തലക്കെട്ടു മാഹാത്മ്യം: എസ്.കെ. പൊറ്റക്കാട്
AEC Humanities First Semester
വ്യക്തിപരവും സാമൂഹികവുമായ പ്രശ്നങ്ങളെ കഥകളിൽ അവതരിപ്പിച്ച സാഹിത്യകാരനാണ് എസ്.കെ പൊറ്റക്കാട്. കാല്പനിക ചാരുത ഉള്ളവയാണ് അദ്ദേഹത്തിൻ്റെ കഥകൾ. എന്നാൽ റിയലിസത്തോടുള്ള ആഭിമുഖ്യം ഉപേക്ഷിക്കുന്നുമില്ല. യാത്രയും ജീവിത നിരീക്ഷണവും ഏറെ പ്രിയപ്പെട്ടവയാണ് അദ്ദേഹത്തിന്. അതിനാൽ എസ്. കെയുടെ കഥകൾ സൂക്ഷ്മനിരീക്ഷണത്തിന്റെ സ്പർശമുള്ളവയാണ്. സരസതയും സരളപ്രതിപാദനവും ദീക്ഷിക്കുന്നതിൽ എപ്പോഴും അദ്ദേഹം ബദ്ധശ്രദ്ധനാണ്. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങൾ അദ്ദേഹത്തിൻ്റെ കഥകളിൽ നിർണായകസ്ഥാനം വഹിക്കുന്നുണ്ട്. വനകൗമുദി, പുള്ളിമാൻ, രാജമല്ലി, കനകാംബരം, ഇന്ദ്രനീലം, നിശാഗന്ധി, ചന്ദ്രകാന്തം എന്നിങ്ങനെ നിരവധി കഥാസമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘തലക്കെട്ട് മാഹാത്മ്യം’ എന്ന കഥ അധികാരത്തിന്റെ ഹുങ്ക് ബാധിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ടായ തിരിച്ചടിയെ സംബന്ധിക്കുന്നതാണ്. പാവപ്പെട്ടവനെ ദ്രോഹിക്കാനായി അധികാര ദണ്ഡുപയോഗിച്ചാൽ തിരിച്ചടി കിട്ടുമെന്നോർക്കണം. അതിനുള്ള ഉപാധി ഏത് അശരണൻ്റെ മുന്നിലും തെളിഞ്ഞു വരുമെന്ന് കഥാകൃത്ത് വിവരിക്കുന്നു. അധികാരം സാധാരണക്കാരോട് സൗമ്യമായി പെരുമാറാനും സാധാരണീയരെ സേവിക്കാനുള്ള അവസരമായി കരുതണമെന്നും കഥാകൃത്ത് നിർദ്ദേശിക്കുന്നു.
ഇതിലെ കഥാപാത്രങ്ങൾ രാമൻനായരെന്ന് പേരുള്ള, ഒരു സാധാരണ കമ്പനിയിൽ ജോലി ചെയ്ത് ഉപജീവനം കഴിച്ചുകൂട്ടുന്ന വ്യക്തിയും ഇക്കണ്ടൻനായരെന്ന ഹെഡ് കോൺസ്റ്റബിളുമാണ്. വലിയ ലോക്യക്കാരാണ് രണ്ടുപേരും എന്ന് പറഞ്ഞാണ് കഥയാരംഭിക്കുന്നത്. നായകനായ രാമൻ നായർ കണ്ടാൽ ഒരു സാധുവിനെ പോലെയാണെങ്കിലും കയ്യൂക്കും മെയ്യൂക്കും കാര്യവിവേകവുമുള്ള ഒരു യുവാവാണ്. ഇക്കണ്ടൻ നായർ വളരെയേറെ സർവീസുള്ള പോലീസുകാരനാണ്. കണ്ടാൽ തോന്നില്ലെങ്കിലും 46 വയസ്സായിരിക്കുന്നു.
രാമൻ നായർ, ഇക്കണ്ടൻ നായരെ സ്നേഹിച്ചു; വിശ്വസിച്ചു. ഒരു കാലക്കേടിനാലോ മറ്റോ രാമൻ നായർ കമ്പനിയിൽ വച്ച് ഒരു പണാപഹരണക്കേസിൽ പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട് സ്റ്റേഷനിൽ എത്തി. “വാക്കു കൊണ്ടുള്ള വിചാരണ കഴിഞ്ഞ് ഊക്കു കൊണ്ടുള്ള വിചാരണയ്ക്കായി” ലോക്കപ്പിലേക്ക് കൂട്ടിക്കൊണ്ടു പോകപ്പെട്ടു.
തൻ്റെ സുഹൃത്തായ ഇക്കണ്ടൻ നായരെ അവിടെ കണ്ടില്ല. കണ്ടിരുന്നെങ്കിൽ കൊണ്ട അടികൾക്കും ഇടികൾക്കും സമാധാനം കിട്ടിയേനെ. ഇങ്ങനെ വിചാരിച്ച് നിരാശനായിരിക്കെ ഇക്കണ്ടൻ നായരതാ വരുന്നു. പുഞ്ചിരിച്ചെതിരേൽക്കാൻ നോക്കുമ്പോഴേക്കും രാമൻനായരുടെ മുഖത്തും ചെകിടത്തും നല്ല അടി അഞ്ചെട്ടെണ്ണം കൊടുത്തു. രാമൻനായർക്ക് ഒന്നും പറയാനായില്ല. അടി ഹൃദയത്തിലായിരുന്നു ഏറ്റത്.
കുറെ കഴിഞ്ഞപ്പോൾ ഇക്കണ്ടൻ നായരുടെ ഭാവം മാറി. രാമനായരോട് ലോക്യം കൂടി. അപ്പോൾ രാമൻ നായർ ചോദിച്ചു: “നിങ്ങൾ എന്നെ പ്രഹരിക്കുന്ന സമയം അത് ഞാനായിരുന്നു എന്ന് അറിഞ്ഞിട്ടുണ്ടായിരുന്നില്ല അല്ലേ” രാമൻ നായരോട് ഒരു സങ്കോചവും ഇല്ലാതെ ഇക്കണ്ട നായർ മറുപടി പറഞ്ഞു: “ഞാൻ മനസ്സിലാക്കിയിരുന്നു. പക്ഷേ രാമൻ നായർ ഒന്ന് കേൾക്കണം. ഈ ചുവന്ന തൊപ്പി തലയിൽ കയറിയാൽ ഒരു കലികയറിയ മാതിരിയിലാണ് ഞങ്ങളുടെ സ്വഭാവം. ബന്ധുമിത്രാദികൾ ആണെങ്കിലും ഒന്ന് കൊടുക്കാതെ രക്ഷയില്ല. രാമൻ നായർ ക്ഷമിക്കണേ.”
രണ്ടരക്കൊല്ലം ജയിൽ ശിക്ഷ കഴിഞ്ഞ് രാമൻ നായർ അതേ സ്ഥലത്ത് അതേ ഉദ്യോഗത്തിൽ അതേ നിലയിൽ തന്നെ തുടർന്നു. ഒരു ദിനം ട്രാഫിക് ജോലി കഴിഞ്ഞു ഇക്കണ്ടൻ നായർ പോകുമ്പോൾ ഒരു വിളി കേട്ട് തിരിഞ്ഞുനോക്കി. ചെറിയ ഒരു വീടിനകത്ത് ജനാലയ്ക്കു സമീപം രാമൻനായർ നില്ക്കുന്നു. എപ്പോൾ വന്നു എന്നു ചോദിച്ചു കൊണ്ട് ഇക്കണ്ടൻ നായർ നിരത്തിനുമേൽ നിന്നു. രാമൻ നായർ ഇക്കണ്ടൻ നായരെ ക്ഷണിച്ചു. ഭൃത്യനോട് ചായ പലഹാരങ്ങൾ ഉണ്ടാക്കാൻ പറഞ്ഞു. ഒന്നും വേണ്ടെന്ന് ഇക്കണ്ടൻ നായർ ഭംഗിവാക്ക് പറയാതിരുന്നില്ല. ഇക്കണ്ടൻ നായർ ബ്രിട്ടീഷ് രാജ്യസ്നേഹിയായിരുന്നു. 121 കൊല്ലത്തേക്ക് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന കാര്യം സംശയമാണെന്നായിരുന്നു അയാളുടെ അഭിപ്രായം. വകുപ്പ് കാര്യങ്ങളും രാഷ്ട്രീയ കാര്യങ്ങളും പറയുന്ന വേളയിൽ “ഫൂ! വല്ലാത്ത വെയിലപ്പാ” എന്നു പറഞ്ഞുകൊണ്ട് തൻ്റെ ബെൽറ്റഴിച്ചു മേശമേൽ വെച്ചു. തൊപ്പിയെടുത്ത് അതിൻ്റെ നടുക്കു വെച്ച് വിയർപ്പ് ഒപ്പി. വിഭവങ്ങൾ നിരന്നു. ഇക്കണ്ടൻ നായർ ശാപ്പിട്ടു തുടങ്ങി. പാത്രങ്ങൾ ഒഴിയാറായി.
രാമൻ നായർ തമാശയ്ക്ക് ആ ചുവന്ന തലക്കെട്ട് തലയിൽ വച്ചു നോക്കി. പെട്ടെന്ന് എന്തൊരു അത്ഭുതം! രാമൻനായരുടെ മുഖം കറുത്തു. ഭാവം മാറി. രൗദ്രം ഏറി. അടിച്ചായ മോന്തുകയായിരുന്ന ഇക്കണ്ടൻ നായരുടെ മുഖത്ത് രാമൻ നായർ ഒരൊറ്റ അടി വച്ചുകൊടുത്തു. ഉടൻ തൊപ്പി താഴെ വയ്ക്കുകയും ചെയ്തു “ശരിയാണ് നായരെ, അന്ന് പറഞ്ഞത് വല്ലാത്ത തൊപ്പി തന്നെ” എന്ന് പ്രതികരിക്കുകയും ചെയ്തു. കൈകഴുകുവാൻ വെള്ളം വേണോ എന്ന് രാമൻ നായർ അന്വേഷിച്ചു. കഥ ഇവിടെ അവസാനിക്കുന്നു. തൊപ്പി വെച്ചപ്പോൾ സ്നേഹശൂന്യനായി അഭിനയിച്ച ഇക്കണ്ടൻ നായരെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു രാമൻ നായർ.
അധികാരത്തിന്റെ ലീലാവിലാസങ്ങളെ ആക്ഷേപ വിധേയമാക്കുന്ന ഉപഹാസ കഥയായി തലക്കെട്ട് മാഹാത്മ്യത്തെ കാണാം. പൊറ്റക്കാട്ടിന്റെ നിരീക്ഷണ വൈഭവം ട്രാഫിക് ജോലിയിൽ അമരുന്ന പോലീസുകാരെ വിവരിക്കുന്ന സന്ദർഭത്തിൽ പ്രകടമാകുന്നു :
“നെരിപ്പോട് പോലെ എരിയുന്ന വെയിലത്ത് സൂചി പോലെ കണ്ണിൽ കുത്തി കയറുന്ന സൂര്യരശ്മി ഏറ്റ് ജനബാഹുല്യത്തിൻ്റെയും വാഹന ശതങ്ങളുടെയും കമ്പവും ഇരമ്പവും കൊണ്ടു കാതടഞ്ഞു മൂക്കിലും നാക്കിലും പൊടി നിറച്ചു നിൽക്കുന്നേടത്തു നിന്നു നീങ്ങുവാൻ കഴിയാതെ സംസാരിക്കുവാൻ ഒരു നായിച്ചാത്തനും ഇല്ലാതെ ചെള്ള് കടിച്ച നായയെപ്പോലെ തിരിഞ്ഞും മറിഞ്ഞും മറിഞ്ഞും തിരിഞ്ഞും കൈ പൊക്കിയും താഴ്ത്തിയും ആഹാര വിഹാരാദികളില്ലാത്ത ഒരു ദേഹം പോലെ നാല് കൂടിയ വഴിക്ക് നാട്ടിയ ഒരു തിരിയുന്ന കുറ്റി പോലെ ബീറ്റ് നിൽക്കുന്ന പോലീസ് അണ്ണന്മാരെ കാണുമ്പോൾ ഭേദ്യാലയത്തിൽ വെച്ചു ചെയ്ത പാപത്തിൻ്റെ പ്രത്യക്ഷ ശിക്ഷ അനുഭവിക്കുകയാണോ അവർ എന്ന് ആർക്കും തോന്നിപ്പോകും”
വസ്തുനിഷ്ഠമായ, സൂക്ഷ്മ ദർശനപരമായ വർണ്ണനയാണിത്. പോലീസുകാരോട് അനുഭവമില്ലാത്ത ഒരു കാലഘട്ടത്തിലും സാമൂഹിക പരിസരത്തിലും എഴുതിയ ഈ കഥ അധികാര പ്രരൂപങ്ങളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന ധ്വനി സമ്മാനിക്കുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ