ഖണ്ഡങ്ങളാണ് പല പോസിലുള്ള ഫോട്ടോകൾ എന്ന കവിതയ്ക്ക് ഉള്ളത്. ഒന്നാമത്തെ ഖണ്ഡം ഫോട്ടോകൾ നിരന്തരം എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നായകനെ/സാറിനെ/നേതാവിനെ ബോധവാനാക്കുന്നു. കവിതയിൽ മുഖ്യമായി സംസാരിക്കുന്ന വക്താവ് ഉപദേശകനോ ഫോട്ടോഗ്രാഫറോ ആകാം. സാധാരണ ഫോട്ടോഗ്രാഫർക്ക് ഫോട്ടോ സാങ്കേതികത അറിയാമെന്നല്ലാതെ അതിൻ്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രതിഫലനങ്ങളെക്കുറിച്ച് അറിവ് ഉണ്ടാകണമെന്നില്ല. എന്നാൽ ഇവിടെ വക്താവിന് വ്യക്തമായ ധാരണകൾ ഉണ്ട്. അതു പറയാനും പ്രതിഫലിപ്പിക്കാനും അയാൾക്കു സാധിക്കുന്നു.

ഫോട്ടോയെടുക്കൽ സമൂഹത്തിലെ മാന്യതയെ തിട്ടപ്പെടുത്താൻ ഉപകരിക്കുമെന്ന കമ്പോള ധാരണ ശക്തിപ്പെട്ട കാലഘട്ടത്തിലാണ് ഈ കവിത എഴുതപ്പെട്ടത്.

ഇന്നത്തെപ്പോലെ ഫോട്ടോ സാങ്കേതികവിദ്യ അന്ന് വികസിച്ചിരുന്നില്ല. ക്യാമറ ഉണ്ടെങ്കിൽ മാത്രമേ ഫോട്ടോ എടുക്കാൻ കഴിയൂ. പാവപ്പെട്ടവർക്ക് ക്യാമറ ലഭിക്കുക എന്നത് സാധ്യവുമല്ല. ധനികർക്കോ പ്രൊഫഷണൽ ഫോട്ടോഗ്രാഫർക്കോ ആണ് ക്യാമറയുള്ളത്. 1980കളിൽ രാഷ്ട്രീയ സാഹചര്യം ആകെക്കൂടി കുഴഞ്ഞിരിക്കുകയാണ്. സോഷ്യലിസ്റ്റു രാജ്യങ്ങളുടെ പതനവും ആഗോളീകരണാശയങ്ങളുടെ ആവിർഭാവവും ജനാധിപത്യരാജ്യങ്ങളിലെ ഭരണകൂടങ്ങളിൽ സംഭവിച്ച അസ്ഥിരതയും ഇത്തരം സങ്കീർണ്ണത സൃഷ്ടിച്ച ഘടകങ്ങളാണ്. നേതാവ് അഥവാ നായകൻ ക്യാമറയെ വല്ലാതെ ഭയക്കുന്നുണ്ടെന്ന് കവിതയുടെ മൂന്നാം ഖണ്ഡത്തിൽ വ്യക്തമാണ്. നേരുപകർത്തുന്നതും പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതുമാണ് ക്യാമറ. അതിനാൽ നേതാവ് ഭയക്കുന്നു. ഈ ഭയമകറ്റാനും നേതാവിനെ ഉയർച്ചയിലെത്തിക്കാനും ക്യാമറയുടെ അപരസാദ്ധ്യതകൾ ഉപയോഗപ്പെടുത്താമെന്നാണ് ഉപദേശകൻ്റെ പക്ഷം. ക്യാമറ ബാഹ്യഘടകങ്ങളെ മാത്രമേ പകർത്തൂ. അത് അതിൻ്റെ ദൗർബല്യമാണ്. അതിനാൽ ഉള്ളിൽ പൂന്താനമാകുമ്പോഴും (ഭക്തൻ) പുറമേ ലെനിനായാൽ (വിപ്ലവകാരിയായ നേതാവ്) മതിയെന്നാണ് വിവക്ഷ.  

ജനാധിപത്യ രാഷ്ട്രീയത്തിൽ ഫോട്ടോകൾ ജനപ്രിയത നിശ്ചയിക്കുന്നതിൽ അനിവാര്യ ഘടകമായി തീർന്നിരിക്കുന്നു. ഫോട്ടോകൾ ഒരു വ്യക്തിയെ വീണ്ടും വീണ്ടും പകർപ്പുകളിലൂടെ ഉല്പാദിപ്പിക്കുകയാണ്. പകർപ്പുകൾ എടുത്തു കൊണ്ടിരിക്കുമ്പോൾ വ്യക്തിയുടെ മൂല്യം വർധിക്കുന്നുവെന്നാണ് വക്താവ് അഥവാ ഉപദേശകൻ ധരിപ്പിക്കുന്നത്. ആധുനികതയുടെ അന്ത്യം സംഭവിക്കുകയും ഉത്തരാധുനിക മുതലാളിത്ത കമ്പോള നയങ്ങൾ ഏകലോകക്രമ വ്യവസ്ഥയിൽ ഊന്നി വ്യാപിക്കുകയും ചെയ്ത കാലഘട്ടത്തിലാണ് ഈ കവിത എഴുതപ്പെടുന്നത്. മുതലാളിത്തത്തിന്റെ സാമ്പത്തിക യുക്തികൾ സാമൂഹിക അവബോധത്തെ അപ്രസക്തമാക്കുകയും യന്ത്രപകർപ്പുകളുടെ പുനരുൽപ്പാദനത്തിലൂടെ വ്യക്തിമഹിമ സാധ്യമാക്കുകയും ചെയ്യുന്നുവെന്ന ആശയം ഈ കവിത അവതരിപ്പിക്കുന്നു. നിസ്വാർത്ഥ സാമൂഹികസേവന തലങ്ങൾ ഉപേക്ഷിച്ച് അതിവേഗം പ്രശസ്തി നേടാനാഗ്രഹിക്കുന്ന രാഷ്ട്രീയ സാംസ്കാരിക നേതൃത്വങ്ങളെ അപഹസിക്കുകയാണ് കവി. എങ്ങനെ വേഗം മഹാനാകാം? എന്താണതിനുള്ള മാർഗ്ഗങ്ങൾ? നേതൃതാരമായുയരാനുള്ള ആധുനികകാലത്തെ പൊടിക്കൈകൾ എന്തെല്ലാം? കപടനാട്യങ്ങളും കൃത്രിമപ്രകടനങ്ങളും പ്രചരിപ്പിക്കാൻ എളുപ്പമുള്ള മാർഗ്ഗം ഫോട്ടോകളാണ്. ഉപദേശകൻ തൻ്റെ മേധാവിക്ക് പറഞ്ഞുകൊടുക്കുകയാണ്. 




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ