പ്രായോഗിക മലയാളം P1, Module 1,

Fyugp Minor Malayalam, First semester Kannur University 

പ്രായോഗികമലയാളം ഭാഗം 1

ഭാഷ: വസ്തുതകൾ

മനുഷ്യനു സവിശേഷസിദ്ധികൾ സൃഷ്ടിച്ചുനല്കിയ മഹത്തായ ഉപാധിയാണ് ഭാഷ. ആംഗ്യങ്ങളെയും ശബ്ദങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ആദിമ മനുഷ്യൻ്റെ ഭാഷ.

അത് പണിയായുധങ്ങൾ സൃഷ്ടിക്കാനും ഉപയോഗിക്കാനുമുള്ള അറിവായും, തലമുറകളിലേക്ക് അറിവു പകരാനുള്ള ഉപാധിയുമായും മാറുന്നു. കൂട്ടായ്മയോടെ ഉപകരണം പ്രയോഗിക്കാനുള്ള ഐക്യബോധവും ഭാഷ ഉളവാക്കുന്നു. കൈയിൻ്റെയും കണ്ണിൻ്റെയും ഒരുമിച്ചുള്ള പ്രവർത്തനം മുഖേന യാദൃച്ഛികതകളെ പാഠമാക്കാനും സോദ്ദേശ്യത്തോടെ പണിയായുധങ്ങളെ രൂപപ്പെടുത്താനും അവനു സാധിച്ചു.

സമൂഹത്തിൻ്റെ കെട്ടുറപ്പിന്നും വളർച്ചയ്ക്കും ശക്തിമത്തായ ഉപാധിയാണ് ഭാഷയെന്ന് ജെ.ഡി.ബർണൽ ‘ശാസ്ത്രം ചരിത്രത്തിൽ’ എന്ന കൃതിയിൽ വിശദമാക്കുന്നുണ്ട്. ആദിമമനുഷ്യൻ്റെ വേട്ടയാടൽ കാലയളവിൽ ആളുകൾ തമ്മിൽ ഫലപ്രദമായ സഹകരണം സാദ്ധ്യമാക്കിയത് ഭാഷയാണ്. അതിനാൽ ഭാഷ ഒരു ഉൽപ്പാദനോപാധി കൂടിയാണ്. ആദ്യഭാഷ വളരെ കുറച്ചു വിഷയങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. ഭക്ഷണസമ്പാദനമായിരുന്നു അതിൻ്റെ മുഖ്യവിഷയം. വികാര പ്രകടനത്തിനായിരുന്നു ശബ്ദം ഉപകരിച്ചത്. വികാരവും പ്രവൃത്തിയും അന്യനിലേക്കു പകരുകയായിരുന്നു ശബ്ദത്തിൻ്റെ ആദ്യധർമ്മം. പിന്നീടാണ് സാധനങ്ങളും സ്ഥലങ്ങളുമായി ബന്ധപ്പെട്ട സൂചകങ്ങളായി അതു വികസിച്ചത്. ഭാഷയിൽ വികാരാംശം ഇന്നും ഒളിഞ്ഞു കിടക്കുന്നുണ്ടല്ലോ. ഭാഷയുടെ ശക്തി അതാണ്. മനസ്സിനെ ഇളക്കാനും പുളകം കൊള്ളിക്കാനും ഭാഷയ്ക്കുള്ള കഴിവ് സ്പഷ്ടവുമാണ്. 

ഭാഷ ആദിമുതൽ തന്നെ അവ്യവസ്ഥിതമായിരുന്നുവെന്ന് ബർണൽ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം വ്യക്തമാക്കുന്നു: “ഓരോ സമൂഹത്തിലും ശബ്ദങ്ങളുടെ അർഥത്തിനു പൊതുവായ അംഗീകാരം ലഭിക്കുകയും അത് പാരമ്പര്യത്തിൽ ഇഴുകിച്ചേരുകയും വേണ്ടിയിരുന്നു. അങ്ങനെയാണു ഭൗതികവും സാമൂഹികവുമായ ജീവിതത്തെ തികച്ചും കൈകാര്യം ചെയ്യാൻ കഴിവുള്ള പൂർണ്ണഭാഷ രൂപംകൊണ്ടത്. ഇതേ കാരണം കൊണ്ടുതന്നെ ഭാഷകൾ വിവിധങ്ങളും എന്നാൽ സാർവലൗകികങ്ങളുമായി.”

ഭാഷയുടെ വല്ലാത്തൊരു കഴിവിനെക്കുറിച്ചും ബർണൽ പറയുന്നുണ്ട്. അത് മാറിക്കൊണ്ടേയിരിക്കാനുള്ള അതിൻ്റെ കഴിവാണ്. അളക്കാൻ കഴിയുന്നതിനുമപ്പുറം വൈവിദ്ധ്യമുള്ള ഒന്നാണ് ഭാഷ. അതോടൊപ്പം തന്നെ ഒരു സമൂഹത്തിൽ നിലനില്ക്കാനുള്ള കഴിവുമുണ്ട്. ആദികാലത്തെ സാമൂഹിക ജീവിതം അംഗങ്ങളുടെ പരസ്പരബന്ധത്തെയും വിചാരങ്ങളെയും ആഴത്തിൽ രൂപപ്പെടുത്താൻ ഉപകരിച്ചിട്ടുണ്ട്. ഭക്ഷണം തേടിപ്പിടിക്കുക, തയ്യാറാക്കുക, പങ്കിടുക, വിധിക്കൊത്ത് ആഘോഷപൂർവം ഭക്ഷിക്കുക മുതലായവ സാമൂഹികപ്രവർത്തനങ്ങളും, അവ തികച്ചും മാനുഷികവുമായിരുന്നു. സ്വയം ശിക്ഷണം ചെയ്യുന്ന ഏകജീവി മനുഷ്യനാണെന്ന് ഓർക്കുക.

ഭാഷയും പണി ഉപകരണങ്ങളുടെ (Tool) ഉപയോഗവും ഭാഷയുമാണ് സഹകരണം വികസിക്കാനിടയാക്കിയതെന്ന് ജോർജ് തോംസൺ ‘മാനവസത്ത’ എന്ന കൃതിയിൽ വ്യക്തമാക്കുന്നു. ഭാഷയുടെ ആവിർഭാവത്തെ സംബന്ധിച്ചുള്ള അദ്ധ്വാനസിദ്ധാന്തം അദ്ദേഹം അവതരിപ്പിക്കുന്നു. 

“ആദ്യം അദ്ധ്വാനം, അതിനെ പിന്തുടർന്നും പിന്നെ അതോടൊപ്പവും ഭാഷ. വാനരൻ്റെ തലച്ചോറ് ക്രമേണ അതിനേക്കാൾ വളരെ വലുതും കൂടുതൽ പരിപൂർണവുമായ നരൻ്റെ തലച്ചോറായി പരിണമിക്കുന്നതിൽ മുഖ്യമായ പങ്കു വഹിച്ചത് ഈ രണ്ടു പ്രേരണകളുടെ സ്വാധീനമാണെന്ന് എംഗൽസ് വ്യക്തമാക്കുന്നു.” (ജോർജ് തോംസൺ, മാനവ സത്ത).

ഭാഷ അദ്ധ്വാനവുമായി ബന്ധപ്പെട്ടും മനുഷ്യർ തമ്മിലുള്ള സഹകരണത്തെയും ഉപകരണങ്ങളുടെ ഉപയോഗത്തെയും ത്വരിതപ്പെടുത്തുന്ന ഘടകമായും സാമൂഹികജീവിതത്തിലെ നിർണായക സാന്നിദ്ധ്യമായി പ്രാചീന കാലത്തേ ഉരുത്തിരിഞ്ഞുവെന്ന് വ്യക്തമായല്ലോ.

Lingua എന്ന ലത്തീൻ പദത്തിൽ നിന്നും Language എന്ന ഇംഗ്ലീഷുപദമുണ്ടായി. ലിൻഗ്വാ എന്നാൽ നാവ് എന്നർത്ഥം. ഭാഷ പ്രയോഗിക്കാനുള്ള മുഖ്യമായ ഉപാധി കൂടിയാണല്ലോ നാവ് എന്ന അവയവം. നാവിനാൽ  സൃഷ്ടിക്കപ്പെടുന്നതാണ് ഭാഷ.

ഭാഷ - നിർവചനം

“ഒരുവൻ തൻ്റെ അന്തർഗ്ഗതം മറ്റൊരുവനെ ഗ്രഹിപ്പിക്കുന്നതിനു വേണ്ടി ഉച്ചരിക്കുന്നതും ആ അന്തർഗ്ഗതം ഏതെങ്കിലും ഒരു ജനസമുദായത്തിലെ സങ്കേതമനുസരിച്ച് അന്യന് ഗ്രഹിക്കുവാൻ പര്യാപ്തവുമായ വർണ്ണാത്മക ശബ്ദങ്ങളുടെ സമൂഹമാകുന്നു ഭാഷ.”

ഇത്രയും വ്യക്തമായും ഉചിതമായും ഭാഷയെന്തെന്ന് നിർവചിച്ചത് കേരളസാഹിത്യ ചരിത്രം ഒന്നാം വാള്യത്തിൽ ഉള്ളൂർ എസ്. പരമേശ്വരയ്യരാണ്. ഇദ്ദേഹം മലയാളത്തിലെ മഹാകവിയും സാഹിത്യചരിത്ര രചയിതാവുമാണ്. 

ആശയവിനിമയോപാധിയാണ് ഭാഷ. ആശയവിനിമയത്തിന് പല മാർഗ്ഗങ്ങളുമുണ്ടെങ്കിലും ഭാഷ അജയ്യമാണ്. ആംഗ്യഭാഷ ഒരു വഴിയാണ്. ആംഗ്യഭാഷ ഒരു സമൂഹത്തിനാകെ സ്വീകാര്യമാകാൻ ബുദ്ധിമുട്ടാണ്. കണ്ണ്, കൈ മുതലായ അവയവങ്ങളാൽ മാത്രം നടത്തുന്ന ആംഗ്യഭാഷ എല്ലാ ആശയങ്ങളെയും എല്ലാവർക്കും ഹിതമാകുംവിധം സമർത്ഥമായി പ്രകാശിപ്പിക്കാൻ പറ്റാത്ത ഒന്നാണ്. ചിഹ്നഭാഷ മറ്റൊരു വഴിയാണ്. കാഴ്ചയില്ലായ്മയും വെളിച്ചത്തിൻ്റെ അഭാവവും ആംഗ്യഭാഷയുടെ ന്യൂനതകൾ വെളിവാക്കും. ചിഹ്നഭാഷയും ഈ പരിമിതികളിൽ നിന്നു മുക്തമല്ല. അവയൊക്കെ ഏറെ പരിമിതി നേരിടുന്ന ആശയവിനിമയ രീതികളത്രെ. അതിനാൽ ഭാഷണപരമായ ഭാഷയിൽ നിന്ന് അവയെ ഒഴിവാക്കി, ശബ്ദമുഖരിതമായ ഭാഷയെക്കുറിച്ചു ചിന്തിക്കാം.

ഒരു സ്വാഭാവിക ആശയവിനിമയോപാധിയാകുന്നു ഭാഷ. മനുഷ്യനു ലഭിച്ച ഏറ്റവും വലിയ മൗലികസിദ്ധി. മനുഷ്യൻ്റെ സാമൂഹിക ജീവിതത്തെയും പരസ്പരമുള്ള ആശയപരവും ചിന്താപരവുമായ പ്രക്രിയകളെയും പ്രതിനിധാനം ചെയ്യാൻ ഭാഷയ്ക്കു സാധിക്കുന്നു. മനുഷ്യൻ്റെ വ്യക്തിപരവും സാമൂഹികവുമായ പുരോഗതിയുടെ അടിത്തറയായി ഭാഷ വിശേഷിപ്പിക്കപ്പെടുന്നു. ഭാഷയ്ക്ക് ശബ്ദം,അക്ഷരം, അർത്ഥം എന്നിങ്ങനെ മൂന്നു ഘടകങ്ങൾ ഉണ്ടെന്ന് നിസ്സംശയം പറയാം. ശബ്ദമാണ് ഭാഷയുടെ ആരുഢം. ശബ്ദത്തെ വ്യഞ്ജിപ്പിക്കുക, പ്രകാശിപ്പിക്കുകയെന്ന ദൗത്യമാണ് അക്ഷരങ്ങൾ നിർവഹിക്കുന്നത്.

ഭാഷ വഴി വാക്കുകളും ആശയങ്ങളും ബുദ്ധിപൂർവം കൈകാര്യം ചെയ്യാൻ മനുഷ്യനേ സാധിക്കൂ. ശബ്ദങ്ങൾ പുറപ്പെടുവിച്ചുള്ള ആശയവിനിമയം മൃഗങ്ങൾക്കും സാധിക്കും. പക്ഷേ, ചില ഭാവപ്രകടനങ്ങൾ മാത്രമേ അതുവഴി സാധിക്കൂ. സംസാരത്തിന് മനുഷ്യനെ പ്രാപ്തനാക്കുന്ന അവയവസംവിധാനം മൃഗങ്ങളിൽ വികസിച്ചിട്ടില്ല. എരുമേലി പരമേശ്വരൻ പിള്ള എഴുതുന്നു:

“മനുഷ്യനിൽ സഹജമായിക്കാണുന്ന ഉയർന്ന നിലയിലുള്ള ബുദ്ധിവ്യാപാരം, വിവേകം, ഭാവനാശക്തി, വികാരഭാവം അനുഭവജ്ഞാനം, ജീവിതത്തെ സംബന്ധിച്ച ലക്ഷ്യബോധം എന്നിവ ബോധപൂർവം ഭാഷ പ്രയോഗിക്കാനും അതു തൻ്റെ ജീവിതവുമായി ബന്ധപ്പെടുത്തി വികസിപ്പിച്ചെടുക്കാനും അവനെ പ്രാപ്തനാക്കി. മനുഷ്യൻ്റെ ആശയപ്രകാശനത്തിനു കൂടുതൽ വൈശദ്യമുണ്ട്; ഭംഗിയുണ്ട്; മിഴിവുണ്ട്. തൻ്റെ എല്ലാവിധ സ്തോഭങ്ങൾക്കും തദനുസരണമായ ശബ്ദങ്ങൾ വികാര തീവ്രതയോടെ പ്രകടിപ്പിക്കാനുള്ള കഴിവുണ്ട്, മനുഷ്യന്. തന്നെയുമല്ല ശബ്ദങ്ങൾക്ക് കൂടുതൽ അർത്ഥസമ്പുഷ്ടി നല്കി അതിനു വ്യാപകമായ അംഗീകാരം നേടിയെടുക്കാനും അവനു കഴിയുന്നു. രണ്ടുപേർ ശരിക്കും ഒരുപോലെ സംസാരിക്കുന്നില്ല എന്നത് ഭാഷയും മനുഷ്യനും തമ്മിലുള്ള സവിശേഷ ബന്ധം വ്യക്തമാക്കുന്നു.” വളരെ തെളിഞ്ഞ ഒരു ചിത്രമാണ് എരുമേലി ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്. ഭാഷയുടെ മഹത്വവും വൈവിദ്ധ്യഗുണങ്ങളും അദ്ദേഹം പരാമർശിച്ചിരിക്കുന്നു.

ഭാഷയ്ക്ക് വൈവിദ്ധ്യം സംഭവിക്കുന്നതിൻ്റെ കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ആശയത്തിൻ്റെയും ചിന്തയുടെയും സ്വഭാവം, പറയുന്ന ആളിൻ്റെയും കേൾക്കുന്ന ആളിൻ്റെയും മനോഭാവങ്ങൾ, ആശയപരവും ഭാഷാപരവും ആയ നിലവാരം, കൈകാര്യം ചെയ്യുന്ന വിഷയത്തിൻ്റെ സ്വഭാവം ഇവയ്ക്കനുസരണമായി വൈവിദ്ധ്യമുള്ളതായിരിക്കും ഭാഷ.

“ ഭാഷാ വ്യക്തായാം വാചി” എന്നു പാണിനി നിർവചിക്കുന്നു. വ്യക്തമായ വാക്കാണ് ഭാഷ. ‘ഭാഷ് ‘ എന്നാൽ സംസാരിക്കുക എന്നർത്ഥം. ഭാഷയില്ലാതെ സാഹിത്യമില്ല. എന്നാൽ സാഹിത്യമില്ലാതെയും ഭാഷയുണ്ട്. അസംഖ്യം ഭാഷകൾ ഉണ്ടായതിനെ സംബന്ധിച്ച് പല സങ്കല്പങ്ങളുമുണ്ട്. അതിലൊന്ന് ബൈബിളിലെ ഉൽപ്പത്തിപ്പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന കഥയാണ്. പ്രശസ്തമായ ബാബേൽ ഗോപുരവുമായി ബന്ധപ്പെട്ടതാണത്. പ്രളയാനന്തരം ഒറ്റഭാഷ സംസാരിച്ചിരുന്ന ജനങ്ങൾ ആകാശംമുട്ടുന്ന മട്ടിൽ ഒരു ഗോപുരം നിർമ്മിക്കാൻ ഒന്നിച്ചു. അനുബന്ധമായി ഒരു നഗരവും. വളരെ ഐക്യത്തോടെ ആ ആകാശചുംബി ഉയരവെ ഈ കാഴ്ച ദൈവം കണ്ടു. മനുഷ്യരുടെ ഒരുമ. ഭാവിയിൽ അവർ ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കുമെന്ന് ദൈവം ചിന്തിച്ചു. “അവർ ചെയ് വാൻ നിരൂപിക്കുന്നതൊന്നും അവർക്ക് അസാദ്ധ്യമാവുകയില്ല” എന്നാണ് ദൈവം സങ്കല്പിച്ചത്. ഇത്രയും ഐക്യമുണ്ടായത് ഒറ്റ ഭാഷ കൊണ്ടാണെന്നു ദൈവം മനസ്സിലാക്കുകയും അതോടെ ഭാഷ ഭിന്നിപ്പിക്കുകയും അതോടെ മനുഷ്യരുടെ ഐക്യം തകരുകയും ചെയ്തു. ഗോപുരം പണി നിലച്ചു. ഭാഷ ഭിന്നിപ്പിച്ചു, വ്യത്യസ്തഭാഷക്കാരായി മനുഷ്യസമൂഹം മാറി എന്നുള്ളതിനേക്കാളും, അസാമാന്യ ശക്തിവിശേഷമുള്ള, ഏവരെയും ഒരുമിപ്പിക്കുന്ന ഐക്യഘടകമാണ് ഭാഷയെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.

ഈശ്വരൻ വരദാനമായി നല്കിയ ഒന്നാണ് ഭാഷ എന്ന അശാസ്ത്രീയ ചിന്ത സമൂഹത്തിലുണ്ടായിരുന്നു. അതിലൊരു വാദമാണ് ബാബേൽ ഗോപുരവുമായി ബന്ധപ്പെട്ടത്. വേദം ദൈവവചനമായി വിശ്വസിച്ചിരുന്നു. വിദ്യയുടെ ദേവതയായി സരസ്വതിയെ പ്രതിഷ്ഠിച്ചു. സംസ്കൃതഭാഷ ദേവഭാഷയാണെന്നു വാദിച്ചു. ആദിയിൽ വചനമുണ്ടായി എന്ന് ബൈബിൾ പറയുന്നു. ഈശ്വരനോടൊപ്പം ഭാഷയും വന്നു എന്നാണ് വാദം. ഹീബ്രു ഭാഷയിലാണ് ദൈവം ആദാമിനോട് സംസാരിച്ചതത്രെ. മനുഷ്യൻ ഉപയോഗിക്കുന്ന വാക്കുകളുടെയും അതിലടങ്ങിയ ആശയങ്ങളുടെയും അടിസ്ഥാനം ബ്രഹ്മമാണെന്ന് ഭർത്തൃഹരി കരുതുന്നു. ദൈവത്തിൽ നിന്നാണ് നബിക്കു വാക്കുകൾ ലഭിച്ചതെന്ന് ഖുർ-ആൻ പറയുന്നു. ഇത്തരം വിശ്വാസങ്ങൾ സമൂഹജീവിയായ മനുഷ്യൻ്റെ യുക്തിയിലധിഷ്ഠിതമായ ഭാഷാസമീപനത്തിന് ചേരുന്നവയല്ല.

ശാസ്ത്രീയചിന്ത വളർന്നതോടെ യാഥാസ്ഥിതികവും മതപരവുമായ വാദങ്ങൾ തെറ്റാണെന്ന് സ്ഥാപിക്കപ്പെട്ടു. ‘ഭാഷയുടെ ഉൽപ്പത്തി’ എന്ന പ്രബന്ധം തയ്യാറാക്കിയ ജുവാൻ ഹെർഡർ (പതിനെട്ടാം നൂറ്റാണ്ട്, ജർമ്മനി) മനുഷ്യൻ കണ്ടുപിടിച്ചതോ, ദൈവം സമ്മാനമായി നല്കിയതോ അല്ല ഭാഷയെന്ന് സ്ഥാപിച്ചു. മനുഷ്യൻ കരുതിക്കൂട്ടി ഉണ്ടാക്കിയതല്ല ഭാഷ. ശക്തമായ വൈകാരികഭാവങ്ങളെ ആവിഷ്കരിക്കാൻ സ്വാഭാവികമായും സ്വമേധയാ അവൻ നിർബന്ധിതനായിത്തീരുകയാണുണ്ടായത്. അവൻ്റെ ഉള്ളിൽ നിന്നും അദ്ധ്വാനത്തിൻ്റെ ഫലമായും മറ്റും പുറപ്പെട്ട ശബ്ദങ്ങളുടെ വികസിതരൂപമാണ് ഭാഷ.

ഭാഷയുടെ ഉൽപ്പത്തിയെ സംബന്ധിച്ച് ആത്മനിഷ്ഠ സിദ്ധാന്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഇവ അശാസ്ത്രീയമാണ്. വസ്തുനിഷ്ഠ സിദ്ധാന്തങ്ങൾ ശാസ്ത്രീയാടിത്തറയുള്ളവയാണ്. ആത്മനിഷ്ഠസിദ്ധാന്തങ്ങളിൽ അനുകരണ സിദ്ധാന്തം, വ്യാക്ഷേപകസിദ്ധാന്തം, പ്രതിരണന സിദ്ധാന്തം, ആംഗികചേഷ്ടാനുസാരി സിദ്ധാന്തം, സംഗീതക സിദ്ധാന്തം, സമ്പർക്ക സിദ്ധാന്തം എന്നിവ ഉൾപ്പെടുന്നു. 

മനുഷ്യൻ്റെ അനുകരണവാസനയെയാണ് അനുകരണ സിദ്ധാന്തം (The Bow Vow Theory) പിന്തുടരുന്നത്. പ്രകൃതിയിലുണ്ടാകുന്ന ശബ്ദങ്ങൾ അനുകരിച്ച് ഭാഷയുണ്ടായി എന്നാണ് ഈ സിദ്ധാന്തം വ്യക്തമാക്കുന്നത്. 

വ്യാക്ഷേപകസിദ്ധാന്തം (The Pooh Pooh Theory) വ്യത്യസ്തങ്ങളായ വികാരങ്ങൾക്ക് വിധേയനാകുന്ന മനുഷ്യൻ പുറപ്പെടുവിക്കുന്ന oh, ah, Pooh മുതലായ ശബ്ദങ്ങൾ, -ഹാ,അയ്യോ, ആഹാ മുതലായവ- ഭാഷയുടെ ആവിർഭാവത്തിനു കാരണമായി എന്നതാണ്. ഈ വിഭാഗത്തിൽത്തന്നെ വളരെക്കുറച്ചു പദങ്ങളേ ഉള്ളൂ എന്നത് അതിൻ്റെ യുക്തിരാഹിത്യം വെളിവാക്കുന്നു. 

പ്രതിരണന സിദ്ധാന്തം (The Ding dong theory) പ്രകൃതി വസ്തുക്കൾ മനുഷ്യനിലുണ്ടാക്കുന്ന പ്രതികരണങ്ങളിൽ ഊന്നുന്നു. ഡിങ് - ഡോങ് ശബ്ദം മണിനാദത്തെയും മണിയുടെ നാക്കിനെയും കുറിക്കുന്നു. വസ്തുവും അതിൻ്റെ സ്വഭാവവും മനുഷ്യനിലുണ്ടാക്കുന്ന പ്രതികരണവും അതിനെ കുറിക്കുന്ന പദവും തമ്മിൽ അകൃത്രിമബന്ധം ഉണ്ടെന്ന് ഈ സിദ്ധാന്തം (മാക്സ് മുള്ളർ ആവിഷ്കരിച്ചത്) വാദിക്കുന്നു. എന്നാൽ ഒരേ വസ്തു ഭിന്നവ്യക്തികളിൽ ഭിന്നപ്രതികരണമായിരിക്കും പലപ്പോഴും സൃഷ്ടിക്കുക. ഇത് പരിഗണിക്കാത്തത് ഈ സിദ്ധാന്തത്തിൻ്റെ ന്യൂനതയാണ്. 

കർമ്മ സഹകാരി സിദ്ധാന്തം (Yo He Ho Theory) അദ്ധ്വാനം ലഘൂകരിക്കാനായി മനുഷ്യൻ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ ഭാഷോത്പത്തിക്കു കാരണമായി എന്നു വാദിക്കുന്നു. കുറച്ചു പദങ്ങളെ മാത്രമേ ഈ സിദ്ധാന്തത്തിൽ പെടുത്തി കാണാൻ സാധിക്കൂ. 

ആംഗിക ചേഷ്ടാനുസാരി സിദ്ധാന്തം (The Ta Ta Theory-Gesture theory) പറയുന്നത് അവയവങ്ങൾക്കനുസൃതമായി ഉച്ചാരണാവയവങ്ങൾ ചലിക്കുന്നത് ശബ്ദങ്ങൾക്കു കാരണമാകുന്നുവെന്നതിനെ മുൻനിർത്തിയാണ് ഭാഷ ഉളവായത് എന്നത്രെ. 

സംഗീതകസിദ്ധാന്തം (Musical Theory) ഓട്ടോ ജസ്പേഴ്സൺ അവതരിപ്പിച്ചതാണിത്. ഭാഷയുടെ ഉൽപ്പത്തി സംഗീതത്തിൽ കണ്ടെത്തുകയാണദ്ദേഹം. ആദിമ മനുഷ്യൻ്റെ പ്രണയവേളകളിലുള്ള, പ്രേമപ്രകടനങ്ങളിലുള്ള വികാരസാന്ദ്രവും സംഗീതഭരിതവുമായ ശബ്ദത്തിൽ നിന്ന് ഭാഷയുണ്ടായി എന്നാണു വാദം. 

സമ്പർക്ക സിദ്ധാന്തം (The Contact Theory) സഹജീവികളുമായി ബന്ധം സ്ഥാപിക്കാൻ ജന്മസിദ്ധമായി മനുഷ്യനിലുള്ള ചോദന ഭാഷയുടെ ആവിർഭാവത്തിന് കാരണമായെന്നു സമർത്ഥിക്കുന്നു. 

വസ്തുനിഷ്ഠസിദ്ധാന്തങ്ങളിൽ പ്രധാനമായവ ധാതുസിദ്ധാന്തം, ശിശുഭാഷാപഠനം, അപരിഷ്കൃത ഭാഷാപഠനം, ഭാഷാചരിത്രപഠനം എന്നിവയാണ്. ധാതുസിദ്ധാന്തത്തിൻ്റെ അവതാരകനായ മാക്സ്മുള്ളർ ഓരോ ശബ്ദത്തിനും മൂലരൂപമുണ്ടെന്നും അതിന് ധാതു എന്നു പറയുന്നുവെന്നും പ്രസ്താവിച്ചു. ജസ്പേഴ്സൺ അവതരിപ്പിച്ച ശിശുഭാഷാപഠനം, അപരിഷ്കൃത ഭാഷാപഠനം ഭാഷാചരിത്രപഠനം എന്നിവ ദുർബലങ്ങളെങ്കിലും ഭാവിപoനങ്ങളെ പ്രോത്സാഹിപ്പിക്കാനുതകുന്നവയാണ്. ചാൾസ് ഡാർവിനും തൻ്റേതായ നിലപാട് ഭാഷോത്പത്തിയുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുണ്ട്. നാക്കിൻ്റെയും ചുണ്ടിൻ്റെയും ചലനങ്ങൾ കാലക്രമേണ ശബ്ദോൽപ്പാദനത്തിന് കാരണമായെന്നും, ശബ്ദങ്ങൾ വ്യവസ്ഥാപിതമായതോടെ ഭാഷ ആവിർഭവിച്ചെന്നും അദ്ദേഹം പറയുന്നു. എന്തായാലും നരവംശ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, മന:ശ്ശാസ്ത്രം എന്നിവയുടെയൊക്കെ പിന്തുണയോടെ മാത്രമേ വസ്തുനിഷ്ഠമായ അന്വേഷണം ഭാഷോൽപ്പത്തിയെ സംബന്ധിച്ചു സാദ്ധ്യമാവൂ. പണിയായുധങ്ങളും ഭാഷയും സഹകരണവുമാണ് മനുഷ്യന് പുതിയ ശക്തി പകർന്നതും നവമനുഷ്യനെ രൂപപ്പെടുത്തിയതും.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ