കറുത്ത കുപ്പായക്കാരി: എസ്.സിതാര ( ഒരു അവലോകനം)

കറുത്ത കുപ്പായക്കാരി: എസ്.സിതാര
s sithara

ചരിത്ര ബോധവും മനുഷ്യ ജീവിതാവസ്ഥകളുടെ അവബോധവും ചേർന്ന് സിതാരയുടെ കഥകൾ ശ്രദ്ധേയമാകുന്നുവെന്ന് മലയാള ചെറുകഥാ സാഹിത്യ ചരിത്രത്തിൽ ഡോ.എം.എം.ബഷീർ അഭിപ്രായപ്പെടുന്നു. ആത്മനൊമ്പരങ്ങളുടെയും തീവ്ര പ്രതിഷേധങ്ങളുടെയും വനമാണ് എസ്.സിതാരയുടെ കഥകൾ. സ്വത്വാന്വേഷണത്തിൻ്റെ പാതയിൽ വേപഥു കൊള്ളുന്ന കഥാപാത്രങ്ങളുടെ ആവിഷ്കരണ മികവ് കഥാകാരി പ്രകടിപ്പിക്കുന്നുണ്ട്. ഇതിൽ 'കറുത്ത കുപ്പായക്കാരി' എന്ന കഥ വേറിട്ടു നില്ക്കുന്നില്ല. സിതാരയുടെ കഥാപാത്രങ്ങൾ സമൂഹത്തിൻ്റെ തൊണ്ടു പൊളിച്ച് പുറത്തുചാടാൻ വെമ്പുന്ന സ്വാതന്ത്ര്യാന്വേഷകരാണെന്ന് കറുത്ത കുപ്പായക്കാരി തെളിയിക്കുന്നു. സമൂഹത്തിന് എപ്പോഴും സ്ഥാപിതമായ ഒരു വ്യവസ്ഥയുണ്ട്. അതിൽ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമുണ്ട്. ഭരിക്കുന്നവരുടെ ചരിത്രമാണ് സമൂഹത്തിൻ്റെ ചരിത്രമായി രൂപപ്പെടുന്നത്. ഭരിക്കുന്നവൻ്റെ വികാരവിചാരങ്ങൾ അധീശത്വം നിലനിർത്താനും സാമ്രാജ്യം വ്യാപിപ്പിക്കാനുമുള്ളതായിരിക്കും. അതിനാൽ പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും എഴുതിത്തള്ളി മാത്രമേ അതിന് നിലനില്ക്കാനാകൂ. ഭരണകൂടത്തിൻ്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ പ്രത്യയശാസ്ത്രോപകരണങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, നിയമനിർമ്മാണ സഭകൾ മുതലായവ ഉപകാരപ്പെടുന്നു. പ്രതിഷേധങ്ങളുടെ ചുവടു തെറ്റിക്കാൻ ഭരണകുടോപകരണങ്ങളായ സൈന്യം, പോലീസ് മുതലായ സന്നാഹങ്ങൾ ഭരണകൂടങ്ങളുടെ കയ്യിലുണ്ട്. ഇത്തരം സന്നാഹങ്ങളും ദളിതവിരുദ്ധ / സ്ത്രീവിരുദ്ധ സാമാന്യ പ്രത്യയശാസ്ത്രവും ഏതു വിധത്തിലാണ് പാർശ്വവത്കൃത വിഭാഗങ്ങളെ പ്രതിരോധ സജ്ജമാക്കുന്നതെന്ന് കറുത്ത കുപ്പായക്കാരി വ്യക്തമാക്കുന്നു.

ഇത് കറുത്തവളുടെ കഥയാണ്. ചുവന്ന കനലു പോലെയുള്ള (വിപ്ലവാത്മകമായ) ആത്മാവിനു ചുറ്റും കറുത്ത മേഘം പോലെ തൊലിയുള്ളവൾ. എന്നാൽ ദളിത് യുവതിയുടെ കദനകഥ പറയുകയല്ല സിതാര ചെയ്യുന്നത്. ദളിത് ആക്ടിവിസത്തിന് പുതിയ മുഖച്ഛായ പകരുകയാണ്. വംശീയത, വർണ്ണവിവേചനം, ലൈംഗിക ചൂഷണം എന്നിങ്ങനെ ദളിത്/ ആദിവാസി സമൂഹം അനുഭവിക്കുന്ന പതിവ്പ്രശ്നങ്ങളിൽ നിന്നും വേറിട്ട പ്രമേയത്തെയാണ് താൻ കൈകാര്യം ചെയ്യുന്നതെന്ന് എഴുത്തുകാരി രേഖപ്പെടുത്തുന്നു.

ആഖ്യാതാവിൻ്റെ സ്ഥാനത്ത് കഥാകൃത്ത് തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. പoനവേളയിൽ തൻ്റെ ദളിത് രൂപഭാവങ്ങൾ വലിയ പരിഹാസങ്ങൾക്കൊന്നും ഇട നല്കിയിട്ടില്ല. നായിക കോൺവെൻ്റ് സ്കൂളിലാണ് പഠിച്ചത്. അവിടെയാരും ഭേദചിന്ത പുലർത്തിയിട്ടില്ല. സ്കൂൾപഠനം അവസാനിപ്പിച്ചു വന്നപ്പോഴും അവിഹിത ദ്യോതകങ്ങളായ നോട്ടങ്ങൾ ഏല്ക്കേണ്ടി വന്നിട്ടില്ല. സവിശേഷമായ ചില സാമൂഹിക ഘടകങ്ങളുടെ പിൻബലം നായികയ്ക്ക് ലഭ്യമായെങ്കിലും അവളുടെ ഭൗതിക ജീവിതം ദുരിതപൂർണ്ണമാണ്. കോളനിയിലെ ദു:ഖമയമായ ജീവിതമുറങ്ങുന്ന ഒരു കുടിൽ. സ്വന്തമായി ഇത്തിരി സ്ഥലമുണ്ടായിരുന്നെങ്കിൽ കൃഷി ചെയ്യാമായിരുന്നു. അനിയനോടൊപ്പം ജോലിക്കു പോകാനാരംഭിച്ചു. സമരസംബന്ധമായ അറിവുകളോ, കാല്പനിക ഭാവമോ ഒന്നും നായികയ്ക്ക് പിടി നല്കിയില്ല. 

അങ്ങനെയിരിക്കെയാണ് രാജീവൻ വീട്ടുമുറ്റത്തെത്തിയത്. അനിയൻ്റെ സഹപാഠി. അവനെക്കുറിച്ച് അനിയൻ പറഞ്ഞു കേട്ടിട്ടുണ്ട്. സാഹസികൻ. ഏതോ സംഘടനയിൽ പ്രവർത്തിക്കുന്നു. അവൻ്റെ നോട്ടം മീതെ വീണപ്പോൾ അവൾ കണിക്കൊന്നമരമായി. കോളനികളിലെ ജീവിതം മാറിയിരിക്കുന്നുവെന്ന് രാജീവൻ അഭിപ്രായപ്പെട്ടു. മദ്യവും മയക്കുമരുന്നും യുവാക്കളെ വലയം ചെയ്തിരിക്കുന്നു. അടിമകളാക്കിയിരിക്കുന്നു. നൂറ്റാണ്ടുകളായി തുടരുന്ന അടിമത്തത്തിൻ്റെ തുടർച്ച.രാജീവൻ്റെ വാക്കുകൾ അവളെ ആകർഷിച്ചു. അവൻ്റെ സംസാരം കേൾക്കാൻ കൂടെ അവൾ പോകാനാരംഭിച്ചു. ദളിതൻ്റെ പിന്നോക്കാവസ്ഥയെ കുറിച്ച് പറയുമ്പോൾ രാജീവൻ വികാരഭരിതനായി. എന്തുകൊണ്ട് ദളിതനെ മുഖ്യധാരയിലേക്കെത്തിക്കാൻ ആർക്കും സാധിച്ചില്ല? തല്ലുകൊണ്ട് പൊറുതിമുട്ടിയപ്പോൾ തിരിച്ചൊന്നു കൊടുത്താൽ എന്തുകൊണ്ട് ദളിതനെ മാത്രം തീവ്രവാദിയെന്ന് വിളിക്കുന്നു? രാജീവൻ്റെ കഠിന പ്രയത്നം കൊണ്ട് പലരും മദ്യപാനം ഒഴിവാക്കി. 

എന്നാൽ എവിടെയോ നടന്ന ഒരു കൊലപാതകത്തിൽ രാജീവനെയും കൂട്ടരെയും അന്വേഷിച്ച് പോലീസെത്തി. പോലീസുകാരും കൂടെയുള്ള മുഖ്യധാരാ രാഷ്ട്രീയക്കാരും നായാട്ട് ആരംഭിച്ചു. കോളനികളെ യുദ്ധക്കളമാക്കി. രാജീവനെ കാണാൻ മനസ്സ് കൊതിച്ചു. അവൻ്റെ വാക്കുകൾ മനസ്സിൽ ഉടക്കി നിന്നു. ഞങ്ങളിൽ ആരെങ്കിലും ദുരൂഹതയും തീവ്രതയും കാണുന്നുവെങ്കിൽ, അത് ഞങ്ങളുടെ കറുത്ത തൊലിയോടുള്ള അടങ്ങാത്ത വിദ്വേഷം കൊണ്ടാണ്‌…

അങ്ങനെ നായികയെയും പോലിസ് വന്ന് വലിച്ചിഴച്ചു കൊണ്ടുപോയി. ക്രൂരമായ മർദ്ദനത്തിനും ആക്ഷേപത്തിനും അവൾ പാത്രമായി. പോലീസുകാരൻ അശ്ലീലച്ചിരി പാസ്സാക്കി. രാജീവൻ എവിടെ എന്ന് അവർക്കറിയണം. നീയും ഒരു തീവ്രവാദിയാണോ? അയാൾക്ക് ഭരണകൂട ഭാഷയിൽ തന്നെ അവൾ മറുപടി കൊടുത്തു. ഒരാളെ ടെററിസ്റ്റ് എന്ന് വിളിച്ച് അയാളുടെ ആത്മവിശ്വാസം തകർക്കാൻ കഴിയുന്ന കാലമൊക്കെ അസ്തമിച്ചിരിക്കുന്നു. പകച്ചു നിന്ന അയാൾ ഊക്കോടെ എഴുന്നേല്ക്കെ, സ്വന്തം പച്ചപ്പുകളെ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥയായ പൊരുതുന്ന പെണ്ണായി അവൾ മാറി. അവിടെ നിന്നും ഓടിയകന്നു. ഓടിയോടി അവൾ രാജീവൻ്റെ ഒളിസങ്കേതത്തിലെത്തി. രാത്രിയിൽ കുളിരകറ്റാൻ അവൻ്റെ ബാഗ് തുറന്നപ്പോൾ ഒരു കറുത്ത കട്ടിയുള്ള ടീഷർട്ട് അവൾ കണ്ടു. അതവൾ അണിഞ്ഞു. അത് പ്രതിരോധത്തിൻ്റെയും പ്രതിഷേധത്തിൻ്റെയും കവചമാകുന്നു.

ഉറങ്ങുന്ന സൂര്യൻ എന്ന പ്രതീകാവതരണത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഉറക്കം സൂര്യൻ്റെ കർമ്മത്തെയും തേജസ്സിനെയും അലോസരപ്പെടുത്തുന്നില്ല. ഉറങ്ങുന്ന സൂര്യൻ കാഴ്ചക്കാരുടെ ദൃഷ്ടിക്ക് ഒരിക്കലും വിഷയീഭവിച്ചിട്ടില്ല. തിളങ്ങുന്ന, ഗാംഭീര്യവും രൗദ്രതയും ഉളള സൂര്യനെ മാത്രമേ നമുക്ക് പരിചയമുള്ളൂ. എന്നാൽ സൗമ്യനും മയക്കമാർന്നവനും മേഘങ്ങൾക്കിടയിലേക്ക് പാരവശ്യത്തോടെ നൂഴുന്നവനുമായ സൂര്യന് / നിദ്രയെ വരിച്ചവന് എൻ്റെ നിറമാണെന്ന് പറഞ്ഞു കൊണ്ടാരം റിക്കുന്ന കഥ തീവ്രവാദ പ്രവർത്തനങ്ങൾക്കും സാമൂഹ്യമായ അടിത്തറയുണ്ടെന്ന് സ്ഥാപിക്കുന്നു. മേഘങ്ങൾകിടയിൽ മയങ്ങുന്ന ഈ സൂര്യൻ, ഏതു പ്രതികൂല സാഹചര്യങ്ങളിലും വിസ്ഫോടനം സൃഷ്ടിക്കാൻ സാധിക്കുന്നവനാണ്. 

ഭരണകൂടത്തിൻ്റെ ഭീകരതയ്ക്കെതിരായും സവർണ്ണ പുരുഷാധികാരത്തിൻ്റെ പരുക്കൻ ശീലങ്ങൾക്കെതിരായും ആയുധമെടുത്ത് പോരാടാൻ സജ്ജയായ വിപ്ലവകാരിണിയുടെ ചിത്രമാണ് കറുത്ത കുപ്പായം അണിയുന്നതിലൂടെ സഹൃദയൻ്റെ മനസ്സിലേക്ക് പ്രവേശിക്കുന്നത്.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ