എഴുത്തച്ഛനും ശൂർപ്പണഖയും

ശൂർപ്പണഖയുടെ വരവും രാമലക്ഷ്മണന്മാരുടെ അതിക്രമവും
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ സാഹിത്യത്തിന് പുതിയ ദിശാബോധം പകർന്ന കവിയാണ്. പതിനാറാം നൂറ്റാണ്ടായിരുന്നു അദ്ദേഹത്തിൻ്റെ കാലഘട്ടം. വിദേശീയരുടെ ആഗമനവും ജാതി വ്യവസ്ഥിതിയുടെ ജീർണ്ണതയും സാമൂഹിക മൂല്യങ്ങളെ ശിഥിലമാക്കി. അന്ന് ദക്ഷിണ ഭാരതത്തിൽ പൊതുവെ ഉണ്ടായിരുന്ന ഭക്തിപ്രസ്ഥാനമുന്നേറ്റത്തിൽ പങ്കുചേരുകയാണ് സാമൂഹികാനീതികൾക്കെതിരെ പ്രതികരിക്കുന്നതിലൂടെ എഴുത്തച്ഛൻ ചെയ്തത്. സാമൂഹിക ജീർണ്ണതയാൽ ഈശ്വരവിശ്വാസം തകർന്ന, പരസ്പരവിശ്വാസം ഇല്ലാതായ മലയാള നാടിന് സാഹിത്യത്തിലൂടെ ആത്മചൈതന്യം പകരാൻ അദ്ദേഹം ശ്രമിച്ചു.
ചെറുശ്ശേരിയെപ്പോലെയും പൂന്താനത്തെപ്പോലെയും അയത്നലളിതമായ ഭാഷയല്ല എഴുത്തച്ഛൻ്റേത്. ഗൗരവവും ഓജസ്സും നിറഞ്ഞ ശൈലിയാണത്. മാധുര്യത്തിന് വലിയ പ്രാധാന്യം അദ്ദേഹത്തിൻ്റെ കൃതികളിലില്ല. ഭക്തിയുടെ നിറനിലാവാണ് അതിൽ കാണുക. എഴുത്തച്ഛൻ്റെ കാലഘട്ടത്തിൽ പോർച്ചുഗീസുകാരുടെ അധിനിവേശവും അവർ കാട്ടിയ തെമ്മാടിത്തരങ്ങളും അസഹനീയമായിരുന്നു. അവരിൽ നിന്നുള്ള പ്രഹരം ഒരു വഴിക്കും സവർണ്ണരുടെ പ്രമത്തത സൃഷ്ടിച്ച അസ്വാസ്ഥ്യം മറ്റൊരു വഴിക്കും. വീർപ്പുമുട്ടിയ ജനങ്ങൾക്ക് വിശ്വസിക്കാനും ആശ്വസിക്കാനും ഒരു കേന്ദ്രം വേണമായിരുന്നു. അതിൻ്റെ പൊരുളാണ് എഴുത്തച്ഛൻ തുറന്നു കാട്ടിയത്.
കിളിയെക്കൊണ്ട് കഥ പറയിക്കുന്ന ശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്. അതിനു വേണ്ടി ഭാഷാവൃത്തങ്ങളെ അദ്ദേഹം ഉപയോഗപ്പെടുത്തി. ഇതിഹാസങ്ങളെ അടിസ്ഥാനമാക്കി കഥാസന്ദർഭങ്ങൾ കണ്ടെത്തി. തൻ്റെ പാണ്ഡിത്യം കൊണ്ടും കവന ചാതുരി കൊണ്ടും സവർണ്ണതയുടെ ശാസനങ്ങളെ അതി'ലംഘിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ശൂദ്രന് അക്ഷരം നിഷേധിച്ചിരുന്ന സാമൂഹികാവസ്ഥയെ വെല്ലുവിളിക്കാൻ കഴിഞ്ഞു. മനോഹരമായ വർണ്ണനകളാലും ദൃക്സാക്ഷിയെന്ന മട്ടിലുള്ള ആഖ്യാന തന്ത്രത്താലും തൻ്റെ കാവ്യങ്ങളെ മികച്ചതാക്കാൻ അദ്ദേഹത്തിനായി. ഭക്തനും ജ്ഞാനിയും ഗുരുവുമാണ് എഴുത്തച്ഛൻ എന്ന് എൻ.കൃഷ്ണപ്പിള്ള വ്യക്തമാക്കുന്നു.
സമൂഹത്തിന് ആത്മീയ ദർശനവും ജ്ഞാനവും പകരുകയായിരുന്നു എഴുത്തചഛൻ. മുഖ്യമായും അദ്ധ്യാത്മരാമായണം കിളിപ്പാട്ട് , മഹാഭാരതം കിളിപ്പാട്ട്, ഹരിനാമകീർത്തനം മുതലായ കൃതികളാണ് അദ്ദേഹം രചിച്ചത്. അതിൽ കാവ്യഗുണം കൊണ്ട് ശ്രദ്ധേയമായ കൃതിയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. അദ്ധ്യാത്മരാമായണം എന്ന സംസ്കൃത കൃതിയെ ഉപജീവിച്ചു കൊണ്ടാണ് പ്രസ്തുത കൃതി രചിച്ചത്. വാല്മീകി രാമായണത്തിലെ മാനുഷിക ഭാവങ്ങളാൽ സമൃദ്ധനായ രാമൻ എന്ന പുരാണ നായകനിൽ നിന്നും ദൈവിക പരിവേഷമാർന്ന, ഗുണങ്ങളുടെ മാത്രം കേന്ദ്രമായ രാമനിലേക്കുള്ള വ്യതിയാനമാണ് അധ്യാത്മരാമായണത്തിലും എഴുത്തച്ഛൻ്റെ രാമായണത്തിലും കാണാൻ സാധിക്കുക.
വർണ്ണനകളിലൂടെ ഒരു വിഷയത്തെ ഉത്സവസമമായി അവതരിപ്പിക്കാനും മുമ്പിലുള്ളതിനെ അതു പോലെ വിവരിക്കാനും അദ്ദേഹം വിരുതനാണ്. ഇതിന് നല്ല ഉദാഹരണമാണ് ശൂർപ്പണഖാഗമനം വർണ്ണിക്കുന്ന കാവ്യഭാഗം.
രാമൻ്റെ ലക്ഷണമൊത്ത കാലടിപ്പാട്ടുകൾ കണ്ട് കൗതുകം നിറഞ്ഞ മനസ്സോടെ ആകാശഗമനം നടത്തുകയായിരുന്ന രാക്ഷസിയും രാവണ സഹോദരിയും രാവണനാൽ തന്നെ വധിക്കപ്പെട്ട വിദ്വൽജിഹ്വൻ്റെ ഭാര്യയുമായ ശൂർപ്പണഖ കീഴ്‌പ്പോട്ടേക്കിറങ്ങി വരികയാണ്. അത്ഭുത തേജസ്വികളായ കുമാരന്മാരെക്കണ്ട് അവൾ മോഹിതയായി. അവർ ആരാണ് എന്താണ് എന്നറിയാനായി തിടുക്കപ്പെട്ടു. എന്നാൽ ജനസ്ഥാനത്ത് വസിക്കുന്നവളും കാമരൂപിണിയുമായ അവൾക്ക് ആയിരം സൂര്യനു സമാനം പ്രകാശിക്കുന്നവനും, മാനവ വീരനുമായ രാമനെ വിവാഹം കഴിക്കാൻ അഭിലാഷമുണ്ടായി. ഈ സന്ദർഭത്തിൽ രാമനെ വർണ്ണിക്കുമ്പോൾ എഴുത്തച്ഛൻ ഭക്തി കൊണ്ട് പരവശനാകുന്നു. രാമനോടും സീതയോടുമുള്ള പരിപൂർണ്ണ വിധേയത്വത്തിന് മനസ്സിനെയും ഭാഷയെയും സമർപ്പിക്കുന്ന ഭാഗം കൂടിയാണിത്.
കാമ ദു:ഖമേറ്റവളും, സുന്ദരീ വേഷം വരിച്ചവളുമായ ശൂർപ്പണഖ രാമനോട് സംസാരിക്കുന്നു. ഭവാൻ ആരാണ്? ആരുടെ പുത്രനാണ്? എന്തിനാണിവിടെ വന്നത്? ജട ധരിക്കാൻ കാരണമെന്ത്? ആദ്യം എൻ്റെ പരമാർത്ഥം ഞാൻ പറയാം. ഞാൻ രാക്ഷസരാജാവായ രാവണൻ്റെ സഹോദരിയാണ്. ജനസ്ഥാനത്ത് ഖരൻ, ദൂഷണൻ, ത്രിശിരസ്സ് എന്നീ സഹോദരന്മാർക്കരികേ വസിക്കുന്നു. ഇതു കേട്ട് രാമൻ തൻ്റെ വൃത്താന്തം പറയുന്നു. ലക്ഷ്മണനെയും സീതയെയും പരിചയപ്പെടുത്തുന്നു. എന്താണ് ഞാൻ നിനക്കു വേണ്ടി ചെയ്യേണ്ടതെന്ന് അന്വേഷിച്ച രാമനോട് തൻ്റെ കൂടെ വരണമെന്നും, തന്നെ പരിഗ്രഹിക്കണമെന്നും അവൾ ആവശ്യപ്പെട്ടു. ഈ സന്ദർഭത്തിൽ തൻ്റെ സ്ഥിതി രാമൻ വ്യക്തമാക്കി. താപസിയുടെ വേഷം ധരിച്ചു കൊണ്ട് കാനനങ്ങളിൽ കഴിയുന്നവനാണ് താൻ. പത്നിയായ ജാനകി കൂടെയുണ്ട്. അവളെ ഉപേക്ഷിക്കാനാകില്ല. കാരണം, രണ്ടാമതൊരുവൾ കൂടി ഭാര്യയായാലുണ്ടാകുന്ന പ്രയാസങ്ങൾ അളവറ്റതാണ്. അതിനാൽ, സുമുഖനും എൻ്റെ സഹോദരനുമായ ലക്ഷ്മണനെ നീ വരിക്കുക. നിങ്ങൾ തമ്മിൽ നല്ലവണ്ണം ചേരും. അവനോട് ചെന്ന് അപേക്ഷിക്കുക.
ശൂർപ്പണഖ രാമൻ്റെ വാക്കുകൾ കേട്ടിട്ട് ലക്ഷ്മണനെ സമീപിച്ചു. രാമൻ്റെ ദാസനാണ് ഞാൻ. ഒരു ദാസിയാകാൻ കൊളളുന്നവളല്ല നീ. അതിനാൽ രാമനോട് ചെന്ന് അപേക്ഷിക്കുക. ഇപ്രകാരം കേട്ട ശൂർപ്പണഖ വീണ്ടും രാമൻ്റെ മുന്നിലെത്തി. തന്നെ പരിഗ്രഹിച്ചാൽ കാനന ജീവിതം ആസ്വാദ്യകരമാക്കാം എന്ന് പറഞ്ഞു. എന്നാൽ, രാമൻ അവളുടെ വാദങ്ങളെ തള്ളിക്കളഞ്ഞു. ഒരുത്തന് ശുശ്രൂഷിക്കാൻ അരികിൽ ഒരുത്തി വേണം. അതിനെനിക്ക് ജാനകി ( സീത ) യുണ്ട്. എന്നാൽ, അവന് ഒരുത്തിയുടെ ആവശ്യമുണ്ട്. അതിന് ആരെയാണ് കിട്ടുക എന്ന് അന്വേഷിക്കുമ്പോഴാണ് നിന്നെ കണ്ടുകിട്ടിയത്. തീർച്ചയായും അവൻ നിന്നെ വരിക്കും.
വീണ്ടും ലക്ഷ്മണ സവിധത്തിലെത്തി ശൂർപ്പണഖ അഭ്യർത്ഥന നടത്തി. ശൂർപ്പണഖയിൽ ഒരു താല്പര്യവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വീണ്ടും രാഘവ സമീപമെത്തി തന്നെ സ്വീകരിക്കണമെന്ന് അവൾ അപേക്ഷിച്ചു. ലക്ഷ്മണൻ്റെ സമീപത്തേക്ക് രാമൻ വീണ്ടും അവളെ പറഞ്ഞു വിട്ടു. ഇപ്രകാരം ശൂർപ്പണഖയെ പന്തു തട്ടിക്കളിക്കുന്നതു പോലെ അവർ പെരുമാറി. സീതയാണ് രാമനെ കിട്ടുന്നതിനുള്ള തടസ്സം എന്ന് ചിന്തിച്ച് കോപിഷ്ഠയായ ശൂർപ്പണഖ സീതയുടെ നേരെ കുതിച്ചപ്പോൾ ലക്ഷ്മണൻ തടയുകയും ശൂർപ്പണഖയുടെ മൂക്കും മുലകളും ചെവിയും അറുത്തിടുകയും ചെയ്തു. അവളുടെ അലമുറ ലോകമെങ്ങും മുഴങ്ങി. നീല പർവതത്തിൽ നിന്നും ഉത്ഭവിച്ച് അതിൻ്റെ വിവിധ വശങ്ങളിലൂടെ കുതിച്ച് ഒഴുകി വരുന്ന അരുവി പോലെ ചോരയൊഴുകി. ഒരു കാളരാത്രിയെന്നോണം രാക്ഷസി അവിടെ നിന്നും പലായനം ചെയ്തു.
ഇവിടെ കഥാസന്ദർഭത്തിനനുയോജ്യമായ ഭാഷയാണ് എഴുത്തച്ഛൻ സ്വീകരിച്ചിട്ടുള്ളത്. രാമൻ്റെ കാല്പാടുകൾ രാക്ഷസി കാണുന്ന ഭാഗത്തും രാമനെ സമീപിക്കുന്ന സന്ദർഭത്തിലും ഭക്തി സാന്ദ്രമായ പ്രയോഗങ്ങൾ കാണാം. രാമനും ശൂർപ്പണഖയും തമ്മിലുള്ള സംവാദം ആരംഭിക്കുമ്പോൾ ലളിതസുന്ദരവും മനോമോഹനവുമായ പദാവലികളും ഭാഷയുമാണ് എഴുത്തച്ഛൻ സ്വീകരിച്ചിട്ടുളളത്. ഒരു സന്ദർഭത്തിൽ രാക്ഷസിയുടെ അവസ്ഥ കണ്ട് അവളോട് കഷ്ടം തോന്നും. എന്നാൽ, രാക്ഷസീ ഭാവം പൂണ്ട് സീതയെ ആക്രമിക്കാനൊരുങ്ങെ തനതു രൂപം പൂണ്ട രാക്ഷസി വായനക്കാരിൽ ഞെട്ടൽ ഉളവാക്കുന്നു. 'നീല പർവതത്തിൻ്റെ മുകളിൽ നിന്നു ചാടി / നാലഞ്ചു വഴി വരുമരുവിയാറു പോലെ' എന്ന ഈരടിയിൽ രാക്ഷസി സൃഷ്ടിച്ച ഭീകരത അനുവാചകന് അനുഭവവേദ്യമാകും.
രാമനും ലക്ഷ്മണനും ശൂർപ്പണഖയോട് കാട്ടിയത് നീതിയോ എന്ന വിഷയം ഈ അടർത്തി വായനയിൽ സ്ത്രീപക്ഷപാതികൾ ചർച്ച ചെയ്തേക്കാം. ഒരു പക്ഷേ അങ്ങനെ തന്നെയെന്ന് അവർ തീർപ്പിലെത്തിച്ചേക്കാം. എഴുത്തച്ഛൻ സ്ത്രീ വിരുദ്ധ നായേക്കാം. പക്ഷേ പതിനാറാം നൂറ്റാണ്ടിലെ സാമൂഹികവും കലാപരവുമായ നീതി എഴുത്തച്ഛൻ്റെ രക്ഷക്കെത്തുക തന്നെ ചെയ്യും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ