ഗീതം 35, ഗീതാഞ്ജലി

Tagore

ടാഗോറിൻ്റെ ‘ഇംഗ്ലീഷ്’ ഗീതാഞ്ജലിയിലെ 35-ാം ഗീതം വളരെ പ്രസക്തവും ഉദ്ബോധനപരമായ ആശയങ്ങൾ അടങ്ങുന്നതുമാണ്. എന്താണ് 35 -ാം ഗീതം? അതു ചുവടെ നല്കും പ്രകാരമാണ്:

XXXV

Where the mind is without fear and the head is held high;

Where knowledge is free;

Where the world has not been broken up into fragments by narrow domestic walls;

Where words come out from the depth of truth;

Where tireless striving stretches its arms towards perfection;

Where the clear stream of reason has not lost its way into the dreary desert sand of dead habit;

Where the mind is led forward by thee into ever widening thought and action-

Into that heaven of freedom, my Father, let my country awake.


ഈ ഗീതത്തിന് സലീം പകൽക്കുറി നൽകുന്ന വിവർത്തനം ഇപ്രകാരമാണ്:

35

എങ്ങ് മാനസം നിർഭീതമാകുന്നുവോ

എങ്ങുത്തമാംഗമുയർന്നു നിൽക്കുന്നുവോ                          എങ്ങറിവ് സ്വതന്ത്രമാകുന്നുവോ

എങ്ങ് ലോകമിടുങ്ങിയ ഗാർഹിക  ഭിത്തികളാൽ ഖണ്ഡങ്ങളാവില്ലയോ

എങ്ങ് വാക്കുകൾ സത്യത്തിൻ്റെയാ-ഴങ്ങളിൽ നിന്നുയർന്നു വരുന്നുവോ

എങ്ങവിശ്രമയത്നങ്ങൾ പൂർണ്ണത  യിങ്കലേക്ക് കരങ്ങൾ നീട്ടുന്നുവോ

എങ്ങുതാൻ യുക്തിബോധത്തിൻ സ്വച്ഛമാമരുവികൾ              മൃതാചാരങ്ങൾ തൻ .മ്ലാനമാം മണൽക്കാട്ടിൽ വറ്റിയിട്ടില്ലയോ

എങ്ങുതാൻ മനം നിത്യവികസ്വര കർമചിന്താ പഥങ്ങളിലങ്ങയാൽ

മുന്നിലേക്ക് നയിക്കപ്പെടുന്നുവോ

അപ്പരമമാം സ്വാതന്ത്ര്യ സ്വർഗത്തേ-ക്കെൻ നാടിനെയുണർത്തേണമേ, വിഭോ!

സലിം പകൽക്കുറിയുടെ തർജമ ഗീതാഞ്ജലിയുടെ സാരസ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. ഭാരതത്തിന് ഉന്നതിയിലേക്ക് കുതിക്കാൻ അത്യന്താപേക്ഷിതമായിട്ടുള്ളത് ഭീതി തൊട്ടുതീണ്ടിയിട്ടില്ലാത്ത മനസ്സാണ്. ചങ്കുറപ്പാണ്. സലിം പകൽക്കുറിയുടെ തർജമ ‘നവചിന്താസുരഭിലമായ കൽപ്പനകൾ’ കൂടി മേളിച്ചതാണെന്ന് വിവിധഭാഷകളിലെ ഗീതാഞ്ജലി വിവർത്തനങ്ങൾക്ക് ആമുഖപഠനമെഴുതിയ എൻ. ജയകൃഷ്ണൻ അഭിപ്രായപ്പെടുന്നു. ഗീതാഞ്ജലി വിവർത്തനം അനായാസം സാധിക്കുന്ന ഒന്നല്ല. ഫ്യൂഡൽ കാലഘട്ടത്തിൽ അറിവ്, ജ്ഞാനം സവർണ്ണരുടെ കുത്തകയായിരുന്നു. സവർണ്ണ സ്ത്രീകൾക്കുപോലും അറിവാർജ്ജിക്കാനുള്ള അവകാശമുണ്ടായിരുന്നില്ല. വിദ്യാഭ്യാസം സാർവത്രികമാക്കിയാലേ സമൂഹം പുരോഗതി പ്രാപിക്കുകയുള്ളൂ. അതിനാൽ ജ്ഞാനത്തിൻ്റെ കുത്തകവൽക്കരണം തകരുന്നത് ജനാധിപത്യത്തിൻ്റെ ശാക്തീകരണത്തിന് അനിവാര്യമാണെന്ന് ടാഗോർ വിശ്വസിച്ചു. ജാതി, മതം, വർഗ്ഗം, വർണ്ണം, ലിംഗം, ഭാഷ, ദേശം എന്നിങ്ങനെയുള്ള സങ്കുചിത ചിന്തകളിലധിഷ്ഠിതമായ കാഴ്ച്ചപ്പാടുകൾ ദേശവിഭജനത്തിനും പരസ്പരവിദ്വേഷത്തിനും കാരണമാകുന്നവയാണ്. ആകയാൽ അത്തരം വിദ്വേഷങ്ങളെ അകറ്റുന്നതാണ് ഭാരതീയർക്ക് മുന്നേറാൻ സഹായകമെന്നും ടാഗോർ മനസ്സിലാക്കി. വാക്കുകൾ സത്യത്തിൻ്റെ ആഴങ്ങളിൽ നിന്നും വരണം. ഒരു മാതൃകാരാജ്യത്തിൻ്റെ സൃഷ്ടിക്ക് നേതാക്കന്മാരും പ്രജകളും വാക്കുകളുടെ മഹത്വം കാത്തു സൂക്ഷിക്കുന്നവരാകണം. പൂർണ്ണതയ്ക്കായി, ഫലപൂർത്തിക്കായി നിരന്തരം അദ്ധ്വാനിക്കുന്നവരാകണം നാം. യുക്തിബോധത്തിന് ഈ നാട്ടിൽ പ്രസക്തിയുണ്ടാകണം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരസ്കരിക്കപ്പെടണം. ഇപ്പോഴും പ്രാകൃതമായ ആചാരസംഹിതകളാകുന്ന മണൽക്കാട്ടിൽ യുക്തിചിന്തയുടെ അരുവികൾ വറ്റാത്ത കാഴ്ച രൂപപ്പെടണം. നിത്യവികസ്വര കർമ്മചിന്താപഥങ്ങളിൽ താങ്കളാൽ മുന്നിലേക്ക് നാം നയിക്കപ്പെടണം. അപ്രകാരമുള്ള പരമമായ സ്വാതന്ത്ര്യസ്വർഗ്ഗത്തിലേക്ക് അല്ലയോ പ്രഭോ, എൻ്റെ നാടിനെ ഉണർത്തേണമേ. ഇംഗ്ലീഷ് മൂലത്തിലെ വരികൾ ആരംഭിക്കുന്നതൊക്കെ, ‘Where’ എന്ന പദത്തിൻ്റെ ആവർത്തനത്തിലൂടെയാണ്. തൻ്റെ നാട് ഒരു സ്വർഗ്ഗരാജ്യമാകണമെങ്കിൽ, മേൽപ്പറഞ്ഞതൊക്കെ സാധിക്കണം. ഒരു ഗദ്യ പരിഭാഷ ഇപ്രകാരമാകാം:

എവിടെയാണോ മനസ്സ് ഭീതികൂടാതെ നിലകൊള്ളുന്നത്,

എവിടെയാണോ ശിരസ്സുയർത്തി നാം നിലകൊള്ളുന്നത്,

എവിടെയാണോ ജ്ഞാനം സ്വതന്ത്രമാകുന്നത്,

എവിടെയാണോ ലോകം ഇടുങ്ങിയ ചിന്തകളെ വഹിക്കാതിരിക്കുന്നത്,

എവിടെയാണോ വാക്കുകൾ സത്യത്തിൻ്റെയാഴങ്ങൾ പുണരുന്നത്,

എവിടെയാണോ അദ്ധ്വാനമവിശ്രമം കൈകൾ നീട്ടി പൂർണത തേടുന്നത്,

എവിടെയാണോ യുക്തിയുടെ അരുവി മണലാരണ്യത്തിൽ വഴിതെറ്റി ഒഴുകാതിരിക്കുന്നത്,

എവിടെയാണോ നിൻ്റെ നായകത്വത്തിൽ ചിന്തയും പ്രവൃത്തിയും വിശാലതയിലേക്കു ഗമിക്കുന്നത്,

ആ പരമമാം സ്വാതന്ത്ര്യസ്വർഗ്ഗത്തിലേക്കെൻ നാടിനെ, എൻ്റെ പിതാവേ, ഉണർത്തിയാലും!”

സ്വാതന്ത്ര്യത്തിനു മുന്നേയുള്ള ഒരു കാലയളവിൽ അടിമത്തത്തിലും അന്ധകാരത്തിലും കഴിഞ്ഞ ഭാരതീയ ജനതയെ, പല വിഭാഗീയ ചിന്തകളിൽപ്പെട്ട് ശിഥിലമായിത്തീർന്ന ഭാരതമക്കളെ, അറിവ് നിഷേധിക്കപ്പെട്ട ബഹുഭൂരിപക്ഷം സാധാരണക്കാരെ തോറ്റിയുണർത്താനുള്ള ഇന്ത്യൻ സംസ്കാരത്തിൻ്റെ പടത്തലവനെന്നു വിശേഷിപ്പിക്കാവുന്ന മഹാകവി ടാഗോറിൻ്റെ പരിശ്രമമാണ് ഈ ഗീതത്തിൽ അടങ്ങിയിട്ടുള്ളത്. ഭാവിഭാരതം, സ്വാതന്ത്ര്യാനന്തരമുള്ള അതിൻ്റെ സ്വത്വം വിഭാവനം ചെയ്യുകകൂടിയാണ് ടാഗോർ. ഏതൊരു സാധാരണക്കാരനും ധൈര്യത്തോടെ, ശിരസ്സുയർത്തി ആത്മാഭിമാനത്തോടെ നടക്കാനും തൊഴിൽ ചെയ്യാനും വിദ്യ അഭ്യസിക്കാനും സാധിക്കുന്ന, അവസര സമത്വമുള്ള, മാനവികതയും മതേതരത്വവുമുള്ള, അറിവ് ജനാധിപത്യപരമായി വിനിമയം ചെയ്യപ്പെടുന്ന, ജാതിമതാദിഭേദമില്ലാത്ത, കള്ളപ്പറച്ചിലുകളില്ലാത്ത, മടിയന്മാരില്ലാത്ത, അലസതയില്ലാതെ നാടിനു വേണ്ടി പ്രയത്നിക്കുന്നവർ നിറഞ്ഞ, മികച്ച നേതൃത്വവും സത്യസന്ധതയും വഴിയുന്ന, യുക്തിചിന്ത വ്യക്തികളെയും സമൂഹത്തെയും നയിക്കുന്ന ഒരു മാതൃകാരാജ്യം - സ്വർഗ്ഗം തന്നെ! പക്ഷേ സ്വാതന്ത്ര്യാനന്തരം നാം ആർജ്ജിച്ചത് ടാഗോർ സ്വപ്നം കണ്ട ഒരു ഭൂമിയാണോ?




 





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കരുണ - കുമാരനാശാൻ

എസ്.കെ.പൊറ്റക്കാട്: സഞ്ചാരസാഹിത്യത്തിലെ അതികായൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി