ഗോത്രജീവിതവും അനുഷ്‌ഠാനകലകളും’
'ഗോത്രജീവിതവും അനുഷ്‌ഠാനകലകളും’
ഡോ.എ.എസ്. പ്രശാന്ത് കൃഷ്ണൻ്റെ ‘ഗോത്രപ്പെരുമ: ആദിവാസി ജീവിതം കല സംസ്‌കാരം’ എന്ന കൃതിയിൽ നിന്നും എടുത്തു ചേർത്തതാണ് ‘ഗോത്രജീവിതവും അനുഷ്‌ഠാനകലകളും’ എന്ന അദ്ധ്യായം. ഗോത്രമെന്നതുകൊണ്ട്, പൊതുവായ ആചാരാനുഷ്ഠാനങ്ങൾ പങ്കിടുന്ന ഒരു കൂട്ടം എന്നർത്ഥം കിട്ടും. ആചാരം, അനുഷ്ഠാനം എന്നീ വാക്കുകൾ കലകളുമായി അടുപ്പത്തിലുള്ളവയാണ്. പരമ്പരാഗതമായി ആദരിച്ചു പോരുന്ന നിയമങ്ങളെയോ നടപടിക്രമങ്ങളേയോ മര്യാദകളേയോ ചടങ്ങുകളേയോ ആണ് ആചാരം എന്ന വാക്കിനാൽ ഉദ്ദേശിക്കുന്നത്. അനുഷ്ഠാനമെന്ന വാക്കിന് കാര്യം നടത്തൽ, പ്രയോഗം, മതകർമ്മാചാരം, മറ്റൊന്നിനെ അനുസരിച്ചുള്ള പ്രവർത്തനം എന്നെല്ലാം അർത്ഥം ശബ്ദതാരാവലി നൽകിയിരിക്കുന്നു. ഒരു ഗോത്രജീവിതത്തിൻ്റെയോ സാമുദായികജീവിതത്തിൻ്റെയോ തനിമയെയും ഏകതയാർന്ന സ്വഭാവത്തെയും പ്രതിനിധാനം ചെയ്യുന്ന പദങ്ങളായി ആചാരാനുഷ്ഠാനങ്ങൾ പരുവപ്പെട്ടിരിക്കുന്നു. ഓരോ സമൂഹത്തിനും അവരവരുടേതായ ആചാരാനുഷ്ഠാനങ്ങളുണ്ടായിരിക്കും; ആഘോഷങ്ങളും വിശ്വാസങ്ങളുമുണ്ടായിരിക്കും. ഇവയിലുള്ള വ്യത്യസ്തതയാണ് ഒരു ഗോത്രത്തിൽ നിന്നും മറ്റൊരു ഗോത്രത്തെ വേറിട്ടുനിർത്തുന്നത്.
ഗോത്രജീവിതം കൂട്ടായ്മയുടേതും പരസ്പരബന്ധത്തിൻ്റേതുമാകുന്നത് അതാത് ആചാരാനുഷ്‌ഠാനങ്ങളിലൂടെയാണ്. ഗോത്രജീവിതം വ്യവസ്ഥാപരമല്ലെങ്കിലും അതിൽ സമയനിഷ്‌ഠമായ തുടർച്ചകളുടെ പ്രതിരൂപങ്ങളായി ആചാരാനുഷ്ഠാനങ്ങൾ പ്രവർത്തിക്കുന്നു. ഒരു സമൂഹത്തിൻ്റെ വിശ്വാസസങ്കൽപ്പങ്ങളും ജീവിതപ്രതീക്ഷകളും അവയിൽ പ്രതിഫലിക്കുന്നു. സമൂഹത്തിൻ്റെ പെരുമാറ്റസംഹിതകളാണ് അനുഷ്ഠാനങ്ങളെന്ന് സാമൂഹിക നരവംശശാസ്ത്രവിദഗ്ദ്ധയായ എം. ഡൗഗ്ലസ് അഭിപ്രായപ്പെടുന്നു.
ആദിവാസിസമൂഹം അനുഷ്‌ഠാനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നവരാണ്. അത് ജീവിതപ്രതിസന്ധികളിൽ ആത്മധൈര്യം പകരുന്നു. കലാബോധത്താൽ അത് സമ്പന്നമാണ്. താളവൈവിദ്ധ്യവും ശ്രുതിമാധുരിയുടെ ബഹുസ്വരതയും പകരുന്ന അനുഭവങ്ങളുടെ സത്തയാണവ.
ആദിവാസിജീവിതത്തിൽ ജനനം മുതൽ മരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ആചാരാനുഷ്‌ഠാനങ്ങളുണ്ട്. അനുഷ്ഠാനങ്ങൾ അവരുടെ വിശ്വാസമാണ്,ജീവിതവും. പരേതാത്മാക്കളുടെ [മരിച്ചവരുടെ ആത്മാവ്] സുഖത്തിന് വലിയ പ്രധാന്യമാണ് അവർ കൽപ്പിക്കുന്നത്. കല പകരുന്ന അനുഭൂതിയേക്കാളും വിശ്വാസം പകരുന്ന ശക്തിയിലാണ് അവർ വിശ്വസിക്കുന്നത്. പൂർവികരുടെ പ്രീതിയാണ് മുഖ്യലക്ഷ്യം. ദൈവമായി മാറിക്കഴിഞ്ഞ പൂർവികരുടെ പ്രീതിയാണ് ആദിവാസി അനുഷ്‌ഠാനങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
1.ദൈവംകാണൽ ചടങ്ങ്
വയനാട്ടിലുള്ള മുഖ്യ ആദിവാസി വിഭാഗമാണ് കുറുമർ. മൂന്നു കുറുമവിഭാഗങ്ങൾ വയനാട്ടിലുണ്ട്- മുള്ളുക്കുറുമർ, ഊരാളിക്കുറുമർ, തേൻകുറുമർ. പൂർവികരെ ആരാധിക്കുന്ന അനുഷ്ഠാന സങ്കൽപ്പം മൂന്നു വിഭാഗങ്ങളിലുമുണ്ട് - ദൈവംകാണൽ ചടങ്ങ്. ഊരാളിക്കുറുമർ ‘തൈവാട്ഗ’ എന്നും പറയും. പിതൃ ദേവതകളെ വരുത്തി പ്രശ്നപരിഹാരം കാണുകയാണ്.
വർഷത്തിൽ മൂന്നുതവണ ഊരാളിക്കുറുമർ ദൈവംകാണൽ ചടങ്ങു നടത്തും. കന്നി, തുലാം, വൃശ്ചികം മാസങ്ങളിലാണത് നടത്താറ്. എന്നാൽ അവിചാരിതമായ രോഗവ്യാപനം, ദുർമരണം മുതലായവ വരുമ്പോൾ കാലം നോക്കാതെയും ചടങ്ങു നടത്തും. ഗോത്രത്തലവൻ ചടങ്ങു നിശ്ചയിക്കും. ‘ചിറ്റാല’ എന്നു പേരുള്ള ആട്ടക്കളം അതിനായി ഉണ്ടാക്കുന്നു.
1.1ബിജ്ജെകാളൻ
കാർഷികജീവിതാഭിവൃദ്ധിയും ഐശ്വര്യവുമാണ് ദൈവം കാണൽ ചടങ്ങിൻ്റെ ലക്ഷ്യം. തെറ്റുകൾ ഏറ്റുചൊല്ലി പ്രായശ്ചിത്തം ചെയ്യാനും ഈയവസരം ഉപയോഗിക്കാം.
ദൈവത്തെയും വിശ്വാസികളുടെയും ഇടനിലയായി വർത്തിക്കുന്ന ബിജ്ജെകാളനാണ് ചടങ്ങു നടത്തുന്നയാൾ. ചിറ്റാലയിൽ തീയുടെ ചുറ്റുമിരിക്കുന്ന ബിജ്ജെകാളനും കൂട്ടരും ദൈവത്തെ വിളിച്ചു പാടുന്നു. പാട്ടും സംഭാഷണവും ഉണ്ട്. സംഭാഷണം ആവശ്യങ്ങളാണ്; പാട്ട് സ്തുതിയും. ദൈവവുമായി നേരിട്ടു സംവദിക്കുന്ന ബിജ്ജെകാളൻ ഉറയുന്നു. വന്യമായ സ്വരമുയരുന്നു. മാന്ത്രികമായ സ്വരഭേദങ്ങളുമുണ്ടാക്കുന്നു. ഈ ഗാനത്തിന് സ്‌ത്രീകളുടെ സംഘം അകമ്പടിയായി വായ്ത്താരി പാടാറുണ്ട്. പട്ടാള്ക്കർ എന്നാണ് പാട്ടുകാരെ വിളിക്കുന്നത്. ഊരാളിക്കുറുമ ഭാഷയിലാണ് പാട്ട്.
പാട്ടിന് അകമ്പടിയായി താളംപിടിക്കാൻ ചെറിയ ഒറ്റമൂലമുറം ഉപയോഗിക്കുന്നു. ചെറുമണികൾ ഇതിൽ കോർത്തിരിക്കുന്നു. പാട്ടും മണിയൊച്ചയും പിൻപാട്ടും മാന്ത്രികമായ സ്വരവിന്യാസങ്ങളും സവിശേഷമായ ഗോത്രകലാന്തരീക്ഷം സൃഷ്ടിക്കുന്നു. ദൈവംകാണലിൽ തപ്പും തുടിയും തുള്ളലുമില്ലെന്നത് സവിശേഷതയാണ്.
ബിജ്ജെകാളൻ ഉടുമുണ്ടിനു മുകളിൽ ചുവന്ന ഒരു പട്ടണിയും. അധികാരചിഹ്നമായ വളയും ധരിക്കും. പാട്ടുപാടുന്ന സ്ത്രീകൾ പഴയമട്ടിൽ ഉടുത്തുകെട്ടുന്നു. തനിമയാർന്ന ആഭരണങ്ങളും ഒലാക്ക് മുണ്ടാലോ എന്ന കർണ്ണാഭരണവും മുഗറ്റ് എന്ന മൂക്കുത്തിയും അണിയും. മുടി സവിശേഷ രീതിയാൽ കെട്ടിവെക്കും. മണ്ടെകെട്ടുക എന്നാണിത് അറിയുന്നത്.
അനുഷ്‌ഠാനവും കലയും ഒരുമിക്കുന്ന ദൈവം കാണൽ ചടങ്ങ് പുതിയൊരു ജീവിതത്തിലേക്കുള്ള പ്രവേശനമായി മാറുന്നു.
2 . വെച്ച് കൊട്ക്ക
വയനാട്ടിലെ മുള്ളുക്കുറുമർ കുംഭം ഒന്നിന് നടത്തിവരുന്ന പ്രധാന അനുഷ്‌ഠാനമാണ് വെച്ച്കൊട്ക്ക. ദൈവപ്രീതിയാണ് ലക്ഷ്യം. ഗോത്രത്തലവനും കാർമ്മികരും താമസിക്കുന്ന വലിയപെരയിൽ വെച്ചാണ് ഈ ചടങ്ങു നടക്കുന്നത്. മരിച്ചുപോയ പൂർവികർക്കെല്ലാം, ദുർമരണം വന്നവർക്ക് വേറെ, കൂവയിലയിൽ ദോശയും മൺപാത്രങ്ങളിൽ മദ്യവും വെച്ച് കൊടുക്കുന്നു.
വിളമ്പിയതിനു ശേഷം വാതിലുകളടയ്ക്കും. തുടർന്ന് വെളിച്ചപ്പാട് ദൈവപ്പുരയിൽ പ്രവേശിക്കുന്നു. ഏമ്പറിടുകയെന്ന ചടങ്ങു നടക്കുന്നു. തുടർന്ന് ഗോത്രമൂപ്പൻ വെളിച്ചപ്പാടിന് വാളും ചിലമ്പും നൽകും. ദൈവമായി മാറിയ വെളിച്ചപ്പാട് പുറത്തുവന്ന് അനുഗ്രഹം ചൊരിയുന്നു; അരുളപ്പാടുകളുയരുന്നു. ദാരികമന്ത്രം തുടങ്ങിയ മന്ത്രങ്ങൾ ഉരുവിടുന്ന വെളിച്ചപ്പാട് അവിടെ കൂടിയവർക്ക് ശതുക്കളിൽ നിന്നു രക്ഷനേടാനും ശത്രുവിജയം കൈവരിക്കാനും സാധിക്കുമെന്ന പ്രതീക്ഷയുളവാക്കുന്നു. തങ്ങളുടെ പ്രശ്നങ്ങൾ ഭക്തർക്ക് നേരിട്ടവതരിപ്പിക്കാം. പൂർവികരായ മുത്തപ്പന്മാരിലാണ് അവരുടെ പ്രതീക്ഷ. അസുഖങ്ങൾക്കുള്ള പരിഹാരക്രിയകളും വെളിച്ചപ്പാട് നിർദ്ദേശിക്കാറുണ്ട്. മന്ത്രം ചൊല്ലി ശരീരത്തിലാകമാനം ഊതുക, ചുവന്ന പട്ടിനാൽ ഉഴിയുക മുതലായ പ്രവൃത്തികൾ രോഗനിവാരണം സാദ്ധ്യമാക്കുമെന്ന് മുള്ളുക്കുറുമർ വിശ്വസിക്കുന്നു. കുട്ടികളുടെ അസുഖങ്ങളും ഗർഭിണികൾക്കുള്ള അനുഗ്രഹവുമൊക്കെ വെളിച്ചപ്പാട് നല്കുന്നു. അനുഗ്രഹാനന്തരം വെളിച്ചപ്പാട് വാളെടുത്ത് ഉറഞ്ഞുതുള്ളുകയും അരിയെറിയുകയും ചെയ്യും.
ഇതിനൊക്കെ ശേഷം വലിയപുരയിലേക്ക് പോകും. അവിടെ വെളിച്ചപ്പാട് മുത്തപ്പനാകുന്നു. മരിച്ച പൂർവികരുടെ സങ്കല്പമാണ് മുത്തപ്പൻ. മദ്യവും ദോശയും പൂർവികർക്ക് നിവേദിച്ച ശേഷം അത് ഭക്ഷിക്കും. പ്രസാദമായി നൽകുകയും ചെയ്യും. ഒരു സമൂഹത്തിൻ്റെ പങ്കാളിത്തത്താൽ സവിശേഷമാകുന്നു 'വെച്ചുകൊട്ക്ക'.
3. തെറയും വെള്ളാട്ടവും
വയനാട്ടിലെ പ്രമുഖ ഗോത്രവിഭാഗമായ അടിയാന്മാരുടെ അനുഷ്‌ഠാനകലയാണ് തെറയും വെള്ളാട്ടവും. ദേവിമാരെ പ്രീതിപ്പെടുത്തുന്നതിനാണ് വെള്ളാട്ടം നടത്തുന്നത്. വെള്ളാട്ടം രണ്ടു വിധം - അന്തിവെള്ളാട്ടം, ഉച്ചവെള്ളാട്ടം.
തെറ ദേവന്മാരെ സ്തുതിക്കുന്ന ചടങ്ങാണ്. വെള്ളാട്ടത്തിനു ശേഷമാണ് തെറ.
4. ഗദ്ദിക
അടിയാന്മാരുടെ വളരെ പ്രധാനപ്പെട്ട അനുഷ്ഠാനകലയാണ് ഗദ്ദിക. ഗദ്ദിക മൂന്നുതരം- ചെറിയ ഗദ്ദിക, പൂജഗദ്ദിക, നാട്ടുഗദ്ദിക. ഗദ്ദിക അസുഖം മാറ്റുന്നതിനായാണ് നടത്തുന്നത്. തമ്മാടിയാണ് ചടങ്ങ് നടത്തുന്നത്. ചെറിയഗദ്ദിക കൊണ്ടുതന്നെ സുഖക്കേട് ദേദമാകുമെന്ന് വിശ്വസിക്കുന്നു. ഭേദമായിക്കഴിഞ്ഞാൽ പൂജഗദ്ദിക നടത്തും. ദൈവസ്തൃതികളും മന്ത്രങ്ങളുമാണിതിൽ.
നാട്ടു ഗദ്ദികയും തമ്മാടിയുടെ നേതൃത്വത്തിൽത്തന്നെയാണ് നടക്കുന്നത്. നാട്ടുകാരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി കാർമ്മികർ സംഘമായി ഓരോ വീടുകളിലും കയറിയിറങ്ങി രോഗങ്ങളും പ്രശ്നങ്ങളും അറിയുന്നു. തുടർന്ന് ആവാഹിച്ചൊഴിവാക്കുന്നു. എല്ലാ സമുദായക്കാരുടെ വീടുകളിലും ചെല്ലുന്നു. വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ഇതു സഹായിക്കുന്നു.
5. കൂളിയാട്ട്
ഗദ്ദികകൊണ്ട് അസുഖം ഭേദമായില്ലെങ്കിൽ നടത്തുന്ന അനുഷ്‌ഠാനമാണ് കൂളിയാട്ട്. രോഗമുണ്ടാക്കുന്ന പേയ്കളെ തളച്ചിടാൻ കോഴി വഴിപാട് നടത്തുന്നു. ഇതിനു വേണ്ടി പാടുന്ന പാട്ടാണ് പേയ്പാട്ട്. തമ്മാടിയാണ് ഇതിനും നേതൃത്വം നൽകുന്നത്.
കലയുടെ പ്രാക്തനഭാവമാണ് ആദിവാസി അനുഷ്ഠാനകലകളിൽ നിഴലിക്കുന്നത്. കലയെയും വിശ്വാസത്തെയും സമ്മേളിപ്പിക്കുവാനും അതിലൂടെ ഒരു സമുദായത്തിന് പുത്തനുണർവു പകരാനും ഈ അനുഷ്‌ഠാനകലകളിലൂടെ സാധിക്കുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ