ഷെർലക്ക്:(എം.ടി), അധിനിവേശത്തിൻ്റെ രാഷ്ട്രീയം

ഷെർലക്ക്:(എം.ടി.വാസുദേവൻ നായർ)



മലയാള കഥാ സാഹിത്യത്തിന് പ്രശംസനീയമായ സംഭാവനകൾ നല്കിയ എഴുത്തുകാരനാണ് എം.ടി.വാസുദേവൻ നായർ. കാലഘട്ടത്തെയും സമൂഹത്തെയും വിശകലനം ചെയ്യുന്ന കഥകളാണ് അദ്ദേഹത്തിൻ്റേത്. ഫ്യൂഡൽ വ്യവസ്ഥിതിയ്ക്ക് ശമനമുണ്ടായെങ്കിലും, അതുളവാക്കിയ സാമൂഹിക പ്രത്യാഘാതങ്ങൾ സമൂഹത്തിൽ ഇപ്പോഴും പ്രതിഫലിക്കുന്നുണ്ട്. ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ,  കുടുംബ ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ, സംസ്കാര നിർമ്മാണ രീതികൾ എന്നിവയുടെ പരമ്പരാഗത സമീപനങ്ങൾ അടി തകർന്നു. എന്നാൽ, പൂർണ്ണമായും സമൂഹം മാറിയിട്ടുമില്ല. പരിഷ്കരണത്തിൻ്റെയും പരിചരണത്തിൻ്റെയും ആവശ്യകത മാറാൻ വെമ്പുന്ന സംക്രമണ ഘട്ടത്തിലുള്ള സമൂഹ ചുറ്റുപാടുകൾക്ക് അവശ്യമാകുന്നു. ഫ്യൂഡൽസാമൂഹിക വ്യവസ്ഥിതിയിൽ നിന്നും മുതലാളിത്തപരവും ജനാധിപത്യാധിഷ്ഠിതവുമായ വ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തിൽ പകച്ചു നില്ക്കുന്ന സാധാരണക്കാരായ ഗ്രാമീണരുടെ വികാരവിചാരങ്ങളാണ് എം.ടി. പകർത്തിയത്. കൂട്ടുകുടുംബങ്ങളുടെയും വ്യക്തി ബന്ധങ്ങളുടെയും ഉലച്ചിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങളാണ് എം.ടി. കഥകളിൽ നിറഞ്ഞു നില്ക്കുന്നത്. അകറ്റപ്പെട്ടവൻ്റെ ഗൃഹാതുരത കൂടി അതുൾക്കൊള്ളുന്നു. എം.ടി.യുടെ ഷെർലക്ക് എന്ന കഥ സവിശേഷമായ ആഖ്യാനം കൊണ്ടും നൂതനമായ പ്രമേയാവതരണം കൊണ്ടും ശ്രദ്ധേയമാണ്.

ഇതിവൃത്തം
ബാലു എന്ന കഥാപാത്രം നാട്ടിൽ നിന്ന് സ്വന്തം ചേച്ചി താമസിക്കുന്ന അമേരിക്കൻ നഗരത്തിലേക്ക് എത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ചേച്ചി താമസിക്കുന്ന വീട്ടിൽ അവരുടെ വളർത്ത് പൂച്ചയായ ഷെർലക്കും ചേച്ചിയും മാത്രമേയുള്ളൂ. ചേച്ചിയുടെ ഭർത്താവായ ജയന്ത് ഷിൻഡെ അകലെയാണ്. ചേച്ചിക്ക് കടുത്ത എകാന്തതയിൽ ഒരു കൂട്ട് ഷെർലക്ക് മാത്രമാണ്. എന്നാൽ ഷെർലക്കിൻ്റെ പ്രത്യേകതരം പെരുമാറ്റങ്ങളും നിരീക്ഷണ സ്വഭാവവും ബാലുവിൽ ഇഷ്ടക്കേടുണ്ടാക്കുന്നു. ഷെർലക് തന്നെ സംശയിക്കുന്നുവെന്നും ചാരപ്പണിയാണവൻ ചെയ്യുന്നതെന്നും ബാലു ചിന്തിക്കുന്നു. കഴിയുന്നതും ഷെർലക്കിനെ അകറ്റാനുള്ള പരിശ്രമങ്ങൾ ചെയ്യുന്നു. എന്നാൽ ഷെർലക്ക് ബാലുവിനെ വരിഞ്ഞു മുറുക്കുകയാണ്. ഷെർലക്കിെനെ പടി കടത്താനുള്ള ബാലുവിൻ്റെ ശ്രമം വിജയം കാണുന്നില്ല. നഖങ്ങൾ മുറിച്ചു മാറ്റിയതെന്ന് ചേച്ചി വിശേഷിപ്പിച്ച ഷെർലക്കിൻ്റെ നഖങ്ങൾ അപ്രതീക്ഷിതമായി പുറത്തു വന്നു. ഭീതി പൂണ്ട ബാലു ഷെർലക്കിൻ്റെ മീതെയുള്ള പിടി ഉപേക്ഷിച്ചു. ഷെർലക്ക് മുകളിലേക്ക് കയറിപ്പോയി. തുടർന്ന് ഷെർലക്കുമായി അനുരഞ്ജനത്തിന് ശ്രമിക്കുന്ന ബാലുവിൻ്റെ ചിത്രമാണ് വായനക്കാരൻ കാണുന്നത്. ഷെർലക്കിൻ്റെ ദേഹം തടവുന്ന ബാലു- അപ്പോൾ മുറിയിൽ ചിരി മുഴങ്ങുന്നു. ആരാണ് ചിരിച്ചത്? ഷെർലക്ക്, നീയോ ഞാനോ? സംശയിച്ച് എഴുന്നേല്ക്കാൻ ശ്രമിക്കുന്ന ബാലുവിനെ തടഞ്ഞു കൊണ്ട് പൂച്ച, ബാലുവിൻ്റെ നെഞ്ചിൽ കാൽ കയറ്റിവെച്ച് മെത്തയിലേക്ക് അമർത്തി പിറുപിറുത്തു: ഉറങ്ങ്, സുഖമായി ഉറങ്ങ്.. ഞാനിവിടെയുണ്ട്. പേടിക്കാതെ ഉറങ്ങ്.

അപ്പോൾ, ഉറക്കെക്കരയണമെന്ന് ആഗ്രഹിച്ച ബാലുവിന് അത് സാധിക്കാതെ വന്നപ്പോൾ അയാൾ വിതുമ്പിക്കരഞ്ഞു.

ഇവിടെ കഥ അവസാനിക്കുന്നു. ഷെർലക്ക് ബാലുവിനെ പൂർണ്ണമായും കീഴ്പ്പെടുത്തുന്നിടത്ത് കഥ അവസാനിക്കുന്നു.

ആരാണ് '/ എന്താണ് ഷെർലക്?
കഥയിൽ ഒരു അമേരിക്കൻ പൂച്ചയുടെ പേരാണ് ഷെർലക്ക് എന്നത്. ബാലുവിൻ്റെ ചേച്ചിയുടെ ഇപ്പോഴത്തെ ഭർത്താവായ ജയന്ത് ഷിൻഡെ ഡിക്ടറ്റീവ് കൃതികളുടെ വായനക്കാരനാണ്. ഷെർലക്ക് ഹോംസാണ് അയാൾക്ക് ഇഷ്ടപ്പെട്ട കഥാപാത്രം. അതിനാൽ തന്നെ സ്വന്തം പൂച്ചക്ക് അയാൾ ഷെർലക്ക് ഹോംസ് ഷിൻഡെ എന്ന് പേര് വിളിക്കുന്നു. വളരെ സിസ്റ്റമാറ്റിക്കായ, ചട്ടക്കൂടിനുള്ളിൽ വർത്തിക്കുന്ന പൂച്ചയാണ് ഷെർലക്ക്. അതിൻ്റെ ദിനചര്യകളിലെല്ലാം അതു പ്രകടമാണ്. എന്നാൽ ബാലുവിന് പൂച്ചയുടെ സാന്നിദ്ധ്യം അസ്വസ്ഥതയാണ് സമ്മാനിക്കുന്നത്.
ബാലു എവിടെച്ചെല്ലുമ്പോഴും ഒരു ചാരൻ്റെ നിരീക്ഷണ നോട്ടവുമായി ഷെർലക്ക് ഉണ്ടാകും. പലപ്പോഴും ബാലുവിനെ അമ്പരപ്പിക്കുന്ന വിധത്തിൽ നിരീക്ഷണ പാടവവും ബുദ്ധിയും അതു കാണിക്കുന്നു. യഥാർത്ഥത്തിൽ ബാലു എത്തുന്നിടത്തെല്ലാം ഷെർലക്കിൻ്റെ സാന്നിദ്ധ്യമുണ്ട്. ബാലുവിൻ്റെ വൈയക്തികനിമിഷങ്ങളിൽ അനുവാദമില്ലാതെ രംഗ പ്രവേശം ചെയ്യുന്ന, നിശ്ചിതമായ വ്യവസ്ഥക്കുള്ളിൽ പ്രവർത്തിക്കുന്ന, ഷെർലക്ക് വെറുമൊരു പൂച്ചയല്ലെന്ന നിരീക്ഷണത്തിലേക്കാണ് വായനക്കാരൻ എത്തുക. മൂന്നാം ലോകങ്ങളുടെ മീതെ കടന്നു കയറി, സാംസ്കാരികാധിനിവേശം നടത്തുന്ന അമേരിക്കൻ സാമ്രാജ്യത്വത്തെയാണ് ഷെർലക്ക് പ്രതിനിധീകരിക്കുന്നത്. വന്യമായ ഏകാന്തത ഷെർലക്കിൻ്റെ കൂടപ്പിറപ്പാണ്. ബാലു അമേരിക്കയിലെത്തി പിടയുന്നത് ഈ വന്യതയിൽ നിന്നും പലായനം ചെയ്യാനാണ്. തൊഴിൽ തേടാനെത്തിയ ബാലു ഏകാന്തതയുടെയും  വൈയക്തിക പ്രത്യയശാസ്ത്രത്തിൻ്റെയും സമ്പൂർണ്ണമായ പിടിയിലമരുന്നിടത്താണ് കഥ അവസാനിക്കുന്നത്.

തകർന്ന ബന്ധങ്ങൾ
ബന്ധങ്ങളുടെ ശൈഥില്യമാണ് ഷെർലക്ക് മുന്നോട്ടു വെക്കുന്ന മറ്റൊരു പ്രമേയം. വ്യവസായ വളർച്ചയും വാഹനങ്ങളും ഫ്ലാറ്റുകളും വികസനത്തിൻ്റെ പുത്തൻ മാനമാകുന്നു. എന്നാൽ സാമ്പത്തിക വളർച്ചയുടെ നടുവിൽ മാനുഷിക ബന്ധങ്ങളും സാമൂഹിക മുന്നേറ്റങ്ങളും തകർന്നിരിക്കുന്നു. വികസനം മാനുഷികമായ വ്യവഹാരങ്ങളെ അസ്ഥിരമാക്കുന്നു. വലിയ വീട് വാങ്ങിച്ചു് അതിൽ തനിച്ച് കഴിയേണ്ടി വരുന്ന അവസ്ഥയാണ് ബാലുവിൻ്റെ ചേച്ചിക്കുള്ളത്. അവൾക്ക് കൂട്ടാകുന്നത് ഷെർലക്കാണ്. ഭർത്താവായ ജയന്ത് ഷിൻഡെ ദൂരെ ജോലിയിൽ വ്യാപൃതനാണ്. ഏറെ നാൾ, പലപ്പോഴും മാസങ്ങൾ, കൂടുമ്പോൾ വന്നാലായി. വിവാഹിതയായിട്ടും ഭർത്തൃ സാമീപ്യമില്ലാതെ വിഷാദ മൂകയായി കഴിയേണ്ടി വരുന്നു ബാലുവിൻ്റെ ചേച്ചി. ബാലു ഇംഗ്ലീഷ് എം.എ.യും ജേണലിസവും കഴിഞ്ഞിരിക്കുന്നു. കൂടുതൽ പഠിക്കാം. ചേച്ചിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ബാലു ഫിലാഡൽഫിയായിൽ എത്തുന്നത്. ചേച്ചി ബാലുവിനായി ഒരു സ്കോളർഷിപ്പിന് ശ്രമിക്കുന്നു.
ചേച്ചിയുടെ കുഴമറിഞ്ഞ ദാമ്പത്യം ബാലു അറിയുന്നു. ഭർത്താവിൻ്റെ സാമീപ്യം കിട്ടാത്തതിലെ അസ്വാസ്ഥ്യവും അരിശവും ചേച്ചി പ്രകടമാക്കുന്നു. തൻ്റെ പൂർവ ഭർത്താവായ കുമാരേട്ടനെ ചേച്ചി ഓർക്കുന്നുണ്ട്. സുന്ദരമായ രാജ്യത്തെ അസുന്ദരമായ ജീവിത ബന്ധങ്ങളെ കഥ വെളിച്ചത്തു കൊണ്ടു വരുന്നു. അമേരിക്കയിൽ തങ്ങാൻ വൈമനസ്യം പ്രകടിപ്പിച്ച കുമാരേട്ടൻ രക്ഷപ്പെട്ടു.

അമേരിക്കൻ ജീവിത വിമർശം
കുമാരേട്ടൻ അമേരിക്കയിലെ ജീവിതരീതികളുമായി അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തതിനാൽ തിരിച്ചു പോവുകയാണുണ്ടായത്. അമേരിക്കയിൽ മനുഷ്യരില്ലെന്നും വാഹനങ്ങൾ മാത്രമേയുള്ളൂ എന്നുമുള്ള കുമാരേട്ടൻ്റെ വീക്ഷണം ഒരു അമേരിക്കൻ വിമർശനമാണ്. അമേരിക്ക ഒരു വലിയ വയറാണെന്ന് ഒരു സന്ദർഭത്തിൽ ബാലു ചിന്തിക്കുന്നു.  പുറം ലോകങ്ങളിൽ അറിയപ്പെടുന്ന അമേരിക്കയല്ല, അതിൻ്റെ ഉള്ളിലേക്ക് പ്രവേശിച്ചാൽ അനുഭവപ്പെടുക. പുറമേ നഖങ്ങൾ പ്രത്യക്ഷമാക്കാത്ത, അവ വെട്ടിമുറിച്ചുവെന്ന പ്രതീതി ഉയർത്തുന്ന, എന്നാൽ വളരെ ഗൂഢമായി നഖങ്ങളെ ഉള്ളിൽ താലോലിക്കുന്ന, വേണ്ടി വന്നാൽ അവ പ്രത്യക്ഷമാക്കുന്ന ഷെർലക്കാണ് അമേരിക്കയെന്ന് ഈ കഥ പറയുന്നു. യഥാർത്ഥത്തിൽ അമേരിക്ക ഉള്ളിൽ തേറ്റയുള്ള സുന്ദരിയത്രെ. ഈ ഷെർലക്കിൻ്റെ ആലിംഗനത്തിൽ നിന്നും രക്ഷപ്പെടാൻ വഴിയില്ലാതെ വിതുമ്പുന്ന ബാലുവിൻ്റെ അവസ്ഥ ചൂണ്ടിക്കാട്ടി കഥ അവസാനിക്കുന്നു.

ഇതിലെ നായകനാര്, പ്രതിനായകനാര് എന്ന സന്ദേഹം വായനക്കാർക്കുണ്ടാകും വിധമാണ്  ആഖ്യാനം. അമേരിക്കൻ ജീവിത വിമർശനമെന്ന അജണ്ട കാരണം ഷെർലക്ക് പ്രതിനായകനായി ഭവിക്കുകയാണ്. എന്നാൽ അമേരിക്കൻ ജീവിതത്തിൻ്റെ യാഥാതഥ്യം ബോദ്ധ്യമാകുമ്പോൾ, ഷെർലക്കിൻ്റെ സ്വൈര ജീവിതത്തിൽ വിലങ്ങുതടി സൃഷ്ടിക്കുന്ന ബാലുവാകുന്നു പ്രതിനായകൻ. ഒരേ സന്ദർഭത്തിൽ നായകത്വവും പ്രതിനായകത്വവും ഉള്ളിലേന്തുന്ന കഥാപാത്രങ്ങളാണ് ബാലുവും ഷെർലക്കും.

ഒരു ജന്തുവിലൂടെ ജീവിതവിമർശവും സാമ്രാജ്യത്വത്തിൻ്റെ അധിനിവേശ പരതയും അവതരിപ്പിക്കുന്ന മികച്ച പ്രമേയമുള്ള മലയാള കഥയാണ് ഷെർലക്ക്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ