ഖണ്ഡനവും മണ്ഡനവും വിമർശനത്തിൽ
എന്താണ് വിമർശനം?
കൃതിയുടെ മേന്മയെ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കലാണ് വിമർശനമെന്ന് പാശ്ചാത്യവിമർശകനായ ജോൺസൺ വിലയിരുത്തുന്നു. ആസ്വാദനം, വിശകലനം, വിലയിരുത്തൽ എന്നീ മൂന്നു ക്രിയകൾ മുഖേന ഒരു സാഹിത്യ കൃതിയുടെ ഗുണദോഷങ്ങളെ തുറന്നുകാട്ടുകയാണ് അതിൻ്റെ ലക്ഷ്യം. നല്ല കൃതിയേത്, ചീത്ത കൃതിയേത് എന്നു കണ്ടെത്തുകയും കാണിച്ചു കൊടുക്കുകയും ചെയ്യലാണ് നിരൂപണം. (ഡോ. എം.എം. ബഷീർ, മലയാള സാഹിത്യനിരൂപണം, പു. 241)
കുറ്റം കണ്ടുപിടിക്കുകയെന്ന അർത്ഥത്തിൽ വ്യവഹരിച്ചുവന്ന പദമത്രെ വിമർശനം. പ്രതികൂല സ്വഭാവക്കാരനാണ് നിരൂപകൻ എന്ന വാദമുണ്ട്. ഉപദ്രവകാരിയും നിന്ദകനുമായി വിമർശകനെ കാണുന്നവരുണ്ട്.
ഡോ. എം.എം. ബഷീർ പറയുന്നു:
“നിരൂപണം വിമർശ വിധേയമാക്കുന്ന കൃതിയുടെ സൗന്ദര്യതലങ്ങളേയും അർത്ഥമാനങ്ങളേയും ഇതൾ വിടർത്തിക്കാട്ടാൻ ഉതകുന്നതാകണം; എഴുത്തുകാരൻ്റെ സർഗ്ഗാത്മക നിമിഷങ്ങളെ കണ്ടറിയാൻ സഹായിക്കുന്നതാകണം; വിജ്ഞാനങ്ങളുടെ താരതമ്യാധിഷ്ഠിതമായ നിലവാരത്തിലേക്ക് ഉയർത്താൻ സാധിക്കണം”
ഒരു കൃതിയിലെ ശരിതെറ്റുകളെ അഥവാ ഗുണദോഷങ്ങളെ വിവേചിച്ചറിയുന്നതിൻ്റെ ഭാഗമായാണ് വിമർശനം ഖണ്ഡനമാകുന്നതും മണ്ഡനമാകുന്നതും. കൃതിയുടെ സാഹിത്യപരവും ആഖ്യാനപരവുമായ വിശേഷതകൾ വായനക്കാരിലെത്തിക്കാൻ ഈ വിമർശനരീതികൾ ഉപയോഗപ്പെടുന്നു. ഈ രണ്ടുരീതികളെയും ഖണ്ഡനം വേറെ മണ്ഡനം വേറെ എന്ന നിലയിലോ ഖണ്ഡനമണ്ഡനങ്ങളെ ഒരുമിച്ചു കലർത്തിയോ വിമർശകർ പ്രയോഗിക്കാറുണ്ട്. ഖണ്ഡനത്തേക്കാൾ മണ്ഡനമാണ് നിരൂപണത്തിൻ്റെ ലക്ഷ്യമെന്ന് മാത്യു അർണോൾഡിനെ പ്പോലുള്ള വിമർശകർ വാദിക്കുന്നു. ഖണ്ഡനം പാടില്ല എന്നു വിധിച്ചവരുമുണ്ട്.
ഖണ്ഡനവിമർശനം
ഖണ്ഡനം എന്ന വാക്കിന് വിരോധിക്കൽ, എതിർപ്പ്, പ്രതികൂലവിമർശം എന്നൊക്കെ അർത്ഥം പറയാം. ഖണ്ഡന വിമർശനം പ്രതികൂല വിമർശനമാണ്. ആർക്ക് പ്രതികൂലം? ഗ്രന്ഥകർത്താവിന്. അയാൾ കവിയോ കഥാകൃത്തോ നോവലിസ്റ്റോ ആരുമായിക്കൊള്ളട്ടെ, അയാളുടെ കൃതിയിലെ ന്യൂനതകൾ, അബദ്ധധാരണകൾ, വികലപ്രയോഗങ്ങൾ, ആശയശോഷണം, ആഖ്യാനപരമായ പാളിച്ചകൾ മുതലായവ കണ്ടെത്തി ആ കൃതിയെ എതിർത്ത്, പ്രതികൂലിച്ച് എഴുതുന്നതാണ് ഖണ്ഡനവിമർശനം.
ഇതിലൂടെ വിമർശകൻ എന്താണ് ഉദ്ദേശിക്കുന്നത്? എഴുത്തുകാരനെ പ്രതിപാദ്യവിഷയത്തിൻ്റെ അപാകതകൾ ചൂണ്ടിക്കാട്ടി ബോധവൽക്കരിക്കുന്നതിലൂടെ അയാളെ തിരുത്തിന് പ്രേരിപ്പിക്കുകയാണ് ലക്ഷ്യമാക്കുന്നത്. സുകുമാർ അഴീക്കോട് ഖണ്ഡനമാണ് വിമർശനം എന്ന് അഭിപ്രായപ്പെടുന്നു. തനിക്ക് ആസ്വദിക്കാൻ കിട്ടുന്ന കൃതിയെപ്പറ്റി അനുകൂലമോ പ്രതികൂലമോ ഉദാസീനമോ ആയ അഭിപ്രായം പറയുവാൻ വായനക്കാരന് എല്ലാ നീതിശാസ്ത്രങ്ങളുടെയും പിന്തുണയോടുകൂടിയുള്ള അവകാശമുണ്ടെന്ന് അദ്ദേഹം ഖണ്ഡനമാണ് വിമർശനം എന്ന ലേഖനത്തിൽ വ്യക്തമാക്കുന്നു. (അഴീക്കോടിൻ്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ -സുകുമാർ അഴീക്കോട്,നവം. 2023,ഡി.സി, പുറം 33)
ഡോക്ടർ എഫ്. ആർ. ലിവിസ് വിമർശകനെ പൂർണ്ണവായനക്കാരൻ എന്ന് വിളിച്ചിട്ടുണ്ടെന്ന് അഴീക്കോട് സമർത്ഥിക്കുകയും ചെയ്യുന്നു. എന്താണ് ഖണ്ഡനവിമർശനം എന്നും, അതിൻ്റെ ദൗത്യമെന്തെന്നും ഖണ്ഡനവും മണ്ഡനവും എന്ന കൃതിയിൽ ഉൾച്ചേർത്ത കവിതയും വിമർശനവും എന്ന നിരൂപണത്തിൽ അഴീക്കോട് വിശദമാക്കുന്നുണ്ട്:
“ എത്ര മഹാനായ സർഗ്ഗാത്മക കവിയുടെ കൃതിയിലും അപൂർണ്ണതയുണ്ടാവും. ഈ അപൂർണ്ണതയുടെ ബോധമുള്ളവനും അതു നികത്താൻ തന്നാലാവതു പാടുപെടുന്നവനുമായ കവി വലിയ കവി തന്നെയായിരിക്കും… കവിയിൽ അന്തർലീനമായ അപൂർണ്ണതാബോധത്തിൻ്റെ വക്താവായ വിമർശകൻ്റെ ആദ്യത്തെ കടമ ആ അസുഖാവഹങ്ങളായ അപൂർണ്ണതകൾ ഏതെന്നും മറ്റും വിവരിക്കുകയാണ്. ഇത്തരം വിമർശനത്തെ ഖണ്ഡനവിമർശനം എന്നും വിളിക്കുന്നു… വിമർശനം ഉത്ഭവിക്കുന്നത് ഈ ഖണ്ഡന സ്വഭാവത്തിൽ നിന്നാണ്.”
എന്നും എവിടെയും സാഹിത്യ വിമർശനത്തിൽ മണ്ഡനത്തെക്കാൾ ഖണ്ഡനമാണ് കൂടുതലുണ്ടാവുകയെന്നും ഖണ്ഡന വിമർശനമാണ് മണ്ഡനത്തേക്കാൾ ആവശ്യമുള്ളതും പ്രയോജനപ്രദവുമെന്നും അഴീക്കോടിനു നിലപാടുണ്ട്. അഴീക്കോടിൻ്റെ, ‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’ എന്ന കൃതി ഖണ്ഡന വിമർശനത്തിന് മികച്ച ഉദാഹരണമാണ്. ആദ്യകാല വിമർശകനായ സി.പി. അച്യുതമേനോൻ ഖണ്ഡനവിമർശനത്തിൻ്റെ വക്താവാണ്. അർത്ഥമില്ലാത്ത ഭാഷാപ്രയോഗങ്ങൾ നടത്തുന്ന കൃതികൾ പ്രോത്സാഹിപ്പിക്കപ്പെടുന്നതിനെതിരെ അദ്ദേഹം തുറന്നെഴുതി. പി. ഗോവിന്ദപ്പിള്ളയുടെ മലയാളഭാഷാ ചരിത്രത്തെ അദ്ദേഹം ഖണ്ഡിച്ചു.
മണ്ഡനവിമർശനം
മണ്ഡനം എന്ന വാക്കിന് ആഭരണം, അലങ്കരണം, ഗ്രന്ഥകാരനെ പിൻതാങ്ങി അനുകൂലമായി ചെയ്യുന്ന വിമർശനം എന്നൊക്കെ അർത്ഥം. ഇവിടെ വിമർശനം വിമർശിക്കപ്പെടുന്ന കൃതിക്കോ കവിതയ്ക്കോ മറ്റു സാഹിത്യകൃതികൾക്കോ അലങ്കാരമായി ഭവിക്കുന്നു. മണ്ഡനവിമർശനത്തിൻ്റെ സ്വഭാവമെന്തെന്ന് ഇവിടെ വ്യക്തമാണ്. അത് ഗ്രന്ഥകാരനെ പൂർണ്ണമായും അനുകൂലിക്കുകയാണ്, അയാളുടെ കൃതിയുടെ മേന്മ, ഉത്കൃഷ്ടത വായനക്കാരനെ അറിയിക്കുകയാണ്. പ്രസ്തുത കൃതിയുടെ പ്രചാരം വർദ്ധിപ്പിക്കാനും അതിൻ്റെ പ്രയോജനം വായനക്കാരിലെത്തിക്കാനും മണ്ഡന വിമർശനത്തിലൂടെ സാധിക്കും. അത് കൃതിയുടെ പോരായ്മകളിലോ ദോഷങ്ങളിലോ ശ്രദ്ധകേന്ദ്രീകരിക്കുന്നില്ല. കൃതിയുടെ ഗുണങ്ങളിലും (ആഖ്യാനം, പ്രമേയം മുതലായ) പ്രാധാന്യത്തിലും അതിൻ്റെ സംഭാവനകളിലുമാണ് ഊന്നുന്നത്. കൃതിയെ അംഗീകരിക്കുകയും പുകഴ്ത്തുകയും സാഹിത്യമണ്ഡലത്തിൽ ആ കൃതിയുടെ സ്ഥാനം എന്താണെന്നതിനെ സംബന്ധിച്ച് ആലോചനയിലേർപ്പെടുകയും ചെയ്യുന്നത് ഇതിൻ്റെ സ്വഭാവമാണ്. കൃതിയിലെ ഉള്ളടക്കത്തിൻ്റെ മൂല്യം, ആശയം, സന്ദേശം എന്നിവയുടെ പ്രസക്തി വർദ്ധിപ്പിക്കാനുള്ള പ്രയത്നത്തിലാണ് വിമർശകൻ ഏർപ്പെടുന്നത്. ചെമ്മീൻ എന്ന കൃതിയിലെ സാമൂഹികപ്രതിബദ്ധതയെ സംബന്ധിച്ച് അഴീക്കോട് നടത്തിയ മണ്ഡനവിമർശനം ഉദാഹരണം. എന്നാൽ അഴീക്കോട് മണ്ഡനത്തിൻ്റെ വക്താവല്ല എന്ന് അറിയാമല്ലോ. പക്ഷേ, ചില സന്ദർഭങ്ങളിൽ വിമർശകൻ ആ വഴിയിലും ചിന്തിക്കും.
മലയാള സാഹിത്യത്തിൻ്റെ പ്രാരംഭദശയിൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ അവതരിപ്പിച്ച പോഷകവിമർശനം മണ്ഡനവിമർശനം തന്നെയാണെന്നു പറയാം. കേരളവർമ്മ മലയാളസാഹിത്യത്തിൻ്റെ പ്രാരംഭത്തിലുണ്ടായ കൃതികളെ അനുകൂലിക്കാൻ കാരണമെന്ത്? ഒന്നാമത്, മലയാളം സാഹിത്യ ദൗർലഭ്യം നേരിടുന്ന സമയമായിരുന്നു. എഴുതി വരുന്നവരെ വിമർശിച്ചാൽ, സാഹിത്യത്തിൽ കടന്നുവരാനുള്ള ധൈര്യം എഴുത്തുകാർക്കു നഷ്ടമാകും. നല്ല കൃതികൾ ലഭിക്കുന്നതിനുള്ള അവസരവും നഷ്ടമാകും. സാഹിത്യത്തിന് വലിയ നഷ്ടമാകും ഉണ്ടാവുക. അതിനാൽ ശരാശരിക്കാരെയും അതിനു കീഴെയുള്ളവരെപ്പോലും അനുകൂല വിമർശനത്തിലൂടെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു.
അദ്ദേഹം തൻ്റെ നയം വിശദീകരിച്ചിട്ടുണ്ട്:
‘ ആരംഭം, പരിഷ്കരണം, എന്നിങ്ങനെ മിക്ക കാര്യങ്ങൾക്കും രണ്ടു ഘട്ടങ്ങളാണ്. കുറ്റങ്ങളും കുറവുകളും സ്വാഭാവികമായിത്തന്നെ വരാവുന്ന പ്രാരംഭഘട്ടത്തിൽ, അതിനെയെല്ലാം അവഗണിച്ചുകൊണ്ടുള്ള പ്രോത്സാഹനം അത്യാവശ്യമാണ്. മറ്റുള്ളവർ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നു കണ്ടാൽ മാത്രമേ പ്രവർത്തകന്മാർക്കു കൂടുതലായ പ്രചോദനം കിട്ടുകയുള്ളൂ… സാഹിത്യത്തെ സംബന്ധിച്ച് ഇതു വളരെ പരമാർത്ഥമാണ്… ഇങ്ങനെ സാധനങ്ങൾ ധാരാളമുണ്ടായിത്തുടങ്ങിക്കഴിഞ്ഞാൽ പിന്നീടു പരിഷ്കരണത്തിനുള്ള ശ്രമമാരംഭിക്കാം. അപ്പോൾ വേണ്ടത് കണ്ണടച്ചുകൊണ്ടുള്ള പ്രോത്സാഹനമല്ല, കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള സ്നേഹപൂർണ്ണമായ വിമർശനങ്ങളാണ്.” കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഉദ്ദേശിക്കുന്നത് വ്യക്തമാണല്ലോ. മണ്ഡനമാകട്ടെ ആദ്യം. സാഹിത്യത്തിൻ്റെ തുടക്കത്തിൽ. പിന്നീട് ഖണ്ഡനമാകാം. പക്ഷേ, സോഫ്റ്റായിട്ട്.
നിരൂപണത്തെ ധ്വംസകം, പോഷകം എന്നിങ്ങനെ രണ്ടായി വടക്കുംകൂർ രാജരാജവർമ്മ വേർതിരിക്കുന്നുണ്ട്.
പ്രഫസർ എസ്. ഗുപ്തൻനായരുടെ നിരൂപണങ്ങൾ മണ്ഡനവിമർശനത്തിന് നല്ല ഉദാഹരണമാണ്.
വിമർശനത്തിൻ്റെ പുറംതൊലി മാത്രമേ അനുകൂലവിമർശനം (മണ്ഡനം) ആകുന്നുള്ളൂവെന്നാണ് അഴിക്കോട് വിലയിരുത്തുന്നത്.
കൃതിയുടെ അന്തസ്സത്ത പ്രതികൂല വിമർശനത്തിൽ (ഖണ്ഡനം) അടങ്ങിയിരിക്കുന്നു. മിക്ക എഴുത്തുകാരും ഖണ്ഡനവിരോധികളും മണ്ഡനപ്രേമികളുമാകുന്നു. തങ്ങളുടെ കൃതികളെ, രചനകളെ എതിർത്തു പറയുന്നത് ആരും ഇഷ്ടപ്പെടുന്നില്ല. പുകഴ്ത്തുന്നതോ വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്യും. അതിനാൽ വലിയ തോതിലുള്ള എതിർപ്പ് ഖണ്ഡന വിമർശകർ നേരിട്ടു.
ഖണ്ഡനവിമർശനം ഒരു കൃതിയെ സംബന്ധിച്ച് പ്രതികൂല നിലപാടെടുത്തുകൊണ്ട്, കൂടുതൽ മേന്മയും ശ്രേഷ്ഠതയും ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്ന സാഹിത്യവിമർശപദ്ധതിയാണെന്നും, പ്രോത്സാഹനത്തിലൂടെ ഭാഷാസാഹിത്യ സമ്പത്തു വർദ്ധിപ്പിക്കാനുള്ള യത്നമാണ് മണ്ഡനവിമർശനം നിർവഹിക്കുന്നതെന്നും രണ്ടും ആത്യന്തികമായി ഊന്നുന്നത് ഒന്നിലാണെന്നും, അത് സാഹിത്യത്തിൻ്റെ വളർച്ചയാണെന്നും വ്യക്തമാകുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ