ഓർമ്മയുടെ അറകൾ: വൈക്കം മുഹമ്മദ് ബഷീർ (സ്മരണകൾ)
ബഷീറിൻ്റെ ആത്മകഥയാണ് ഓർമ്മയുടെ അറകൾ. മലയാളത്തിലെ ആത്മകഥാ സാഹിത്യത്തിന് വേറിട്ടൊരു അനുഭവമാണ് ഓർമ്മയുടെ അറകൾ നല്കുന്നത്. ഋജുവായ ശൈലിയിൽ മതം, ജീവിതം, ചുറ്റുപാടുകൾ മുതലായവയെക്കുറിച്ചുള്ള, സരളമെങ്കിലും ഗഹനമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയാണ് അദ്ദേഹം. നിരീക്ഷണ പാടവവും ജീവിതത്തോടുള്ള ഹാസ്യാത്മക സമീപനവും ഓർമ്മയുടെ അറകളെ വ്യത്യസ്തമാക്കുന്നു. പൂർണ്ണമായ അർത്ഥത്തിലുള്ള ആത്മകഥയല്ല ഓർമ്മയുടെ അറകൾ. അനുഭവങ്ങളുടെ നുറുങ്ങുകളാണവ. പ്രകൃതിയിലേക്ക്, അതും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിലേക്ക് തൻ്റെ സാഹിത്യവും വീക്ഷണവും എപ്രകാരം എത്തിച്ചേർന്നുവെന്നതിൻ്റെ നിദർശനമാണ് ബഷീർ അവതരിപ്പിക്കുന്നത്. ഓർമ്മയുടെ അറകൾ ഒരു തുറന്നെഴുത്താണ്. പരിസ്ഥിതിയുമായി മനുഷ്യന് ഹൃദയ ബന്ധം വേണമെന്ന് അതു സ്ഥാപിക്കുന്നു. താനുമായി നടത്തുന്ന ഒരു അഭിമുഖ സംഭാഷണത്തെ മുൻനിർത്തിയാണ് ആത്മകഥാംശമുള്ള ഈ കുറിപ്പ് ബഷീർ എഴുതുന്നത്. അനന്തമായ ശൂന്യതയിൽ നിന്നാണ് എല്ലാം ഉണ്ടായതെന്ന ദർശനം പ്രഖ്യാപിച്ചു കൊണ്ടാണ് ഓർമ്മയുടെ അറകൾ ആരംഭിക്കുന്നത്.ശ്രീധരൻ, ബി.എം.ഗഫൂർ, പി.കെ മുഹമ്മദ്, എം.എ. ഹക്കിം, കെ.കെ.ആമു, ഐ.വി.ശശി എന്നിവരും കൂടെ ഫോട്ടോ ഗ്രാഫറായ പുനലൂർ രാജ...