ഒരു കാലമുണ്ടായിരുന്നു: അയ്യപ്പപ്പണിക്കർ - കുറിപ്പ്



മലയാളിയുടെ കാവ്യഭാവുകത്വത്തിൽ വലിയ പരിവർത്തനം ഉളവാക്കിയ സാഹിത്യകാരനാണ് അയ്യപ്പപ്പണിക്കർ. കുരുക്ഷേത്രം എന്ന അദ്ദേഹത്തിൻ്റെ കവിതയാണ് പുതിയൊരു സാഹിത്യദർശനം അവതരിപ്പിച്ചത്. ആധുനികത എന്ന സാഹിത്യ പ്രസ്ഥാനം മുഖേന പുതിയ കാവ്യ വീക്ഷണങ്ങൾക്ക് വഴി തെളിഞ്ഞു. ജീവിത പ്രശ്നങ്ങളെ മനുഷ്യൻ്റെ അസ്തിത്വവുമായി ബന്ധപ്പെടുത്തിയുള്ള നൂതന ചിന്തയാണ് അദ്ദേഹം ആവിഷ്കരിച്ചത്. ചങ്ങമ്പുഴയുടെ ചുവടുപിടിച്ചുള്ള കാവ്യസരണിയിൽ നിന്നും അസ്തിത്വവ്യഥയുടെ കാല്പനികേതരമായ പാതയിലേക്കുള്ള ചുവടുമാറ്റമായിരുന്നു അത്. ആധുനികതയിൽ നിന്നും ഉത്തരാധുനികതയിലേക്കുള്ള പരിവർത്തനവും അയ്യപ്പപ്പണിക്കർ കാലേക്കൂട്ടി മനസ്സിലാക്കി. ധനാസക്തിയിലും ഛിദ്രവാസനകളിലും കുടുങ്ങിയ സമൂഹത്തെ സാമൂഹികമൂല്യങ്ങളുടെ വക്താവാക്കാൻ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു. അതിനായി പാരഡിക്കവിതകളും ഗദ്യകവിതകളും നിരവധിയെഴുതി. കവി, നിരൂപകൻ, വിമർശകൻ, അക്കാദമിക പണ്ഡിതൻ എന്നീ നിലകളിലൊക്കെ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

സാമൂഹ്യ വിമർശനമടങ്ങുന്ന അദ്ദേഹത്തിൻ്റെ കവിതയാണ് ,'ഒരു കാലമുണ്ടായിരുന്നു, ' പുതിയ കാലം വളരെ ധന്യമാണെന്നും പഴയ കാലഘട്ടത്തിൽ നിരവധി മട്ടിലുള്ള ഹിംസകൾ അരങ്ങേറിയിരുന്നുവെന്നും വിശ്വസിക്കുന്ന ഒരു ഗുരു ശിഷ്യനിൽ നിർവഹിക്കുന്ന അറിവുൽപാദനത്തിൻ്റെ രീതിയിലാണ് കവിത ആഖ്യാനം ചെയ്തിരിക്കുന്നത്.  ആദ്യഖണ്ഡത്തിൽ തന്നെ ജാതിവ്യവസ്ഥിതിയെ വിമർശവിധേയമാക്കുന്നു. പെരുവഴിയിലുടെ നടക്കാൻ പറ്റാത്ത ഒരു കാലമുണ്ടായിരുന്നു. നീ വിശ്വസിക്കുമോ? തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന കാലം. അധ:കൃതർക്ക് പെരുവഴി (പൊതു വീഥി) ഉപയോഗിക്കാൻ സാധിക്കാത്ത കാലം. ഇന്ന് ശാസ്ത്രവും സാങ്കേതിക വിദ്യയും മാനവിക ശാസ്ത്രവും ഒക്കെ ഏറെ വളർന്നിരിക്കുന്നു. അത്തരം ഭേദചിന്തയ്ക് ഈ കാലഘട്ടത്തിൽ സ്ഥാനമില്ലെന്ന വാദമാണ് ഗുരു ഉന്നയിക്കുന്നത്.

പഴയ സാമ്രാജ്യത്വ ഭരണകൂട നയങ്ങളെ ഗുരു ഓർമ്മിപ്പിക്കുന്നു. ഭരണകൂടങ്ങൾക്ക് ഭരിക്കുന്നവരോട് ഉത്തരവാദിത്വം വേണമെന്ന് പറഞ്ഞാൽ കാരാഗൃഹത്തിലടക്കുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് പറഞ്ഞു കൊണ്ട് പ്രസ്തുത കാലത്തെ ഓർമ്മിപ്പിക്കുന്നു. ഇങ്ങനെയൊരു കാലമുണ്ടായിരുന്നുവെന്നു പറഞ്ഞാൽ നീ വിശ്വസിക്കുമോ? ഇതാണ് ഗുരുവിൻ്റെ ചോദ്യം. സാമ്പ്രദായിക ചിന്താഗതിയുടെ വക്താവാണ് ഗുരു എന്ന് ഒരേ മട്ടിൽ ആവർത്തിക്കപ്പെടുന്ന ചോദ്യം വ്യക്തമാക്കുന്നു. ജനാധിപത്യവും സോഷ്യലിസവും മതനിരപേക്ഷതയും മുഖമുദ്രയായ ആധുനിക ഭാരതത്തിൽ എല്ലാം സുന്ദരമാണെന്ന കാഴ്ചപ്പാടിൽ ഉറച്ചു നില്ക്കുന്നു ഗുരു.

അധികാരസ്ഥാനങ്ങളിൽ അഴിമതിയുണ്ടെന്ന് തോന്നുന്നു എന്നു പറഞ്ഞാൽ നാടുകടത്തുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇത് നീ വിശ്വസിക്കുമോ? ഇവിടെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പോലുള്ള ധീര ദേശാഭിമാനികളെ ഓർമ്മ വരുന്നു. തിരുവിതാംകൂർ ദിവാൻ പി.രാജഗോപാലാചാരിക്കെതിരെ വിമർശനം ഉന്നയിച്ചതിനാൽ അദ്ദേഹം നാടുകടത്തപ്പെട്ടു (1910). അൻഡമാൻ നിക്കോബാർ ദ്വീപിലെ സെല്ലുലാർ ജയിൽ (കാലാപാനി) ശബ്ദിക്കുന്നവരെ തുറുങ്കിലടക്കാനുള്ള ഭീകര സംവിധാനമായിരുന്നു.

ഉന്നതന്മാർക്കിടയിൽ സദാചാര ഭ്രംശമുണ്ടെന്നു ഉറക്കെപ്പറഞ്ഞാൽ വേട്ടയാടപ്പെടുന്ന ഒരു കാലമുണ്ടായിരുന്നു. അതു പറഞ്ഞാൽ നീ വിശ്വസിക്കുമോ? കാപട്യവും സദാചാരഭ്രംശവും അഴിമതിയും അരാജകത്വവും ഭരണാധികാരികളുടെ പൊതു സ്വഭാവമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എതിരായി ശബ്ദിക്കുന്നവരുടെ നാവരിയുന്ന സാഹചര്യം. ഇവിടെയും പഴയ ചോദ്യം ഗുരു ആവർത്തിക്കുന്നു. മോഷ്ടാക്കളും അഴിമതിക്കാരും പൊതു സ്വത്ത് കയ്യടക്കുന്നവരും അഭിമാനം വിറ്റ് കാശാക്കുന്നവരും സൗന്ദര്യം കച്ചവടവത്കരിക്കുന്നവരും രാജ്യത്തെ കീഴടക്കിയ കാലമുണ്ടായിരുന്നുവെന്ന് ഗുരു കൂട്ടിച്ചേർക്കുന്നു. അപ്പോഴാണ് ശിഷ്യൻ്റെ വിസ്ഫോടനാത്മകമായ മറുപടി വന്നത്:

ആ കാലം മുഴുവൻ പോയ് മറഞ്ഞിട്ടില്ല
 എന്നു പറഞ്ഞാൽ 
അങ്ങ് വിശ്വസിക്കുമോ ഗുരോ?

കാലത്തെ മനസ്സിലാക്കി, ചരിത്രബോധത്തെ സ്വാംശീകരിച്ച്, മാനവികതയെ സ്പർശിച്ചാണ് ശിഷ്യൻ്റ മറുപടി. ഗുരുവിൻ്റെ ചരിത്രബോധം വെറും മിഥ്യാധിഷ്ഠിതമാണ്‌. അതിന് പ്രായോഗികതലമില്ല.
അതിനാൽ ശിഷ്യൻ അത് തളളിക്കളയുന്നു. ആധുനിക ലോകം സുരക്ഷിതമല്ല. ജാതീയതയും മതസ്പർദ്ധതയും അഴിമതിയും ഭരണകൂട വിരുദ്ധതയാരോപിച്ചുള്ള പീഡനങ്ങളും മർദ്ദനങ്ങളും ഒക്കെ ഇക്കാലഘട്ടത്തിലും സജീവമാണ്.  ഇന്നിൻ്റെ കടുത്ത യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുന്നവനാണ് ശിഷ്യൻ. സാമൂഹിക പ്രതിബദ്ധതയുടെ ഉദാത്ത മാതൃകയാണ് ഈ കവിത.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ