ദേവാലയത്തിൽ: രാജലക്ഷ്മി (സങ്കീർണ്ണമായ മനസ്സിൻ്റെ കലവറ )

ദേവാലയത്തിൽ: രാജലക്ഷ്മി




അകാലത്തിൽ തന്നെ പൊലിഞ്ഞ താരമെന്ന് വിശേഷിപ്പിക്കാവുന്ന കഥാകൃത്താണ് രാജലക്ഷ്മി. 1930- 1965 കാലഘട്ടത്തിലായിരുന്നു അവർ ജീവിച്ചിരുന്നത്. ജീവിതം അവസാനിക്കുകയല്ല അവസാനിപ്പിക്കുകയായിരുന്നു. നിഗൂഢമായ ജീവിതത്തിൻ്റെ വശങ്ങൾ എന്നും ഉത്തരം കിട്ടാത്തവയായിരുന്നു. എന്നാൽ ഈ ഹ്രസ്വമായ കാലയളവിൽ തന്നെ രാജലക്ഷ്മി കഥാലോകത്തിൽ ശ്രദ്ധേയയായി. ഒരു വഴിയും കുറേ നിഴലുകളും, ഞാനെന്ന ഭാവം  എന്നീ നോവലുകളും കാലിക പ്രസക്തിയുള്ള കുറച്ചു ചെറുകഥകളും രചിച്ചു. ഒരു നോവൽ പൂർത്തീകരിക്കാനായില്ല(ഉച്ചവെയിലും ഇളം നിലാവും). മലയാള സാഹിത്യ ലോകത്തിൽ ഏകാന്തപഥികയായ എഴുത്തുകാരി എന്ന് രാജലക്ഷ്മി അറിയപ്പെട്ടു. അവരുടെ കഥകൾ മനസ്സിൻ്റെ വിശകലനവും സമൂഹത്തിൻ്റെ സ്ത്രീ വീക്ഷണപരമായ അവതരണവുമായിരുന്നു. ആത്മഹത്യ എന്ന കഥയിൽ കുടുംബവും സാഹചര്യങ്ങളും സ്ത്രീയിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ അവർ തുറന്നു കാട്ടി. 

വിശകലന പരങ്ങളായ കഥകളാണ് രാജലക്ഷ്മിയുടേത്. ഒറ്റപ്പെട്ടവളുടെ വ്യഥ മറികടക്കാനായി ദർശനത്തിൻ്റെ സഹായം തേടുന്നു. സമൂഹത്തിൻ്റെ ഒഴുക്കിനനുസരിച്ച് നീങ്ങാൻ സ്ത്രീകൾ പ്രയാസപ്പെടുന്നു. ഏകാന്തതയുടെ പരിരംഭണം അവസാനിപ്പിക്കാൻ സമൂഹത്തിൻ്റെ പിന്തുണ കിട്ടാതെ അവർ വിമ്മിട്ടപ്പെടുനു. വൈയക്തികമായ ബോധത്തിൻ്റെ തകർച്ച രാജലക്ഷ്മിയുടെ കഥകളിൽ കാണാം. 

ഇത്തരം നിരീക്ഷണങ്ങളെ ശരിവെക്കുന്ന കഥയാണ് ദേവാലയത്തിൽ. അതിൽ കഥാകൃത്ത് തന്നെയാണ് നായിക. ഉത്തമപുരുഷ സർവനാമമായ ഞാൻ കഥാഗതിയെ നിയന്ത്രിക്കുന്നു. കഥാകൃത്ത് ദേവാലയത്തിൽ എത്തിയിരിക്കുന്നു. എല്ലാം മറന്ന് ദേവനെ കാണണം, പ്രാർത്ഥിക്കണം. ഈ ചോദനയുടെ അടിസ്ഥാനത്തിൽ ദേവാലയത്തിൽ എത്തിച്ചേർന്ന കഥാനായികയ്ക്ക് സന്ദർഭങ്ങൾ വൈരുദ്ധ്യം നിറഞ്ഞ അനുഭവങ്ങൾ സമ്മാനിക്കുകയാണ്.

ജീവിതം നിഗൂഢമാണ്. ഒഴുക്കും അടിയൊഴുക്കും നിറഞ്ഞതാണ്. അനിർവചനീയമായ അനുഭവങ്ങളുടെ കലവറയാണിത്. നമ്മുടെ പ്രവൃത്തികളുടെയും ഉയർന്നു വരുന്ന ചിന്തകളുടെയും പൊരുൾ അറിയാൻ ആർക്കും സാധിക്കുന്നില്ല. വ്യക്തമായ ആദർശങ്ങൾ ഒരു കാലഘട്ടത്തെ നിയന്ത്രിച്ചിരുന്നെങ്കിലും, ആവേശം പകർന്നിരുന്നെങ്കിലും കാലത്തിൻ്റെ ഗതിയിൽ അവയൊക്കെ ഉറഞ്ഞ് കട്ടയായിരിക്കുന്നു. ചലനമില്ലാത്ത സമൂഹത്തിൻ്റെ ബാക്കിപത്രമായ ജഡമാകുന്നു ജീവിച്ചു പോരുന്ന വ്യക്തികൾ.


കഥാനായികയും വൈരുധ്യങ്ങളുടെ കലവറയാണെന്ന് മനസ്സിലാക്കാം. ഒരു ഘട്ടത്തിൽ ഈശ്വരവിശ്വാസമില്ലാത്തവളായിരുന്നു. അന്ന് ഊർജ്ജമായത് വിപ്ലവപ്രസ്ഥാനങ്ങളോ ദേശീയ പ്രസ്ഥാനമോ ആകാം. എന്താണെന്ന് കഥാകൃത്ത് വ്യക്തമാക്കുന്നില്ല. എന്നാൽ, താൻ നാസ്തികയായിരുന്നുവെന്ന് വ്യക്തമാക്കുന്ന പരാമർശങ്ങൾ കഥയിലുണ്ട്. അന്ന് സമൂഹം കൂടെയുണ്ടായിരുന്നു. ജനങ്ങൾ പിന്നിലുണ്ടായിരുന്നു. ഒറ്റപ്പെടലിൻ്റെ വ്യഥ ഒട്ടും അലട്ടിയിരുന്നില്ല.

കാലം മുന്നോട്ടു പോകെ, ബന്ധങ്ങൾ ശിഥിലമായി. ഒറ്റപ്പെടലിൻ്റെ വേദന കഥാനായിക അനുഭവിച്ചറിയാൻ തുടങ്ങി. അത് കനത്തതായിരുന്നു. തൻ്റെ ദു:ഖങ്ങൾ പങ്കുവെക്കാനും, തന്നെ മനസ്സിലാക്കാനും ആരുമില്ലാത്ത അവസ്ഥ. അവിടെ ആകെ ഒരു അത്താണി ദേവൻ (ഈശ്വരൻ) മാത്രമെന്ന ബോദ്ധ്യത്തിൽ അവൾ എത്തിച്ചേരുന്നു. എന്നാൽ അനുഭവവും സങ്കല്പവും തമ്മിലുള്ള അതിർവരമ്പുകൾ ഭീമമാണെന്ന്‌ അവൾ തിരിച്ചറിയുന്നു. 

അപ്രകാരമാണ് അവൾ ദേവാലയത്തിൽ എത്തുന്നത്. എന്നാൽ നടയിൽ നില്ക്കെ താൻ അനുഭവിക്കുന്ന നിലപാടില്ലായ്മയുടെ ദുരന്തം അവൾ തിരിച്ചറിയുന്നു. ആദ്യകാലത്തെ ആദർ ശോന്മുഖതയും ഇപ്പോഴത്തെ അന്ധവിശ്വാസ പരതയും തമ്മിലുള്ള സംഘർഷത്തിൽ അവളുടെ മനസ്സ് ചഞ്ചലമാകുന്നു. പൂർവകാല ആദർശ ചിന്തകൾ സമീപകാല മൃദുനയവുമായി ഇണങ്ങുന്നില്ല. തീവ്രവാദപരമായ യുക്തിചിന്തകളുടെ അങ്കണത്തിലേക്ക് ഈശ്വരവിശ്വാസവും അന്ധ ബോധവും ഇരമ്പിയണയുന്നു.

യുക്തിബോധവും പാരമ്പര്യവും തമ്മിലുള്ള ഉരസൽ ഈ കഥയുടെ പ്രമേയമാകുന്നു. നടയിൽ നിന്ന് സമാധാനത്തിൽ പ്രാർത്ഥിക്കാൻ അവൾക്കാകുന്നില്ല. നടയിൽ നിന്നും അവളെ തള്ളിമാറ്റിക്കൊണ്ട് ഭക്ത സമൂഹം മുന്നേറുകയാണ്. നടയിലും ചിന്തയും വിശകലനവും അവൾ കൈവെടിയാത്ത നായികയാണ് രാജലക്ഷ്മി അവതരിപ്പിക്കുന്നത്. ദേവസമക്ഷത്തിലും അവൾക്ക് സ്വസ്ഥത കിട്ടുന്നില്ല. അവിടെയും ചുറ്റുമുള്ളവർ തന്നെയാണ് സമാധാനം കെടുത്തുന്നത്.

ഒരു തകർച്ചയിലാണ് അവൾ ദേവസമക്ഷം എത്തുന്നത്. പാടുപെട്ട് ഉണ്ടാക്കിയതൊക്കെ തകർന്നു കിടക്കുകയാണ്. തന്നെ ദേവസമക്ഷത്തിലേക്കെത്തിച്ച ശക്തിയേതെന്ന് അവൾ ചിന്തിക്കുന്നു. കർമ്മഭീരുക്കൾക്ക് അള്ളിപ്പിടിക്കാനുള്ളതെന്ന് ദൈവത്തെ അവൾ വിമർശിച്ചിട്ടുണ്ടായിരുന്നു. ഭഗവാനെ സംബന്ധിക്കുന്ന ചിന്തകളിൽ ഇപ്പോൾ ആത്മവിമർശനവും ഉള്ളടങ്ങിയിരിക്കുന്നു. ആയിരക്കണക്കിന് മനുഷ്യരും അവരുടെ ആയിരക്കണക്കിന് വേദനകളും ദൈവത്തെത്തേടി വരുന്നു. എല്ലാവരും ഒരു പോലെയാണ്. ഞാൻ കരിങ്കല്ലാണ് … പുഞ്ചിരിക്കുന്ന ശില എന്ന് വിഗ്രഹം പറയുന്നതായി അവൾ കരുതുന്നു.

നടയിൽ നിന്ന് മാറാൻ പറയുന്നവരും തൊട്ട് അശുദ്ധമാക്കരുത്, മാറി നില്ക്ക് എന്നു പറയുന്ന അന്തർജ്ജനങ്ങളും രംഗം കലുഷമാക്കുന്നു. ഭക്ഷണച്ചീട്ട് ചോദിച്ച് സമീപിക്കുന്ന കുട്ടിയും വൃദ്ധയും കഥാനായികയുടെ മനസ്സിനെ കൂടുതൽ ശിഥിലമാക്കുന്നു. അമ്പലത്തിലെ കാഴ്ചകളും അനുഭവങ്ങളും ഭഗവാനെത്തന്നെ വ്യവസായം ആക്കിയിരിക്കുകയാണെന്ന പ്രതീതി ഉളവാക്കുന്നു.
ഭക്ഷണത്തിന് വേണ്ടി വല്ലാതെ ഉന്തും തള്ളും സൃഷ്ടിക്കുന്നു. ഇതെല്ലാം കണ്ട് ദൈവത്തിന് എങ്ങനെ നിശ്ശബ്ദനാകാൻ കഴിയുന്നു. എങ്കിലും ആ പരാക്രമത്തിനിടയിൽ കിട്ടിയ ഭക്ഷണത്തിലും സ്നേഹം പങ്കുവെക്കുന്നവരേയും അവൾ കണ്ടു.

ഒരു സന്ദേഹത്തിലാണ് കഥ അവസാനിക്കുന്നത്‌. എന്തെങ്കിലും മാറ്റം അവിൽ പൊതിയുമായി വന്ന കുചേലനെപ്പോലെ തനിക്കുണ്ടാകുമോ? ചോദിക്കാതെ വല്ല നേട്ടവും? അതിന് ദൈവം തൻ്റെ കൂട്ടുകാരനല്ലല്ലോ… ഈ സന്ദേഹവും അനിശ്ചിതത്വവും രാജലക്ഷ്മി എന്ന എഴുത്തുകാരിയുടെ രചനകളിലെ
പ്രത്യേകതയാണ്. ദേവാലയത്തിൽ എത്തുമ്പോഴും അവൾ നോക്കുന്നത് ചുറ്റിലുമാണ്. തൻ്റെ ഹൃദയം തുറന്ന് സമർപ്പിക്കാൻ എത്തിയവൾ സാധുക്കളുടെ വൈവശ്യം കാണുകയാണ്‌. തൻ്റെ ദുഃഖങ്ങൾ ഒന്നുമല്ലെന്ന് തിരിച്ചറിയുകയാണ്. ഈശ്വരൻ്റെ നിസ്സഹായത അറിയുകയാണ്. 

സമൂഹത്തിൻ്റെ ഒഴുക്ക് ആരാധനാലയങ്ങളിലേക്കാണ്. പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാൻ ഒരു അത്താണിയായാണ് അതിനെ സമീപിക്കുന്നത്. അതിൻ്റെ വ്യർത്ഥത കൂടി ഈ കഥയിൽ വായിച്ചെടുക്കാം. വിശപ്പും ദാരിദ്ര്യവും സാമൂഹികാസമത്വങ്ങളും മറ്റും മനുഷ്യസൃഷ്ടിയാണ്. ഈശ്വര സൃഷ്ടിയല്ല. പരമമായ ആ അറിവിലേക്കാണ് കഥാകൃത്ത് വിരൽ ചൂണ്ടുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ