ചവിട്ടുനാടകം: തട്ടും കഥാപാത്രങ്ങളും
സെബീനാ റാഫി ചവിട്ടുനാടകത്തിൻ്റെ ചരിത്രവും സവിശേഷതകളും ചവിട്ടുനാടകമെന്ന കൃതിയിൽ വിശകലനം ചെയ്യുന്നു. വളരെ പുരാതനമായ ഈ കലയെക്കുറിച്ച് വിപുലമായ വിവരങ്ങൾ പ്രദാനം ചെയ്യാൻ പ്രസ്തുതകൃതി ഉപകരിക്കുന്നു.
നാടകത്തട്ട് - stage
തുറന്ന സ്റ്റേജിലാണ് ചവിട്ടുനാടകം കളിക്കുന്നത്. വീതികുറഞ്ഞ, എന്നാൽ നീളം കൂടിയ തട്ടായിരിക്കും. ചവിട്ടിയാൽ ചെണ്ടപ്പുറം പോലെ ശബ്ദം കേൾക്കണം. അതിനായി പലക നിരത്തിയടിച്ചാണ് സ്റ്റേജുണ്ടാക്കുക. 30/40 നടന്മാരെ ഒരേ സമയം ഉൾക്കൊള്ളാനാകണം. ഈ കാലഘട്ടത്തിൽ സ്റ്റേജിൻ്റെ വലുപ്പവും കഥാപാത്രങ്ങളുടെ എണ്ണവും ചുരുക്കിയിരിക്കുന്നു. സ്റ്റേജിൻ്റെ രണ്ടറ്റത്തും മേടകൾ നിർമ്മിക്കും. രാജാക്കന്മാർക്ക് പരിവാരസമേതം വിശ്രമിക്കാനുള്ള സങ്കേതങ്ങളാണിവ. പ്രത്യേക കോണികൾ മേടയിലേക്ക് കളിത്തട്ടിൽ നിന്നുമുണ്ടാക്കും. ആശാനും മേളക്കാരും പിന്നണിക്കാരുമൊക്കെ പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിൽ തട്ടിൽ നിൽപ്പുണ്ടാകും. നാടകത്തട്ടിൻ്റെ രണ്ടറ്റത്തുമുള്ള കർട്ടൻ സ്വമേധയാ നീക്കിയാണ് നടന്മാർ രംഗപ്രവേശം നടത്തുകയും പോവുകയും ചെയ്യുന്നത്. ഒന്നാം കേളി പെരുക്കുമ്പോൾ നടന്മാർ വേഷമിടാൻ തുടങ്ങും. ഉദ്ഘാടകൻ ആശാൻ തന്നെ. വളരെ ആഘോഷത്തോടെയാണ് ഉടുപ്പണിയിക്കൽ കർമ്മം നടത്തുന്നത്.
നാടകം അരങ്ങേറുന്നതിനു മുന്നെ രണ്ടു മൂന്നു മണിക്കൂർ ദൈർഘ്യമുള്ള, പിന്നണിഗായക സംഘത്തിൻ്റെ ഒരു ഗാനമേളയുമുണ്ട്. അതിന് വിരുത്തംമൂളൽ എന്നു പറയും. നാടകം തടസ്സമില്ലാതെ നടക്കുന്നതിനായുള്ള, താളലയങ്ങളാൽ മിളിതമായ പ്രാർത്ഥനാഗാനമാണിത്.
കട്ടിയക്കാരൻ വേഷം
കട്ടിയക്കാരൻ എന്നാൽ വിദൂഷകൻ. കൂടിയാട്ടത്തിലെ വിദൂഷകൻ്റെ തനിപ്പകർപ്പ് എന്നു പറയാം. സദസ്സിനെ വിനോദിപ്പിക്കുകയാണ് ധർമ്മം. സെബീനാ റാഫി വിവരിക്കുന്നു: “കട്ടിയക്കാരൻ്റെ സ്ഥായിയായ രസം ഹാസ്യം തന്നെ. വെൺചാമരത്താടിയും മീശയും ധരിച്ച്, രണ്ടുനിര കവടിപ്പല്ലുകൾ പുറമേ ചെവിക്കുറ്റിവരെ നിരത്തി വെച്ചു കെട്ടി, തലയിൽ പൊടിപ്പും തൊങ്ങലുമുള്ള വലിയ കൂമ്പൻ തൊപ്പിയും ധരിച്ച്, കുപ്പായത്തിനുള്ളിൽ കൈയിൽ കിട്ടിയതൊക്കെ കുത്തിത്തിരുകി, ‘ഹിമാലയൻ’ വയറുമായിട്ടുള്ള മൂപ്പരുടെ പുറപ്പാട് കാണികളെ ചിരിപ്പിക്കാതിരിക്കില്ല.” കട്ടിയക്കാരൻ്റെ പ്രകൃതവും വേഷവിധാനങ്ങളും വിവരിക്കുകയാണിവിടെ. എന്നാൽ കാലം അതിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.
സംഘർഷവും സംഭ്രമവും നിറഞ്ഞ രംഗങ്ങൾക്കിടയിൽ കട്ടിയക്കാരൻ്റെ പ്രവേശനം കാണികൾക്കൊരാശ്വാസമാകുന്നു. നല്ല നർമ്മബോധവും പ്രതിഭയും കട്ടിയക്കാരന് അനിവാര്യമാണ്. നാടകത്തിലെ ചുവടുകളും ഗീതങ്ങളും പഠിച്ചിരിക്കണം. ആശാൻ ആവശ്യപ്പെടുന്നതു ചെയ്യാൻ അയാൾ നിർബന്ധിതനാണ്. ഏതു ഗാനവും അനുകരിച്ചു ചൊല്ലുവാൻ സാധിക്കണം. ഇക്കാലത്ത് വിദൂഷകസാമർത്ഥ്യവും അപ്രസക്തമായിത്തീർന്നിരിക്കുന്നു. കട്ടിയക്കാരൻ സർവതന്ത്രസ്വതന്ത്രനാണ്. ഏതു രംഗത്തും എപ്പോഴും അയാൾക്കു പ്രവേശിക്കാം. രാജാവിന് പ്രിയപ്പെട്ടവനാണയാൾ. തോഴൻ എന്നാണ് രാജാവ് വിളിക്കാറ്. നാടകവേദിയിൽ ഒരു സഹായി കൂടിയാണ് കട്ടിയക്കാരൻ. തട്ടിൽ വീണ സാമഗ്രികൾ എടുക്കാനും മരിച്ചു വീഴുന്ന ഭടന്മാരെ വലിച്ചിഴച്ച് മാറ്റാനുമൊക്കെ ആ കഥാപാത്രം ഉപകരിക്കുന്നു. തമിഴിലുള്ള നാടകത്തിന് കമൻ്ററി പറയേണ്ടതും വിദൂഷകനാണ്.
സ്തുതിയോഗർ:
വിരുത്തംമൂളൽ കഴിഞ്ഞ്, പ്രവേശിക്കുന്നവരാണ് സ്തുതിയോഗർ അഥവാ ബാലാപ്പാർട്ടുകാർ. ചവിട്ടുനാടകത്തിലെ സൂത്രധാരന്മാരാണിവർ. പന്ത്രണ്ട് വയസ്സോളം പോന്ന രണ്ടു ബാലന്മാരാണ് ഈ ഭാഗം അഭിനയിക്കുന്നത്. അവർ ആശാനെയും ചുവടിയെയും നമസ്‌കരിച്ച് ദക്ഷിണവെക്കുന്നു. സ്റ്റേജിൽ ആദ്യമായി കയറുന്ന ഓരോ നടനും ദക്ഷിണ വെക്കണം. കളരിയാശാനും ഉടുപ്പു പണിത ആശാനും. ഉടുപ്പുപണിത ആശാനെ കട്ടിയക്കാരൻ ഉറക്കെ തട്ടിലേക്ക് ക്ഷണിക്കുന്നു. നടനിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു. ദക്ഷിണ കഴിഞ്ഞ് ബാലാപ്പാർട്ടുകാർ പ്രധാന ചുവടുകളും കവിത്തവും പ്രകടിപ്പിച്ച് അന്ന് കളിക്കുന്ന കഥ ചുരുക്കിപ്പറഞ്ഞ് പിൻവാങ്ങുന്നു.
തോടയപ്പെൺകൾ
തോടയാട്ടക്കാർ സ്ത്രീ വേഷക്കാരാണ്. പുരുഷന്മാർ തന്നെയാണ് സ്ത്രീവേഷം അണിയാറ്. മോഹിനിയാട്ടത്തോടാണ് ഇവരുടെ ആട്ടത്തിന് സാദൃശ്യം.
ദർബാർ രംഗം
രാജാക്കന്മാരുടെ ദർബാർ രംഗം ആദ്യം തന്നെയുണ്ടാകും. രാജാവിൻ്റെ വരവ്യ വിവരിക്കുന്ന വരവു വിരുത്തം കഴിഞ്ഞാണ് മിന്നുന്ന വേഷഭൂഷാദികളോടെയുള്ള രാജാവിൻ്റെ വരവ്. കൈയിൽ ചെങ്കോലുണ്ടാകും. പടയും കൂടെയുണ്ടാകും. ചക്രവർത്തിമാരെ അകമ്പടിക്കാരായ ഭടന്മാർ പ്രകീർത്തിച്ചുപാടും. തുടർന്ന് ചക്രവർത്തി ആത്മപ്രശംസാപരമായ ഗീതം (കൊലുവിൽതരു) പാടും.
മന്ത്രി
സൈന്യാധിപൻ കൂടെയായ മന്ത്രിയുടെ വേഷം വളരെ പ്രാധാന്യമുള്ളതാണ്. ചുനയും ചൈതന്യവും വേണ്ടവേഷമാണിത്. നന്നായി പ്രകടിപ്പിച്ചാൽ നല്ല അംഗീകാരം കിട്ടുന്ന വേഷമാണ് മന്ത്രിയുടേത്. നടനച്ചിന്തു പാടി അഭിനയിച്ച ശേഷം, രാജാവിനെ മന്ത്രി നാട്ടുവളർമ [നാടിൻ്റെ ക്ഷേമം] അറിയിക്കുന്നു. പിന്നെ ദിഗ്വിജയത്തിനോ നായാട്ടിനോ ഉള്ള യാത്രയായി. യുദ്ധത്തരു പാടി പോരാട്ടത്തിനു നേതൃത്വം നൽകുന്നതിനും മറ്റും കൃത്യമായ ചിട്ടയുണ്ട്. യുദ്ധവും നായാട്ടും മാത്രമല്ല, പ്രണയവും സാഹസികതയുമൊക്കെ ചവിട്ടു നാടകത്തിൽ വിഷയമാകാറുണ്ട്. അങ്ങനെ വൈവിദ്ധ്യമാർന്നതാണ് ആ കല.
പൊലിക്കൽ:
നാടകച്ചിലവിലേക്ക് നാട്ടുകാർ ഉദാരമായി നൽകുന്ന സംഭാവന, കട്ടിയക്കാരൻ വിശേഷണങ്ങളോടെ കളിത്തട്ടിൽ നിന്നും ഉറക്കെ വിളിച്ചുപറഞ്ഞു സ്വീകരിക്കുന്ന സമ്പ്രദായമാണ് പൊലിക്കൽ.
മംഗളം
മംഗള ഗാനം ഉയരുന്നതോടെ നാടകം അവസാനിക്കുന്നു. പ്രേക്ഷകർ എഴുന്നേറ്റ് വീടുകളിലേക്കു പോകുന്നു. രാത്രി 9 മണിക്ക് ആരംഭിച്ച നാടകം അവസാനിക്കുന്നത് പുലരാറാകുമ്പോഴാണ്. മംഗളം പാടുന്നത് എല്ലാ നടന്മാരും വേദിയിൽ നിരയായി നിന്നാണ്. ആശാൻ മംഗള ഗാനം തുടങ്ങികൊടുക്കുന്നു. എല്ലാവരും ഒരുമിച്ച് ഏറ്റുപാടുന്നു. ശേഷം സദസ്സിനെ വണങ്ങി, അണിയറയിലേക്ക് പിൻവാങ്ങുന്നു.
ഉത്തരമലബാറിൽ സഹൃദയ സദസ്സുകുറവുള്ള, ഒരർത്ഥത്തിൽ കവരിചിതം തന്നെയായ ചവിട്ടുനാടകമെന്ന കലയുടെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യവും അവതരണ വിശേഷങ്ങളും സാമാന്യജനങ്ങളിലേക്കെത്തിക്കാൻ സെബീനാ റാഫിക്ക് തൻ്റെ കൃതി മുഖേന സാധിച്ചിരിക്കുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ