പട്ടിജന്മം: രമ്യ സഞ്ജീവ് (കുറിപ്പ്)


2015 ൽ രമ്യ സഞ്ജീവ് 'ചൂലറ്റങ്ങളിലേക്ക് തിരിച്ചു പറക്കുന്നത് ' എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ഈ കവിതാ സമാഹാരത്തിലെ ശ്രദ്ധേയമായ കവിതയാണ് പട്ടിജന്മം. യുവ കവയിത്രിയായ രമ്യ കാലഘട്ടത്തോടും സാമൂഹികമാറ്റങ്ങളോടും വേണ്ടുംവണ്ണം സംവേദനക്ഷമത പുലർത്തുന്നു. അതിനാൽ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ആകുലതകളോട്  പരമാവധി അനുഭാവം പ്രകടിപ്പിക്കുന്നവയാണ് രമ്യയുടെ കവിതകൾ. മുഖ്യധാരാ രാഷ്ട്രീയവും സാമൂഹികാന്തരീക്ഷവും തിരസ്കരിച്ച ഇടങ്ങളിലൂടെയുള്ള പ്രയാണമായി രമ്യയുടെ കവിതകൾ പരിണമിക്കുന്നു.

പട്ടിജന്മം എന്ന കവിതയിൽ തിരസ്കൃതരായ സ്ത്രീവർഗ്ഗത്തോടും ദളിത് വിഭാഗങ്ങളോടും ഉള്ള ആഭിമുഖ്യം ഉണ്ട്. ദളിതൻ എന്ന വാക്കിന് അടിച്ചമർത്തപ്പെടുന്നവൻ എന്ന അർത്ഥം നല്കാമെങ്കിൽ, വിശാല വീക്ഷണത്തിൽ പ്രസ്തുത പ്രയോഗം അടിച്ചമർത്തപ്പെടുന്ന സാധാരണ സ്ത്രീകൾക്കും ചേരും. വരേണ്യമായ നിലപാടുകളെയും ഹിംസകളെയും എതിർക്കുമ്പോൾ കവയിത്രി മാനവികതയുടെ പക്ഷത്ത് നിലയുറപ്പിക്കുന്നു.

കവിത ആരംഭിക്കുന്നത്, 'പട്ടിയായിരിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെ 'ന്ന് പ്രസ്താവിച്ചു കൊണ്ടാണ്. പട്ടിയായി അംഗീകരിക്കപ്പെടണമെങ്കിൽ ചില ചിട്ടകളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്. ശരീര ഭാഷയെപ്പോലും സ്വന്തം ഇച്ഛാനുസൃതമല്ലാതെ പരിവർത്തിപ്പിക്കേണ്ടതുണ്ട്. പട്ടിക്ക് സ്വന്തമായ ഒരു ഇടമില്ല. ഇടങ്ങൾ അതിന് മാറിക്കൊണ്ടിരിക്കും. ചിലപ്പോൾ വാതിൽപ്പടിയിലാകാം അതിൻ്റെ നില്പ്. ചിലപ്പോൾ അഴിക്കൂട്ടിലാകാം. ചിലപ്പോൾ പറമ്പിലാകാം. പട്ടിയുടെ ചലനങ്ങളെ നിയന്ത്രിക്കുന്നത്, എവിടെ നില്ക്കണമെന്നും എന്തു പ്രവർത്തിക്കണമെന്നും തീരുമാനിക്കുന്നത് യജമാനനാണ്.

എന്നാൽ ഗൗരവം നിറഞ്ഞതും കടുത്ത ചൂഷണം നേരിടുന്നതുമായ തന്റെ സ്വത്വത്തെ യജമാനന്റെ അഭ്യുദയത്തിനായി മറച്ചുവെക്കുന്ന, സ്വയം വിസ്മരിക്കുന്ന വിനീതദാസ്യനാണ് പട്ടി. കള്ളനെ തിരിച്ചറിയാനുള്ള, മണത്തറിയാനുള്ള ശേഷിയാണ് അതിൻ്റെ വൈഭവത്തെ വിളംബരം ചെയ്യുന്നത്. കള്ളനെതിരായ യജമാനൻ്റെ ഉപകരണമാകുന്നു പട്ടി. കള്ളന് സമയാസമയങ്ങളില്ല. ഏതു സമയത്തും അണയാം. ഏകാഗ്രമായി കള്ളനെ പ്രതീക്ഷിച്ചിരിക്കുന്നു. ഇതു വരെ പരിചിതമല്ലാത്ത ഒരു മണവും കാത്തുള്ള ഇരിപ്പ്. എപ്പോൾ വേണമെങ്കിലും പുറത്തേക്ക് വിക്ഷേപിക്കാവുന്ന ഒരു കുര ഉള്ളിലടക്കി അങ്ങനെ ഇരിക്കും. എന്നാൽ യജമാനൻ്റെ മുന്നിൽ? ഇളക്കം മാറാത്ത വാലായി പട്ടി മാറുന്നു.

തലമുറ തലമുറയായി പകർന്നു കിട്ടിയ അറിവ്. പരിചയമില്ലാത്തതിനെ കുരച്ചു തോല്പിക്കണം. പരിചയമുള്ളതിനെ സ്നേഹിച്ച് നില്ക്കണം. വിശക്കുമ്പോൾ മുരളണം. ഓരോ കണികയിലും - വാക്കിൽ, പെരുമാറ്റത്തിൽ, സ്വഭാവത്തിൽ, പ്രവൃത്തിയിൽ, പട്ടിത്തം കാട്ടണം. അതിൽ അഭിമാനിക്കണം. സ്വന്തം സ്വത്വം സ്വഭാവത്തിലും പ്രവൃത്തിയിലും പ്രകാശിപ്പിച്ചു കൊണ്ടു നില്ക്കുന്നവനു മാത്രമേ പിടിച്ചു നില്ക്കാനാകൂ. 

മറ്റൊന്നും ചെയ്യാനില്ലെന്ന് എനിക്കറിയാം. തുടൽ (ചങ്ങല ) എന്ന യാഥാർത്ഥ്യം യജമാനോടുള്ള വിധേയത്വത്തെ പ്രകാശിപ്പിക്കുന്നു. ഈ ചങ്ങലയിൽ തൻ്റെ ശൗര്യം കുടുങ്ങിക്കിടക്കുകയാണ്. എന്നാൽ ആ അപ്രഖ്യാപിത ശൗര്യം വിധേയത്വം എന്ന വാക്കിനാൽ അളന്നിട്ടതാണ്. ഞാൻ നിനക്ക് വിധേയനാണ് എന്ന വാക്യത്തിൽ എൻ്റെ ശൗര്യത്തെ ഞാൻ നിനക്കു മുന്നിൽ അടിയറ വെക്കുന്നു എന്ന ധ്വനിയുണ്ട്.

അവസാന ഖണ്ഡത്തിൽ പട്ടിയുടെ ദയനീയത സ്ഫുരിക്കുന്നു. ഇനിയും വന്നെത്താത്ത പ്രിയപ്പെട്ട കള്ളനോടുള്ള അപേക്ഷയാണത്. ഒന്നു വേഗം വന്നിരുന്നെങ്കിൽ അവസാനത്തെ കുരയും കുരച്ച് പട്ടിജന്മത്തിൽ അഭിമാനം കൊണ്ട് എവിടെയെങ്കിലും ചുരുണ്ടുകൂടാമായിരുന്നു.  സ്ത്രീകൾ പുരുഷാധികാരത്തിന് വിധേയരായിരിക്കുന്നു. ദളിതർ വരേണ്യാധികാരത്തിന് കീഴ്പ്പെട്ട് നില്ക്കുന്നു. താൻ നട്ട വാഴയിൽ ഉണ്ടായ കുല തൻ്റേതല്ല, തമ്പ്രാൻ്റേതാണെന്ന് കരുതുന്നു. അവൻ അനീതികളെ ചോദ്യം ചെയ്യുന്നില്ല; അതൊക്കെ തൻ്റെ വിധിയാണെന്ന് കരുതി സമാധാനിക്കുന്നു. കീഴാളൻ എന്ന വിശേഷണം അലങ്കാരമായി കരുതുന്നു. വഴിമാറിക്കൊടുക്കേണ്ടതും പാടത്തു മാത്രം പണി ചെയ്യേണ്ടതും തൻ്റെ ബാദ്ധ്യതയാണെന്ന് ചിന്തിക്കുന്നു.

തലമുറതലമുറകളായുള്ള അനുശാസനങ്ങളിലൂടെ പരിശീലിതരായ ദളിത് / സ്ത്രീ വിഭാഗങ്ങളെ തുടലുകൾ പൊട്ടിച്ചാൽ മാത്രമേ, വിധേയത്വത്തിൻ്റെ ഭാഷ രോഷത്തിൻ്റെ ഭാഷയാക്കിയാൽ മാത്രമേ മോചനമുള്ളു എന്ന് കവയിത്രി ഓർമ്മിപ്പിക്കുന്നു. ഒരു പട്ടിജന്മത്തിൻ്റെ യാന്ത്രികതയും ദയനീയതയും അത്യന്തം മനസ്സു മടുപ്പിക്കുന്നതാണ്. വിധേയത്വത്തിൻ്റെ (വരേണ്യ വ്യവസ്ഥിതിയോടുള്ള കീഴ്പ്പെട ലിൻ്റെ) ഭാഷ്യം അവസാനിപ്പിച്ചാൽ മാത്രമേ സാമൂഹികപുരോഗതി സാധ്യമാവുകയുള്ളൂ. മെരുക്കിയെടുക്കപ്പെട്ട അടിമകളായി അങ്കിൾ ടോമിൻ്റെ ചാളയിൽ ബന്ധിതരാക്കപ്പെടുന്നവർക്ക് തിരിച്ചറിവ് ഉണ്ടാവുകയെന്നതാണ് പ്രധാനം. വിധേയപ്പെടലിൻ്റെ ഭാഷ്യം സ്വീകരിക്കുന്ന എന്തിനെയും പട്ടിജന്മം എന്ന കവിതയിൽ കവയിത്രിയായ രമ്യ അപലപിക്കുന്നു.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ