കുട ചൂടി മറഞ്ഞവൾ (എസ്.ജോസഫ്) - കുറിപ്പ്



ഹൃദയാവർജ്ജകമായ ഒരു ഭാഷ കൈമുതലാക്കിയ എഴുത്തുകാരനാണ് എസ്.ജോസഫ്. തൻ്റെ കവിതകളിൽ പുതഞ്ഞു കിടക്കുന്ന ആർദ്രതയാണ് കുട ചൂടി മറഞ്ഞവൾ എന്ന കവിതയെയും ആകർഷകമാക്കുന്നത്. ഗ്രാമീണ ചിത്രങ്ങളെ കാവ്യ ഭാഷയിൽ മൂർത്തതയോടെ അദ്ദേഹം അവതരിപ്പിക്കുന്നു. ജീവിതത്തിൻ്റെ ആഖ്യാനമെന്ന നിലയിൽ അദ്ദേഹം അവതരിപ്പിക്കുന്ന വാങ്മയ ചിത്രങ്ങൾക്ക് ഏറെ പ്രാധാന്യം ഉണ്ട്.

കുട ചൂടി മറഞ്ഞവൾ എന്ന കവിതയിൽ തൻ്റെ ആദ്യകാല കവിതകളിൽ കൂട്ടായിരുന്ന ഒരു പെൺകുട്ടിയെ അദ്ദേഹം ഓർക്കുന്നു. അന്നത്തെ കവിതകൾ തൻ്റെ പ്രണയഭാജനമായിരുന്ന അവൾക്ക് വായിക്കാൻ വേണ്ടിയായിരുന്നു.

കവിതയിൽ കൊന്നപ്പൂക്കൾ പ്രണയത്തിൻ്റെയും വിശ്വാസത്തിൻ്റെയും പ്രതീകങ്ങളായി മാറുന്നുണ്ട്. ഏപ്രിൽ മാസത്തിൽ കൊന്നപ്പൂക്കൾ നിറഞ്ഞു നില്ക്കുന്ന വേളയിൽ തൻ്റെ പതിനാറാം വയസ്സിൽ എടുപ്പിച്ച ഒരു ഫോട്ടോ കവിക്ക് നല്കി കുട ചൂടി അവൾ മറഞ്ഞു. (നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പരകീയ പദങ്ങളെ അതേ രൂപത്തിൽ കവി പ്രയോഗിക്കുന്നു).

കവി അവളുടെ ചില പ്രത്യേകതകൾ ശ്രദ്ധിച്ചിട്ടുണ്ട്. വലിയ കണ്ണുകളും, ചെറിയ കറുപ്പും, സ്വയം ഒതുങ്ങിക്കൂടുകയും ചെയ്യുന്ന ( തന്നിൽത്തന്നെ മറയുന്ന ), അവളുടെ മാത്രമായ ഫോട്ടോ. ആർക്കുമേ സ്വന്തമല്ലാത്ത പെൺകുട്ടിയുടെ ഫോട്ടോ' യെന്നാണ് കവി വിശേഷിപ്പിച്ചിരിയ്ക്കുന്നത്‌. തനിക്കും അവൾ സ്വന്തമായിട്ടില്ലെന്ന നിരാശാ തലം ഇവിടെ പ്രദാനം ചെയ്യുന്നു.

ആ ഫോട്ടോയും എങ്ങോ കളഞ്ഞു പോയ്. എല്ലാ വർഷവും ഏപ്രിൽ ആഗതമാകുമ്പോൾ അവളെയാണ് കാണുന്നത്. കൊന്നപ്പൂക്കളിൽ അവളുണ്ട്. അങ്ങനെ അവളുടെ തെക്കൻ നാട്ടിലെത്തി. അവൾ പറഞ്ഞു കൊടുത്ത വഴി വാക്കുകളിൽ അവളുണ്ടായിരുന്നു. കൊന്ന കൃഷിയുള്ള പാടത്തു കൂടി നടക്കുമ്പോൾ അവൾ കൂടെയുണ്ടെന്ന പ്രതീതിയുണ്ടായിരുന്നു. അഥവാ അവൾ കൂടെത്തന്നെയുണ്ടായിരുന്നു. തോട്ടു കൈതയുടെ ഇല കൊണ്ട് ദേഹം മുറിയുമ്പോഴാണ് യാഥാർത്ഥ്യത്തിലേക്ക് പലപ്പോഴും പ്രവേശിക്കുന്നത്.

അവളുടെ വീട്ടിലെത്തി. കൊന്നമരം കണ്ടു. ഒരു തൈ പൊതിഞ്ഞു വച്ചു. എന്നാൽ അതും മറന്ന് പോന്നു. ആദ്യകാലത്തെ കവിതകൾ വീട്ടിലിരിപ്പുണ്ട്. അതിലേക്ക് മൂന്ന് - നാല് വരികൾ കൂട്ടിച്ചേർത്തു: വെയിലും ഉണ്ടായിരുന്നില്ല; മഴയും. പിന്നെ എന്തിനാണവൾ കുട ചൂടി മറഞ്ഞു പോയത് ?

സ്ത്രീയുടെ പ്രതിനിധാനങ്ങൾ പുരുഷന് സന്ദേഹമുളവാക്കുന്നവയായിരിക്കും. ഇവിടത്തെ പെൺകുട്ടിയോടുള്ള അകളങ്കമായ സ്നേഹവും ആഭിമുഖ്യവും കവി കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിലും, അവളെ സ്വന്തമാക്കാൻ അയാൾ ശ്രമിക്കുന്നില്ല. കുട ഒരു പരമ പ്രധാനമായ ബിംബമായി കവിതയിൽ രൂപപ്പെടുന്നു. കുട ചൂടി മറഞ്ഞവൾ എന്നാണ് കവിതാ ശീർഷകം. കവിക്ക് ഒരു ഫോട്ടോ നല്കി മറഞ്ഞ പെൺകുട്ടി പ്രകൃതി വിലാസങ്ങളുടെ പ്രതീകമാകാം. ഹരിത പടകഞ്ചുകം കുടയാകാം. നഷ്ടമായ വിലാസ ഭംഗിയാകാം, അവളുടെ തിരോധാനം.  

മഴയും വെയിലും ഉണ്ടായിരുന്നില്ലെങ്കിലും അവൾ എന്തിന് കുട ചൂടി മറഞ്ഞു പോയ് എന്ന് കവി സംശയിക്കുന്നു. കുട മഴയെയും വെയിലിനെയും ചെറുക്കാനാണല്ലോ. കുട ചൂടാനുള്ള സാഹചര്യമുണ്ടായിരുന്നില്ലെങ്കിലും അവൾ കുട ചൂടി മറയുന്നു. കൊന്നപ്പൂക്കൾ വിടരുന്നു, അല്പദിനങ്ങൾ ക്കുള്ളിൽ കൊഴിയുന്നു. കവിയുടെ നിസ്സഹായതയും നിഷ്കളങ്കമായ സംശയവും വ്യക്തമാണ്. കുട ചൂടുക ശീലത്തിൻ്റെ ഭാഗമാകാം. കുട ചൂടി തിരോഭവിക്കുന്നത് കവിയുടെ ചഞ്ചലമായ കാവ്യ സമീപനവുമാകാം.

ഇപ്പോഴും പുരുഷാധികാരത്തിനുള്ളിൽ ഒതുങ്ങി, പൊതു ഇടങ്ങളിൽ പ്രത്യക്ഷമാകാതെ തിരോധാനം ചെയ്യുന്ന പെൺകുട്ടികളെയും ഈ കവിത ആവിഷ്കരിക്കുന്നുവെന്ന് പറയാം. കുട പുരുഷനെ അഭയകേന്ദ്രമാക്കുന്ന പതിവ് രീതിയെ സൂചിപ്പിക്കുന്നു. ഇതൊരു അതി വായനയാകാം. എങ്കിലും ചിന്തയുടെ നാനാ തലങ്ങളിലേക്ക് വായനക്കാരനെ തെറ്റി നയിക്കുന്ന/ അയാളെ തെറ്റായി കൂട്ടി നടക്കുന്ന ഉത്തരാധുനിക കവിതയുടെ പ്രവണത ഈ കവിതയും തുടരുന്നു. ലളിതമെങ്കിലും അത് ദുർവ്യാഖ്യേയമാകുന്നു.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ