രാത്രിമരം (വി.എം.ഗിരിജ) - കുറിപ്പ്.



സ്ത്രീയുടെ അനുഭവങ്ങൾക്കും ആവിഷ്കാരങ്ങൾക്കും പ്രാധാന്യം നല്കാത്ത സമൂഹത്തെ വിമർശിക്കുന്ന രചനയാണ് വി.എം.ഗിരിജയുടെ രാത്രി മരം. രാപകൽ കുടുംബത്തിനായ് അദ്ധ്വാനിക്കുമ്പോഴും അവളുടെ താല്പര്യങ്ങൾക്കും മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും പൂർത്തീകരണമുണ്ടാകുന്നില്ല. അഥവാ സ്ത്രീയുടെ ആഗ്രഹങ്ങളെയും ഭാവനകളെയും ബന്ധങ്ങളുടെയും ബാദ്ധ്യതകളുടെയും കൊടുമയിൽ തകർത്തു കളയുന്ന സാമൂഹ്യാവസ്ഥയാണ് നിലവിലുള്ളത്.

വി.എം.ഗിരിജ സ്ത്രീ സമൂഹത്തിൻ്റെ നെടുവീർപ്പുകൾ നിരവധി കവിതകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരർത്ഥത്തിൽ രാത്രിമരം എന്ന കവിത സ്ത്രീയുടെ ഹൃദയത്തിൽ നിന്നും ഊറുന്ന പ്രണയാനുഭവമാകുന്നു. സങ്കല്പങ്ങൾക്കു പോലും നിശീഥിനിയെ പ്രാപിക്കേണ്ടുന്ന ഗത്യന്തരമാണ് കവിതയുടെ ജീവൻ. സമീപത്ത് തന്നെ തൻ്റെ പ്രാണനായകനുണ്ട്. എന്നാൽ, അവളെ മനസ്സിലാക്കാനും അവളുടെ ഹൃദയത്തുടിപ്പറിയാനും അവന് സാധിക്കുന്നില്ല.

പാതിരാത്രിയിൽ, ഇടയ്ക്ക് ഉറക്കം ഞെട്ടുന്ന അവസരത്തിൽ ജനൽ വഴി തെല്ലിട പകച്ചു നോക്കവേ, ഇതു വരെ കാണാത്ത ഒരു മരം പുറത്തു കണ്ടുവോ എന്ന് പ്രിയനോട് പ്രണയിനിയായ കവയിത്രി ചോദിക്കുന്നു. ഇതുവരെ കാണാത്ത മരം, കവയിത്രിയുടെ ഹൃദയമാകാം; അത് പൂത്തുലഞ്ഞു നില്ക്കുന്നു. അഥവാ അതു കവയിത്രി തന്നെയാകാം. എന്തായാലും, നിറയെ അത് തളിർത്തിട്ടുണ്ട്. മുഴുവനായും പൂത്തിട്ടുണ്ട്. ചില ചില്ലകളിൽ ഫലങ്ങൾ തുടുത്തു നില്പുണ്ട്.

ജനലിനു പുറത്തേക്കുള്ള ആ പകച്ച നോട്ടം (പ്രിയൻ്റെ) ഇത്തിരി നേരം മാത്രമല്ലേ തങ്ങിയുള്ളൂ? നിനക്ക് ആ ഹ്രസ്വ നേരത്തിനുള്ളിൽ എന്നെ - ഒരു മരമായി തുടുത്തുല്ലസിച്ചു നില്ക്കുന്ന എന്നെ - തിരിച്ചറിയാൻ പറ്റിയോ? ഞാൻ, 

'തനിച്ച്, മഞ്ഞത്ത്, പുറത്തിരുട്ടത്ത് 
നിനക്കു വേണ്ടി ഞാൻ തളിർത്തു പൂവിട്ടു '…

അവന്നു വേണ്ടിയാണ് തൻ്റെ ജീവിതം. എന്നാൽ അതവൻ അറിയുകയോ ഉൾക്കൊള്ളുകയോ ചെയ്യുന്നില്ല. ഇത് പ്രണയിനിയെ കഷ്ടത്തിലാക്കുന്നു. അവളുടെ ദുരിതപൂർണ്ണമായ ജീവിതം ഇതുവഴി തീവ്രമാകുന്നു.
v.m.girija

നിനക്കു വേണ്ടി, എന്നെ തിരിച്ചറിയുകയെന്ന ഉദ്ദേശ്യമുണ്ടെങ്കിൽ കൂടി, ഞാൻ സമ്മാനിച്ചതൊന്നും നീ സ്വീകരിച്ചില്ല. കുളിർ കാറ്റിൻ വശം ഞാൻ എൻ്റെ നറുമണം (സുഗന്ധം) നിനക്കായി കൊടുത്തയച്ചു. നീ എന്നെ (എൻ്റെ സാമീപ്യം )തിരിച്ചറിഞ്ഞില്ല. പുതുമരച്ചില്ലയിലിരുന്നു പാതിരാക്കിളികൾ - പ്രണയിനിയുടെ മോഹങ്ങൾ - പാടി. എന്നിട്ടും നീ എനിക്കായ് ഉണർന്നില്ല.

ഞാൻ ഇപ്രകാരം ഭാവന കൊള്ളട്ടെ: നിൻ്റെ ഉള്ളിൽ നിലാവ് പതഞ്ഞ് നിറയുകയാണ്; ഒരു നദിയായി അതു പുറത്തേക്കൊഴുകുന്നു. നിൻ്റെ പറമ്പിലെ -നീ നിത്യവും നനച്ചു വളർത്തുന്ന - മരങ്ങൾ പൊങ്ങുന്നു. തണലിൽ നിൻ്റെ കൂടെയിരിക്കെ, ഒരു കാറ്റിൻ്റെ ചരടയച്ച് എൻ്റെ മുടി പറത്തുന്നു. ഇതൊക്കെ എൻ്റെ സങ്കല്പങ്ങൾ മാത്രം.

അല്ലയോ പ്രിയനേ? നീ എപ്രകാരമായിരിക്കും എന്നെ ഉൾക്കൊള്ളുക? പ്രണയിനി ചോദിക്കുന്നു:

നീ വളർത്തുമോ, കൂട്ടിലടയ്ക്കുമോ
ചിറകരിഞ്ഞു പോറ്റുമോ?
നിറയെച്ചുംബനം പകർന്ന്
വാനിലേയ്ക്കുയർത്തി വിട്ടെന്നെപ്പിരിയുമോ?

സങ്കല്പത്തിൻ്റെ അതിഭാസുരത കൂടെയുണ്ടെങ്കിലും സ്ത്രീ എന്ന നിലയ്ക്ക് താൻ അനുഭവിക്കാൻ പോന്ന യാഥാർത്ഥ്യം അടിമത്തത്തിൻ്റെതാണെന്ന പരിപ്രേക്ഷ്യം മേല്പറഞ്ഞ വരികളിലുണ്ട്. എപ്രകാരമായാലും താൻ അനുഭവിക്കാൻ പോകുന്നത് തീവ്രതരമായ അസ്വാതന്ത്ര്യമാണ്.  അത് തിരിച്ചറിയുന്നുണ്ട് പ്രണയിനിയായ കവയിത്രി. ചുംബനം പകർന്ന് ആകാശത്തിലേക്കുയർത്തി വിടാവുന്ന പട്ടമായോ ബലൂണായോ മാത്രമാണ് പുരുഷൻ തന്നെ കാണുക എന്നുമറിയാം. എങ്കിലും നിസ്വാർത്ഥതയോടെ അയാളെ അവൾ പ്രണയിക്കുന്നു.

സ്ത്രീയുടെ സങ്കല്പങ്ങളും അവൾ അഭിമുഖീകരിക്കുന്ന ജീവിത യാഥാർത്ഥ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് ഈ കവിതയിലെ മുഖ്യ പ്രമേയം. കാമുകനായാലും ഭർത്താവായാലും പുത്രനായാലും അവളുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ പുരുഷന് സാധിക്കുന്നില്ല. സ്വന്തം ഭാവനയെ സാക്ഷാത്കരിക്കാൻ പോലും രാത്രിയുടെ ഏകാന്തത അവൾക്ക് തേടേണ്ടിവരുന്നു. വീർപ്പുമുട്ടിക്കുന്ന  ജീവിത സാഹചര്യങ്ങളിലും പ്രണയം ഉള്ളിൽ കത്തിക്കുന്ന, അവഗണനയുടെ അവസ്ഥാന്തരങ്ങളിലും അവൻ്റെ പ്രണയം കൊതിക്കുന്ന സ്ഥൈര്യമുള്ള നായികയെയാണ്' വി.എം.ഗിരിജ അവതരിപ്പിച്ചിട്ടുള്ളത്. അടക്കം ചെയ്ത വികാരങ്ങളുമായി കഴിയേണ്ടി വരുന്ന സ്ത്രീകളുടെ വിമ്മിട്ടമാണ് 'രാത്രിമരം' ആഖ്യാനം ചെയ്യുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ