പെൺക്രിയകളുടെ പ്രസാധനം: വിജില ചിറപ്പാട്
AEC Humanities First Semester
‘പ്രസാധനം’ എന്ന വാക്കിന് ശബ്ദതാരാവലി നോക്കിയാൽ വസ്ത്രം മുതലായവ കൊണ്ട് ഉണ്ടാക്കുന്ന അലങ്കാരം, നിർവഹണം എന്നർത്ഥം കാണാം. ‘പ്രസാധക’ എന്ന വാക്കിന് നിവർത്തിക്കുന്ന, സാധിക്കുന്ന, വെടിപ്പാക്കുന്ന, അലങ്കരിക്കുന്ന, പ്രസിദ്ധീകരിക്കുന്ന എന്നിങ്ങനെ അർത്ഥം. പെൺക്രിയകൾ എന്നത് പെണ്ണിൻ്റെ വിവിധങ്ങളായ പ്രവൃത്തികൾ. പെണ്ണിൻ്റെ വിവിധങ്ങളായ പ്രവൃത്തികളുടെ അലങ്കരണം എന്ന അർത്ഥം ഇവിടെ സ്വീകരിക്കാം. പെൺക്രിയകളുടെ പ്രസാധനം എന്ന കവിതയിൽ സ്ത്രീകൾ ഓരോ ജീവിത സന്ദർഭത്തിലും കാലയളവിലും ചെയ്യുന്ന പ്രവൃത്തികളെ അലങ്കൃതമുദ്രകളോടെ അവതരിപ്പിക്കുകയാണ്. ഏതു പ്രവൃത്തിയും അവൾക്ക് അലങ്കരണമാണ്.
യുവ കവയിത്രിയാണ് വിജില ചിറപ്പാട്. സ്ത്രീപക്ഷ സമീപനത്തിൽ ഊന്നി സമകാലിക പ്രശ്നങ്ങളുമായി സംവദിക്കാനുള്ള പരിശ്രമമാണ് വിജിലയുടെ കവിതകളിൽ കാണുന്നത്. ചേച്ചിയെ പകർത്തിയെഴുതിക്കൊണ്ട് കൗമാരം കടന്നുപോയി എന്ന വരികളിൽ ചേച്ചിയായിരുന്നു അവളുടെ റോൾ മോഡൽ എന്ന് വ്യക്തം. ചേച്ചിയുടെ അഭിലാഷങ്ങളും ചേഷ്ടകളും വിചാരങ്ങളും അലങ്കാരങ്ങളും പകർത്താനും ചേച്ചിയുടെ ജീവിത വീക്ഷണത്തെ സ്വാംശീകരിക്കാനും അവൾ ശ്രമിച്ചു. അങ്ങനെ അവളറിയാതെ തന്നെ ഒരു പകർത്തിയെഴുത്തുകാരിയായി സ്വയം പ്രകാശനം ചെയ്യാൻ അവൾ യത്നിച്ചു.
വിവാഹിതയായപ്പോൾ അവൾ അടുക്കളയായി മാറി. അടുക്കളയുടെ പര്യായമായി മാറുകയായിരുന്നു അവൾ. ഭക്ഷണം പാകം ചെയ്യുക, ഭർത്താവിനും മറ്റുള്ളവർക്കും തൃപ്തി ഉണ്ടാക്കുക എന്നുള്ളത് ജീവിതലക്ഷ്യമായി മാറി. അടുക്കളയിൽ കുടുങ്ങുമ്പോൾ മറ്റു ജീവിതമോഹങ്ങളെല്ലാം അവളെ വിട്ടുപോയി. സമർത്ഥമായി പാചകം ചെയ്യാനുള്ള വൈഭവം അവൾ പ്രദർശിപ്പിച്ചു. വിവാഹം വഴി ഉള്ള സ്വാതന്ത്ര്യം പോലും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. അടുക്കള ഒരു തടവറയായി, രക്ഷപ്പെടാൻ സാധിക്കാത്ത ഒരു കാരാഗ്രഹമായി പരിണമിച്ചു. അവൾ സ്വയമേവ അടുക്കളയായി പരിഭാഷപ്പെടുത്തപ്പെട്ടു. പരിഭാഷ എന്നത് ഒരു ഭാഷയിലെ ആശയങ്ങൾ മറ്റൊരു ഭാഷയിലേക്ക് പകരൽ ആണല്ലോ. അതുപോലെ ഒരു പാത്രത്തിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് വിഭവങ്ങൾ പകരുന്ന ഉപാധിയായി അവൾ. ഗാർഹിക ജീവിതം പലതരം മുറിവുകളും പൊള്ളലുകളും ശരീരത്തിലും ജീവിതത്തിലും ജീവിതത്തിലും സൃഷ്ടിച്ചു.
ചൂട് പാത്രങ്ങൾ പിടിച്ചുള്ള പൊള്ളലുകളും കത്തി കൊണ്ടുള്ള പോറലുകളും ഗാർഹിക പ്രഹരങ്ങളും ഏറ്റുവാങ്ങുന്ന സ്ത്രീ ഒരു ചിത്രകാരിയായി പരുവപ്പെട്ടു.
കിടപ്പുമുറിയിൽ പുരുഷഭോഗത്തിന്റെ സാഹസങ്ങൾ അവളെ വലച്ചു. തൻ്റെ വികാരങ്ങൾക്കല്ല, പുരുഷൻ്റെ ബലത്തിനും ആഗ്രഹത്തിനും ആണ് കൂടുതൽ മേധാവിത്വം കിട്ടുന്നതെന്ന് അവൾ മനസ്സിലാക്കി. ഓരോ ദിവസവും കിടപ്പുമുറിയിൽ വച്ച് അവളുടെ ശരിതെറ്റുകൾ വിചാരണ ചെയ്യപ്പെട്ടു. ശാരീരികമായും മാനസികമായും അവൾ കേറി മുറിക്കപ്പെട്ടു. ഈ അർത്ഥം എഡിറ്റ് ചെയ്യപ്പെട്ടു എന്ന പ്രയോഗം വ്യക്തമാകും.
കുടുംബത്തിൻ്റെ വരവുചെലവുകൾ നോക്കുകയും അതിൻ്റെ കണക്കുകൾ രേഖപ്പെടുത്തി വെക്കേണ്ടിയും വന്നത് അവളെ ഒരു ഗണിതശാസ്ത്ര ഗ്രന്ഥമാക്കി.
ഗർഭകാലത്ത് പ്രവാസത്തിന്റെ കാലമാണ്. സ്വന്തം വീട്ടിൽ കുറച്ചുനാൾ സുഖകരമായി കഴിയാൻ പറ്റുന്ന കാലം. അവിടെ ടി.വിയിൽ കാഴ്ചകൾ കാണുന്നു. തൻ്റെ സുഖവിവരങ്ങൾ അനുദിനം ഭർത്താവിന് വിവരിച്ചു കൊടുക്കുന്നു. ആശുപത്രിയിലേക്ക് തിരിച്ചുമുള്ള യാത്രകൾ, അനുഭവങ്ങൾ വിവരിക്കുന്നു. ഈ സന്ദർഭത്തിൽ അവൾ ഒരു യാത്രാവിവരണക്കാരിയായി മാറുകയാണ്.
സ്വന്തം കുഞ്ഞിനെ അമ്മ വഴിയും അച്ഛൻ വഴിയും വായിച്ച് തിരുത്തുവാനുള്ള ശ്രമം നടത്തുന്നു. പക്ഷേ അവൾ പരാജയപ്പെടുകയാണ്. അങ്ങനെ പരാജയപ്പെട്ടവളായി അവൾ മാറുന്നു. അച്ഛനുമായും അമ്മയുമായും താരതമ്യം ചെയ്തു സ്വന്തം കുഞ്ഞിനെ വളർത്തുവാനുള്ള പരിശ്രമം വിഫലമാണെന്ന് അവൾ അറിയുന്നു. പ്രൂഫ് റീഡർ വാക്യത്തിലെ തെറ്റുകൾ കണ്ടെത്തി തിരുത്താൻ നിയോഗിക്കപ്പെട്ടയാളാണ്. എന്നാൽ സ്വന്തം കുഞ്ഞിനെ ശരിയിലേക്ക് നയിക്കാൻ വേണ്ട നൈപുണി കരസ്ഥമാക്കാൻ അവൾക്കായിട്ടില്ലെന്നു കാണാം.
അവസാനം അവൾ ദേഹത്താകെ പ്രായമായതിന്റേതായ ജരയും നരയും ബാധിച്ച് പുറം കവർ പിഞ്ഞിക്കീറിയ, ആർക്കും വായിക്കാൻ താല്പര്യമുളവാക്കാത്ത, വായിക്കപ്പെടാത്ത പുസ്തകമായി, ഒരു ആത്മകഥയായി മാറുന്നു. അവളുടെ കഥ കേൾക്കാനും അത് ആഖ്യാനം ചെയ്യാനും ആരും സമീപിക്കുന്നില്ല. പഴക്കംചെന്ന, ആർക്കും വേണ്ടാത്ത ഒരു പുസ്തകമായി വീടിൻ്റെ മൂലയിൽ ഉറങ്ങേണ്ട അവസ്ഥ അവൾക്ക് വന്നുചേരുന്നു. ‘പുറം കവർ പൊളിഞ്ഞ’ എന്ന പ്രയോഗം അസുഖം ബാധിച്ച് ക്ഷീണിതയായ, വ്രണം നിറഞ്ഞ് തൊലി പൊളിഞ്ഞ, മേല്ക്കുപ്പായം പോലും പിഞ്ഞിക്കീറിയ മുതലായ അർത്ഥങ്ങളിലേക്ക് കൊണ്ടുപോകുന്നു. ജീവിതം മറ്റുള്ളവർക്കായി സമർപ്പിച്ച് സ്വയം എറിഞ്ഞ് തീരുന്ന വിളക്കായി സ്ത്രീ മാറുന്നതിന്റെ ചിത്രമാണ് വിജില ചിറപ്പാട് അവതരിപ്പിക്കുന്നത്.
സ്ത്രീകൾ സമൂഹത്തിൽ സ്വാശ്രയത്വ ശീലം അനുവർത്തിക്കേണ്ടതിന്റെയും സ്വയം ഒരു ശാക്തീകരണ ബിംബമായി മാറേണ്ടതിന്റെയും ആവശ്യകതയാണ് ഈ കവിതയിലൂടെ വെളിപ്പെടുന്നത്.
പകർത്തിയെഴുത്തുകാരി, പരിഭാഷാകാരി, ചിത്രകാരി, എഡിറ്റിങ്ങിനു വിധേയമാകുന്ന പുസ്തകമോ ചിത്രമോ, യാത്രാവിവരണക്കാരി, പ്രൂഫ് വായനക്കാരി, വായിക്കപ്പെടാത്ത ആത്മകഥയുടെ രചയിതാവ് എന്നിങ്ങനെ പല നിലകളിലാണ് അവൾ പ്രസാധന കർമ്മങ്ങളിൽ ഏർപ്പെടുന്നത്. സ്ത്രീകൾ അനുഭവിക്കുന്ന സാമൂഹികപ്രശ്നങ്ങളിലേക്കുള്ള ചൂണ്ടു പലകയാണ് ഈ കവിത.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ