പൊള്ളുന്ന ഭൂമിക്കായി
Fyugp AEC Humanities First Semester
പരമ്പരാഗത പ്രകൃതി വിജ്ഞാനം അനിവാര്യം:
ഡോ. സി. ആർ. രാജഗോപാലൻ എഴുതിയ ലേഖനമാണ് പൊള്ളുന്ന ഭൂമിക്കായി. നാട്ടറിവുകളും നാട്ടുപ്രകൃതിയും കനിഞ്ഞനുഗ്രഹിച്ച നാടാണു കേരളം. എന്നാൽ ആ അറിവും ഹരിതാഭയും ഒരുമിച്ച് അപ്രതൃക്ഷമാവുകയാണ്. മൺമറഞ്ഞുകൊണ്ടിരിക്കുന്ന, പൈതൃക ബൗദ്ധികസ്വത്തുക്കളെ തിരിച്ചുപിടിക്കാനും വായനക്കാരുടെ മുന്നിൽ അവയുടെ വിശിഷ്ടതയെത്തിക്കാനുമുള്ള പരിശ്രമത്തിൻ്റെ ഭാഗമാണ് അദ്ദേഹത്തിൻ്റെ ഇടപെടലുകൾ. തനതറിവുകളെ വീണ്ടെടുക്കാനും സമൂഹത്തിൻ്റെ ഭാഗമാക്കാനും തുനിയുകയാണിവിടെ.
ഇന്ന് സൂര്യഘാതഭീഷണിയിൽ- വെയിൽ കൊണ്ടുള്ള പൊള്ളൽ എന്നു ലളിതമായി പറയാം- പുറത്തിറങ്ങാൻ മടിക്കുകയാണ് കേരളീയർ. ആശങ്കയുളവാക്കും വിധം കാലാവസ്ഥയുടെ താളം തെറ്റിയിരിക്കുന്നു. ഇതിൻ്റെ കാരണങ്ങളിലേക്ക് ലേഖകൻ കടക്കുന്നു.
മുമ്പ് ഏറെ തണലുണ്ടായിരുന്ന നാടാണ് കേരളം. ഭൂമിക്ക് യഥാർത്ഥത്തിൽ വേണ്ടത് തണലാണ്. അത് കടുത്ത സൂര്യപ്രകാശത്തെ പ്രതിരോധിക്കാൻ ഉപകാരപ്പെടുന്നു. കേരളത്തിന് മേഘങ്ങൾ തണലായിരുന്ന ഒരു കാലമുണ്ടായിരുന്നു. മേഘങ്ങൾ നല്കുന്ന സന്ദേശങ്ങൾ കാർഷികരീതിയെ സ്വാധീനിച്ചു. ഇന്ന് വീടുകൾ ചൂളകളാണ്. മേഘത്തണലിയാണ് പണ്ട് കൃഷിക്കാർ അദ്ധ്വാനിച്ച് ഫലം ഉണ്ടാക്കിയത്. ഇഷ്ടംപോലെ കുന്നുകളും വൃക്ഷങ്ങളും ഇവിടെയുണ്ടായിരുന്നു. കൈതക്കാടുകളും ചെറുസസ്യങ്ങളും ഉണ്ടായിരുന്നു. പാടത്തും പറമ്പിലുമുള്ള നാട്ടുസസ്യങ്ങളുടെ തണലിലിരുന്ന് പണിയാളർ വിശ്രമിച്ചു, ആഹരിച്ചു. ആരും പറഞ്ഞുകൊടുക്കാതെ തന്നെ മനസ്സിലവർക്ക് ഞാറ്റുവേലക്കലണ്ടർ ഉണ്ടായിരുന്നു. മണ്ണും മഴയും വെയിലും സംബന്ധിച്ച വിവരങ്ങൾ എവിടെയും ഔപചാരികമായി പഠിക്കാതെ തന്നെ അവർക്കറിയാമായിരുന്നു. കുട്ടികൾക്ക് വിനോദിക്കാനും കളിക്കാനും പറമ്പുകളും വയലുകളും സജ്ജമായിരുന്നു. ഇന്ന് നാം മാവിൻതോപ്പുകൾ വിറ്റ് മാളുകളുണ്ടാക്കുകയാണ്.
വേനൽക്കാലം പുരകെട്ടിമേയലിൻ്റെ കാലമാണ്. പുരകെട്ട് കല്യാണം എന്നാണ് ലേഖകൻ വിശേഷിപ്പിക്കുന്നത്. അതിൽ എല്ലാവരും പങ്കെടുക്കും. ഔഷധജലം-നാട്ടുപാനീയങ്ങൾ- ദാഹമകറ്റാൻ ഉപകരിച്ചു. വിശപ്പകറ്റാൻ തേങ്ങ ചിരകിയിട്ട പാൽക്കഞ്ഞിയും. തേങ്ങയുടെ പ്രാധാന്യം നമ്മുടെ ഭക്ഷണത്തിൽ കുറഞ്ഞിരിക്കുന്നു. തേങ്ങാപ്പിണ്ണാക്ക് പണിക്കിറങ്ങുന്നവർ തലയിലും നെഞ്ചിലും തേച്ചിരുന്നു. കുളിക്കും മുമ്പ് എണ്ണ തേച്ചിരുന്നു. ചൂടിനെ പ്രതിരോധിക്കാൻ ഇതുവഴി സാധിച്ചു.
യാത്രചെയ്യുന്നവർക്ക് ആശ്വാസമേകാൻ തണ്ണീർപ്പന്തലുണ്ടായിരുന്നു. വേനൽക്കാലത്ത് കുട്ടികൾക്കെന്തു നല്കണമെന്ന അറിവുമുണ്ടായിരുന്നു. സംഭാരവും മല്ലിക്കാപ്പിയും ചുക്കുകാപ്പിയും ഇളനീരും ദാഹമകറ്റി.
വേനൽക്കാലം ഉത്സവക്കാലം കൂടിയാണ്. വേലകൾക്ക് ഭൂമീദേവിയുമായുള്ള ബന്ധം ലേഖകൻ എടുത്തുപറയുന്നു. ഭൂമിയുടെ നീരുവറ്റുന്ന മാസങ്ങളിലാണ് വേലകളും പൂരങ്ങളും. അമ്മയുടെ ദാഹം തീർക്കാനുള്ള കുരുതികളും പാനകളും കാവിലൂട്ടുകളും. അമ്മക്കു വെള്ളം കൊടുത്താൽ നമുക്കും കിട്ടും എന്ന സങ്കല്പം. പണ്ട് ഭൂമി കാമധേനുവായിരുന്നു. ഇന്നത് കറവപ്പശുവായിരിക്കുന്നു. അതാണ് കുഴപ്പങ്ങൾക്കു കാരണം.
പാലക്കാട്ടു പോക്കാച്ചിക്കാവിലെ ഉത്സവ സങ്കല്പത്തിൽ വെള്ളം തേടുന്ന തവളയാണുള്ളത്. ഇത്തരം സങ്കല്പങ്ങൾ ഉത്സവങ്ങളെ ജൈവമാക്കുന്നു. വേനലിൽ പഴങ്ങൾ നല്കുന്ന, -ഞാവൽ, ചക്ക, മാങ്ങ, തൊണ്ടിപ്പഴം മുതലായവ - തണുപ്പ്, നിർജലീകരണക്ഷമത തുടങ്ങിയ ഗുണങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. എന്നാൽ ഇന്നത്തെ കുട്ടികളുടെ കയ്യിൽ വറുത്ത പാക്കറ്റ് ഭക്ഷണമാണുള്ളത്. അത് കുട്ടിക്കും പ്രകൃതിക്കും ദോഷമുണ്ടാക്കുന്നു.
കാലാവസ്ഥാ മാറ്റം ജീവിതരീതികളെയും സ്വാധീനിക്കുന്നു. മലനാടിന് അനുഗ്രഹമായ നാട്ടുകുന്നുകൾ ഇടിച്ചു നിരത്തപ്പെട്ടിരിക്കുന്നു. അവയിലെ ആവാസവ്യവസ്ഥ നഷ്ടമാകുന്നു. ചൂടു കൂടാനതു കാരണമാകുന്നു. തണ്ണീർത്തടങ്ങൾ നഷ്ടമായതും ചൂട് കൂട്ടിയിരിക്കുന്നു. കാലാവസ്ഥയുടെ താളംതെറ്റലിനു മുഖ്യകാരണം ആഗോളതാപനം തന്നെ. പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടത് വലിയ ആഘാതമാണ്. മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും, കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല് എന്നിങ്ങനെ ചൊല്ലുകളുണ്ട്.
പണ്ട് ''വെയ്യോൻ' എന്ന് സൂര്യനെ വിളിച്ചു. വെയിലുണ്ടാക്കുന്നവൻ. പഴയ കൃഷകൻ്റെ ആരാധനാമൂർത്തി. ചൂടും തണലും ഒരർത്ഥത്തിൽ നല്കുന്നത് സൂര്യൻ തന്നെ. ഹരിതഗൃഹ വാതകങ്ങളുടെ വർദ്ധനവ് അസ്വസ്ഥതകൾ വർദ്ധിപ്പിച്ചു. സൂര്യൻ ശത്രുവായി മാറി. മരങ്ങൾ മുറിക്കാൻ നമുക്ക് മടിയില്ല. വനനശീകരണം പ്രധാനപ്രശ്നമാണ്. സ്വാഭാവികവനങ്ങൾ തിരിച്ചുവരണം. കാടില്ലാതാകുമ്പോൾ അതിനെ ആശ്രയിക്കുന്ന ജീവികളും പ്രതിസന്ധിയിലാകുന്നു. ഫലങ്ങളുള്ള മരങ്ങൾ വേണം. ചതുപ്പുകൾ രക്ഷിക്കപ്പെടണം. വിഭവങ്ങൾ തിരിച്ചുപിടിക്കണം. വയലുകൾ നികത്തരുത്. പുഴമണൽ ഊറ്റരുത്. കാര്യം കൃഷിയും രക്ഷിക്കപ്പെടണം. പ്രകൃതിഅറിവുകളിലേക്കു തിരിച്ചു പോകണം. മണ്ണിലേക്ക് തിരിച്ചുപോകണം. പരമ്പരാഗത പ്രകൃതി സത്യങ്ങൾ തിരിച്ചറിയണം. നിലനില്പിൻ്റെ തനത് അറിവുകൾ പഠിപ്പിക്കണം. പാരമ്പര്യപരിസ്ഥിതി ജ്ഞാനം പ്രചരിക്കപ്പെട്ടാലേ അതിജീവനത്തിനുള്ള വഴിയുണ്ടാകൂ. വികസനപദ്ധതികൾക്കു മുന്നേ പരിസ്ഥിതി ഓഡിറ്റു നടക്കണം. പരിസ്ഥിതിആഘാത പഠനം നടക്കണം. ആ വികസനത്തിൻ്റെ ഗുണദോഷങ്ങളിൽ ഭാഗഭാക്കാക്കുന്നവർ അതിൽ പങ്കാളികളാകണം.
മാദ്ധ്യമങ്ങൾക്ക് സാമൂഹിക കടപ്പാടുണ്ട്. അവർ പരിസ്ഥിതി പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. എന്നാൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുന്നില്ല. റിയാലിറ്റിഷോകൾക്ക് പകരം നാട്ടറിവുകളും കൃഷിയും സാധാരണക്കാരൻ്റെ പ്രശ്നങ്ങളും ചർച്ചയിൽ വരണം. ജനങ്ങൾക്ക് വഴികാട്ടിയായി മാദ്ധ്യമങ്ങൾ മാറണം.
വളരെ വ്യക്തവും ശക്തവുമായ നിരീക്ഷണങ്ങളാണ് സി.ആർ. രാജഗോപാലൻ അവതരിപ്പിക്കുന്നത്. ഈ നിരീക്ഷണങ്ങൾ പിന്തുടരാനുള്ള ഇച്ഛാശക്തി സമൂഹം പ്രകടിപ്പിക്കുന്നില്ലെന്നേയുള്ളൂ.
ganeshanmalayalam@gmail.com 9495900209
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ