ആണിനെയും പെണ്ണിനെയും കുറിച്ച്: എം.മുകുന്ദൻ


ആണിനെയും പെണ്ണിനെയും കുറിച്ച്: എം.മുകുന്ദൻ


മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് എം.മുകുന്ദൻ. രചനയുടെ പ്രാരംഭ ഘട്ടത്തിൽ വ്യക്തികളുടെ സ്വത്വ പ്രശ്നങ്ങൾക്ക് വലിയ പരിഗണന അദ്ദേഹം നല്കി. സമൂഹത്തോടുള്ള എഴുത്തുകാരൻ്റെ ഉത്തരവാദിത്തം രേഖപ്പെടുത്തുന്നവയാണ് എം.മുകുന്ദൻ്റെ കഥകൾ. മനുഷ്യൻ്റെ അവകാശങ്ങൾ നിഷേധിക്കുന്ന, അവഗണിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന സാമൂഹിക സന്ദർഭങ്ങൾ കണ്ടെത്തി തൂലികയാൽ പടപൊരുതാൻ സജ്ജനാണ് അദ്ദേഹം.
നാഗരികതയുടെ  പ്രശ്നങ്ങൾ, അസ്തിത്വ വ്യഥയുടെ നീറ്റലുകൾ, അധികാരത്തിൻ്റെ സമസ്യകൾ മുതലായവ അദ്ദേഹത്തിൻ്റെ കഥകളിലെ വിഷയങ്ങളാണ്. മുകുന്ദൻ്റെ കഥകളെ യഥാതഥം, കാല്പനികം, വിഭ്രാമകം എന്നിങ്ങനെ വേർതിരിച്ചു കാണാറുണ്ട്. അതിൽ യഥാതഥം (realistic) എന്ന ഗണത്തിൽ പെടുത്താവുന്ന കഥയാണ് ആണിനെയും പെണ്ണിനെയും കുറിച്ച് എന്നത്.

ആണിനെയും പെണ്ണിനെയും കുറിച്ച് എന്ന കഥ അധികാരപ്രയോഗത്തിൻ്റെ ഭിന്നതലങ്ങളെ അവതരിപ്പിക്കുന്നു. കഥ ആണ്മയും പെണ്മയും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചുളളതാണോ എന്ന വിഷയം ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഡൽഹിയായിരുന്നു മുകുന്ദൻ്റെ പ്രധാന പ്രവർത്തന മണ്ഡലം. അവിടെയിരുന്നു കൊണ്ട് ലോകത്തെ വീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു. 

ഇതിവൃത്തം: ഭാര്യ, ഭർത്താവ്, മകൻ എന്നിങ്ങനെ ഒരു അണുകുടുംബത്തിൽ നടക്കുന്ന സ്വകാര്യ നിമിഷങ്ങളും ഒരു ഓഫീസിൻ്റെ പൊതു അന്തരീക്ഷ സാഹചര്യത്തിലുമാണ് കഥ വികസിക്കുന്നത്. ഭർത്താവിൻ്റെ പേര് ബാലകൃഷ്ണൻ. ഭാര്യ പ്രസന്ന. മകൻ ഉണ്ണി. അവനെക്കുറിച്ച് അല്പ പരാമർശങ്ങൾ മാത്രമേ ഉള്ളൂ. രാവിലെത്തന്നെ ഭാര്യയും ബാലകൃഷ്ണനും തമ്മിൽ വഴക്കിടുന്നു. അത് ഒരു ബെഡ്‌ കോഫിയെ സംബന്ധിച്ചാണ്. ഭാര്യ കോഫി എടുത്തു കൊടുത്തില്ലെന്നതാണ് വിഷയം. അത് സ്വന്തം അഭിമാനത്തിനേറ്റ മുറിവാണ്. ഭാര്യയാണെങ്കിൽ കടുത്ത നിലപാടിലാണ്. വീട്ടിലെ ജോലികൾ മുഴുവനും ചെയ്തു തീർക്കേണ്ടത് അവളാണ്. ഭർത്താവിൻ്റെ കാര്യങ്ങളും മകൻ്റെ കാര്യങ്ങളും നോക്കി കഴിയുമ്പോഴേക്കും സമയം വൈകും. ഓഫീസിലേക്ക് തിരക്ക് പിടിച്ച് ബസ്സിൽ കയറി, മുടിയുടെ നനവ് പറ്റിയ ഇടത്തേക്കുള്ള ആൾക്കാരുടെ നോട്ടത്തെ  അവഗണിച്ച് എത്തുമ്പോഴേക്കും വൈകും. ഈ സങ്കീർണ്ണ സന്ദർഭങ്ങളിൽ ഭർത്താവ് തുണയ്ക്കാറില്ല.
മനസ്സുണ്ടെങ്കിൽ ചായ എടുത്തു കുടിച്ചോ എന്ന പ്രസന്നയുടെ ശാഠ്യം തൻ്റെ പിതാവായ കുട്ടികൃഷ്ണൻ മുതലാളിയെ ഓർമ്മിക്കാനിടയാക്കി.
അമ്മ പറഞ്ഞറിഞ്ഞതാണ്. ഒരിക്കൽ ദേഷ്യം വന്ന അമ്മ ഞാനിവിടെ വലിഞ്ഞുകയറി വന്നതൊന്നുമല്ല, ആട്ടും തുപ്പും സഹിച്ച് കഴിയാനാകില്ലെന്ന് പറഞ്ഞപ്പോൾ അമ്മയുടെ അച്ഛനെയും കൂട്ടി വന്ന് അദ്ദേഹത്തിൻ്റെ കൂടെ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ഈ കഥ പറയെ അമ്മ ഒരു പ്രസ്താവനയും നടത്തി: പെണ്ണിന് ആണിനോട് കളിച്ചാല് എത്തില്ല ബാലേഷ്ണാ!.... ഈ പ്രയോഗം നടപ്പിലാക്കാൻ ബാലകൃഷ്‌ണൻ തീരുമാനിക്കുന്നു. ഭാര്യയെ ഇറക്കി വിടണം. അയാൾ സങ്കല്പത്തിലമർന്നു. നിസ്സഹായനായ പിതാവിൻ്റെ കയ്യിൽ പ്രസന്ന വീഴുന്നു.

പ്രതിഷേധത്തോടെ നാട്ടിലെ കടയിൽ നിന്നും ചായ കുടിച്ച് തിരിച്ച് വന്ന് ഓഫീസിലേക്ക് കൂടുതൽ ഊർജ്ജത്തോടെ പോകാനൊരുങ്ങി. ആപ്പീസിലെത്തുമ്പോൾ, മാഡം അന്വേഷിച്ചിരുന്നെന്ന് ശങ്കരേട്ടൻ പതിവില്ലാത്ത ഗൗരവത്തിൽ പറഞ്ഞു. ബാലകൃഷ്ണൻ തുടർന്ന് അഭിമുഖീകരിച്ചത് സുമ കോശി എന്ന മേലുദ്യോഗസ്ഥയെയാണ്. സുമ കോശി കടുത്ത കോപത്തിലാണ്. ടൂർ കഴിഞ്ഞ് വരുമ്പോൾ ബോംബെ എയർ പോർട്ടിൽ 10 മിനുട് കാത്തു നില്ക്കേണ്ടി വന്നുവെന്നതാണ് പ്രശ്ന കാരണം. യൂ മെസ്ഡ് അപ്പ് മൈ ടൂർ - സുമ ഗർജ്ജിച്ചു. ഇവിടെ ബാലകൃഷ്ണൻ ഉരുകി. അവസാനം സുമ കോശി കുടിച്ചു വച്ച ചായക്കപ്പുമെടുത്ത് വരുമ്പോൾ പ്രസന്ന കുട ചൂടി മുന്നിൽ നില്ക്കുന്നതായി അയാൾക്കു തോന്നി. അപ്പോൾ പാർകിൻസൺ രോഗിയെപ്പോലെ അയാൾ അടിമുടി വിറച്ചു. ഇവിടെ കഥ അവസാനിക്കുന്നു.


കഥയിൽ സാമൂഹ്യ വ്യവസ്ഥിതിയിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റത്തിനനുസൃതമായി മാറി വരുന്ന സ്ത്രീ പുരുഷ ബന്ധങ്ങളെ എം.മുകുന്ദൻ ചിത്രീകരിക്കുന്നു. കഥയിലെ ബാലകൃഷ്ണൻ പരമ്പരാഗത പുരുഷാധിപത്യ ചിന്തയുള്ളവനാണ്. തലമുറ തലമുറയായി കൈമാറി വരുന്നതാണ് ഈ അധീശ ചിന്ത. സ്ത്രിയെ അടിമയായി ഗണിക്കുകയാണ് ഇക്കൂട്ടർ. ബാലകൃഷ്ണൻ്റെ അമ്മ സ്വയമേവ ഇങ്ങനെയൊരു അടിമത്തം സ്വീകരിച്ചെങ്കിലും ബാലകൃഷ്ണൻ്റെ ഭാര്യയായ പ്രസന്ന പ്രതിഷേധിക്കുന്നുണ്ട്.  ഒരു പാട് പുറംപൂച്ചുകളുടെ തടവുകാരനാണ് ബാലകൃഷ്ണൻ. വലിയൊരു കുടുംബത്തിൽ പിറന്നതിൻ്റെയും, ഉദ്യോഗമുള്ളതിൻ്റെയും ആലസ്യം അദ്ദേഹത്തിലുണ്ട്. വലിയ തോതിൽ ഹിപ്പോക്രസി വെച്ചു പുലർത്തുന്ന കഥാപാത്രം കൂടിയാണ് ബാലകൃഷ്ണൻ. തൻ്റെയും തൻ്റെ കുടുംബത്തിൻ്റെയും വീര ശൗര്യങ്ങളിലും പൈതൃകത്തിലും അയാൾ അഭിമാനിതുന്നു. സ്ത്രീകളെ അടക്കിയൊതുക്കാനുള്ള പിതാവിൻ്റെ ശേഷിയിൽ പുളകം കൊള്ളുന്നു. തൊഴിലാളികളോട് സംസാരിക്കാനുള്ള സ്വന്തം താല്പര്യത്തെ വർഗ്ഗ സ്നേ ഹമായി തെറ്റായി സ്വയം വിലയിരുത്തുന്നു. 

പ്രസന്ന അനുസരണയുള്ള ഭാര്യ എന്നതിനപ്പുറം സ്വന്തമായ ഒരിടം കൂടി അവൾ നിർമ്മിച്ചിട്ടുണ്ട്. ഭർത്താവിൻ്റെ അനുവാദത്തിന് കാത്തു നില്ക്കുന്നവളല്ല അവൾ. പരിമിതികളെ ഇച്ഛാശക്തി കൊണ്ട് പിടിച്ചു നിർത്തുന്നവളാണ്. അലസതയും മിഥ്യാബോധവും സ്പർശിച്ചിട്ടില്ലാത്ത, തീരെ കാല്പനികയല്ലാത്ത, പ്രസന്ന ഭർത്താവിൻ്റെ ഓശാരം സ്വീകരിക്കാൻ താല്പര്യം കാട്ടാത്തവളാണ്. അവൾക്ക് സ്വന്തമായ വഴിയുണ്ട്. അതിനെക്കുറിച്ചുള്ള അറിവുമുണ്ട്. എന്നാൽ കുടുംബ ബന്ധങ്ങൾക്കും സാമൂഹിക മൂല്യങ്ങൾക്കും അവൾ വില കല്പിക്കുന്നു.

പ്രസന്നയുടെ സ്വഭാവത്തിന് പൂർണ്ണമായും വിരുദ്ധമാണ് സുമ കോശിയുടെ നില. ക്ഷമയും സഹനവും സ്ത്രീയുടെ ചിഹ്നങ്ങളാണെന്ന പൈതൃകവായനകളെ അവൾ അട്ടിമറിക്കുന്നു. വിദ്യാഭ്യാസവും സ്വാശ്രയത്വവും സ്ത്രീയുടെ വളർച്ചയിലെ നാഴികക്കല്ലുകളാണെന്നും പുരുഷനുള്ള വികാരവിചാരങ്ങളൊക്കെ സ്ത്രീക്കും ആകാമെന്നും സുമ കോശി തെളിയിക്കുന്നു. എന്നാൽ അധികാരത്തിൻ്റെ മായികമായ സുഖാസക്തി അവളുടെ ഞരമ്പുകളെയും ബാധിച്ചിരിക്കുന്നു. അതിന്നാൽ അവളുടെ ആക്രോശം സമതയ്ക്കായി പൊരുതുന്ന സ്ത്രീയുടേതല്ല. ഇവിടെ ചായക്കോപ്പ ഒരു പ്രതീകമാകുന്നു. ഭാര്യയോടുള്ള പ്രതിഷേധമായിരുന്നു  ബാലകൃഷ്ണന് ചായക്കോപ്പയെങ്കിൽ, സുമ കോശിക്ക് അത് അധീശത്വം പ്രകടിപ്പിക്കാനുള്ള ഘടകമാകുന്നു. പക്ഷേ, ബാലകൃഷ്ണൻ എന്ന വ്യക്തിയെ സംബന്ധിച്ച് മാത്രം സുമ കോശിയുടെ പ്രതികരണം നല്ല മറുപടിയാകുന്നു. മറ്റു സന്ദർഭങ്ങളിൽ അത് ധാർഷ്ട്യമാകുന്നു. 

ആണായാലും പെണ്ണായാലും അധികാരത്തിൻ്റെ സീമകളിൽ രണ്ടു കൂട്ടരും ഒന്നു തന്നെ. ബാലകൃഷ്ണൻ കുടുംബത്തിൽ അധികാരം പ്രകടമാക്കുന്നു. സുമ കോശി സ്ഥാപനത്തിലും. സമൂഹത്തിൻ്റെയും സ്ഥാപനത്തിൻ്റെയും നിലനില്പ് സമാധാനപരമായ സഹവർത്തിത്വത്തിലും സഹിഷ്ണുതയിലുമാണെന്ന് "ആണിനെയും പെണ്ണിനെയും കുറിച്ച് എന്ന കഥയിൽ എം.മുകുന്ദൻ സ്ഥാപിക്കുന്നു.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ