മലയാളശൈലി : കുട്ടികൃഷ്ണമാരാര്
Fyugp AEC Humanities First Semester
ശൈലിയ്ക്ക് സംഭവിക്കുന്ന വൈകല്യങ്ങൾ
കുട്ടികൃഷ്ണമാരാര് എന്നറിയപ്പെടുന്ന ഭാഷാവിചക്ഷണൻ്റെ (പ്രഗത്ഭനായ നിരൂപകൻ കൂടിയാണ് മാരാര്. തൻ്റെ കാഴ്ചപ്പാടുകൾ സുവ്യക്തമായി അവതരിപ്പിക്കും.) പ്രശസ്തവും ഭാഷാസ്നേഹികൾ സ്വീകരിച്ചതുമായ കൃതിയാണ് മലയാളശൈലി. സംസ്കൃതത്തിലും അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഭാഷയോടുള്ള മാരാരുടെ പ്രതിബദ്ധത ഇതിൽ പ്രകടമാകുന്നു. ഭാവിയിൽ മലയാളത്തിൽ വന്നുചേരാനിരിക്കുന്ന വൈരൂപ്യങ്ങളെയും വൈകൃതങ്ങളെയും സംബന്ധിച്ച ദീർഘവീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. ഭാഷാശുദ്ധിയും ഭാഷാസ്നേഹവുമുള്ള കറകളഞ്ഞ തലമുറയെ രൂപപ്പെടുത്തുകയെന്ന ലക്ഷ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അന്യഭാഷകളോടുള്ള അതിപ്രിയതയും മലയാളം കൊള്ളില്ലെന്ന ചിന്താഗതി വളർന്നുവരുന്നതിലും അദ്ദേഹം ഉത്കണ്ഠാകുലനായിരുന്നുവെന്ന് മലയാളശൈലി വ്യക്തമാക്കുന്നു. സ്വന്തം മാതൃഭാഷയെ സംബന്ധിച്ച് അതു പോരായെന്ന അപകർഷ ചിന്ത കൊണ്ട് അതിനെ പരിഷ്കരിക്കാൻ ഇറങ്ങിത്തിരിക്കുന്നവർ ചെയ്തുകൂട്ടുന്ന അബദ്ധങ്ങൾ ഇതിൽ പരാമർശിക്കുന്നു. ഒപ്പം, ഭാഷ മെച്ചപ്പെടുത്താനുള്ള പോംവഴികളും ആരായുന്നു. എന്നാൽ ഭാഷയിൽ നൂതനമായി വളർന്നുവരുന്ന പുതിയ രീതികളെ എല്ലാം അബദ്ധം, ശൈലീഭംഗം എന്നു പറഞ്ഞു നീരസം നടിക്കുന്നത് ബുദ്ധിപരമാവില്ല എന്നാണ് മാരാരുടെ നിലപാട്. അത്തരം കാര്യങ്ങൾ തടയുകയെന്നത് അസാദ്ധ്യമാണ്. പഴയകാല കൃതികളിലെ ഭാഷ ഇന്നത്തെ മലയാളിക്കു മനസ്സിലാകുന്നില്ല. വാക്കുകൾ, വാക്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങൾ കുറേക്കാലത്തേക്കു നിലനിർത്തുകയെന്നതു ദുഷ്കരമാണ്. എങ്കിലും ചില വ്യവസ്ഥകൾ സ്വീകരിക്കേണ്ടത് ഒരാവശ്യമാണ്. അനേകവർഷാനന്തരമുള്ള ഭാവിതലമുറ ഇന്നത്തെ മലയാളം മനസ്സിലാകണമെങ്കിൽ ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നത് നല്ലതല്ലല്ലോ.
ഒരു ഭാഷയ്ക്കു വരുന്ന മാറ്റങ്ങളെ മാരാര് രണ്ടായി പിരിക്കുന്നു. ഒന്ന്, സൗകര്യവശാൽ വരുന്നവ. രണ്ട്, ഉപയോഗിക്കുന്നവരുടെ അറിവില്ലായ്മയിൽ നിന്നും തെറ്റായ സങ്കല്പങ്ങളിൽ നിന്നും ഉണ്ടാകുന്നവ. ഇവിടെ ഭാഷകൊണ്ടുള്ള പ്രയോജനമെന്തെന്ന് മാരാര് വ്യക്തമാക്കുന്നു. കഴിയുന്നതും കുറച്ചക്ഷരം കൊണ്ടു കാര്യം വെടിപ്പായി, ഭംഗിയായി പറയുകയാണ് ഭാഷയുടെ പ്രയോജനം. ഭാഷയുടെ ജീവനും അതുതന്നെ. അറിവില്ലായ്മകൊണ്ടു സംഭവിക്കുന്ന വക്രീകരണവും വൃഥാവിപുലനവും ഒഴിവാക്കേണ്ടവയാണ്. ഭാഷയെ അതു നിർജ്ജീവമാക്കുന്നു.
എഴുത്തുകാർക്കും ഇത്തരം ഭാഷാവൈകൃതങ്ങൾ വലുപ്പോഴും സംഭവിക്കുന്നുണ്ട്. ഈ വൈകൃതങ്ങളുടെ അടിസ്ഥാനം, പാണ്ഡിത്യമുള്ള ഇക്കൂട്ടർ സ്വഭാഷയുടെ നേർക്കുകാട്ടുന്ന അനാദരവാണ്. സംസ്കൃതത്തിനും ഇംഗ്ലീഷിനും കൊടുക്കുന്ന ആദരവ് സ്വന്തം ഭാഷയ്ക്കു നല്കുന്നില്ല. പല സന്ദർഭങ്ങളിലും പരസ്യമായിത്തന്നെ അവരതു വെളിപ്പെടുത്തുന്നു.
സാങ്കേതികപദങ്ങളുടെ അഭാവം ഭാഷ നേരിടുന്ന പരിമിതികളിൽ പ്രധാനം തന്നെ. എങ്കിലും ഭാഷയ്ക്ക് യുക്തിനിരൂപണശക്തിയില്ലെന്ന ഒരു ലേഖകൻ്റെ വാദത്തെ അദ്ദേഹം ഖണ്ഡിക്കുന്നു. മലയാളത്തിന് അത്രമതി എന്ന അവജ്ഞയാൽ സ്വന്തം ഭാഷയുടെ വൈശിഷ്ട്യങ്ങൾ ശ്രദ്ധിക്കാതെ അന്യഭാഷയുടെ ചുവടുപിടിച്ചാണ് പലരും മലയാളമെഴുതുന്നത്. സംസ്കൃതപണ്ഡിതന്മാർ കാലം മാറിയതറിഞ്ഞ് കൂടുതൽ കുത്തിച്ചെലുത്തലുകൾ നടത്താറില്ല. എന്നാൽ ഇംഗ്ലീഷു പണ്ഡിതർ തങ്ങളെ ആശ്രയിച്ചാണ് ഇനി മാതൃഭാഷ വളരുകയെന്ന ചിന്തയാൽ തങ്ങളുടെ വകതിരിവില്ലായ്മ വെളിവാക്കും വിധം ഭാഷയെ ദുരുപയോഗപ്പെടുത്തുന്നുവെന പരാതി മാരാർക്കുണ്ട്. അദ്ദേഹം അത്തരം ശൈലീഭംഗങ്ങൾക്ക് ഉദാഹരണങ്ങളും നല്കുന്നു. ഭാഷകൾക്ക് ഭാഷാശാസ്ത്രജ്ഞർ പ്രത്യയങ്ങളുടെ പ്രത്യേകതകൾ പ്രമാണിച്ച് നാലു കക്ഷ്യകളാക്കിത്തിരിച്ചിട്ടുണ്ട്. പ്രാകൃതകക്ഷ്യ, സംശ്ലിഷ്ടകക്ഷ്യ, വൈകൃതകക്ഷ്യ, അപഗ്രഥിതകക്ഷ്യ എന്നിവയാണവ. ഇപ്പോൾ, സംഘടിതകക്ഷ്യയെന്നൊരു വിഭാഗം കൂടി വന്നിട്ടുണ്ട്. മലയാളഭാഷ സംശ്ലിഷ്ടകക്ഷ്യയിൽ നിന്ന് വൈകൃതകക്ഷ്യയിലേക്കുള്ള പടിവാതിലിലാണ്. ഇംഗ്ലീഷുഭാഷ അപഗ്രഥിതകക്ഷ്യയിലാണ്. അതിൽ പ്രത്യയങ്ങൾ പ്രകൃതി(പദധാതു) യിൽ നിന്നു വേറിട്ടു സ്വതന്ത്രങ്ങളായി നില്ക്കുന്നു. മലയാളഭാഷയിൽ പ്രത്യയങ്ങൾ പ്രകൃതിയോട് ഒട്ടിനില്ക്കുകയാണ്. ഭാഷയുടെ ഈ വ്യതിരിക്ത സ്വഭാവം പോലും പണ്ഡിതർ മാനിക്കുന്നില്ല. യഥോചിതം പ്രത്യയം ചേർന്നാലേ മലയാളവാചകമാകൂ എന്നു മാരാരോർമ്മിപ്പിക്കുന്നു. പത്രങ്ങളും ഈ അബദ്ധം [പ്രകൃതി -പ്രത്യയജ്ഞാനമില്ലായ്മ] പ്രചരിപ്പിക്കുന്നുണ്ട്.
ഇംഗ്ലീഷിനെ അനുകരിച്ച് ഇപ്പോൾ തെരുതെരെ പ്രയോഗിക്കപ്പെടുന്ന ഒരു വാക്കാണ് ‘ഒരു’. ഇംഗ്ലീഷിലെ വ്യാകരണ രീതിയനുസരിച്ചാണ് അതുപയോഗിക്കുന്നതെന്നതാണ് വിമർശനം. വേണ്ടാത്തിടത്തു പോലും അതുപയോഗിക്കുന്നു. രാമനെ ഒരു പാമ്പുകടിച്ചു എന്ന വാക്യം ഉദാഹരണം.
കർത്താവിനെ മറച്ചുകൊണ്ടും മലയാളത്തിൽ വാക്യമാകാം. ഇംഗ്ലിഷിൽ ക്രിയയോടൊപ്പം കർത്താവ് നിർബന്ധം. അത്തരം സമീപനം നമ്മുടെ ഭാഷയിലും കൊണ്ടുവരുന്നുണ്ട്. എലികൾ നിറഞ്ഞ മുറി എന്നതിനു പകരം എലികളെക്കൊണ്ടു നിറഞ്ഞ മുറി എന്ന മട്ടിൽ ഗതികളെ ഉപയോഗിക്കുന്നതും വിദേശഭാഷാമട്ടിലാണ്. ഇത്തരം വെച്ചുകെട്ടലുകൾ ഭാഷയ്ക്കു ശാപമായിരിക്കുന്നു. സ്വഭാഷാഭിമാനമുള്ള ആരും പുതുശൈലികളെ പഴയതുമായി താരതമ്യപ്പെടുത്തി മാത്രമേ സ്വീകരിക്കാവൂ എന്നു മാരാര് ഉപദേശിക്കുന്നു. പലതരക്കാരായ എഴുത്തുകാരിൽ രണ്ടോനാലോ പേർ കൊണ്ടുവന്ന വൈകൃതങ്ങളെയല്ല, ഭൂരിഭാഗം എഴുത്തുകാരുടെ ശൈലികളെ എടുത്തു സമർപ്പിക്കാനാണ് തൻ്റെ കൃതി വഴി മാരാര് ഉദ്ദേശിക്കുന്നത്.
ganeshanmalayalam@gmail.com 9495900209
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ