മരങ്ങൾ: സുഗതകുമാരി
AEC Humanities First Semester
പ്രകൃതിക്കു വേണ്ടിയും പീഡിതസമൂഹത്തിനു വേണ്ടിയും സജീവമായി നിലകൊണ്ട കവയിത്രിയാണ് സുഗതകുമാരി. സുഗതകുമാരി ടീച്ചറുടെ ശ്രദ്ധേയമായ കവിതയാണ് മരങ്ങൾ. മരങ്ങളെയും ഇതര ജീവജാലങ്ങളെയും സ്നേഹിക്കാനുള്ള വിശാല മനസ്സ് മനുഷ്യരിൽ രൂപം കൊള്ളണമെന്ന ആശയമാണ് മരങ്ങൾ എന്ന ഈ കവിത അവതരിപ്പിക്കുന്നത്. സ്നേഹം എന്ന വികാരം സ്വന്തം ഹൃദയത്തിൽ നിന്നും ഉണ്ടാകണം. അതിലൂടെ സമസൃഷ്ടികളെ ആദരിക്കാൻ പഠിക്കണം, അലിവോടെ സമീപിക്കാൻ സാധിക്കണം. നാം സഹജീവജാലങ്ങളെ പരിഗണിക്കുമ്പോൾ, സ്നേഹിക്കുമ്പോൾ ആ പരിഗണനയും സ്നേഹവും നമുക്ക് തിരികെ കിട്ടുന്നു. ജീവജാലങ്ങളുടെ ആവാസം സാധ്യമാക്കുകയെന്നതും പ്രകൃതി വിപത്തുകളിൽ നിന്ന് അവയെ രക്ഷിക്കുകയെന്നതും നമ്മുടെ ധർമ്മമാണ്. ഒരു രക്ഷകന്റെ കടമയാണ് മരങ്ങൾ നിർവഹിക്കുന്നത് എന്നു കാണാം. തണലും കനികളും തണുപ്പും ഊഷ്മളതയും പകർന്നു നൽകുന്ന ഈ വരദാനങ്ങൾ മനുഷ്യൻ്റെ തന്നെ ആസുരതയ്ക്ക് കീഴ്പ്പെട്ട് നശിക്കുന്ന അവസ്ഥയാണ് ഇന്നത്തെ കാലഘട്ടത്തിൽ ഉള്ളത്. കാട്ടുതീയായും വികസനഫലമായും അവ ദുരന്തങ്ങൾ സഹിക്കുന്നു.
മാതൃസഹജമായ ഉത്കണ്ഠയോടെ, വേപഥുവോടെ, താൻ നട്ട കൊന്നത്തയ്യിനെക്കുറിച്ചും അരയാലിനെക്കുറിച്ചും മാന്തൈകളെക്കുറിച്ചും ആരായുന്ന കവയിത്രിയെയാണ് കവിതയിൽ ആദ്യഘട്ടത്തിൽ കാണുന്നത്. തൃശ്ശൂരിലെ വിലങ്ങൻ കുന്നിൽ നട്ടു പോന്ന കണിക്കൊന്നത്തെെയ്ക്ക് എന്തു സംഭവിച്ചിട്ടുണ്ടാവും? അതു വളർന്നോ? കരിഞ്ഞോ? കല്ലമ്പലനടയിൽ ലേലം ചെയ്യപ്പെട്ട പാല മുറിച്ചോ? മുറിവേറ്റ് നിൽക്കുകയാണോ? മുറിഞ്ഞു വീണുവോ? നഗര കൊട്ടാരത്തിന്റെ പിന്നിൽ - നഗരസഭാ ഓഫീസാകാം - രഹസ്യമായി നട്ട അരയാൽ വളർന്നോ? അല്ല പൈ മേഞ്ഞ് നശിച്ചോ? ദയവായ്പോടെ കലാലയ വളപ്പിൽ കുഴിച്ചിട്ട അണ്ടികൾ മാന്തൈകളായി വളർന്നോ? വിഷപ്പുക വമിക്കുന്ന വ്യവസായശാലയുടെ പിന്നിൽ ഒരു ശുഭദിനത്തിൽ വെച്ച തൈകൾ ഇന്ന് ഏറെയും വളർന്നിരിക്കുന്നു. ആ വഴി പോകുമ്പോൾ അവ തങ്ങളുടെ പച്ചപ്പുള്ള കൈകൾ പൊക്കി അഭിവാദനം ചെയ്യാറുണ്ട്. കവയിത്രി അതിൽ സന്തോഷിക്കുന്നു. ആ സ്കൂളിൻ്റെ മുന്നിൽ നട്ട ആൽമരം ചെറുതെങ്കിലും നിരന്തരം നാമം ജപിച്ചുകൊണ്ടിരിക്കുന്നതും കവിയത്രി കാണുന്നു. സുഗതകുമാരി ടീച്ചറെ കണ്ടു അവയ്ക്ക് മനസ്സിലായെങ്കിലും നാമജപം അത് നിർത്തിയില്ല. മനുഷ്യർ പരസ്പരം സ്വാഗതം ചെയ്യാനും നാമം ജപിക്കാനും ഒക്കെ പ്രകടിപ്പിക്കുന്ന ചേഷ്ടകൾ മരങ്ങളിലേക്ക് പകരുകയാണ് കവയിത്രി. ടീച്ചർ ചോദിക്കുന്നു: അല്ലയോ തോഴാ, നിൻ്റെ മനസ്സിലും ഞാനൊരു പൂമരവിത്തു നട്ടിരുന്നല്ലോ. അതു മുളച്ചോ? നിന്നിൽ അതുവഴി അല്പമെങ്കിലും പച്ച, ആർദ്രത, കാരുണ്യം ഒക്കെ സാവധാനത്തിലെങ്കിലും ഞാൻ നിറച്ചുവോ? അങ്ങനെയെങ്കിൽ എൻ്റെ ജന്മം സഫലമായി. ജന്മം ധന്യമാകുവാൻ അത്രമാത്രമേ വേണ്ടൂ. നിൻ്റെ ചിരിയിൽ വസന്തം തുടിക്കാനും, വണ്ടു സൗഹൃദഗീതം മൂളുവാനും, പൂക്കൾ ചിറകടിച്ചിളക്കുവാനും (പൂമ്പാറ്റകൾ പറക്കാനും) കിളി പാടാനും തളിർക്കുലയിലുരുമ്മി കാറ്റ് കുലുങ്ങിച്ചിരിക്കാനും മനസ്സിൽ ഇത്തിരി ധന്യത, പച്ചപ്പ് ഉണ്ടായാൽ മതി. അത്രമാത്രം നിഷ്കളങ്കവും സൗഹൃദപരവുമാണ് ഈ പ്രകൃതി. എല്ലാ ദുഃഖങ്ങളും അകറ്റി അവ സന്തോഷം സാധ്യമാക്കുന്നു.
സ്നേഹശൂന്യമായ പുതുതലമുറയുടെ സമീപനവും കവയിത്രി ആഖ്യാനം ചെയ്യുന്നു. അവർക്ക് ഒന്നിനോടും മമതയില്ല. ചിരിക്കാൻ അറിയാത്ത യൗവനത്തിന്റെ പ്രതിനിധികളാണ് പുതിയ തലമുറ. ‘ചിരിക്കാൻ അറിയാത്ത’ എന്ന പ്രയോഗം സവിശേഷ അർത്ഥതലം ഉള്ളതാണ്. ചിരി ഹൃദയ ബന്ധത്തെ പ്രകാശിപ്പിക്കുന്നതാണ്. ചിരിക്കാൻ അറിയാത്തവൻ ചിരിയുടെ മൂല്യം അറിയാത്തവനാണ്. സ്നേഹ ബന്ധങ്ങളുടെ ഊഷ്മളത തിരിച്ചറിയാൻ കഴിയാത്തവനാണ്. ഈ സ്നേഹശൂന്യതലമുറ വിരൽചൂണ്ടി പറയുകയാണ്:
“മനസ്സിൽ നിന്നും സ്നേഹ ദൈന്യമിതൊഴിവാക്കൂ, അറിയൂ വൈകാരികമീ ബന്ധം താനേ വാടി കൊഴിയും നാളേയ്ക്കിതു, വഴിതെറ്റിയവർ നിങ്ങൾ.”
പഴയ തലമുറയുടെ മനസ്സിൽ നിന്നും സ്നേഹ ദൗർബല്യങ്ങൾ ഒഴിവാക്കണമെന്നാണ് അവരുടെ പക്ഷം. വൈകാരിക ബന്ധങ്ങൾ നിലനിർത്താനും തുടരാനും സൃഷ്ടിക്കാനും ശ്രമിക്കുന്നത് വ്യർത്ഥമാണ്. അതിൽ കാര്യമില്ല അത് ഇന്നോ നാളെയോ ഇല്ലാതാകും. അതിനാൽ നിങ്ങൾ (പഴയതലമുറ) വഴിതെറ്റിയവരാണ്. യഥാസ്ഥാനത്ത് ചിന്തിക്കാൻ സാധിക്കാത്തവരാണ്. അവിടെ നിന്നും പോറലേറ്റ മനസ്സോടെ ഇറങ്ങി വരുമ്പോൾ കവയിത്രിയെ സ്വാഗതം ചെയ്തത് മാവിൻ കൊമ്പിലിരുന്നു പാടുന്ന കിളിയാണ്. അതിനൊപ്പം മനസ്സും മൂളിപ്പോയി. കവയിത്രിയുടെ ആശങ്കകൾ ഒന്നുകൂടി വ്യക്തമാക്കുകയാണ് ഈ ഭാഗത്ത്. എവിടെയാണ് വഴി തെറ്റിയത് ?ഏതാണ് പോകേണ്ട വഴി? ഇത് മഹാ ശാസ്ത്രയുഗമാണ്. പകയും പകവീട്ടലും കുത്തും വെടിയും കരച്ചിലും ഭീതിയും മഹാരോഗ ഭയവും ഒക്കെ അലട്ടുകയാണ് ഓരോരുത്തരെയും. ചിലർ സുഖഭ്രാന്തിനടിപ്പെട്ട് സ്വയം നശിക്കുന്നു. പണം തീർക്കുന്ന ചതിക്കുണ്ടിൽ പെട്ട് ജീവൻ നശിപ്പിക്കുന്നവർ ഒട്ടേറെ. കണ്ണിൽ പുകക്കൂണിൻ ചിഹ്നവും നിറയുന്നു. ഹിരോഷിമ നാഗസാക്കിയിൽ പൊട്ടിച്ചിതറിയ അണുബോംബിന്റെ ധൂമവും കൂണ് പോലെയാണ് അന്തരീക്ഷത്തിൽ ഉയർന്നത് എന്നതോർക്കുക. കാൽച്ചുവട്ടിൽ പുഴകൾ ചാവുകയാണ്. മുകളിലോ, സൂര്യൻ കത്തിജ്വലിക്കുന്നു. സൂര്യന്റെ കോപം ഉഗ്രമായി ഭൂമിയിൽ പതിക്കുകയാണ്. കെട്ടിടങ്ങളുടെയും മനുഷ്യന്റെയും ഭാരവും ദുഃഖഭാരവും താങ്ങിത്താങ്ങി ഞെരിഞ്ഞമരുന്ന ഭൂമിയുടെ താപം പ്രത്യക്ഷമാകുന്നു. ഭൂമിയുടെ ജലശേഖരം മുഴുവൻ വറ്റി ഉൾത്തടം വരളുകയാണ്. ഹൃദയങ്ങൾ സ്നേഹശൂന്യമാവുകയാണ് ചുറ്റിലും. യുഗത്തിന്റെ മുടിയനും അന്ധനുമായ പുത്രൻ ഇത്തിരി സ്നേഹവും അലിവും തേടി അലയുകയാണ്. അവനുവേണ്ടി മരം നട്ടും നനച്ചും തണൽ സൃഷ്ടിച്ചും പൂവും കിളിമുട്ടയും പാട്ടും കാത്തുവെച്ചും ഉഴലുന്നവരാണ് മരസ്നേഹികളായ, പ്രകൃതി പ്രിയരായ ഞങ്ങൾ. ഭൂമിയെയും ശിശുക്കളെയും മഴയെയും കാരുണ്യത്തെയും ശാന്തിയെയും സ്നേഹിക്കുന്നവരാണ് ഞങ്ങൾ. തീ വീഴുന്ന കാട്ടിൽ ഉഗ്രമായ ഈ വേനൽച്ചൂടിൽ തണൽ ഇല്ലാത്ത, ആർദ്രതയില്ലാത്ത, ഈ ശൂന്യ വാനിന്റെ ചുവട്ടിൽ വെയിലേറ്റ് അലയുമ്പോൾ, ഒരു തുള്ളി വെള്ളം കുടിക്കാൻ ഇല്ലാതെ ഉരുകുന്ന തൊണ്ട അഗ്നിയിൽ പൊള്ളുമ്പോൾ, പ്രിയതോഴാ, നമ്മൾ അന്നു നട്ട മരങ്ങളെ ഓർക്കുക. തീർച്ചയായും ഈ ചൂട് , വെയിലിന്റെ ഉഗ്രത, പട്ടു പോലെ അലിയും. അതു മായും തീർച്ച.
മരങ്ങളുടെ ധന്യത തന്നെയാണ് ഈ കവിതയിലെയും പ്രമേയം. അതോടൊപ്പം മരങ്ങളിലും ചെടികളിലും ഒട്ടും താല്പര്യമില്ലാത്ത പുതുതലമുറ മനുഷ്യത്വത്തിൻ്റെ പ്രതീകമായി മാറുന്നതും കവയിത്രി കാണുന്നു. മരങ്ങളെ സ്നേഹിക്കുന്ന ഈ കവയിത്രി ഈ പ്രപഞ്ചത്തിലെ സകലതിനെയും സ്നേഹിക്കാൻ പ്രാപ്തയാണ്. മരങ്ങൾ എന്നാൽ സ്നേഹം എന്നു തന്നെയാകുന്നു അർത്ഥം. അതിലേക്ക്, സ്നേഹത്തിന്റെ മഹിമയിലേക്ക് വായനക്കാരെ കൊണ്ടുപോകാൻ കവിയത്രിക്ക് സാധിക്കുന്നു. മരങ്ങളെ സ്നേഹിക്കുന്നവരാണ് യഥാർത്ഥമനുഷ്യത്വം പ്രകടമാക്കുന്നവർ എന്ന് വ്യക്തമാക്കിക്കൊണ്ട് കവിത അവസാനിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ