ഒരു വിവാഹത്തിൻ്റെ അന്ത്യം: മാധവിക്കുട്ടി

Fyugp First Semester Major Malayalam 

മാധവിക്കുട്ടി:ഒരു വിവാഹത്തിൻ്റെ അന്ത്യം

അദ്ധ്യാപകനായ രാമകൃഷ്ണൻ നായരുടെ ശാരീരികവും മാനസികവുമായ ദൗർബല്യങ്ങളെ വിവരിച്ചു കൊണ്ടാണ് മാധവിക്കുട്ടി ഒരു വിവാഹത്തിൻ്റെ അന്ത്യം എന്ന കഥ ആരംഭിക്കുന്നത്. എന്തൊക്കെയാണ് അയാളുടെ ശാരീരിക പ്രശ്നങ്ങൾ ?ഒന്നാമതയാൾ രോഗിയാണ്. മലമൂത്രനിയന്ത്രണം നഷ്ടമായ അവസ്ഥയിലാണ്. ക്ഷീണിതനാണ്. 

മാനസികദൗർബല്യങ്ങളോ? ഭാര്യ ഒരാവശ്യമായി തോന്നിയിട്ടില്ല. കോമളന്മാരായ ശിഷ്യരോടാണ് അഭിനിവേശം. സ്ത്രീയെന്നു കേൾക്കുമ്പോഴേ ആർത്തവ രക്തവും പ്രസവവും കുഞ്ഞുങ്ങളുടെ വിസർജ്ജ്യവുമൊക്കെ ഓർമ്മ വരും. ഒരു പ്രണയനാടകവും കാവ്യവും മാഷെ കുളിരണിയിച്ചില്ല.

അയാൾക്ക് സഹായത്തിന് ഒരു സ്ത്രീ ഒഴിച്ചുകൂടാനാവാത്ത സംഗതിയായി. ആദ്യം നേഴ്സിനെ വാടകക്കെടുക്കാമെന്നു ചിന്തിച്ചു. എന്നാൽ പുരുഷൻ മാത്രം താമസിക്കുന്നിടത്തേക്ക് നേഴ്സിനെ അയക്കാൻ റെഡ്ക്രോസ് തയ്യാറായില്ല. ആവുന്ന കാലത്തു പോലും ഒരു പെണ്ണിനെയും ഉപദ്രവിച്ചിട്ടില്ല. ആവാത്ത കാലത്താണോ ഇനി പെണ്ണുങ്ങളെ കേടുവരുത്താൻ പോണതെന്ന് മാഷ് പിറുപിറുത്തു.

അങ്ങനെ നാട്ടുകാരുടെ നിർബന്ധത്തിൽ മാഷ് വിവാഹിതനായി. ജ്യേഷ്ഠത്തിയമ്മയുടെ കുത്തുവാക്കുകളിൽ നിന്നും രക്ഷനേടാനാഗ്രഹിച്ചിരുന്ന കൂനുള്ളവളായ ഹേമലതയായിരുന്നു വധു. മാഷിന് ബാങ്കിൽ വലിയ നിക്ഷേപമുണ്ടെന്ന് അവളറിഞ്ഞിരുന്നു. തഞ്ചത്തിൽ നിന്നാൽ ഒരു മാങ്ങാമാല വാങ്ങിത്തരുമായിരിക്കും. മാസ്റ്റർ മരിച്ചുപോയാൽ സ്വത്ത് മുഴുവൻ കിട്ടുകയും ചെയ്യും. ഇങ്ങനെയുള്ള കാമനകൾ അവൾക്കുണ്ട്.

കല്യാണം കഴിഞ്ഞ് ഉടൻ മടങ്ങണമെന്നേ മാഷ് കരുതിയുള്ളൂ. പിറ്റേന്നാൾ, വീടും മുറ്റവും കുളവും മരങ്ങളും പിന്നെ തന്നെത്തന്നെയും മാഷ് അവളെ ഏൽപ്പിച്ചു. അവളിൽ നിന്ന് ഒരു രഹസ്യവും മറച്ചുപിടിക്കരുതെന്നു നിശ്ചയിക്കുകയും ചെയ്തു. ഒരു പെണ്ണിൻ്റെ കണ്ണീര് ഇവിടെ വീഴാൻ പാടില്ല. അങ്ങനെ മാസ്റ്റർ ഹേമലതയുമൊത്ത് ജീവിതം തുടങ്ങി. അവൾ മാസ്റ്റർക്ക് വേണ്ട ഭക്ഷണമൊരുക്കി. തുണി അലക്കി. വെള്ളം കോരി. മാഷ് ഹേമലതയ്ക്ക് ഭംഗി കൂട്ടാനുള്ള വഴികൾ നിർദ്ദേശിച്ചു. ഹേമലത സുന്ദരിയായി. പണ്ടത്തെ കൂനിപ്പെണ്ണല്ല ഇപ്പോൾ. വസ്ത്രങ്ങളും മേടിച്ചു നല്കി. അസുഖം ഭേദമായാൽ ഗുരുവായൂർക്ക് പോകാമെന്നു വാക്കുനല്കി. ഒരിക്കൽ മമ്മൂട്ടിയുടെ പടം ഹേമലത നോക്കിനില്ക്കുന്നത് മാസ്റ്റർ കണ്ടുപിടിച്ചു. മമ്മൂട്ടിയാണോ നിൻ്റെ ഹീറോ എന്നായി അസ്വസ്ഥതയോടെ മാഷുടെ ചോദ്യം. ഇല്ലെങ്കിൽ മോഹൻലാലോ സുരേഷ്ഗോപിയോ ആവണം. മമ്മൂട്ടി എൻ്റെ ഹീറോയല്ലെന്ന് അവൾ പിറുപിറുത്തു. മനസ്സിൻ്റെ വേദന തമാശയിലൊതുക്കി മാഷ്. എന്നാൽ തൻ്റേടിയായ ഹേമലത തൻ്റെ ശരീരം തൊടാൻ ആരെയും അനുവദിച്ചില്ല. ഇഞ്ഞി പെൺകിടാങ്ങൾ മതി താലമെട്ക്കാൻ എന്നു തമ്പുരാട്ടി വിലക്കുന്നതുവരെയും ഭഗവതിക്ഷേത്ര താലപ്പൊലിയിൽ പങ്കെടുത്തവളാണവൾ. മൂത്രഗന്ധമുള്ളതെങ്കിലും ഈ മുറിയിൽ താൻ രാജ്ഞിയാണെന്നതിൽ അവൾ ആശ്വസിച്ചു. തനിക്ക് പല കാര്യങ്ങളിലും സ്വാതന്ത്ര്യമുണ്ട്. എന്തു കറി വെക്കണമെന്നു തീരുമാനിക്കാം. തലയണയ്ക്കടിയിലെ മടിശ്ശീലയിൽ നിന്നും ഇഷ്ടം പോലെ പണമെടുക്കാം. തോറ്റപ്പോൾ ചെറിയക്ലാസ്സിൽ തന്നെ പഠിപ്പുനിർത്തി രണ്ടാനമ്മയ സഹായിക്കേണ്ടി വന്നവളാണവൾ. അവൾ ഇംഗ്ലീഷു പഠിക്കണമെന്നായി മാഷ്. മലബാർ ശൈലിയിലുള്ള ആ സംസാരം അയാൾക്ക് പ്രിയങ്കരമായിരുന്നു. അതോടൊപ്പം നീട്ടിവലിച്ചുള്ള ഞായം പറച്ചിലും. എൻ്റെ ഏമത്തിനെപ്പോലൊരു പെണ്ണിനെ ഞാൻ എവിട്യേം കണ്ടിട്ടില്ലന്ന് അയാൾ പിറുപിറുത്തു. 

കുമാരൻ മേസ്തിരി വന്നതോടെ അസ്വാരസ്യം ആരംഭിച്ചു. അയാളുടെ സന്ദർശനം ഹേമലത ഇഷ്ടപ്പെട്ടില്ല. തന്നെപ്പറ്റി മോശമായി സംസാരിക്കുന്ന മേസ്തിരിയെ തള്ളിക്കളയാത്ത ഭർത്താവിനെ ഉശിരില്ലാത്തവനായി അവൾ സങ്കല്പിച്ചു. ആണായാൽ ഉശിരുവേണം. 

സീരിയൽ കാണാൻ ഒരു ടി.വി. വേണമെന്ന് അവൾ ആവശ്യപ്പെട്ടു. സ്ത്രീ ജന്മം പുണ്യജന്മാത്രെ. മറ്റൊരു വീട്ടിൽച്ചെന്ന് ടി.വി. കാണാൻ മാസ്റ്റർ സമ്മതിച്ചില്ല. അവിടത്തെ ആണുങ്ങള് എന്താ വിചാരിക്കാ? പൗരുഷമുള്ള പുരുഷ കഥാപാത്രങ്ങളെ അവൾ ഇഷ്ടപ്പെട്ടു. സൗന്ദര്യമുള്ള നടന്മാരെ അവൾ ഇഷ്ടപ്പെടുന്നത് മാസ്റ്റർ ഭയന്നു. രോഗിയായ തന്നോട് സാദൃശ്യപ്പെടുത്തിയാലോ? അവൾ മറ്റു പുരുഷരെ സ്വപ്നം കാണുന്നുണ്ടോ? അയാൾ സംശയിച്ചു.

തനിക്ക് മുലപ്പാൽ നല്കി വളർത്താൻ ഒരു കുഞ്ഞുവേണമെന്ന് ഹേമലത വാശിപിടിച്ചതോടെ മാഷിൻ്റെ കാര്യം കഷ്ടത്തിലായി. രണ്ടു പെണ്ണും രണ്ടാണും ഉണ്ടാകുമെന്ന് കുറത്തി പറഞ്ഞെന്നായി ഹേമലത. വേണ്ടി വന്നാൽ ഓപ്പറേഷനും തയ്യാറാണ്. നാലുകുട്ടികളെപ്പോറ്റാൻ കാശില്ലെന്നായി മാസ്റ്റർ. ഹേമലത ഞെട്ടി. പിശുക്കൻ. ദരിദ്രവാസി. കുട്ടികളെ പ്രസവിക്കാനല്ലേ കല്യാണം കഴിക്കുന്നത്? രോഗിയെ പരിചരിക്കാൻ മാത്രമാണോ വിവാഹിതയായത്?

എങ്കിൽ വേലക്കാരിയെ വെക്കാമായിരുന്നു. അത് ചീത്തപ്പേരുണ്ടാക്കുമെന്നായി മാസ്റ്റർ. ഹേമലത പൊട്ടിത്തെറിച്ചു:” ഇൻ്റ ജീവിതം നശിപ്പിച്ചു അല്ലേ? ഇഞ്ഞി ആരാ എന്നെ കല്യാണം കഴിക്ക്യാ?” മാസ്റ്ററുടെ കുട്ടികളെ പെറാനായില്ലെങ്കിൽ ഈ ജന്മം പ്രസവിക്കാനാകില്ല. തൊലഞ്ഞു എൻ്റെ ജന്മം. ഹേമലതയുടെ മോഹം സാധാരണസ്ത്രീകളുടെ വിചാരവികാരങ്ങൾ തന്നെ. ഉടൽ കാമിക്കാനും പ്രസവിക്കാനും ഉള്ളതാണെന ചിന്ത. അതിന് വിഘാതം ഉണ്ടാകുമ്പോൾ പ്രശ്നങ്ങൾ ആരംഭിക്കുന്നു. മാസ്റ്റർക്കാണെങ്കിൽ സ്ട്രോക്ക് വന്ന കാരണം നാഡികൾ തളർന്നിരിക്കുകയാണ്. ഹേമലതയുടെ മോഹം നടക്കില്ല. മാഷ് ചൂഷണമനോഭാവത്തോടെയാണ് ഹേമലതയെ സമീപിക്കുന്നത്. 

എന്തായാലും ഒരു ദിവ്യൗഷധം സേവിച്ചാൽ ശരിയാകുമെന്ന് അയാൾ ഹേമയെ തെറ്റിദ്ധരിപ്പിച്ചു. ഹെഡ്മാഷോടു ചോദിക്കട്ടെ. തൻ്റെ മോഹം എല്ലാവരോടും കൊട്ടിഘോഷിക്കേണ്ടെന്നായി ഹേമലത. മാന്യരെക്കുറിച്ചുള്ള തൻ്റെ അവബോധം അവൾ അവതരിപ്പിക്കുന്നു. നല്ല വേഷം ധരിച്ച് വരുന്നവരൊക്കെ മാന്യരാണെന്നാണ് മാഷുടെ വിചാരം. യഥാർത്ഥത്തിൽ അവരാണ് കുറുക്കന്മാർ. അവരുടെ തുറിച്ചുനോട്ടമാണ് സഹിക്കാനാകാത്തത്. സമൂഹത്തിൻ്റെ മാന്യതാനിഗമനത്തിനെതിരെയും അതിലെ പുരുഷാധീശ മനോഭാവത്തിനെതിരെയും പ്രതികരിക്കുകയുമാണവൾ. “മാഷമ്മാരെന്ന് വച്ചിറ്റ് ബാക്കിള്ളോരടെ ഭാര്യേ തുറിച്ചുനോക്കി ചോര കുടിക്കാൻ പാട്വോ?”

കൂടുതൽ പരിഷ്കൃതയായ ഒരുവളെ വിവാഹം കഴിച്ചാൽ നന്നായിരുന്നു. മാഷ് സരളടീച്ചറെ ഓർത്തു. പക്ഷേ, ഒരു രോഗിയെ ടീച്ചർ പരിചരിക്കുമോ?ഹേമലത തന്നെയാ നല്ലത്. അവളിൽ സുഖം കണ്ടെത്തണം.

അവൾക്ക് തന്നോടുള്ള സ്നേഹമുറപ്പിക്കാൻ ഒരു മാങ്ങാമാല വാങ്ങിക്കൊടുക്കാം. ഉപഹാരത്തിലൂടെ സ്നേഹമുറപ്പിക്കാനാണ് മാഷുടെ നീക്കം. അതിന് ഇരുപതിനായിരം രൂപാ വേണം. അതിനെന്തൊക്കെ വേറെ മേടിക്കാം? നിർമ്മിക്കാം? ആരാണ് ഇക്കാലത്ത് മാങ്ങാമാല ധരിക്കുക? സരളടീച്ചർ ധരിക്കുന്ന നൂലുപോലുള്ള ഒന്നു പോരേ? മാഷ് ചിന്താധീനനായി.

മാങ്ങാമാല വേണമെന്ന് ഹേമലത ശാഠ്യം പിടിച്ചു. രണ്ടു കൊടുത്താലോ ഈ വാശിക്കാരിക്ക് എന്നു മാഷിനു തോന്നി. മാങ്ങാമാലേല് മുത്തും ചോന്ന കല്ലും വേണമെന്നായി. ഞാൻ വെറുമൊരു മാഷാ. മാങ്ങാമാലയ്ക്കു വേണ്ടിയുള്ള ഹേമലതയുടെ നിർബന്ധം വലിയ അലോസരമായി മാഷിന് അനുഭവപ്പെട്ടു. എന്നെ വേണ്ടെങ്കി സ്വന്തം നാട്ടിലേക്ക് ഞാൻ പൊയ്ക്കോളാമെന്നായി ഹേമലത. അങ്ങനെ കുടുംബകലഹം രൂക്ഷമായി. മാഷിന് ഉത്സാഹക്കുറവനുഭവപ്പെട്ടു. ഹെഡ്മാഷ് പെട്ടെന്നവിടെ പ്രത്യക്ഷപ്പെട്ടു. പ്രശ്നം മാഷ് വിവരിച്ചു. മനസ്സുഖമില്ല. അഞ്ചു പവൻ്റെ മാങ്ങാമാലയ്ക്കായി നിർബന്ധം. ഇപ്പോ ഈ വയസ്സുകാലത്ത് വിവാഹം വേണ്ടിയിരുന്നില്ല. ഒരു നഴ്സിനെ വെക്കാമായിരുന്നു.

ഹെഡ്മാഷ് ഏറ്റെടുത്തു. മാഷക്ക് വേണ്ടെങ്കി പുറത്താക്കാനാ പ്രയാസം? ടാക്സി വിളിച്ച് സൊന്തം നാട്ടില് കൊണ്ടുവിടാം. ഇന്നന്നെ അയക്കാം. അപ്പോൾ, എന്താ അവൾടെ വീട്ടില് കാരണം പറയാ? 

മാഷ്ക്ക് കിടക്കാൻ തൊയിരം കൊടുക്കുന്നില്ലെന്നു പറയാം. ഒരു കുഴപ്പവുമുണ്ടാകില്ലെന്നു ഹെഡ്മാഷ് പറഞ്ഞു. പെണ്ണിൻ്റെ സ്വഭാവദൂഷ്യാന്ന് ഉറപ്പിച്ചു പറയണം. പക്ഷേ, അവൾ പതിവ്രതയാണെന്ന് മാസ്റ്റർക്കറിയാം. അയാളത് പറയുകയും ചെയ്തു. പക്ഷേ, മാങ്ങാമാല ചോദിച്ചു ശല്യപ്പെടുത്തുന്നു. ഹെഡ്മാഷ് അവിടെയും വിശദീകരിച്ചു: പതിവ്രതയായിട്ടെന്താ ഗുണം? സദാസമയം മാലാമാലാന്ന് പറഞ്ഞോണ്ട് ശല്യപ്പെടുത്തിയോ?

ഇതിന് രാമകൃഷ്ണൻ മാസ്റ്റർക്ക് മറുപടിയുണ്ടായില്ല. അയാൾക്ക് ബോദ്ധ്യമായി. ഇയ്ക്ക് കല്യാണോം വേണ്ട, ഭാര്യേം വേണ്ട. കെടക്കാൻ തൊയിരം കിട്ടണം. അയാൾ ഉറപ്പിച്ചു. ടാക്സിയിൽ പാലക്കാട്ടേക്കു പോകുമ്പോൾ സീതയെ വനത്തിലേക്കയച്ച രാമനെയാണ് ഹേമലതയ്ക്ക് ഓർമ്മ വന്നത്. രാമകൃഷ്ണൻ നായരുടെ മുഖം ഓർമ്മ വന്നതുമില്ല. കഥ ഇവിടെ പര്യവസാനിക്കുന്നു.

1999 ൽ എഴുതിയ ഈ കഥ പുരുഷാധികാര പ്രയോഗ സംബന്ധിയായതാണ്. രോഗിയായാലും, ശുശ്രൂഷിക്കാൻ ആളു വേണ്ട സാഹചര്യമായാലും ഭാര്യയെ സന്തോഷിപ്പിക്കാനും പണം ചെലവഴിക്കാനും തയ്യാറാകാത്ത മർക്കടമുഷ്ടിക്കാരനായ ഭർത്താവായി രാമകൃഷ്ണൻ നായർ മാറുന്നു. അവളെ ചൂഷണം ചെയ്യുകയാണയാൾ. തനിക്കു കുട്ടികളുണ്ടാവില്ലെന്ന് അയാൾക്കറിയാം. അതു മറച്ചുവെച്ച് പ്രതീക്ഷ നല്കാനാണ് ശ്രമിക്കുന്നത്. ഹേമലത ജീവിതം ആസ്വദിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, കുട്ടികൾ വേണമെന്ന ആഗ്രഹം നിരസിക്കപ്പെടുമ്പോൾ അവൾ ഞെട്ടുന്നു. പിന്നെ, മാങ്ങാമാല വേണമെന്നായി. മാഷുടെ കയ്യിൽ പണമുണ്ടെന്ന് അവൾക്കറിയാം. മാഷിൻ്റെ താരതമ്യപ്പെടുത്തലുകളും ചില കൂട്ടുകെട്ടുകളും അവൾ ഇഷ്ടപ്പെട്ടില്ല. എങ്കിലും മടികൂടാതെ ഭർത്താവിനെ പരിചരിക്കുകയും വീട്ടുജോലികൾ ചെയ്യുകയുമുണ്ടായി. 

ഭർത്താവിനുമീതെയുള്ള തൻ്റെ അവകാശം സ്ഥാപിക്കാനാകണം, മാങ്ങാമാല ആവശ്യപ്പെട്ടത്. അത് അവളെ ഒഴിവാക്കാനുള്ള കാരണമായി. ബന്ധങ്ങളെ കൂട്ടിയിണക്കാനല്ല, വേർപെടുത്താനാണ് ഹെഡ്മാഷ് തുനിഞ്ഞത്. മാനുഷികതയറ്റ സമീപനമാണിത്. രണ്ടു പുരുഷന്മാർ ചേർന്ന് പാവം സ്ത്രീയെ വഞ്ചിക്കുകയാണ്. ഭർത്താവിനോടുള്ള സ്നേഹത്തെയും കടപ്പാടിനേയും നിരാകരിക്കുകയാണ്. താനെന്തു പാപമാണ് പ്രവർത്തിക്കുന്നതെന്നു മനസ്സിലാക്കാൻ മാഷിന് സാധിക്കുന്നില്ല. 

പണം ചെലവാക്കാനാകില്ല. അതു തന്നെ മുഖ്യം. അവൾ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും മാഷിൻ്റെ അപകർഷബോധം അനാവശ്യമായ സങ്കല്പനങ്ങൾ ഉണ്ടാക്കുകയാണ്. മമ്മൂട്ടിച്ചിത്രം കാണുമ്പോഴും, പെറണമെന്ന് പറയുമ്പോഴും, സുഹൃത്തുക്കളുടെ നോട്ടത്തെക്കുറിച്ചു പറയുമ്പോഴും മാഷിന് തൻ്റെ ശേഷിക്കുറവും രോഗവുമാണ് ഓർമ്മവരുന്നത്. യഥാർത്ഥത്തിൽ തൻ്റെ ശരിക്കുള്ള ബലഹീനത ഒരു സ്ത്രീ അറിയാൻ പാടില്ലെന്നതിനാലാണ് അവളെ നാടുകടത്താനുള്ള പ്ലാനിന് അയാൾ സമ്മതം നല്കുന്നത്. വിഷയം മാങ്ങാമാലയല്ല, മാഷിൻ്റെ അപകർഷതയാണ്. അത് ഒരു സ്ത്രീയുടെ ജീവിതം താളംതെറ്റിക്കുന്നു. 

മാധവിക്കുട്ടിയെഴുതിയ ഈ കഥ, അപകർഷബോധത്തിനടിമകളും ദുർബലരുമായ പുരുഷന്മാർ സ്ത്രീകളോട് കാണിക്കുന്ന അധമപ്രവൃത്തികളെ, ഹിംസാത്മകമായ പ്രവൃത്തികളെ, പുരുഷാധികാരത്തിൻ്റെ ധ്വംസാത്മകതയെ വിമർശിക്കുകയാണ്. അതിനാൽത്തന്നെ കാലികമായി പ്രസക്തവുമാണ് ഈ കഥ.

ganeshanmalayalam@gmail.com 9495900209


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ