പുകയില്ലാത്ത അടുപ്പുകളുടെ ഉപമ ( വീരാൻ കുട്ടി) - കുറിപ്പ്




'പുകയില്ലാത്ത അടുപ്പുകളുടെ ഉപമ'
എന്ന വീരാൻ കുട്ടിയുടെ  കവിത
സ്ത്രീകൾ അനുഭവിക്കുന്ന ഗാർഹിക പീഡനങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. ഇക്കാലഘട്ടത്തിൽ കൂടുതൽ പ്രസക്തമാണ് പ്രസ്തുത കവിത. സ്ത്രീമോചനത്തിനെതിരായ പുരുഷാധിപത്യ പ്രവണതകളെ നിശിതമായി വിമർശിക്കുന്ന കവിതയാണിത്. സ്ത്രീമോചന സമരങ്ങൾ സമൂഹത്തിൽ നിലനില്ക്കുന്ന സാമ്പത്തിക മേധാവിത്വത്തെയാണ് എതിർക്കുന്നത്. 

വീരാൻ കുട്ടി കവിത ആരംഭിക്കുന്നതു തന്നെ, വീട്ടിൽ നിന്നു തന്നെ അവൾക്കു പര്യായങ്ങളുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ടാണ്. വീട്ടിൽ നിന്ന്; വിശേഷിച്ച് അടുക്കളയിൽ നിന്ന്. അടുക്കളയിലെ വിശേഷ സാമഗ്രിയാണ് അടുപ്പ്. മൂന്നു കല്ലുകൾ പാകിയ, ഭക്ഷണം പാകം ചെയ്യുന്ന ഇടം. ഈ മൂന്നു കല്ലുകൾക്കും മൂന്നു ഭാവങ്ങളാണ് ഉള്ളത്. അത് മകൾ; പത്നി; അമ്മ എന്നിങ്ങനെ ഏതെ ങ്കിലും നിലകളിലാകാം. മൂന്നു കൊത്തിവെപ്പുകൾ എന്ന് കവി ഭാഷ.

കവി പറയുന്നു:
കൊള്ളിയും
കൊള്ളിവെപ്പുകാരും
മാറിക്കൊണ്ടേയിരിക്കും.
തീക്കരയിലെ 
സ്ത്രീലിംഗ പ്രതിഷ്ഠകൾ
എവിടേയും പോകുന്നില്ല.

അടുപ്പ് എരിക്കുന്ന മുഖ്യ ഇന്ധനം വിറകാണ്. ചിലപ്പോൾ അതിൻ്റെ തന്നെ വ്യത്യസ്ത രൂപങ്ങൾ ലഭ്യമാകാം. കൊള്ളി എന്ന വാക്കിന് വിറക് എന്നർത്ഥം. വിറകു പൂട്ടുന്നവർ ആരായാലും അത് സ്ത്രീകളിൽ മകൾ, ഭാര്യ, അമ്മ എന്നീ അവസ്ഥയിലുള്ള ഏതെങ്കിലുമൊരു സ്ത്രീയായിരിക്കും. സ്ത്രീകൾ അഭിമുഖീകരിക്കുന്നതു വീടുകളിൽ തന്നെ വാഴുന്ന നിഷേധ ബുദ്ധികളായ, അധികാരം കയ്യാളുന്ന, സാമ്പത്തികേ മേധാവിത്വമുള്ള പുരുഷരെയാണ്. അടുപ്പിൻ തിണ്ണയിൽ ദഹിച്ചു തീരുകയാണ് സ്ത്രീജന്മങ്ങൾ. 



തീക്കര എന്നത് സ്ത്രീയുടെ തീ പിടിച്ച ജീവിതം തന്നെ. അത് യഥാർത്ഥത്തിൽ അടുപ്പാകുന്നു. വീട്ടിലൊരുക്കിയ അടുപ്പിൽ വേവുന്നവരാണ് സ്ത്രീകൾ. സ്ത്രീലിംഗ പ്രതിഷ്ഠകൾ എന്നാണ് വീടിന് പുറത്തു ചരിക്കാൻ സ്വാതന്ത്ര്യമില്ലാത്തവരായ/ സാമൂഹിക സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീകൾക്കു നല്കിയിരിക്കുന്ന വിശേഷണം. അടുപ്പിന് തന്നെ സ്ത്രീലിംഗ പ്രതിഷ്ഠയെന്ന പേര് ഉതകും. ഉരുളിയോ പായസപ്പാത്രമോ ശിരസ്സിലേറ്റി ചാരത്തിൽ പുതഞ്ഞ അടുപ്പിന് സമാനമാണ് സ്ത്രീകൾ.

അടുത്ത വരികൾ നോക്കുക:
കിടപ്പിനു മുമ്പുള്ള
യാമത്തിൽ
രക്ഷകരിലാരെങ്കിലും വന്നു
വെള്ളം തളിച്ചു പോകും.
ഉറക്കം കെടുത്തുന്ന
ഒറ്റക്കനലും
ബാക്കിയാവരുത്.

അടുപ്പിലെ കനൽ ഉറക്കത്തിനു മുമ്പേ കെടുക്കേണ്ടതുണ്ട്. അതേ സമയം ഇതിന് മറ്റൊരർത്ഥവുമുണ്ട്. സ്ത്രീയുടെ ഉള്ളിലെ പ്രതിഷേധത്തിൻ്റെ കനൽ ഉറങ്ങുന്നതിനു മുന്നേ ആരെങ്കിലും കെടുക്കും എന്നു വായിക്കാം. കാരണം, പുരുഷമേധാവിത്വത്തിൻ്റെ ഉറക്കം കെടുത്തുന്ന കനലുകളൊന്നും ബാക്കിയാകരുതെന്ന ബോധം അക്കൂട്ടർ കാത്തു സൂക്ഷിക്കുന്നു. പുരുഷാധികാരം തങ്ങൾക്കെതിരായെതൊന്നും അനുവദിക്കുന്നില്ല.

സ്ത്രീയുടെ ജീവിതത്തിലെ കർമ്മനൈരന്തര്യവും ബഹുലതയും അമ്പരപ്പിക്കുന്നതാണ്. കുഞ്ഞിന് പാലു കാച്ചിയും കുഞ്ഞിൻ്റച്ഛന് നെയ്യുരുക്കിയും (ശരീരത്തിലെ നെയ്യ് എന്നും വായിക്കാം) അച്ഛാച്ഛന് ചൂടുവെള്ളം വെച്ചും അടുപ്പിൻ്റെ മൂന്നു കല്ലുകളും തേഞ്ഞു തീരണം.
മകൻ, ഭർത്താവ്, പിതാവ് എന്നിവർക്കായി ഉരുകിത്തീരുകയാണ്  സ്ത്രീ ജന്മം.

പച്ചവിറകോ, ചിരട്ടയോ അടുപ്പിൽ എരിഞ്ഞു കൊണ്ടിരിക്കും. ഊതിയും ഉരുകിയും നരകതുല്യമാകുന്നു , സ്ത്രീയുടെ ജന്മം.

പുകയില്ലാത്ത അടുപ്പുകൾ സജീവമാണിന്ന്. (പ്രതിഷേധിക്കാത്ത എന്നർത്ഥം) പുക ഉയരാത്ത അടുപ്പുകൾക്കാണ് ഇപ്പോൾ മാർക്കറ്റ്. വർദ്ധിച്ച ഇന്ധനക്ഷമത തീനാളങ്ങളെ ഉള്ളിലടക്കുക വഴി ലഭിക്കുന്നു. തീനാവുകൾ എന്ന പദമാണ് കവി ഉപയോഗിക്കുന്നത്. പ്രതിഷേധമില്ലാത്തവളെ പുരുഷന്മാർ കൂടുതൽ ഇഷ്ടപ്പെടുന്നു. പ്രതികരിക്കാത്തവളെ ദേവതയായി മുദ്രകുത്തുന്നു. വാക്കുകളിലെ കർക്കശത്വം ഒഴിവാക്കിയാൽ കൂടുതൽ സുരക്ഷിതത്വം അവൾക്ക് ലഭിക്കും. അതു വഴി 'സ്വസ്ഥമായി 'കഴിയാം: ഇന്ധനക്ഷമതയോടെ. സഹനത്തിനും ത്യാഗത്തിനുമാണ് ഇന്ന് കമ്പോളം.

കല്ലടുപ്പ് ശക്തി കുറഞ്ഞ പഴയ രൂപകമാണെങ്കിലും സ്ത്രീകളെ പ്രതിനിധീകരിക്കാൻ ഇത്രയും സമർത്ഥമായ മറ്റൊരു രൂപകമില്ലെന്ന നിലപാടിലാണ് കവിത അവസാനിക്കുന്നത്. 

സാമൂഹിക പദവിയിൽ സ്ത്രീകളുടെ രണ്ടാംകിട നില,ശാരീരികമായ പ്രത്യേകതകൾ എന്നിവ മുഖേന അവളെ സെക്കൻ്റ് സെക്സായി പരിഗണിക്കുന്നതിലേക്ക് നയിക്കുന്ന ഗാർഹിക സാഹചര്യങ്ങളെ വിമർശവിധേയമാക്കുക വഴി വീരാൻകുട്ടി സ്ത്രീ പക്ഷത്താണ് നിലയുറപ്പിക്കുന്നത്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ