മാൻമാർക്ക് കുട (പി.പി.രാമചന്ദ്രൻ) - കുറിപ്പ്




സമകാലിക സാഹിത്യത്തിൽ ശ്രദ്ധേയനായ കവിയാണ് പി.പി.രാമചന്ദ്രൻ. സമൂഹത്തിൽ നടമാടുന്ന അനീതികൾക്കെതിരെയും പരിസ്ഥിതിമലിനീകരണത്തിനെതിരെയും അരാജക പ്രവണതകൾക്കെതിരെയും സമൂഹ മനസ്സാക്ഷിയെ അദ്ദേഹം ഉണർത്തുന്നു, ബോധവൽക്കരിക്കുന്നു.

മാൻമാർക്ക് കുട ബൃഹത്തായ ഒരാശയത്തെ പ്രതിനിധീകരിക്കുന്നു. മാൻമാർക്ക് കുട എന്നത് മലയാളത്തിൽ ഒരു പ്രയോഗമായിത്തീർന്നിരിക്കുന്നു. ഈ പദങ്ങൾ മലയാളിയുടെ ശ്രദ്ധയിൽ പെടുന്നത് വി.ടി.ഭട്ടതിരിപ്പാടിൻ്റെ ആത്മകഥയായ കണ്ണീരും കിനാവിലൂടെയുമാണ്. നമ്പൂതിരി സമൂഹത്തെ പരിഷ്കരിക്കാൻ വ്യഗ്രതയോടെ രംഗത്തു വന്ന വി.ടി. അന്നത്തെ നമ്പൂതിരി സമൂഹത്തിൻ്റെ ശോച്യാവസ്ഥ വ്യക്തമാക്കുന്നു. നമ്പൂതിരി സ്ത്രീകൾ ഒരടിമത്തമായിരുന്നു അനുഭവിച്ചു വന്നത്. 'വെക്കുക, വിളമ്പുക, പ്രസവിക്കുക ' എന്ന ത്രിപദങ്ങളിൽ അവരുടെ കഷ്ടാവസ്ഥ വി.ടി. ആലേഖനം ചെയ്യുന്നു. എന്നാൽ നമ്പൂതിരിമാരുടെ ജോലിയോ? 'ഉണ്ണുക, ഉറങ്ങുക, പ്രസവിപ്പിക്കുക '. വിദ്യാഭ്യാസവും അന്യരുമായുള്ള കൂടിക്കാഴ്ചയും അന്തർജ്ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടിരുന്നു. പുറത്തിറങ്ങാൻ, ക്ഷേത്രത്തിലേക്ക് പോകാൻ ഒക്കെ പരസഹായം തേടണം. കയ്യിൽ സ്വന്തം മുഖം മറക്കുന്ന മറക്കുടയേന്തണം. മുന്നിൽ നായർ സമുദായത്തിലുള്ള ദാസിയോ കാര്യസ്ഥനോ വഴിയാട്ടണം. ഇതിനേക്കാളൊക്കെ ദുരിതമയമായത് വിവാഹമാണ്. സമുദായ നിയമ പ്രകാരം അന്ന് മൂത്തയാൾക്കു മാത്രമേ സ്വന്തം സമുദായത്തിൽ നിന്നും വേളി പാടുള്ളൂ. ഇതു കാരണം മൂത്ത നമ്പൂരാർ നിരവധി വിവാഹങ്ങൾ ചെയ്യുന്നു.  എന്നാൽ വിവാഹം ചെയ്തു കൊണ്ടുവരുന്ന ബാലികമാരോട് നീതി പുലർത്താനോ വൈവാഹിക ബന്ധങ്ങൾ സുദൃഢമാക്കാനോ സാധിക്കുന്നില്ല. നമ്പൂരാരുടെ കാലശേഷം അദ്ദേഹത്തിൻ്റെ വേളികൾ അനാഥകളായി തല മുണ്ഡനം ചെയ്ത് ബാഹ്യ സംസർഗ്ഗം നിഷേധിക്കപ്പെട്ട് ഇല്ലത്തിൽ ആളൊഴിഞ്ഞ കോണിൽ കഴിയേണ്ടി വരുന്നു. ഇത്തരം അന്യായങ്ങൾക്കെതിരെ പോരാടാൻ വി.ടി.യും യോഗക്ഷേമസഭയും ഉറച്ചു. ഉണ്ണി നമ്പൂതിരി എന്ന മാസിക പുരോഗമന ആശയങ്ങളുടെ വാഹകമായി. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചു. നമ്പൂതിരിയെ മനുഷ്യനാക്കുകയെന്നത് മുഖ്യഅജണ്ടയായി.
എം.ആർ.ഭട്ടതിരിപ്പാട് മറക്കുടക്കുള്ളിലെ മഹാനരകം എന്ന കൃതി (നാടകം)രചിച്ചു. നമ്പൂതിരി സമൂഹത്തിൻ്റെ അന്തരാളങ്ങൾ സുരക്ഷിതമല്ലെന്ന ബോദ്ധ്യം സമൂഹത്തിലുണ്ടായി.

വി.ടി.യെ അക്ഷരം പഠിപ്പിച്ചത് ഒരു അമ്പലവാസി പെൺകുട്ടിയായിരുന്നു. അവളുടെ ശിഷ്യത്വത്തിൽ അക്ഷരമെന്ന അഗ്നിയുടെ കരുത്ത് വി.ടി. തിരിച്ചറിഞ്ഞു. തിടപ്പള്ളിയിൽ ശർക്കര പൊതിഞ്ഞു വന്ന കടലാസെടുത്ത് വായിക്കാനൊരു ശ്രമം നടത്തി. മെല്ലെ അക്ഷരങ്ങൾ അടുക്കി നോക്കി. അപ്രകാരം വി.ടി. വായിച്ച ആദ്യ പദമാണ് മാൻ മാർക്ക് കുട. അക്ഷരങ്ങൾ കൂട്ടി സൃഷ്ടിച്ചെടുക്കുന്ന അറിവ് അപാരമായ അഗ്നിയാണെന്ന് വി.ടി.തിരിച്ചറിഞ്ഞു. ഇവിടെ വി.ടി.ക്ക് ബോധോദയം നല്കിയ പദമാകുന്നു മാൻമാർക്ക് കുട. 

ഈ സാഹചര്യത്തിലാണ് പി.പി.രാമചന്ദ്രൻ്റെ കവിത പ്രസക്തമാകുന്നത്. മറക്കുടക്കുള്ളിലെ ഇരുട്ട് നീക്കാൻ വന്ന കറുത്ത പൂജാരിയായാണ് കവി വി.ടി.യെ വിഭാവനം ചെയ്യുന്നത്. ഇരുട്ട് അകറ്റാൻ വന്ന കറുത്ത പൂജാരി. സ്വന്തം സമുദായത്തിലെ ഇരുട്ടകറ്റാൻ അദ്ധ്വാനിക്കുന്നവൻ. അദ്ധ്വാനിക്കുന്നവൻ്റെ നിറമായ കറുപ്പും വി.ടി.യുടെ കറുത്ത നിറവും പരസ്പരം ചേരും. മറക്കുടയെന്നത് അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ആവാഹിച്ച ഉപകരണമാണ്. വെറും കുട എന്ന നിലയ്ക്കല്ല അതിൻ്റെ സ്വഭാവം വ്യക്തമാകുന്നത്.

ശാന്തി കഴിഞ്ഞിറങ്ങെ തൻ്റെ നരച്ച കുട വി.ടി. തിടപ്പളളിക്കുളളിലെ ഇരുണ്ട മൂലയിൽ, മറന്നു വെച്ചു. നമുക്ക് അത് കണ്ടെത്താൻ കഴിയുമായിരുന്നു. കാരണം, അത് ഒരു രഹസ്യമായിരുന്നില്ല. ദീർഘകാലമായി വെല്ലം പൊതിഞ്ഞ കടലാസിൽ അതുണ്ടായിരുന്നു. എന്നാൽ അതു കണ്ടെത്താനുള്ള നിരീക്ഷണ പാടവവും അതുൾക്കൊള്ളാനുള്ള വിശാലതയും  നമ്മിൽ നിന്നും അകന്നുപോയിരിക്കുന്നു. വി.ടി.യുടെ ആ കുടയോട് ഒരു അകല്ച്ചയോ പുച്ഛമോ നാം പുതിയ കാലഘട്ടത്തിൽ കാത്തുവെക്കുന്നു.

നരച്ച കുടയാണെങ്കിലും നിരവധി പ്രത്യേകതകൾ അതിന്നുണ്ടായിരുന്നു. കുട തുറന്നാൽ നമുക്ക് കണ്ടെത്താൻ കഴിയും - വിചിത്രമായ ലിപി കണക്ക് വിരാജിക്കുന്ന നക്ഷത്രത്തുളകൾ. അതിൻ്റെ നടുവിൽ ഒരു മാനും, നിറനിലാവൊഴുക്കുന്ന ചന്ദ്രനും. കുടയിലെ നക്ഷത്രത്തുളകൾ ബാഹ്യലോക വീക്ഷണവുമായി ബന്ധപ്പെട്ടതാകുന്നു. പ്രപഞ്ച വീക്ഷണത്തിനുപകരിക്കുന്ന തുളകൾ. ഈ ലോകവുമായി നമ്മെ ബന്ധപ്പെടാൻ ഉപകരിക്കുന്നവ.

എന്നാൽ ആധുനിക ലോകത്തിന് ഇത്തരം കുടകൾ ആവശ്യമില്ല. സങ്കുചിതത്വത്തിൻ്റെ തുരുത്തുകളാണ് നാം നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. അതിനാൽ വി.ടി.യെയും അദ്ദേഹത്തിൻ്റെ മാൻമാർക്ക് കുടയേയും നാം അവഗണിച്ചു. വെളിച്ചത്തെ നിഷേധിക്കുകയോ മറക്കുകയോ ചെയ്യുന്ന കുടകളിൽ മാത്രമാണ് പുതിയ തലമുറ അഭിരമിക്കുന്നത്- പുതിയ കുടയുടെ മുദ്ര ഇരയ്ക്കു നേരെ ചാടുന്ന സിംഹമാണ്. നന്മയല്ല, തിന്മയാണ് ഇന്നിനെ ഗ്രസിക്കുന്നത് എന്നർത്ഥം. ഈ  കവിതയിലൂടെ നവോത്ഥാനത്തിൻ്റെ പടിയിറങ്ങിയ നവസമൂഹത്തിൽ പെരുകുന്ന ആസുരതയിലേക്കാണ് കവി വിരൽ ചൂണ്ടുന്നത്. നവോത്ഥാന നന്മകളാകുന്നു മാൻമാർക്ക് കുട എന്ന പ്രതീകത്തിൻ്റെ പൊരുൾ.

ഗണേശൻ.വി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി