നീട്ടി വെച്ച മധുവിധു: മാധവിക്കുട്ടി
AEC Humanities First Semester
“ശില്പത്തിന് പ്രാധാന്യം നൽകി കഥയെ ഭാവഗാനമാക്കിയ എഴുത്തുകാരി എന്ന് മാധവിക്കുട്ടി വിശേഷിപ്പിക്കപ്പെട്ടു (എരുമേലി പു. 371). സ്ത്രീത്വവാദം മാധവിക്കുട്ടിയുടെ കഥകളിലെ പ്രധാന ഘടകമാണ്. സമൂഹം അനുശാസിക്കുന്ന പുരുഷാധികാര കൽപ്പനകൾക്കെതിരെയുള്ള നിലപാടുകളാണ് മാധവിക്കുട്ടിയുടെ കഥകളെ ആകർഷകമാക്കുന്നത്. അതിൻ്റെ ശക്തിയും ഭംഗിയും അതുതന്നെ. ലൈംഗികത, ദാമ്പത്യബന്ധങ്ങളിലെ അസ്ഥിരത, സങ്കീർണമായ സ്നേഹബന്ധങ്ങൾ മുതലായവ കൈകാര്യം ചെയ്യുന്നതിൽ വലിയ വിജയം കൈവരിച്ച എഴുത്തുകാരിയാണ് മാധവിക്കുട്ടി. നാഗരികതയുടെ പൊങ്ങച്ചങ്ങൾ കുടുംബജീവിതത്തെ അസ്വസ്ഥമാക്കുന്നത് അവർ അറിഞ്ഞു. ഒതുക്കമുള്ള ഋജുവായ കഥയും ഭാവസുന്ദരമായ അന്തരീക്ഷ സാമീപ്യവും മാധവിക്കുട്ടിയുടെ കഥകളുടെ പ്രത്യേകത ആയി എരുമേലി പരമേശ്വരൻ പിള്ള ചൂണ്ടിക്കാട്ടുന്നു. വിവാഹം ഒരു ചങ്ങലയാണ്. സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു മീതെയാണ് അത് വീഴുന്നത്. പുരുഷ മേധാവിത്വത്തിന്റെ കാപട്യങ്ങൾക്ക് അടിപ്പെട്ട സ്ത്രീയുടെ ദയനീയത ആവിഷ്കരിക്കുന്നതിനൊപ്പം കുടുംബജീവിതം പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ആത്മാർത്ഥതയുടെയും നിറവാകണമെന്നും മാധവിക്കുട്ടി കരുതുന്നു. ഈ ഒരു പശ്ചാത്തലം അവതരിപ്പിക്കുന്ന മനോഹരമായ കഥയാണ് ‘നീട്ടിവെച്ച മധുവിധു’.
ദാമ്പത്യ ജീവിതത്തിലെ അസ്വാസ്ഥ്യങ്ങൾ പരസ്പര വിശ്വാസമില്ലായ്മയിലേക്ക് നയിക്കുന്നു. അതിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കൊല്ലുവാൻ ഒരു കൊലയാളിയെ ഏർപ്പാട് ചെയ്യുന്നു. എന്നാൽ ആ കൊലയാളി തൻ്റെ തന്നെ ഘാതകനായി മാറുമെന്ന് അയാൾ ഓർത്തില്ല. വിഭ്രമം ഉളവാക്കുന്ന ഈ കഥാതന്തുവിലാണ് ‘നീട്ടിവെച്ച മധുവിധു’ എന്ന കഥയുടെ പരിണാമഗുപ്തി മെനഞ്ഞിട്ടുള്ളത്.
ദമ്പതികൾ ആയതിനുശേഷം അതുവരെ പോകാതിരുന്ന ഒരു മധുവിധു യാത്രയ്ക്ക് ഭർത്താവ് ഭാര്യയെ കൊണ്ടുപോവുകയാണ്. ട്രെയിനിൽ ഒന്നാം ക്ലാസ് കമ്പാർട്ട്മെന്റിൽ മദ്രാസിലേക്കാണ് യാത്ര.
വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ ഒരു ചെറുപ്പക്കാരൻ ബീഡിപ്പുകയുടെ മണവുമായി മുന്നിൽ വന്നിരിക്കുന്നു. അതിയായ നീരസത്തോടെ ധനികയായ ഭാര്യ അയാളെ നോക്കി. നീലക്കുപ്പായവും ബലിഷ്ഠമായ കൈകളും അജ്ഞാതമായ വിശപ്പ് നിഴലിക്കുന്ന കണ്ണുകളും ഉള്ള ആ മുഖം അവളെ ഭയപ്പെടുത്തി.
എന്നാൽ ആ നീലക്കുപ്പായക്കാരൻ അവളെ ഗൗനിച്ചതേയില്ല. ആ അലക്ഷ്യഭാവവും അവൾക്ക് ഇഷ്ടമായില്ല. തൻ്റെ സൗന്ദര്യത്തെ എന്താണ് അയാൾ പരിഗണിക്കാത്തത്? തന്നെ ആ ദരിദ്ര്യവേഷക്കാരൻ അപമാനിച്ചതായി അവൾക്ക് തോന്നി. 35 വയസ്സോളം എത്തുന്ന സുന്ദരിയായ അവളെ വിശക്കുന്ന ചെന്നായുടെ മുഖമുള്ള ഈ ചെറുപ്പക്കാരൻ എന്താണ് നോക്കാത്തത്?
പതിനഞ്ചു കൊല്ലമായി മധുവിധു യാത്ര പ്ലാനിട്ടതാ. ഇപ്പോഴാ നടക്കുന്നത്. നല്ല മധുവിധു യാത്ര തന്നെ. ഇവിടെ ഈ മുറിയിൽ നമ്മൾ തനിച്ചാവുമെന്ന് വിചാരിച്ചു. അതുമില്ല. ഇങ്ങനെയൊക്കെ അവൾ പറഞ്ഞു. ഭർത്താവിൻ്റെ മുഖത്ത് യാതൊരു വികാരത്തിനും സ്ഥാനമുണ്ടായിരുന്നില്ല. എന്തിനാ തനിച്ചാവണ്? സംസാരിക്കാൻ ഒരാളുണ്ടാവുന്നത് നല്ലതല്ലേ? എന്നായിരുന്നു അയാളുടെ പക്ഷം. ഭാര്യ അസ്വസ്ഥയായി. അവൾക്ക് നല്ല ദേഷ്യം വന്നു. എല്ലാറ്റിനോടും, എല്ലാവരോടും. “തൻ്റെ സ്വപ്നങ്ങളൊക്കെ തകർത്ത് ജീവിതം ഒരു പഴന്തുണി പോലെ വികൃതമാക്കിയ ഭർത്താവിനോടും സ്നേഹമില്ലാത്ത രാത്രികളോടും എല്ലാം.”
അവൾ ചാരിക്കിടന്ന് കണ്ണുകളടച്ചപ്പോൾ ഭർത്താവ് നീലക്കുപ്പായക്കാരനെ നോക്കി ഇടത്തെ കണ്ണിറുക്കി ഒരു ചിരി ചിരിച്ചു. ഇടയിൽ അവൾ അയാളുടെ സെക്രട്ടറിയായ മിസ് ലോസോവുമായി അയാൾക്കുള്ള അവിഹിത ബന്ധം ഉന്നയിച്ചു. നീ വെറുതെ ഓരോന്ന് സംശയിക്കുകയാണെന്ന് അയാൾ മറുപടി പറഞ്ഞു. തൻ്റെ പഠിപ്പും സൗന്ദര്യവും മതിയാകാതെയാണല്ലോ അയാൾ അവളുടെ പിന്നാലെ പോയതെന്ന് അവൾ പരിഭവിച്ചു. തന്റെ ജീവിതം ഇങ്ങനെ ആയല്ലോ. ഇപ്പോൾ അവളെ വിട്ട് വന്നില്ലായിരുന്നുവെങ്കിൽ ആ പ്രേമം മൂത്ത് അപകടം സംഭവിച്ചേനെ. ഈ വിരഹം കാരണം ഒരു വിവാഹമോചനം വേണ്ടെന്ന് വന്നു. എന്നെ കൊണ്ടുമാത്രം എന്തുകൊണ്ട് തൃപ്തിപ്പെട്ട് കൂടാ എന്നവൾ ചോദിച്ചു. മറ്റാരാണെങ്കിലും തൃപ്തിപ്പെട്ടേനെ എന്ന മട്ടിൽ അർദ്ധോക്തിയിൽ നിർത്തി.
മറ്റാരാണെങ്കിലും എന്നത് മിസ്റ്റർ മിസ്റ്റർ സെൻഗുപ്തയെയായിരിക്കും ഉദ്ദേശിച്ചതെന്ന് അയാൾ പറഞ്ഞു. സ്ത്രീയുടെ കണ്ണുകൾ പെട്ടെന്ന് വികസിച്ചു. പിന്നെ അവൾ നിശബ്ദയായി. രാത്രിയിൽ ഉറങ്ങവേ അവളുടെ നെഞ്ചത്ത് ഘനമുള്ള ഒരു കൈത്തലം വന്നുവീണു. അപ്പോൾ അവൾ സ്വപ്നത്തിൽ നിന്നും ഉണർന്നു. ആ ചെറുപ്പക്കാരന്റെ മെലിഞ്ഞ കവിളുകളും വിശക്കുന്ന കണ്ണുകളും അവൾ കണ്ടു. തൻ്റെ ഭർത്താവ് ഉണർന്ന് ഈ ദുഷ്ടനിൽ നിന്ന് തന്നെ രക്ഷപ്പെടുത്തുമെന്ന് അവൾ പ്രത്യാശിച്ചു. എന്നാൽ ഒന്നും ഉണ്ടായില്ല. രണ്ട് പരുത്ത കൈകൾ അവളുടെ കഴുത്തു ഞെരിച്ചു. അവൾ ആശ്ചര്യത്തോടെ മരിച്ചു. തൻ്റെ മരണത്തിൻ്റെ കാരണം അവൾ അറിഞ്ഞിരുന്നില്ല. അവളുടെ ജഡം പുറത്ത് ഇരുട്ടിലേക്ക് എറിയപ്പെട്ടു. നീലക്കുപ്പായക്കാരൻ ഭർത്താവിനോട്, “എല്ലാം ശരിയായി സാഹിബ്” എന്നു പറഞ്ഞപ്പോൾ ഭർത്താവ് അയാളുടെ കൂലിയായ 1000 രൂപ നൽകി. അടുത്ത സ്റ്റേഷനിൽ ഇറങ്ങിപ്പോകൂ എന്നു പറഞ്ഞു. പക്ഷേ, ഒരു കാര്യം കൂടി ചെയ്യാനുണ്ടെന്നായി ചെറുപ്പക്കാരൻ. സെൻ ഗുപ്ത സാഹിബും പണം തന്നിരുന്നു; രണ്ടായിരം. ചെറുപ്പക്കാരന്റെ ബലിഷ്ഠമായ കൈകൾ ധനികൻ്റെ കഴുത്തിൽ അമർന്നു. അയാൾ വിയർത്തു. പക്ഷേ ചെറുപ്പക്കാരൻ ശക്തനും ഹൃദയമില്ലാത്തവനും ആയിരുന്നു. ശേഷം ചെറുപ്പക്കാരൻ വണ്ടിയിൽ നിന്നിറങ്ങി ഇരുട്ടിൽ ലയിച്ചു.
ഹൃദയശൂന്യമായ, പരസ്പരവിശ്വാസമില്ലാത്ത ദാമ്പത്യത്തിന്റെ പതനമാണ് മാധവിക്കുട്ടി ഈ കഥയിൽ ആവിഷ്കരിക്കുന്നത്. ഭാര്യക്കും ഭർത്താവിനെന്ന പോലെ അവിഹിതബന്ധമുണ്ട്. അത് രണ്ടുപേർക്കും അറിയാം. എന്നിട്ടും മധുവിധു യാത്രയ്ക്ക് ഒരുങ്ങി പുറപ്പെടുന്നു. ആ മധുവിധു യാത്ര അവസാന യാത്രയായി കലാശിക്കുന്നു. ഭർത്താവ് ഭാര്യയെ കൊല്ലിക്കാൻ ആളെ ഏർപ്പാട് ചെയ്തിരിക്കുകയാണ്. എന്നാൽ ഭാര്യയുടെ കാമുകൻ ഭർത്താവിനെ കൊല്ലാൻ അതേ കൊലയാളിയെ ഏർപ്പെടുത്തിയിരിക്കുന്നു. ഭാര്യയാകട്ടെ ഇതിനെക്കുറിച്ച് അറിവില്ലാതെയാണ് യാത്ര തിരിക്കുന്നത്. അവൾക്ക് ഭർത്താവിൻ്റെ സ്നേഹം കിട്ടണമെന്ന ആഗ്രഹമുണ്ട്. പുരുഷന്മാരുടെ ക്രൂരമനോഭാവം കഥയിൽ ചർച്ചാവിഷയമാണ്. മിസ് ലോസോവിനു വേണ്ടി സ്വന്തം ഭാര്യയെ കൊല്ലിക്കുന്ന ഭർത്താവ്. അവളെ ലഭിക്കാനായി അവളുടെ ഭർത്താവിനെ കൊല്ലിക്കുന്ന സെൻഗുപ്ത. ഭർത്തൃസ്നേഹത്തിനു കൊതിക്കുന്ന ഭാര്യ ഒന്നുമറിയാതെ മരിക്കേണ്ടി വരുന്നു. വഞ്ചനയുടെ ചരിത്രം മനസ്സിലാക്കാതെയാണ് അവൾ മരിക്കുന്നത്. പണവും പ്രശസ്തിയും ഉണ്ടെങ്കിലും സ്വസ്ഥമായ കുടുംബജീവിതം നയിക്കാൻ സാധിക്കാത്ത നാഗരിക ജനതയുടെ വൈകാരിക ക്ഷതങ്ങളെയാണ് ഈ കഥയിൽ മാധവിക്കുട്ടി ആവിഷ്കരിച്ചിരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ