മാരകമൗനം : എസ്. ഗോപാലകൃഷ്ണൻ
Fyugp AEC Humanities First Semester
മാരകമൗനം
കടുവകളുടെ വംശനാശവും ഭാഷകളുടെ മരണവും സമം:
എസ്. ഗോപാലകൃഷ്ണൻ
എഴുത്തുകാരനും ചിന്തകനുമായ എസ്. ഗോപാലകൃഷ്ണൻ എഴുതിയ ലേഖനമാണ് മാരകമൗനം. മാരകം എന്നതിന് മരണകാരണമെന്ന് അർത്ഥമേകാം. കടുവകൾക്കു സംഭവിക്കുന്ന വംശനാശത്തെയും ഭാഷകൾക്കു സംഭവിക്കുന്ന വംശനാശത്തെയും താരതമ്യം ചെയ്തുകൊണ്ട് ചില നിഗമനങ്ങളിലെത്തുകയാണ് അദ്ദേഹം. കടുവകളുടെ വംശം നാശത്തിൻ്റെ വക്കിലാണ്. ഒരു പക്ഷേ, കടുവ എന്ന വാക്ക് മറ്റൊരർത്ഥത്തിൽ മറ്റേതെങ്കിലും ഭാഷയിൽ പ്രയോഗിക്കുന്നുണ്ടാകാം. അതായത്, കടുവ നിലനിന്നില്ലെങ്കിലും വാക്ക് നിലനില്ക്കാം. വംശനാശം വന്ന ഭാഷപോലെ കടുവകളും നിതാന്തവിസ്മൃതിയിലേക്കു പോകാം. കടുവകൾ ബാക്കിയാകാതെ പോയ ഒരു കടുവാസംരക്ഷണ സങ്കേതത്തിൽ, മറ്റൊരിടത്തു നിന്നും കടുവകളെ ഇറക്കുകയാണ്. അതിനായി മഴ വരാൻ കാത്തുനില്ക്കുകയാണ് അധികൃതർ.
കടുവയും ഭാഷയും എന്ന വിഷയത്തിലേക്ക് ലേഖകൻ്റെ ശ്രദ്ധ തിരിച്ചത് ആലം എന്ന വനഗുർജ്ജര വിഭാഗത്തിൽപ്പെടുന്ന വ്യക്തിയാണ്. ഉത്തരാഞ്ചലിലെ നാഷണൽ പാർക്കിൽ വഴികാട്ടിയായി പ്രവർത്തിച്ചിരുന്നു അയാൾ. ഒരു കടുവയുടെ കാൽപ്പാദം കാണിച്ചു തന്നിട്ട്, കടുവ പിന്നിട്ട സമയവും സവിശേഷതകളും വിവരിച്ചു. ആലം ഹിന്ദിയിൽ സംസാരിക്കും. അയാളുടെ ഭാഷ വനഗുർജ്ജരിയാണ്. കാട്ടിൽ മറുഭാഷ കേട്ടാൽ മൃഗങ്ങൾ ഓടിപ്പോകുമെന്ന് ആലത്തിൻ്റെ അമ്മ പറഞ്ഞു കൊടുത്തിട്ടുണ്ട്. കുടിയിൽ ചെന്നാൽ അമ്മ ഹിന്ദി വിലക്കും.
2004 ലെ സുനാമി. ആൻഡമാൻ ദ്വീപിൽ വംശനാശം വന്ന ബോ ഭാഷ സംസാരിക്കുന്ന അവസാന കണ്ണിയായ ബോയ, രക്ഷപ്പെട്ടത് മരത്തിൽ കയറിയാണ്. അതിനാൽ ആ ഭാഷ ആറുകൊല്ലം കൂടി നിലനിന്നു. ബോയ മരിച്ചപ്പോൾ അറുപതിനായിരം വർഷം പഴക്കമുണ്ടായിരുന്ന ഒരു ഭാഷയാണ് മരിച്ചത്. കടുവയെയും ഭാഷയെയും സംരക്ഷിക്കേണ്ടതുണ്ട്.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്ന ശേഷം എൺപതിനായിരത്തോളം കടുവകൾ കൊല്ലപ്പെട്ടു. ഇപ്പോൾ ആയിരത്തോളം മാത്രമേ ബാക്കിയുള്ളൂ. നായാടിത്തീർത്തതാണവയെ. ഭാഷയും കടുവയും ഒരേ സമയമാണ് ഇല്ലാതാകുന്നത്. ആലത്തിൻ്റെ അമ്മ ഇതു തിരിച്ചറിഞ്ഞു. കടുവകളുടെ പൊരുളും സ്വഭാവവിശേഷങ്ങളും അറിയുന്നവരാണ് ആലത്തിൻ്റെ പൂർവികർ. വേഡ് ഡേവിസ് എന്ന നരവംശവിദഗ്ധൻ ഭാഷയെ വനവുമായി ബന്ധപ്പെടുത്തി. മനുഷ്യമനസ്സിലെ പുരാതനമായ വനസമൃദ്ധിയാണ് ഭാഷ എന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. വംശനാശം വംശഹത്യയിൽ നിന്നും വ്യത്യസ്തമാണ്. കൂട്ടക്കൊല ജനമറിയും. ഒറ്റയൊറ്റ മരണങ്ങൾ ശ്രദ്ധിക്കാതെ പോകും.
ഭാഷകൾ മരിക്കുന്നതിന് ചില കാരണങ്ങളുണ്ട്:
1. ആ ഭാഷ സംസാരിക്കുന്നവർ ഇല്ലാതാകുമ്പോൾ.
2. ഒരു ജനത മറ്റൊരു ഭാഷ ഉപയോഗിച്ചു ശീലിക്കുമ്പോൾ
3. ഒരു തലമുറ രണ്ടു ഭാഷകൾ കലർത്തി സംസാരിക്കുമ്പോൾ.
കടുവകളുടെ സ്ഥാനം മനുഷ്യൻ അലങ്കരിക്കേണ്ടിവരുന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്.
കടുവകൾ നിത്യവിസ്മൃതിയിലേക്ക് അടുക്കുമ്പോൾ, 473 ഭാഷകൾ മാരകമൗനത്തിലേക്ക് അടുക്കുകയാണ്. അതായത് ഭാഷകളുടെ മരണത്തിലേക്ക്.
ആഫ്രിക്ക - 46, അമേരിക്ക-182, ഏഷ്യ - 84, യൂറോപ്പ് -9, പസഫിക്ക് - 152. അഞ്ചുവർഷത്തിനുള്ളിൽ നഷ്ടപ്പെടുന്ന ഭാഷകളുടെ എണ്ണമാണിത്. കടുവകൾ ഇല്ലാതാകുമ്പോൾ ഒരു വംശം ഇല്ലാതാകുന്നു. ഭാഷകളുടെ നാശം ആയിരക്കണക്കിന് വർഷത്തെ സഞ്ചിതസംസ്കാരം ഇല്ലാതാക്കും. നിരവധിഭാഷകൾ തുടർവർഷങ്ങളിൽ ഇല്ലാതാകും. മലയാള ടി.വി. ചാനൽ ഷോകളിൽ മലയാളത്തിൻ്റെ ശാശ്വതനാശവും പ്രതിഫലിക്കുന്നു. ഭൂമി പിളരുമ്പോൾ നമുക്കു കയറി രക്ഷപ്പെടാൻ ചങ്ങാതീ, ഏതു മരമാണുള്ളത് എന്ന് ലേഖകൻ ചോദിക്കുന്നു.
ഭാഷയുടെയും വന്യജീവികളുടെയും വംശനാശം സംബന്ധിച്ച ചിന്തകളും ഉത്കണ്ഠകളും ഈ കാലയളവിൽ ഏറെ പ്രസക്തമാണ്.
ganeshanmalayalam@gmail.com 9495900209
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ